National
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ സഹസ്ഥാപകൻ: ചീഫ് ജസ്റ്റീസ് സൂര്യകാന്ത്. ജന്തർ മന്തറിൽ ഉയർന്ന നൂറുകണക്കിനു പോസ്റ്ററുകളിലൊന്നാണിത്.
ചീഫ് ജസ്റ്റീസ് രാജ്യത്തെ യുവാക്കളെക്കുറിച്ച് നടത്തിയ പരാമർശത്തെ വിമർശിച്ചുകൊണ്ട് ഉയർന്നുവന്ന ഒരു സമൂഹമാധ്യമ അക്കൗണ്ട് വിദ്യാഭ്യാസമന്ത്രിയുടെ രാജി വരെയെത്തുന്നതിലേക്കു നയിച്ച മുന്നേറ്റമായി വളർന്നതിന്റെ ചരിത്രമാണ് കോക്രോച്ച് ജനതാ പാർട്ടിയുടേത്.
മേയ് 15ന് ചീഫ് ജസ്റ്റീസ് നടത്തിയ പരാമർശത്തിൽനിന്ന് കേവലം രണ്ടുമാസംകൊണ്ട് വമ്പിച്ച യുവജനപ്രതിഷേധവും വിജയവും.
മേയ് 3: 22 ലക്ഷം പേർ പരീക്ഷയെഴുതിയ നീറ്റ് യുജി പരീക്ഷ നടക്കുന്നു.
മേയ് ആറ്-എട്ട്: പരീക്ഷയുടെ ചോദ്യങ്ങൾ ചോർന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു
മേയ് 12: നീറ്റ് യുജി പരീക്ഷ റദ്ദാക്കി
മേയ് 13: സിബിഎസ്ഇ പരീക്ഷയുടെ മൂല്യനിർണയത്തിലും ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്യുന്നു.
മേയ് 15: തൊഴിലൊന്നും ലഭിക്കാത്ത, സ്വന്തം പ്രഫഷനിൽ ഒരിടവുമില്ലാത്ത ചില യുവാക്കൾ “പാറ്റകളെപ്പോലെയാണ്’’. അവർ സമൂഹത്തിലെ പരാദങ്ങളാണ്. അവരിൽ ചിലർ മാധ്യമപ്രവർത്തകരും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളും വിവരാവകാശ പ്രവർത്തകരുമൊക്കെയായി മാറി എല്ലാവരെയും ആക്രമിക്കാൻ തുടങ്ങുന്നു-സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റീസ് സൂര്യകാന്തിന്റെ പരാമർശം.
മേയ് 16: ബോസ്റ്റൺ സർവകലാശാലയിലെ വിദ്യാർഥിയായ അഭിജിത് ദീപ്കെ കോക്രോച്ച് ജനതാ പാർട്ടി എന്ന സമൂഹമാധ്യമ അക്കൗണ്ട് ചീഫ് ജസ്റ്റീസ് സൂര്യകാന്തിനെതിരേയുള്ള ആക്ഷേപഹാസ്യമായി ആരംഭിക്കുന്നു
മേയ് 21: സിജെപിക്ക് രാജ്യത്തെ രാഷ്ട്രീയകക്ഷികളെക്കാൾ ഫോളോവേഴ്സ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നു.
ജൂൺ ആറ്: അമേരിക്കയിൽനിന്നു ഇന്ത്യയിലെത്തിയ അഭിജിത് ദീപ്കെ ജന്തർ മന്തറിൽ സിജെപിയുടെ ആദ്യ പരസ്യ പ്രതിഷേധം നടത്തുന്നു.
ജൂൺ 20: ആദ്യ പരസ്യ പ്രതിഷേധത്തിനുശേഷം രാജ്യവ്യാപകമായി വിവിധ പ്രതിഷേധങ്ങൾ നടത്തിയ സിജെപി ജന്തർ മന്തറിൽ രണ്ടാമതും പ്രതിഷേധം നടത്തുന്നു. ഒരു ദിവസത്തേക്കായിരുന്നു പ്രതിഷേധത്തിന് അനുമതിയെങ്കിലും സമരക്കാർ വേദിയൊഴിയാൻ കൂട്ടാക്കിയില്ല.
ജൂൺ 21: നീറ്റ് യുജിയുടെപുനഃപരീക്ഷ. ജന്തർ മന്തറിലെ സിജെപി പ്രതിഷേധം അനിശ്ചിതകാലത്തേക്ക്. കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജിയില്ലാതെ പിന്നോട്ടില്ലെന്നു വ്യക്തമാക്കി സിജെപി.
ജൂൺ 28: പ്രതിഷേധം പുരോഗമിക്കുന്നതിനടെ സിജെപിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സാമൂഹ്യപ്രവർത്തകൻ സോനം വാംഗ്ചുക്ക് ജന്തർ മന്തറിൽ നിരാഹാരം ആരംഭിക്കുന്നു. വിദ്യാർഥി സംഘടനയായ എഐഎസ്എയുടെ ആറ് വിദ്യാർഥികളും സോനം വാംഗ്ചുകിന് പിന്തുണയുമായി നിരാഹാരം ആരംഭിച്ചു.
ജൂലൈ ഒമ്പത്: പാർലമെന്റ് സമ്മേളനം ആരംഭിക്കുന്ന ജൂലൈ 20ന് പാർലമെന്റിലേക്ക് മാർച്ച് പ്രഖ്യാപിച്ച് സിജെപി.
ജൂലൈ 16: സമരവേദിയിൽനിന്ന് സോനം വാംഗ്ചുകിനെ പോലീസ് നിർബന്ധപൂർവം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നു. ഇതോടെ ജന്തർ മന്തറിലേക്കെത്തുന്ന പ്രതിഷേധക്കാരുടെ എണ്ണം ഇരട്ടിയാകുന്നു.
