പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഡൽഹിയിൽ നടന്ന വിദ്യാർഥിപ്രക്ഷോഭത്തിനു നേരേ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചെന്ന ആരോപണത്തിലും അതിക്രമങ്ങളിലും അന്വേഷണം ശക്തമാക്കി റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ആർഎഎഫ്).
കഴിഞ്ഞ 20ന് കോക്രോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച ‘ചലോ സംസദ്’ മാർച്ചിനിടെ സുരക്ഷാസേന അനാവശ്യമായി ബലപ്രയോഗം നടത്തിയെന്ന പരാതികളിന്മേലാണു പരിശോധന ആരംഭിച്ചിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നശേഷം അന്വേഷണ കമ്മീഷൻ രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
പ്രതിഷേധത്തിനിടെ നിരവധി വിദ്യാർഥികൾക്കു പെല്ലറ്റ് പ്രയോഗത്തിൽ പരിക്കേറ്റതായി മെഡിക്കൽ രേഖകളെയും ദൃക്സാക്ഷികളെയും ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ ക്രമസമാധാന പാലനത്തിനായി പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചിട്ടില്ലെന്നും അത്തരം ആയുധങ്ങൾ കൈവശമില്ലെന്നുമാണ് ഡൽഹി പോലീസിന്റെ വാദം.
അന്നേദിവസം നടന്ന സംഭവങ്ങളുടെ പൂർണമായ പശ്ചാത്തലം പരിശോധിക്കാൻ ആർഎഎഫ് ഇൻസ്പെക്ടർ ജനറലിന് സിആർപിഎഫ് നിർദേശം നൽകിയിട്ടുണ്ട്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ സേനയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും ഉദ്യോഗസ്ഥർക്കുനേരേ പ്രതിഷേധക്കാരിൽനിന്നുണ്ടായ ആക്രമണങ്ങളും പ്രത്യേകം അന്വേഷിക്കും.
പ്രതിഷേധസമയത്ത് നീല യൂണിഫോം ധരിച്ച ആർഎഎഫ് ഉദ്യോഗസ്ഥർ ലാത്തിച്ചാർജ് നടത്തുന്നതിന്റെയും തോക്കുകൾ ഉപയോഗിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇവ പൂർണമായി പരിശോധിക്കുമെന്ന് സിആർപിഎഫ് വൃത്തങ്ങൾ വ്യക്തമാക്കി.
ലാത്തിച്ചാർജിനും പെല്ലറ്റ് പ്രയോഗത്തിനും പുറമെ, ഓടിപ്പോകുന്ന വിദ്യാർഥിയെ കാലിട്ടു വീഴ്ത്തുന്നതും സ്റ്റൺ ഗൺ ഉപയോഗിച്ച് ആക്രമിക്കുന്നതുമായ ദൃശ്യങ്ങളും പരിശോധനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ വസ്തുതകൾ ശേഖരിച്ച ശേഷമായിരിക്കും തുടർനടപടികളിലേക്കു കടക്കുക.
യുവതയുടെ ശബ്ദത്തിന് ചെവികൊടുക്കണം
ഈ രാജ്യത്തിന്റെ യഥാർഥ സമ്പത്ത് നമ്മുടെ യുവതലമുറയാണ്. അവരുടെ ശബ്ദങ്ങൾക്ക് ചെവികൊടുക്കുക. അവരെ സംരക്ഷിക്കുകയും ശക്തീകരിക്കുകയും ചെയ്യുക.
-മമ്മൂട്ടി
സുതാര്യ വിദ്യാഭ്യാസം ഉറപ്പാക്കണം
വിദ്യാഭ്യാസത്തിന് നമ്മുടെ രാജ്യത്തിന്റെ ഭാവിയെ രൂപപ്പെടുത്താനുള്ള ശക്തിയുണ്ട്. നീതിപൂർവവും സുതാര്യവുമായ ഒരു വിദ്യാഭ്യാസസമ്പ്രദായത്തിന് രാജ്യത്തെ ഓരോ വിദ്യാർഥിയും അർഹരാണ്.
- മാധവൻ
ഭാവി തലമുറയെ തകർക്കരുത്
സമാധാനം കാത്തുസൂക്ഷിക്കൂ...നമ്മുടെ ഭാവിതലമുറയെ തകർക്കരുത്.
ജയ്ഹിന്ദ്
-കുഞ്ചാക്കോ ബോബൻ
തോറ്റാലും കുഴപ്പമില്ല,തട്ടിപ്പ് പാടില്ല
പരാജയപ്പെട്ടാലും കുഴപ്പമില്ല. എന്നാൽ, ഒരിക്കലും തട്ടിപ്പിലൂടെയോ കുറുക്കുവഴികളിലൂടെയോ ജയിക്കാൻ ശ്രമിക്കരുത്. വിദ്യാർഥികളുടെ കഠിനാധ്വാനം ഒരിക്കലും പാഴാകരുത്. സുതാര്യവും യോഗ്യതയ്ക്കു മാത്രം മുൻഗണന നൽകുന്നതുമായ ഒരു വിദ്യാഭ്യാസരീതി രാജ്യത്ത് ആവശ്യമാണ്.
