x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കളി വിറ്റ് കോളടിക്കുന്നവർ

എസ്. ജയകൃഷ്ണൻ‌
Published: July 23, 2026 04:52 AM IST | Updated: July 23, 2026 04:52 AM IST

പ്രതീകാത്മക ചിത്രം

ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലു​തും ആ​ഡം​ബ​ര​പൂ​ർ​ണ​വു​മാ​യ ഫു​ട്ബോ​ൾ ലോ​ക​ക​പ്പാ​ണ് സ​മാ​പി​ച്ച​ത്. സ്പെ​യി​ൻ മാ​ത്ര​മ​ല്ല ഈ ​ടൂ​ർ​ണ​മെ​ന്‍റി​ലെ വി​ജ​യി. സം​ഘാ​ട​ക​രാ​യ ഫി​ഫ​യു​ടെ സാ​മ്പ​ത്തി​ക വി​ജ​യ​ത്തി​നു മു​ന്നി​ൽ മ​റ്റെ​ല്ലാം നി​ഷ്പ്ര​ഭ​മാ​കു​ന്നു.ക​ളി ന​ല്കു​ന്ന ആ​ന​ന്ദം സാ​ധാ​ര​ണ ഫു​ട്ബോ​ൾ പ്രേ​മി​ക​ൾ​ക്കും പ​ണം ന​ല്കു​ന്ന ആ​ന​ന്ദം കോ​ർ​പ​റേ​റ്റ് സാ​മ്രാ​ജ്യ​ങ്ങ​ൾ​ക്കും!
ഈ ​പ​ണ​മാ​ക​ട്ടെ സാ​ധാ​ര​ണ ക​ളി​പ്രേ​മി​യെ പോ​ക്ക​റ്റ​ടി​ക്കു​ന്ന​തും.

ഫു​ട്ബോ​ൾ എ​ന്നാ​ൽ വെ​റും ഫു​ട്ബോ​ള​ല്ല. ലോ​ക​ക​പ്പെ​ന്നാ​ൽ വെ​റും ലോ​ക​ക​പ്പു​മ​ല്ല. ദേ​ശീ​യ​ത, ഭ​ര​ണ​വ​ർ‌​ഗ പ​ക്ഷ​പാ​ത​ങ്ങ​ൾ, ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന പ​ര​സ്യവി​പ​ണി, കോ​ർ​പ​റേ​റ്റ് മൂ​ല​ധ​ന​ത്തി​ന്‍റെ ഭ​യാ​ന​ക​മാ​യ നി​ക്ഷേ​പ​ങ്ങ​ൾ, വ​ർ​ഗ-​വ​ർ​ണ-​പോ​രാ​ട്ട രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ വി​വി​ധ ചേ​രു​വ​ക​ൾ... ഒ​പ്പം അ​ൽ​പ്പം ഫു​ട്ബോ​ളും. ഓ​രോ കാ​ല​ത്തെ​യും സാ​ഹ​ച​ര്യ​മ​നു​സ​രി​ച്ച് ചേ​രു​വ​ക​ളി​ൽ ഏ​റ്റ​ക്കു​റ​ച്ചി​ലു​ണ്ടാ​കാ​മെ​ങ്കി​ലും എ​ക്കാ​ല​വും അ​താ​യി​രു​ന്നു ഫു​ട്ബോ​ൾ. ഫു​ട്ബാ​ളി​നു മാ​ത്ര​മ​ല്ല, ക്രി​ക്ക​റ്റും അ​ത്‌​ല​റ്റി​ക്സു​മ​ട​ക്കം കാ​യി​ക​ലോ​ക​ത്തെ പോ​രാ​ട്ട​ങ്ങ​ൾ​ക്കെ​ല്ലാം കേ​വ​ലം കാ​യി​ക​വി​നോ​ദം എ​ന്ന​തി​ന​പ്പു​റം മ​നു​ഷ്യ​രു​ടെ അ​തി​ജീ​വ​ന​വും അ​സ്തി​ത്വ​വു​മാ​യി നേ​രി​ട്ടു ബ​ന്ധ​മു​ണ്ട്.

