പ്രതീകാത്മക ചിത്രം
പേരൂർക്കട: യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന എട്ട് പേർക്കെതിരെ കേസെടുത്ത് പൊലിസ്. വട്ടിയൂർക്കാവ് പൊലിസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. വിളപ്പിൽ പള്ളിമുക്ക് അൻസ് മൻസിലിൽ അൻസുമോന് ആണ് ആക്രമണത്തിൽ പരിക്കേറ്റത്.
ഓഗസ്റ്റ് 27ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. വട്ടിയൂർക്കാവ് പിടിപി നഗർ സരസ്വതി വിദ്യാലയത്തിന്റെ സമീപത്ത് വച്ച് കാറിൽ സഞ്ചരിക്കുകയായിരുന്ന അൻസുമോനെ ബൈക്കിലെത്തിയ എട്ടംഗസംഘം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ അൻസുമോന്റെ വലതു കൈയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. സംഭവം പൊലിസിൽ അറിയിച്ചാൽ കൊന്നുകളയുമെന്നും അക്രമിസംഘം ഭീഷണി മുഴക്കിയിരുന്നു. വട്ടിയൂർക്കാവ് സ്വദേശികളായ സൈദലി, സബീർ, ഷഫീഖ്, റിയാസ്, റിയാസിന്റെ പിതാവ്, അഫ്സൽ കൂടാതെ കണ്ടാലറിയാവുന്ന രണ്ടുപേരെയും പ്രതി ചേർത്താണ് പൊലിസ് കേസെടുത്തിരിക്കുന്നത്.
പ്രതികളിൽ സബീർ, ഷഫീഖ് എന്നിവർക്കെതിരെ നേരത്തെ പൊലിസിൽ പരാതി നൽകിയതിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിൽ. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലിസ് അറിയിച്ചു.
Tags : Trivandrum KeralaPolice Crime Police Investigation CaseFile FIR