ജൂലൈ 20: പാർലമെന്റിന്റെ വർഷകാലസമ്മേളനം തുടങ്ങി. സിജെപി പ്രഖ്യാപിച്ച പാർലമെന്റ് മാർച്ചിൽ ഡൽഹിയിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങൾ. മാർച്ചിനൊടുവിൽ ഡൽഹി പോലീസ് വിദ്യാർഥികൾക്കും യുവാക്കൾക്കും നേരേ ആക്രമണം നടത്തിയതും പെല്ലറ്റ് ഗണ്ണുകളും കണ്ണീർവാതകവും പ്രയോഗിച്ചതും പൊതുജനരോഷത്തിനു കാണമായി.
നൂറിലേറെ പ്രതിഷേധക്കാർ ആശുപത്രികളിൽ ചികിത്സ തേടി. അനേകം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ജന്തർ മന്തറിലെ സമരവേദി തല്ലിത്തകർത്ത പോലീസ് അന്നേദിവസം സമരവേദിയിൽനിന്നു പ്രതിഷേധക്കാരെ ഒഴിപ്പിക്കുകയും ചെയ്തു. എഐഎസ്എയുടെ നിരാഹാരം തുടരുകയായിരുന്ന മൂന്ന് വിദ്യാർഥികൾ നിരാഹാരം അവസാനിപ്പിച്ചു. കേന്ദ്രമന്ത്രി ജെ.പി.നഡ്ഡയമായി സിജെപി പ്രതിനിധികൾ ചർച്ച നടത്തി.
ജൂലൈ 21: ജന്തർ മന്തർ വീണ്ടും സമരക്കാർ വീണ്ടെടുക്കുന്നു. വിദ്യാർഥികളും യുവാക്കളും മാതാപിതാക്കളും സാധാരണക്കാരുമടങ്ങുന്ന വൻ ജനപ്രവാഹം. മന്ത്രിയുടെ രാജി ആവശ്യത്തിൽനിന്നു പിന്നോട്ടില്ലെന്നു വ്യക്തമാക്കി കോക്രോച്ച് ജനതാ പാർട്ടി. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാർ പ്രധാനമന്ത്രിയുടെ വസതിക്കു പിന്നിൽ പ്രതിഷേധം നടത്തി.
ജൂലൈ 23: പാർലമെന്റ് മാർച്ചിലെ പോലീസ് അതിക്രമങ്ങൾക്കെതിരേയുള്ള പ്രതിഷേധം സിജെപി പ്രസ്ഥാനത്തെ രാജ്യവ്യാപകമാക്കുന്നു.
ജൂലൈ 24: സോനം വാംഗ്ചുക് നിരാഹാരം അവസാനിപ്പിച്ചു. കേന്ദ്രമന്ത്രിമാരായ ജെ.പി.നഡ്ഡയുടെയും ജിതേന്ത്ര സിംഗിന്റെയും സന്ദർശനത്തെത്തുടർന്നായിരുന്നു ഇത്.
ജൂലൈ 25: സർക്കാരിന്റെ ഒത്തുതീർപ്പു ശ്രമങ്ങൾ. കേന്ദ്രമന്ത്രിമാരായ ജെ.പി.നഡ്ഡയുമായും ജിതേന്ത്ര സിംഗുമായും വീണ്ടും ചർച്ച. ധർമേന്ദ്ര പ്രധാന്റെ രാജിയിൽ ഉറച്ച് സിജെപി. ധർമേന്ദ്ര പ്രധാൻ രാജിക്കു വഴങ്ങി. സിജെപി പ്രക്ഷോഭം അവസാനിപ്പിച്ചു.
National
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാഭ്യാസമന്ത്രിക്കസേര നഷ്ടമായ ധർമേന്ദ്ര പ്രധാൻ എന്ന രാഷ്ട്രീയനേതാവിന്റെ വളർച്ചയ്ക്കു കാരണമായതു മറ്റൊരു ചോദ്യേപേപ്പർ ചോർച്ച.
മൂന്നു പതിറ്റാണ്ട് മുന്‍പ് ഒഡീഷയിൽ ജെ.ബി. പട്നായിക്കിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണകാലത്തുണ്ടായ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരേ ആയിരക്കണക്കിന് വിദ്യാർഥികളെ അണിനിരത്തിയുള്ള പ്രക്ഷോഭത്തിലൂടെയാണ് ധർമേന്ദ്ര പ്രധാൻ ശ്രദ്ധാകേന്ദ്രമായത്.
എബിവിപി ദേശീയ സെക്രട്ടറിയെന്ന നിലയിൽ സമരത്തിനിടെ പോലീസിന്റെ ക്രൂരമർദനത്തിനു വിധേയമായെങ്കിലും ധർമേന്ദ്ര പ്രധാന്റെ രാഷ്ട്രീയവളർച്ച ഇതോടെ അതിവേഗത്തിലായി. ഒടുവിൽ ഡൽഹിയിൽ പതിനായിരക്കണക്കിനു വിദ്യാർഥികൾ നയിച്ച പ്രക്ഷോഭത്തിൽ കസേര നഷ്ടമായതിനുകാരണമായതും ചോദ്യപേപ്പർചോർച്ച തന്നെ.
വിദ്യാഭ്യാസമന്ത്രിസ്ഥാനം നഷ്ടമായെങ്കിലും ബിജെപി കേന്ദ്ര നേതൃത്വത്തിലെ നിര്‍ണായക ശക്തിയായി ധർമേന്ദ്രപ ്രധാൻ തുടരുമെന്നുതന്നെയാണ് കരുതേണ്ടത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള അടുപ്പമാണ് പ്രധാന്റെ പ്രധാന ശക്തി. ഇതോടൊപ്പം അസാധാരണമായ സംഘാടകവൈഭവവും ചുരുങ്ങിയ വര്‍ഷങ്ങള്‍കൊണ്ട് ബിജെപി കേന്ദ്രനേതൃത്വത്തിലെ ശ്രദ്ധേയമുഖങ്ങളിലൊന്നാക്കി ധര്‍മേന്ദ്ര പ്രധാനെ മാറ്റി. ദേശീയ രാഷ് ട്രീയത്തിലൂടെ രാജ്യംമുഴുവന്‍ ശ്രദ്ധിക്കപ്പെട്ട ഒഡീഷയിൽ നിന്നുള്ള ചുരുക്കം നേതാക്കളിലൊള്കൂടിയാണ് ഇദ്ദേഹം.
1969 ജുണ് 26ന് അംഗുല്‍ ജില്ലയിലെ തല്ച്ചറിലാണ് ജനനം. കുട്ടിക്കാലം മുതലേ ആര്‍എസ്എസ് ശാഖകളിലെ സജീവസാന്നിധ്യമായിരുന്നു. അച്ഛന് ദേവന്ദ്ര പ്രധാന് ഡോക്ടറും ഒഡീഷയിലെ മുതിര്‍ന്ന ബിജെപി നേതാവും. എബി വാജ്പേയി മന്ത്രിസഭയിലും ദേവേന്ദ്രപ്രധാൻ അംഗമായിട്ടുണ്ട്.
തല്ച്ചറിലെ കോളജില്‍ ഹയര്‍സെക്കന്‍ഡറി പഠനകാലത്ത് എബിവിപിയിലൂടെ സജീവരാഷ്ട്രീയത്തിൽ എത്തുന്നത് കുടുംബത്തിന്റെ പിന്തുണയോടെതന്നെയാണ്. 1993 ല്‍ എബിവിപി സംസ്ഥാന സെക്രട്ടറിയും രണ്ടുവര്‍ഷത്തിനുശേഷം ദേശീയ സെക്രട്ടറിയുമായി.
ഭുവനേശ്വറിലെ ഉത്കല്‍ സര്‍വകലാശാലയില്‍നിന്ന് നരവംശശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം 1998 ലാണ് ബിജെപി അംഗത്വം നേടിയത്. പിറ്റേവർഷം പല്ലഹാര മണ്ഡലത്തിൽനിന്ന് ആദ്യം നിയമസഭയിലെത്തി. അത്തവണ മികച്ച നിയമസഭാ സാമാജികനുള്ള ഉത്കൽമണി ഗോപബന്ധു പ്രതിഭാ പുരസ്കാരവും നേടി.
യുവമോര്‍ച്ച നേതാവ് എന്ന നിലയിലും അതിവേഗ വളര്‍ച്ചയായിരുന്നു. 2002ല്‍ യുവമോര്‍ച്ച ദേശീയ സെക്രട്ടറിയായ ധർമേന്ദ്രപ്രധാൻ രണ്ടുവര്‍ഷത്തിനുശേഷം ദേശീയ അധ്യക്ഷനായി. 2004ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദിയോഗഢ് മണ്ഡലത്തില്‍നിന്ന് വിജയിച്ചതോടെ പ്രവര്‍ത്തനകേന്ദ്രം ഡല്‍ഹിയായി. 2012ല്‍ ബിഹാറില്‍നിന്ന് രാജ്യസഭയിലെത്തിയപ്രധാൻ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ആദ്യസർക്കാരിൽ പെട്രോളിയം മന്ത്രിയായി.
ഉജ്വല പദ്ധതി ഉൾപ്പെടെ രൂപകല്പന ചെയ്ത് ശ്രദ്ധിക്കപ്പെടുകയും ചെയ്തു. 2018ല്‍ മധ്യപ്രദേശില്‍നിന്ന് വീണ്ടും രാജ്യസഭയിലും മോദിയുടെ രണ്ടാം മന്ത്രിസഭയിലും എത്തി. 2021 ലാണ് വിദ്യാഭ്യാസമന്ത്രിയായത്. മോദിയുടെ മൂന്നാം ഊഴത്തിലും വിദ്യാഭ്യാസമന്ത്രാലയത്തിൽ തുടർന്നു. രാജ്യസഭാ കാലാവധി പൂർത്തിയായതോടെ 15 വര്‍ഷത്തിനുശേഷം 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ജനവിധി തേടി. സംബല്പുരിൽനിന്ന് വിജയിക്കുകയും ചെയ്തു.
വിദ്യാഭ്യാസമന്ത്രാലയത്തിലെ പ്രവര്‍ത്തനങ്ങളില്‍ ഭരണാധികാരി എന്നതിനേക്കാള്‍ രാഷ്ട്രീയനേതാവെന്ന നിലയിലാണ് പ്രധാൻ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരേയുള്ള വിമര്‍ശനങ്ങളെ പ്രതിരോധിക്കുകയും പിഎംശ്രീ ഉള്‍പ്പെടെയുള്ള പദ്ധതികളുമായി മുന്നോട്ടുപോവുകയും ചെയ്ത് മോദി-ഷാ സഖ്യത്തിന്റെ വിശ്വസ്ത നായി.
ഇതുവഴി ബിജെപി ഇതരസംസ്ഥാനങ്ങളുമായി ഇടയുന്നതിനും ധർമേന്ദ്രപ്രധാൻ മടികാണിച്ചില്ല. വിദ്യാഭ്യാസ മേഖലയില്‍ ആര്‍എസ്എസിന്റെ ഇടപെടല്‍ വര്‍ധിക്കുന്നുവെന്ന ആരോപണങ്ങളിലും ധർമേന്ദ്രപ്രധാൻ കുലുങ്ങിയില്ല. ഇതിനെല്ലാം ഒടുവിൽ പാറ്റ വിപ്ലവത്തിലൂടെ സ്ഥാനം തെറിക്കുകയും ചെയ്തു.
Kerala
കൊച്ചി: ജനാധിപത്യ വിരുദ്ധ നിലപാടുകള്‍ നിലനില്‍ക്കില്ല എന്ന് ഭരണകൂടത്തിനുള്ള മുന്നറിയിപ്പാണ് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയെന്ന് കേരള കാത്തലിക് ഫെഡറേഷന് (കെസിഎഫ്). ഭരണഘടനാപരമായി വിയോജിപ്പ് അറിയിക്കാനുള്ള മൗലികമായ അവകാശത്തെ തെരുവില്‍ നേരിട്ട ഭരണകൂടം ഇതര്‍ഹിക്കുന്നു.
ഇതിനു സമാനമായി എഫ്സിആര്‍എ ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ ഏകപക്ഷീയമായി നിലപാടുകളുമായി മുന്നോട്ടു പോകുന്നത് ഈ ഘട്ടത്തില്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല എന്നും കെസിഎഫ് സംസ്ഥാന ഭാരവാഹികള്‍ പറഞ്ഞു.
വിദ്യാര്‍ഥിസമരത്തിന് പിന്തുണയര്‍പ്പിച്ചുകൊണ്ട് എറണാകുളത്തു നടത്തിയ ഐക്യദാര്‍ഢ്യസമ്മേളനം കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍ ഉദ്ഘാടനം ചെയ്തു. കെസിഎഫ് സംസ്ഥാന പ്രസിഡന്റ് ബിജു ജോസി കരുവഞ്ചേരി അധ്യക്ഷത വഹിച്ചു.
സമ്മേളനത്തില്‍ കേരളത്തിലെ 32 രൂപതകളില്‍നിന്ന് രൂപത ഭാരവാഹികളടക്കം നേതാക്കന്മാര് പങ്കെടുത്തു. ജനറല്‍ സെക്രട്ടറി വി.സി. ജോര്‍ജ്കുട്ടി, സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ഏബ്രഹാം പട്ട്യാനി, കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, എംസിഎ ഗ്ലോബല്‍ പ്രസിഡന്റ് എസ്.ആര്. ബൈജു, കെസിഎഫ് വൈസ് പ്രസിഡന്റ് ജയ്മോന് തോട്ടുപുറം, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ജോസുകുട്ടി ഒഴുകയില്‍, ഷാജി ജോര്‍ജ്, ഭാരവാഹികളായ അഡ്വ. ബിജു കുണ്ടുകുളം, ധര്‍മരാജ് പിന്‍കുളം, എബി കുന്നേ പറമ്പില്‍, ജെസി അലക്സ്, സിന്ധു ജസ്റ്റസ്, ഷിബു ചുങ്കത്തില്‍, ബെന്നി ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
National
ന്യൂഡൽഹി: ധർമേന്ദ്ര പ്രധാന്റെ രാജി രാജ്യത്തിന്റെ ചരിത്രത്തിലെ നിർണായക നിമിഷമാണെന്ന് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി. വിദ്യാർഥികളുടെയും യുവാക്കളുടെയും അടിയുറച്ച പോരാട്ടത്തിന്റെ വിജയമാണിതെന്നും ജനവിരുദ്ധ ഭരണാധികാരികൾക്കുള്ള ശക്തമായ മുന്നറിയിപ്പാണിതെന്നും അവർ പറഞ്ഞു.
അടിച്ചമർത്തലുകൾക്കും പോലീസ് അതിക്രമങ്ങൾക്കും മുന്നിൽ പതറാതെ യുവാക്കൾ നടത്തിയ പ്രക്ഷോഭത്തിന്റെ വിജയം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് പ്രിയങ്ക വ്യക്തമാക്കി.
വിദ്യാർഥി പ്രക്ഷോഭത്തിന് നേരെ കണ്ണീർവാതക പ്രയോഗവും ലാത്തിചാർജും നടന്നിട്ടും അവർ പിന്നോട്ടുപോയില്ല. ഈ പോരാട്ടത്തിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ വിദ്യാർഥികൾക്കൊപ്പം ഉറച്ചുനിന്നതിൽ അഭിമാനമുണ്ടെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ വിദ്യാർഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചത് ഇന്ത്യൻ രാഷ്ട്രീയത്തിലെ വിലമതിക്കാനാകാത്ത ഏടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
ആർഎസ്എസും ബിജെപിയും ചേർന്ന് ജനാധിപത്യപരമായ എല്ലാ പ്രതിഷേധങ്ങളെയും ദേശവിരുദ്ധമെന്ന് മുദ്രകുത്തി തകർക്കാനും ജയിലിലടയ്ക്കാനും ശ്രമിച്ചെങ്കിലും, യുവജനത ഇന്ത്യയുടെ ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കുകയാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
വമ്പിച്ച രീതിയിലുള്ള ജനകീയ മുന്നേറ്റം സൃഷ്ടിക്കാൻ ഈ പോരാട്ടത്തിന് സാധിച്ചുവെന്ന് ഗോവിന്ദൻ അഭിപ്രായപ്പെട്ടു. ആദ്യം പ്രക്ഷോഭത്തോടു മുഖംതിരിഞ്ഞു നിന്ന കോൺഗ്രസിന് പോലും പിന്നീട് മാറിനിൽക്കാൻ കഴിയില്ലെന്ന് മനസ്സിലായ സാഹചര്യമാണ് ഉണ്ടായത്. വരുംദിവസങ്ങളിലും യുവാക്കൾ നടത്തുന്ന ഇത്തരം ന്യായമായ സമരങ്ങൾക്ക് സിപിഎമ്മിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം അദ്ദേഹം പറഞ്ഞു.
സിജെപിയുടെ മുന്നേറ്റം സിപിഎമ്മിനെ യാതൊരു രീതിയിലും ആശങ്കപ്പെടുത്തുന്നില്ലെന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. ജനവിരുദ്ധ ഭരണകൂടത്തിനെതിരെയുള്ള ഏത് സമരവും സജീവമാകട്ടെ എന്നതാണ് പാർട്ടിയുടെ നിലപാട്. വിഷയത്തിൽ പാർട്ടിക്ക് യാതൊരുവിധ ഉത്കണ്ഠയുമില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: ധർമ്മേന്ദ്ര പ്രധാൻ രാജിവച്ചെങ്കിലും തങ്ങളുടെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി. സമരക്കാർ ഉന്നയിച്ച നാല് പ്രധാന ആവശ്യങ്ങളിൽ ഒന്നാമത്തേത് മാത്രമാണ് ധർമ്മേന്ദ്ര പ്രധാന്റെ രാജി. ബാക്കിയുള്ള നിർണായക ആവശ്യങ്ങൾ കൂടി നേടിയെടുക്കുന്നതുവരെ ഡൽഹി ജന്തർമന്തറിലും രാജ്യവ്യാപകമായും സമരം ശക്തമായി തുടരുമെന്ന് സിജെപി നേതൃത്വം വ്യക്തമാക്കി.
ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകുക, പ്രതിഷേധത്തിൽ പങ്കെടുത്ത ഒരാൾക്കെതിരെ പോലും ഒരുതരത്തിലുള്ള നിയമനടപടികളും സ്വീകരിക്കരുത്, സമരത്തിന് നേരെ അതിക്രമം കാട്ടിയ റാപ്പിഡ് ആക്ഷൻ ഫോഴ്സും ഡൽഹി പോലീസും പരസ്യമായി മാപ്പ് പറയുക എന്നീ ആവശ്യങ്ങളാണ് സിജെപി മുന്നോട്ടുവച്ചിരിക്കുന്നത്.
നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിഷയത്തിൽ സിജെപിയും പ്രതിപക്ഷവും ശക്തമായ പ്രക്ഷോഭം തുടരുന്നതിനിടയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പദവി ഒഴിഞ്ഞത്. ഉച്ചയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം രാജിക്കത്ത് അയച്ചുനൽകുകയായിരുന്നു. മന്ത്രിയുടെ രാജി ആവശ്യമില്ലെന്നായിരുന്നു ആദ്യം കേന്ദ്ര സർക്കാരിന്റെ നിലപാടെങ്കിലും, പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാർ ഉറച്ചുനിന്നതോടെ സർക്കാരിന് ഒടുവിൽ വഴങ്ങേണ്ടി വന്നു.
മന്ത്രിയുടെ രാജി സമരത്തിന് ലഭിച്ച വലിയൊരു വിജയമാണ്.വിദ്യാർഥികൾക്ക് നീതി ലഭിക്കുന്നത് വരെ പോരാട്ടത്തിൽ നിന്ന് ഒരിഞ്ച് പോലും പിന്നോക്കമില്ലെന്ന് സിജെപി വ്യക്തമാക്കിയിട്ടുണ്ട്. രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ കൂടുതൽ ശക്തമാക്കാനാണ് സംഘടനയുടെ തീരുമാനം.
National
ന്യൂഡൽഹി: എത്രവലിയ കൊമ്പന്മാരായാലും ജനകീയ രോഷത്തിന് മുന്നിൽ പത്തിമടക്കേണ്ടി വരുമെന്ന ചരിത്ര സത്യം ഒരിക്കൽക്കൂടി തെളിഞ്ഞിരിക്കുകയാണ് ധർമ്മേന്ദ്ര പ്രധാന്റെ രാജിയിലൂടെ. നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് തുടങ്ങിയ സമരം 35 -ാം ദിവസാണ് വിജയത്തിലെത്തിയിരിക്കുന്നത്.
പ്രതിഷേധങ്ങൾ കത്തിജ്വലിക്കുമ്പോഴും മന്ത്രിയെ മറ്റൊരു വകുപ്പിലേക്ക് മാറ്റി തടിയൂരാൻ ശ്രമിച്ചെങ്കിലും അതല്ലൊം ചീട്ടുകൊട്ടാരം പോലെ തകർന്നു വീണിരിക്കുകയാണ്. ഡൽഹി ജന്തർമന്തറിന്റെ മണ്ണിൽ മാസങ്ങളായി പൊള്ളുന്ന വെയിലും കോരിച്ചൊരിയുന്ന മഴയും വകവെയ്ക്കാതെ അടിയുറച്ച് നിന്ന വിദ്യാർഥി സമൂഹത്തിനും കോക്രോച്ച് ജനതാ പാർട്ടിക്കും രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും ഉൾപ്പടെയുള്ള പ്രതിപക്ഷ നേതാക്കൾ നൽകിയ ഊർജം ചെറുതല്ല.
ഇവരുടെ തീഷ്ണമായ പോരാട്ടത്തിന് മുന്നിലാണ് രാജ്യത്തെ ഭരണസിരാകേന്ദ്രം വിറങ്ങലിച്ചുപോയത്. മന്ത്രിയുടെ രാജി എന്ന ഒരേയൊരു ലക്ഷ്യത്തിൽ ഉറച്ചുനിന്ന സമരക്കാർക്ക് മുന്നിൽ ഒടുവിൽ കേന്ദ്രസർക്കാർ പൂർണമായും കീഴടങ്ങുകയായിരുന്നു. വകുപ്പ് മാറ്റി മുഖംരക്ഷിക്കാൻ നടത്തിയ ഓരോ അടവും ഫലിക്കില്ലെന്നായപ്പോൾ ഗത്യന്തരമില്ലാതെ ധർമ്മേന്ദ്ര പ്രധാൻ പടിയിറങ്ങുകയായിരുന്നു.
മന്ത്രിയുടെ രാജിയില്ലെന്ന് ബിജെപിയും ആർഎസ്എസും പ്രഖ്യാപിച്ചിരുന്നെങ്കിലും യുവജനതയുടെ പ്രതിഷേധത്തിനു മുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെയുള്ളവർ സമ്മർദ്ദത്തിലാവുകയായിരുന്നു. ഇത് വെറുമൊരു മന്ത്രിയുടെ രാജി മാത്രമല്ല മറിച്ച് അടിച്ചമർത്താൻ നോക്കിയ ഭരണകൂടത്തിന്റെ മുഖത്തേറ്റ ശക്തമായ അടിയാണെന്ന് സിജെപി നേതാക്കൾ പറഞ്ഞു.
National
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിഷയത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനിടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവച്ചു. രാജിക്കത്ത് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ചുനൽകി. സിജെപിയും കേന്ദ്ര സർക്കാരും തമ്മിലുള്ള നിർണായകമായ മൂന്നാം വട്ട ചർച്ചയ്ക്ക് മണിക്കൂറുകൾക്ക് മുമ്പാണ് എക്സ് ഹാൻഡിലിലൂടെ അദ്ദേഹം രാജി വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.
