ധർമേന്ദ്ര പ്രധാനെതിരായ ഇൻസ്റ്റാഗ്രാം പോസ്റ്റുമായി ബിജെപി എംപി അപരാജിത സാരംഗി
ഭുവനേശ്വർ: നീറ്റ് വിവാദങ്ങൾക്കും രാജി പ്രഖ്യാപനങ്ങൾക്കും പിന്നാലെ ഭരണകക്ഷിയായ ബിജെപിക്കുള്ളിൽ അമർഷവും ഭിന്നതയും പരസ്യമാകുന്നു. മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ രൂക്ഷമായി വിമർശിച്ച് ബിജെപി എംപിയുടെ മകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ വൻ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. ഭുവനേശ്വർ ബിജെപി എംപി അപരാജിത സാരംഗിയുടെ മകളാണ് ധർമേന്ദ്ര പ്രധാനെതിരെ പരസ്യ വിമർശനവുമായി രംഗത്തെത്തിയത്.
"എന്റെ പോസ്റ്റ് നീക്കം ചെയ്യിക്കാൻ ആരും കഷ്ടപ്പെടേണ്ടതില്ല, ഞാൻ ഇത് ഡിലീറ്റ് ചെയ്യാൻ പോകുന്നില്ല" എന്ന കടുത്ത നിലപാടോടെയായിരുന്നു ഇൻസ്റ്റാഗ്രാം കുറിപ്പ്. എന്നാൽ സംഭവം വലിയ രീതിയിൽ മാധ്യമശ്രദ്ധ നേടുകയും ചർച്ചയാവുകയും ചെയ്തതിന് തൊട്ടുപിന്നാലെ ഇവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് തന്നെ പൂർണമായും അപ്രത്യക്ഷമായി. അക്കൗണ്ട് സ്വയം ഡിലീറ്റ് ചെയ്തതാണോ അതോ പാർട്ടിയുടെയോ മറ്റോ കടുത്ത സമ്മർദത്തെ തുടർന്ന് നിർജീവമാക്കപ്പെട്ടതാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയും പരീക്ഷാ ക്രമക്കേടുകളും ഉയർത്തി വിദ്യാർത്ഥി സംഘടനകളും പ്രതിപക്ഷവും രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് ഭരണകക്ഷി എംപിയുടെ കുടുംബത്തിൽ നിന്ന് തന്നെ മുൻ മന്ത്രിക്കെതിരെ ഇത്തരമൊരു പ്രതികരണം ഉണ്ടായത്. ഇത് ബിജെപി നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
Tags : AparajithaSarangi EducationMinister DharmendraPradhan Bhubaneswar LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash