ന്യൂഡല്‍ഹി: വിഡ്ഢികള്‍, അന്ധഭക്തര്‍ തുടങ്ങിയ പ്രയോഗങ്ങളുടെ അകമ്പടിയോടെ ആര്‍എസ്എസിനെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും കടന്നാക്രമിച്ച് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി.
പേരെടുത്തു പറയാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആര്‍എസ്എസ് നേതാക്കളെയും രൂക്ഷ പരിഹാസത്തിലൂടെ ലോക്സഭയില്‍ ഇന്നലെ രാഹുല്‍ വിമര്‍ശിച്ചു. ഇതിനെതിരേ മന്ത്രിമാരുടെ നേതൃത്വത്തില്‍ ഭരണപക്ഷ എംപിമാര്‍ ഉയര്‍ത്തിയ ബഹളത്തില്‍ പ്രതിപക്ഷ നേതാവിനു പ്രസംഗം പൂര്‍ത്തിയാക്കാനായില്ല.
പ്രതിപക്ഷ പ്രതിഷേധത്തിനിടെ, ഭേദഗതികളെല്ലാം തള്ളിക്കൊണ്ട് പൊതുപരീക്ഷകളിലെ അന്യായമായ മാര്‍ഗങ്ങള്‍ തടയല്‍ ഭേദഗതി ബില്‍ (പബ്ലിക് എക്സാമിനേഷന്- പ്രിവന്‍ഷന്‍ ഓഫ് അണ്‍ഫെയര്‍ മീന്‍സ്)- 2026 ബില്‍ ശബ്ദവോട്ടോടെ ലോക്സഭ പാസാക്കി. വിദ്യാര്‍ഥികള്‍ക്കുനേരേ ലാത്തിച്ചാര്‍ജിനും പെല്ലറ്റ് വെടിവയ്പിനും ആഭ്യന്തരമന്ത്രിയാണ് അനുമതി നല്‍കിയതെന്നു പ്രതിപക്ഷനേതാവ് പറഞ്ഞു.
സുപ്രധാന നിയമനിര്‍മാണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും വിശേഷിപ്പിച്ച ബില്ലിന്മേല് നടന്ന രണ്ടു ദിവസത്തെ ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ലോക്സഭയിലെത്തിയില്ല. ഈ രാജ്യത്തെ ആഭ്യന്തരമന്ത്രിയെന്നു വിളിക്കപ്പെടുന്ന വ്യക്തിക്ക് സഭയില്‍ വന്നിരിക്കാനുള്ള ധൈര്യമില്ലെന്നതില് അതിയായ സന്തോഷമുണ്ടെന്ന് രാഹുല്‍ പരിഹസിച്ചു. ഭയപ്പെടുന്നതുകൊണ്ടാണ് ആഭ്യന്തരമന്ത്രി ഇന്നലെ ലോക്സഭയില്‍ വരാതിരുന്നത്. വിദ്യാര്ഥികള്ക്കുനേരേയുണ്ടായ ആക്രമണത്തെക്കുറിച്ചു സംസാരിക്കാനോ പാര്‍ലമെന്റിനെ നേരിടാനോ ഉള്ള ധൈര്യം ഇപ്പോള്‍ ആഭ്യന്തരമന്ത്രിക്കില്ലെന്നു രാഹുല്‍ പറഞ്ഞു.
ഇന്ത്യയിലെ ഓരോ സര്‍വകലാശാലയിലും ആര്‍എസ്എസ് പശ്ചാത്തലമുള്ള വൈസ് ചാന്സലര്മാരാണുള്ളതെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. ധര്‍മേന്ദ്ര പ്രധാന് ഒരു പ്രതീകം മാത്രമാണ്. വിദ്യാര്‍ഥികളുടെ യഥാര്‍ഥ ശത്രു ആര്‍എസ്എസാണ്. വിദ്യാഭ്യാസ മന്ത്രാലയം നടത്തുന്നത് മന്ത്രിയല്ല, ആര്‍എസ്എസാണ്. സര്‍വകലാശാലകളില്‍ പ്രത്യയശാസ്ത്രപരമായ സ്വാധീനം വ്യാപിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളുടെ ശബ്ദം അടിച്ചമര്‍ത്തുകയാണ്.
പിടിച്ചുപറി സംവിധാനമാക്കി വിദ്യാഭ്യാസത്തെ മാറ്റി. വിദ്യാഭ്യാസ വ്യവസ്ഥ ഭയാനകമാണ്, ക്രൂരമാണ്. അനിയന്ത്രിതമായ സ്വകാര്യവത്കരണം ചൂഷണത്തിനുള്ള ഉപാധിയാക്കി. ഇന്ത്യയുടെ വിദ്യാഭ്യാസ വ്യവസ്ഥയെ ഭരണകൂടം കൈപ്പിടിയിലൊതുക്കി. അറിവും സത്യവും തേടുന്നതില്‍നിന്നു വിദ്യാര്‍ഥികളെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടയുകയും തങ്ങള്‍ ഭാവനയില്‍ മെനഞ്ഞെടുത്ത ചരിത്രം പഠിക്കാന്‍ അവരെ നിര്‍ബന്ധിക്കുകയും ചെയ്യുന്നു- രാഹുല്‍ കുറ്റപ്പെടുത്തി.
സ്വതന്ത്രമായി ചിന്തിക്കാനോ സ്വന്തം ആഗ്രഹങ്ങള്‍ പിന്തുടരാനോ ഉള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നതില്‍ രാജ്യത്തുടനീളമുള്ള വിദ്യാര്‍ഥികള്‍ നിരാശരാണ്.
ഇന്ത്യയില്‍ വിദ്യാര്ഥികളായിരിക്കാനോ തങ്ങളുടെ അഭിനിവേശം പിന്തുടരാനോ, ആഗ്രഹിക്കുന്നതു പറയാനോ, ആഗ്രഹിക്കുന്ന ചോദ്യങ്ങള്‍ ചോദിക്കാനോ അനുവാദമില്ല എന്നതാണു വിദ്യാര്‍ഥികളെ പ്രകോപിപ്പിക്കുന്നതെന്നു രാഹുല്‍ അഭിപ്രായപ്പെട്ടു.
ജന്തര്‍ മന്തറില്‍ നടന്ന വിദ്യാര്‍ഥിപ്രക്ഷോഭത്തെ രാഹുല്‍ പ്രകീര്‍ത്തിച്ചു. രാജ്യത്തിന്റെ തെരുവുകളില്‍ ഭാവി തലമുറ കാഴ്ചവച്ച കാര്യങ്ങള്‍ വലിയ ആവേശവും ആത്മവിശ്വാസവും നല്കി. രാജ്യത്തെ യുവാക്കളുടെ വികാരങ്ങളുടെ ആഴത്തിലുള്ള പ്രകടനമാണുണ്ടായത്. അതില്‍ ദേഷ്യമോ വിദ്വേഷമോഅക്രമമോ ഇല്ല.
തെരുവില്‍ കണ്ട ഇന്ത്യന്‍ യുവതയുടെ ശക്തിയെ ബിജെപി ഉള്‍പ്പെടെ എല്ലാവരും മാനിക്കണം. ഓരോ ഇന്ത്യക്കാരനും നമ്മുടെ യുവാക്കളില്‍ അഭിമാനിക്കണം. നേതാക്കളുടെ മക്കളും പ്രതിഷേധിച്ച യുവാക്കളോടു യോജിക്കുന്നുണ്ട്. മക്കളോട് സംസാരിച്ചാല്‍ മനസിലാകുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.