-സച്ചിൻ തെണ്ടുൽക്കർ
ഭയമല്ല, പ്രതീക്ഷ സമ്മാനിക്കണം
നമ്മുടെ യുവതലമുറയ്ക്ക് ചോദ്യങ്ങൾ ചോദിക്കാനും പ്രതിഷേധിക്കാനും അവകാശമുണ്ട്. പരീക്ഷാസമ്പ്രദായത്തിൽ വിശ്വാസ്യത കാത്തുസംരക്ഷിച്ചേ പറ്റൂ. നമ്മുടെ മക്കൾക്കു ഭയമല്ല, പ്രതീക്ഷയാണു നാം സമ്മാനിക്കേണ്ടത്.
-മഞ്ജു വാര്യർ
അധിക്ഷേപിച്ച് രക്ഷപ്പെടാനാകില്ല
മോദി അധികാരത്തിൽ വന്നപ്പോൾ രണ്ടും മൂന്നും വയസുണ്ടായിരുന്ന വിദ്യാർഥികളാണ് ഇന്നു പ്രതിഷേധിക്കാൻ തെരുവിലിറങ്ങിയിരിക്കുന്നത്. അന്ന് അവർ കണ്ടത് കോൺഗ്രസ് മുക്ത ഭാരതമായിരുന്നു. ഇത്തവണ മറ്റൊരാളെ അധിക്ഷേപിച്ച് നിങ്ങൾക്കു രക്ഷപ്പെടാനാകില്ല.
-അനുരാഗ് കശ്യപ്
ചോദ്യങ്ങളെ ലാത്തികൊണ്ടല്ല നേരിടേണ്ടത്
ചോദ്യങ്ങൾക്കുള്ള മറുപടി ലാത്തികൊണ്ടാകുന്പോൾ തകരുന്നത് ഭരണകൂടത്തിന്റെ അന്തസാണ്. അധികാരത്തിലുള്ളവരോടു ചോദ്യങ്ങൾ ചോദിക്കുകയെന്നത് അപേക്ഷിച്ച് വാങ്ങുന്ന ആനുകൂല്യമല്ല, മറിച്ച് ജനാധിപത്യപരമായ ഉത്തരവാദിത്വമാണ്.
-അമോൽ പാലേക്കർ
അടിച്ചമർത്തുന്നത് രാജ്യത്തിന്റെ ഭാവിയെ
വിദ്യാർഥിപ്രതിഷേധത്തെ കൈകാര്യം ചെയ്യേണ്ട രീതി ഇതല്ല. അടിച്ചമർത്തുന്നത് രാജ്യത്തിന്റെ ഭാവിതന്നെയാണ്. ന്യായമായ ലക്ഷ്യത്തിനായി പോരാടുന്നവർക്ക് പൂർണ ഐക്യദാർഢ്യം.
-ടൊവിനോ തോമസ്
സമരം ന്യായമായ ആവശ്യത്തിന്
ന്യായമായ ആവശ്യത്തിനാണ് വിദ്യാർഥികൾ സമരം ചെയ്യുന്നത്. തങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ വിദ്യാഭ്യാസസമ്പ്രദായത്തിൽ സമഗ്ര മാറ്റങ്ങൾ വരുത്തണമെന്നാണ് അവരുടെ ആവശ്യം. അടിച്ചമർത്താൻ ശ്രമിക്കാതെ വിദ്യാർഥികളുടെ ശബ്ദം കേൾക്കാൻ ഭരണകൂടം ശ്രമിക്കണം.
-ശബാന ആസ്മി
വ്യവസ്ഥിതിയെ നേരേയാക്കാനുള്ള സമരം
പരാജയപ്പെട്ട ഒരു വ്യവസ്ഥിതിയെ ശരിയാക്കാനാണു വിദ്യാർഥികൾ സമരത്തിനിറങ്ങിയത്. ഗുരുതരമായ പ്രതിസന്ധിഘട്ടത്തിൽ വിദ്യാർഥികൾ നിൽക്കുമ്പോൾ അവർക്കൊപ്പം അണിചേരേണ്ടത് നമ്മുടെ കടമയാണ്.
-സോഹ അലി ഖാൻ
സഹാനുഭൂതിയിലൂടെ ഭാവി കെട്ടിപ്പടുക്കണം
ഭിന്നിപ്പിലൂടെയും ആക്രമണങ്ങളിലൂടെയുമല്ല, സഹാനുഭൂതിയിലൂടെയാണ് ഭാവി കെട്ടിപ്പടുക്കേണ്ടത്. വിദ്യാർഥികൾ ജീവനൊടുക്കുന്നത് അത്യന്തം വേദന ഉളവാക്കു ന്നതാണ്.
-ദുൽഖർ സൽമാൻ
സമരത്തിന് ഐക്യദാർഢ്യം
ചിന്താശേഷിയും നീതിബോധവും കൈമോശം വന്നിട്ടില്ലാത്ത ഇന്ത്യയിലെ വിദ്യാർഥിസമൂഹം നീതിക്കുവേണ്ടി നടത്തുന്ന സമരത്തിന് പൂർണ ഐക്യദാർഢ്യം.
-ജോയ് മാത്യു
Tags : Investigation Pellet Lathicharge Application Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash