ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷ കൂടുതൽ സുരക്ഷിതമായി നടത്തുന്നതിനായി പുതിയ നീക്കവുമായി കേന്ദ്ര സർക്കാർ. പരീക്ഷാ ചോദ്യപേപ്പറുകൾ ചോർച്ച കൂടാതെ അതീവ സുരക്ഷിതമായി പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിക്കാൻ പ്രതിരോധ സേനകളുടെ സഹായം തേടാനാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം.
ഇതുസംബന്ധിച്ച് ഇന്ന് പ്രതിരോധ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ വിശദമായ ചർച്ചകൾ നടന്നു. ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക ട്രാൻസ്പോർട്ട് വിമാനങ്ങൾ ഉപയോഗിച്ച് ചോദ്യപേപ്പറുകൾ അതത് സംസ്ഥാനങ്ങളിൽ എത്തിക്കാനാണ് നിലവിൽ പദ്ധതിയിടുന്നത്. വ്യോമസേനയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും ഈ പ്രക്രിയ നടക്കുക.
മുൻകാലങ്ങളിൽ പ്രധാനമായും പോസ്റ്റൽ സർവീസ് വഴിയാണ് ചോദ്യപേപ്പറുകൾ വിതരണം ചെയ്തിരുന്നത്. എന്നാൽ ചോദ്യപേപ്പർ ചോർച്ച വലിയ വിവാദങ്ങൾക്ക് വഴിവെച്ച പശ്ചാത്തലത്തിലാണ്, സുരക്ഷാ വീഴ്ചകൾ പൂർണമായും ഒഴിവാക്കാൻ പ്രതിരോധ സേനയെത്തന്നെ രംഗത്തിറക്കാൻ കേന്ദ്രം ആലോചിക്കുന്നത്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ ഔദ്യോഗികവും അന്തിമവുമായ തീരുമാനം ഉടൻ ഉണ്ടാകും.
Tags : DharmendraPradhan Latest News NEET re-exam