ഡൽഹിയിലെ ജന്തർമന്തറിൽ ഒരു മാസത്തിലേറെയായി സമരം നടത്തിവരുന്ന പ്രതിഷേധക്കാരുടെ ഏറ്റവും പ്രധാന ആവശ്യമായിരുന്നു പ്രധാന്റെ രാജി. സർക്കാർ ധർമ്മേന്ദ്ര പ്രധാനെ പുറത്താക്കാൻ തയാറാകാതെ ഒരു ചർച്ചയ്ക്കുമില്ലെന്ന് ശനിയാഴ്ച രാവിലെ സിജെപി വ്യക്തമാക്കുകയും ചെയ്തിരുന്നു.
മന്ത്രി രാജി വെച്ചില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും ആവശ്യങ്ങളിൽ നിന്ന് ഒരടി പോലും പിന്നോക്കമില്ലെന്നും സമരക്കാർ കർശന മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുപുറമേ നാളെ വൈകുന്നേരം ആറിന് രാജ്യവ്യാപകമായി മെഴുകുതിരി കത്തിച്ച് മാർച്ചും 24 മണിക്കൂറിനുള്ളിൽ പാർലമെന്റ് മാർച്ച് പുനരാരംഭിക്കുമെന്നും സിജെപി പ്രഖ്യാപിച്ചിരുന്നു.
പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ സുപ്രധാന തീരുമാനം വന്നിരിക്കുന്നത്. അവസാന നിമിഷവും ധർമ്മേന്ദ്ര പ്രധാനെ വിദ്യാഭ്യാസ മന്ത്രാലയത്തിൽനിന്ന് മറ്റൊരു വകുപ്പിലേക്ക് മാറ്റാൻ സർക്കാർ ആലോചിച്ചിരുന്നെങ്കിലും പ്രധാൻ പുറത്തുപോകാതെ പിന്നോട്ട് പോകില്ലെന്ന് സമരക്കാരും നിലപാടെടുത്തതോടെ സർക്കാരിന് ഒടുവിൽ വഴങ്ങേണ്ടി വരികയായിരുന്നു.
National
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കേണ്ടതില്ലെന്ന് ബിജെപിയിലും ആർഎസ്എസിലും ധാരണ. സംവിധാനത്തിൽ വീഴ്ച വരുത്തിയ ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുത്തുവെന്നും സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നുമാണ് പാർട്ടിയുടെ വിലയിരുത്തൽ.
അതേസമയം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും മറ്റ് കക്ഷികളും രംഗത്തെത്തിയിട്ടുണ്ട്. മന്ത്രിയുടെ രാജി ഇല്ലെങ്കിൽ ഇന്നത്തെ ചർച്ചയ്ക്ക് അർത്ഥമില്ലെന്നാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ ഭാഗത്തുനിന്നുള്ള പ്രതികരണം. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിലെ കൂട്ടരാജി മാത്രമല്ല ഇതിനുള്ള പോംവഴിയെന്ന് പ്രതിഷേധക്കാർ പറയുന്നു.
വിഷയത്തിൽ സർക്കാരും ഭരണപക്ഷവും പ്രതിരോധത്തിലായെങ്കിലും നിലവിലെ സാഹചര്യത്തിൽ മന്ത്രിയെ മാറ്റേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് ബിജെപി നേതൃത്വം. മന്ത്രിയുടെ രാജി ആവശ്യം അംഗീകരിക്കില്ലെന്നും മറ്റ് ആവശ്യങ്ങൾ പരിഗണിക്കാമെന്നും കേന്ദ്രസർക്കാർ സിജെപിയെ അറിയിക്കും.
National
ന്യൂഡൽഹി: ജന്തർ മന്തറിലെ സമരക്കാരുമായുള്ള രണ്ടാംവട്ട ചർച്ചയിൽ സിജെപിയുടെ രണ്ട് ആവശ്യങ്ങൾക്ക് കേന്ദ്രസർക്കാർ തത്വത്തിൽ അംഗീകാരം നൽകി. എന്നാൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജി എന്ന പ്രധാന ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല. രാജിക്കാര്യത്തിൽ പ്രതികരിക്കാൻ ഇന്ന് ഉച്ചവരെ സമയം തേടിയിട്ടുണ്ട്.
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം രാജ്യവ്യാപകമായി ശക്തിപ്പെടുന്നതിനിടെ കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) രണ്ട് ഔദ്യോഗിക വക്താക്കളുമായാണ് കേന്ദ്രമന്ത്രിമാരായ ജെ.പി.നഡ്ഡയും ജിതേന്ദ്ര സിംഗും ചർച്ച നടത്തിയത്.
കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിന്റെ ഭാഗമായുള്ള പഴയ വിപി ഹൗസിന്റെ 504-ാം മുറിയിലായിരുന്നു കൂടിക്കാഴ്ച. സിജെപിയുടെ ഔദ്യോഗിക വക്താക്കളായ അശുതോഷ് രങ്കയും സൗരവ് ദാസും കേന്ദ്രമന്ത്രിമാരുമായി നടത്തിയ ചർച്ച രണ്ട് മണിക്കൂറോളം നീണ്ടു.
മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയില്ലാതെ പ്രതിഷേധങ്ങളിൽനിന്നു പിന്നോട്ടില്ലെന്ന് കോക്രോച്ച് ജനതാ പാർട്ടി ആവർത്തിച്ചിട്ടുണ്ട്. പരീക്ഷാ ക്രമക്കേടുകളെത്തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുക, പ്രതിഷേധം നടത്തിയ വിദ്യാർഥികൾക്കെതിരായ നിയമനടപടികൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും മന്ത്രിമാരുമായുള്ള ചർച്ചയിൽ ഉന്നയിച്ചു. ഈ രണ്ട് ആവശ്യത്തിനും കേന്ദ്രം അനുകൂല പ്രതികരണമറിയിച്ചിട്ടുണ്ടെന്ന് സിജെപി വക്താക്കൾ അറിയിച്ചു.
എന്നാൽ, ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തിൽ കേന്ദ്രം ഇന്ന് ഉച്ചയോടെ പ്രതികരിക്കുമെന്നാണ് അറിയിച്ചതെന്ന് സിജെപി അറിയിച്ചു. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ധർമേന്ദ്ര പ്രധാന്റെ രാജിയിൽ തീരുമാനമായില്ലെങ്കിൽ ജൂലൈ 20ലെപ്പോലെ ഒരു ദേശീയ പ്രതിഷേധത്തിനു കൂടി ആഹ്വാനമുണ്ടാകുമെന്ന് അശുതോഷ് അറിയിച്ചു. വിദ്യാഭ്യാസമന്ത്രിയുടെ രാജിക്കാര്യത്തിൽ കേന്ദ്രവുമായുള്ള അടുത്തവട്ട ചർച്ചകൾ ഇന്നു നടക്കും.
National
ന്യൂഡൽഹി: ചോദ്യച്ചോർച്ചാ വിവാദങ്ങളുടെയും പരീക്ഷാ ക്രമക്കേടുകളുടെയും പശ്ചാത്തലത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ വലിയ അഴിച്ചുപണി. ഇതിന്റെ ഭാഗമായി എൻടിഎയിലെ 47 ഉദ്യോഗസ്ഥരെ കേന്ദ്ര സർക്കാർ സേവനത്തിൽ നിന്ന് പിരിച്ചുവിട്ടു. അടുത്ത ഒരു മാസത്തിനുള്ളിൽ പരീക്ഷാ നടത്തിപ്പ് സംവിധാനം പൂർണമായി ഉടച്ചുവക്കാനാണ് സർക്കാരിന്റെ നീക്കം.
പിരിച്ചുവിടൽ നേരിട്ട ചില ഉദ്യോഗസ്ഥർ ഗുരുതരമായ വീഴ്ചകൾ വരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് പുറമേ കർശനമായ ക്രിമിനൽ നടപടികളും ഉണ്ടാകുമെന്നാണ് സൂചന. രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയ പരീക്ഷാ നടത്തിപ്പിലെ വീഴ്ചകൾ ആവർത്തിക്കാതിരിക്കാനാണ് എൻടിഎയിൽ ഇത്തരം കടുത്ത നടപടികൾ സ്വീകരിച്ചിരിക്കുന്നത്.
National
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കില്ലെന്ന നിലപാടുമായി കേന്ദ്ര സർക്കാർ. പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടുകയല്ല, മറിച്ച് അവ പരിഹരിക്കുകയാണ് വേണ്ടതെന്ന് മുതിർന്ന സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. തിങ്കളാഴ്ച പാർലമെന്റിൽ നിയമഭേദഗതി അവതരിപ്പിക്കുമെന്നും, അടുത്ത ഒരു മാസത്തിനുള്ളിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (എൻടിഎ) എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ചോദ്യച്ചോർച്ചയും സംഘടിത കോഴയും തടയുന്നതിനായുള്ള 2024ലെ പബ്ലിക് എക്സാമിനേഷൻസ് ആക്റ്റിൽ ഭേദഗതി വരുത്തിയാണ് പുതിയ ബിൽ കൊണ്ടുവരുന്നത്. അന്വേഷണ ഏജൻസികളുടെ അധികാരങ്ങൾ വർധിപ്പിക്കാനും എൻഫോഴ്സ്മെന്റ് വ്യവസ്ഥകൾ ശക്തമാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. കോക്രോച്ച് ജനതാ പാർട്ടി പ്രതിനിധികളുമായി കേന്ദ്ര മന്ത്രിമാരായ ജെ.പി. നഡ്ഡ, ജിതേന്ദ്ര സിംഗ് എന്നിവർ ചർച്ച നടത്തിയെങ്കിലും ധർമേന്ദ്ര പ്രധാന്റെ രാജി എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സമരക്കാർ വ്യക്തമാക്കി.
ഡൽഹിയിലെ പോലീസ് അതിക്രമങ്ങൾക്ക് മാപ്പ് പറയുക, ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചിട്ടുണ്ട്. സമീപകാലത്ത് നടത്തിയ 50 പരീക്ഷകളിൽ 49 എണ്ണവും യാതൊരു പ്രശ്നങ്ങളുമില്ലാതെയാണ് നടത്തിയതെന്നും സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. സമരം ചെയ്യുന്ന വിദ്യാർത്ഥി സംഘടനകളുമായുള്ള ചർച്ചകൾ ശനിയാഴ്ചയും തുടരും.
National
ന്യൂഡല്‍ഹി: പാര്‍ലമെന്റ് സ്തംഭനം ഒഴിവാക്കാനും നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ചു ചര്‍ച്ച നടത്തുന്നതിനും പ്രതിപക്ഷം രണ്ടു ഉപാധികള്‍ മുന്നോട്ടുവച്ചു.
യാതൊരു ഉപാധികളുമില്ലാതെ ചര്‍ച്ചയ്ക്കു തയാറാണെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിനു പിന്നാലെയാണു കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉപാധികള്‍ പ്രഖ്യാപിച്ചത്.
വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവയ്ക്കുക, നീറ്റ് ക്രമക്കേടും വിദ്യാര്‍ഥി മര്‍ദനവും സംബന്ധിച്ച് ചട്ടം 267 പ്രകാരം മറ്റു നടപടികള്‍ സസ്പെന്‍ഡ് ചെയ്ത് അടിയന്തര പ്രമേയത്തിന് (അഡ്ജേണ്‍മെന്റ് മോഷന്‍) അംഗീകാരം നല്‍കുക എന്നിവയാണ് ഉപാധികളെന്ന് ഖാര്‍ഗെ രാജ്യസഭയില്‍ വ്യക്തമാക്കി.
വിദ്യാഭ്യാസ മന്ത്രി ആദ്യം രാജിവയ്ക്കണം. അതിനുശേഷം ചട്ടം 267 പ്രകാരം ചര്‍ച്ച നടക്കണം. ഇതെന്തു ജനാധിപത്യമാണ്? നിങ്ങള്‍ വിദ്യാര്‍ഥികളെ മര്‍ദിക്കുകയാണ്- ഖാര്‍ഗെ പറഞ്ഞു.
പ്രതിപക്ഷ നേതാവ് പറഞ്ഞ ഉപാധികള്‍ കൂടിയേ തീരൂവെന്നും മന്ത്രി പുറത്തുപോകണമെന്നും ഡിഎംകെ നേതാവ് തിരുച്ചി ശിവ അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.
National
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെതിരേ രാജ്യത്തു പ്രതിഷേധം ശക്തമാകുന്നതിനിടെ അദ്ദേഹത്തിന്റെ മകൾ നൈമിഷ പ്രധാൻ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉപേക്ഷിച്ചു.
അച്ഛൻ രാജ്യത്തെ വിദ്യാഭ്യാസമന്ത്രിയായിരിക്കെ മകൾ വിദേശത്തു പഠിക്കാൻ പോയതിനെച്ചൊല്ലി സമൂഹമാധ്യമങ്ങളിൽ വലിയരീതിയിൽ സൈബർ ആക്രമണം നേരിട്ടതിനെത്തുടർന്നാണ് നടപടി.
അമേരിക്കയിലെ ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിൽനിന്നാണ് നൈമിഷ നിയമത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത്. ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ സംവിധാനത്തിൽ വിശ്വാസമില്ലാത്തതുകൊണ്ടാണോ മന്ത്രിയുടെ മകൾ വിദേശത്തു പഠിച്ചതെന്ന ചോദ്യങ്ങളുമായാണ് ഒരുവിഭാഗം ആളുകൾ രംഗത്തെത്തിയത്.
National
ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി നടത്തുന്ന സമരത്തില്‍ പങ്കുചേര്‍ന്ന വിദ്യാഭ്യാസ വിചക്ഷണനും കാലാവസ്ഥാ പ്രവര്‍ത്തകനുമായ സോനം വാംഗുചുകിന്റെ നിരാഹാരസമരം 15-ാം ദിവസത്തിലേക്ക് കടന്നു.
നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി പ്രധാന് രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍ മന്തറില്‍ സിജെപി തുടങ്ങിയ പ്രതിഷേധസമരം ഇന്ന് 23-ാം ദിവസത്തിലേക്ക് പ്രവേശിച്ചു.
വാംഗ്ചുകിന്റെ നിരാഹാരസമരം 14 ദിവസം പിന്നിട്ടിട്ടും പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്താന്‍ പോലും കേന്ദ്രസര്‍ക്കാര്‍ തയാറായിട്ടില്ല. നിരാഹാരം ആരംഭിച്ചതിനുശേഷം അദ്ദേഹത്തിന്റെ ഭാരം 7.5 കിലോഗ്രാം കുറഞ്ഞു.
പഞ്ചസാരയുടെ അളവും രക്തസമ്മര്‍ദവും കുറഞ്ഞതിന്റെ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും നിരാഹാരസമരത്തില്‍നിന്നു പിന്മാറില്ലെന്ന് വാംഗ്ചുക് വ്യക്തമാക്കി. ജൂണ്‍ 28നാണ് വാംഗ്ചുക് സമരത്തില്‍ ചേര്‍ന്നു നിരാഹാരം തുടങ്ങിയത്.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്ന 20ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. മാര്‍ച്ചില്‍ പങ്കെടുക്കാന്‍ രാജ്യത്തുടനീളമുള്ള വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും പൗരന്മാരെയും സിജെപി ക്ഷണിച്ചു. പ്രതിഷേധക്കാര്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ ഏറ്റെടുക്കാന്‍ എംപിമാരെ പ്രേരിപ്പിക്കുന്നതിനാണ് പാര്‍ലമെന്റ് മാര്‍ച്ച് നടത്തുന്നതെന്ന് വാംഗ്ചുക് പറഞ്ഞു.
National
ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷ കൂടുതൽ സുരക്ഷിതമായി നടത്തുന്നതിനായി പുതിയ നീക്കവുമായി കേന്ദ്ര സർക്കാർ. പരീക്ഷാ ചോദ്യപേപ്പറുകൾ ചോർച്ച കൂടാതെ അതീവ സുരക്ഷിതമായി പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിക്കാൻ പ്രതിരോധ സേനകളുടെ സഹായം തേടാനാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം.
ഇതുസംബന്ധിച്ച് ഇന്ന് പ്രതിരോധ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ വിശദമായ ചർച്ചകൾ നടന്നു. ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക ട്രാൻസ്പോർട്ട് വിമാനങ്ങൾ ഉപയോഗിച്ച് ചോദ്യപേപ്പറുകൾ അതത് സംസ്ഥാനങ്ങളിൽ എത്തിക്കാനാണ് നിലവിൽ പദ്ധതിയിടുന്നത്. വ്യോമസേനയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും ഈ പ്രക്രിയ നടക്കുക.
മുൻകാലങ്ങളിൽ പ്രധാനമായും പോസ്റ്റൽ സർവീസ് വഴിയാണ് ചോദ്യപേപ്പറുകൾ വിതരണം ചെയ്തിരുന്നത്. എന്നാൽ ചോദ്യപേപ്പർ ചോർച്ച വലിയ വിവാദങ്ങൾക്ക് വഴിവെച്ച പശ്ചാത്തലത്തിലാണ്, സുരക്ഷാ വീഴ്ചകൾ പൂർണമായും ഒഴിവാക്കാൻ പ്രതിരോധ സേനയെത്തന്നെ രംഗത്തിറക്കാൻ കേന്ദ്രം ആലോചിക്കുന്നത്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ ഔദ്യോഗികവും അന്തിമവുമായ തീരുമാനം ഉടൻ ഉണ്ടാകും.