ഫി​ഫ എ​ന്ന വ​മ്പ​ൻ കോ​ർ​പ​റേ​റ്റ് സ്ഥാ​പ​ന​ത്തി​ന്‍റെ ത​ല​വ​നാ​യ ജി​യാ​നി ഇ​ൻ​ഫാ​ന്‍റി​നോ​യ്ക്കും അ​മേ​രി​ക്ക​യെ​ന്ന "മ​ഹാ'​രാ​ജ്യ​ത്തി​ന്‍റെ സി​ഇ​ഒ ആ​യ ഡോ​ണ​ൾ​ഡ് ട്രം​പി​നും ഇ​ത് ന​ല്ല​വ​ണ്ണ​മ​റി​യാം. അ​തു​കൊ​ണ്ടാ​ണ് അ​വ​ർ ഏ​റ്റ​വും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യി​രി​ക്കു​ന്ന​ത്. റ​ഫ​റി ഉ​യ​ർ​ത്തി​യ കാ​ർ​ഡി​ൽ​നി​ന്ന് ചു​ക​പ്പു​നി​റം മാ​ഞ്ഞു​പോ​യ​തി​നും വേ​റെ കാ​ര​ണം വേ​ണ്ട. ഇ​ത്ത​വ​ണ​ത്തെ ലോ​ക​ക​പ്പ് സ​മ്മാ​ന​ദാ​ന​ച്ച​ട​ങ്ങി​നി​ടെ ഫി​ഫ പ്ര​സി​ഡ​ന്‍റ് ഇ​ൻ​ഫാ​ന്‍റി​നോ ന​ട​ത്തി​യ "ജോ​ഗിം​ഗ്' ഈ ​ദ​ശ​ക​ത്തി​ന്‍റെ കാ​യി​ക​ചി​ത്ര​മാ​കു​ന്ന​തും വെ​റു​തെ​യ​ല്ല.

ഞ​ങ്ങ​ൾ നി​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ക​യാ​ണേ! എ​ന്ന് കൊ​ള്ള​ക്കാ​രും ചൂ​ഷ​ക​രും വി​ളി​ച്ചു​പ​റ​യാ​റി​ല്ല. ഫു​ട്ബോ​ൾ ലോ​ക​ത്തും കാ​ര്യ​ങ്ങ​ൾ അ​ങ്ങ​നെ​ത​ന്നെ​യാ​ണ്. താ​ര​പ്ര​ഭ​യു​ടെ​യും അ​മി​താ​വേ​ശ​ത്തി​ന്‍റെ​യും തി​ര​സ്ക​ര​ണി​ക​ളു​യ​ർ​ത്തും. അ​തി​ന്‍റെ മ​റ​വി​ൽ ന​ട​ക്കു​ന്ന​ത് ലോ​കം അ​റി​യു​ന്നി​ല്ല. താ​ര​ങ്ങ​ളും പ​ണ​ക്കൊ​ഴു​പ്പി​ൽ അ​ന്ധ​രാ​കു​ന്നു.

എ​ങ്കി​ലും, വ​ലി​യ താ​ര​ങ്ങ​ളാ​യി​രി​ക്കെ ഭ​ര​ണ​കൂ​ട അ​തി​ക്ര​മ​ങ്ങ​ൾ​ക്കും ചൂ​ഷ​ണ​ങ്ങ​ൾ​ക്കു​മെ​തി​രേ മ​നു​ഷ്യ​പ​ക്ഷ​ത്തു നി​ല​യു​റ​പ്പി​ച്ച​വ​രും കാ​യി​ക​ലോ​ക​ത്തു​ണ്ടാ​യി​രു​ന്നു എ​ന്ന​ത് മ​റ​ന്നു​കൂ​ടാ. ഹി​റ്റ്‌ല​റെ എ​തി​രി​ട്ട അ​ത്‌​ല​റ്റ് ജ​സി ഓ​വ​ൻ​സും സ്പാ​നി​ഷ് ഏ​കാ​ധി​പ​തി ഫ്രാ​ങ്കോ​യെ തൃ​ണ​വ​ൽ​ഗ​ണി​ച്ച നെ​ത​ർ​ല​ൻ​ഡ്സ് ഫു​ട്ബോ​ൾ ഇ​തി​ഹാ​സം യോ​ഹാ​ൻ ക്രൈ​ഫും ബ്ര​സീ​ലി​യ​ൻ ഫു​ട്ബോ​ളി​ലെ ചി​ന്ത​ക​നാ​യി​രു​ന്ന സോ​ക്ര​ട്ടീ​സും വി​യ​റ്റ്നാ​മി​നെ​തി​രേ പോ​രാ​ടാ​ൻ നി​ർ​ബ​ന്ധി​ത സൈ​നി​ക​സേ​വ​നം വി​ധി​ച്ച​പ്പോ​ൾ “വി​യ​റ്റ്നാ​മി​ലെ ജ​ന​ങ്ങ​ൾ എ​ന്‍റെ ശ​ത്രു​ക്ക​ള​ല്ല” എ​ന്നു പ​റ​ഞ്ഞ് ചെ​റു​ത്തു​നി​ന്ന ബോ​ക്സിം​ഗ് ഇ​തി​ഹാ​സം മു​ഹ​മ്മ​ദ​ലി​യു​മെ​ല്ലാം അ​ങ്ങ​നെ പ​ല​ർ​ക്കും എ​ത്തി​പ്പി​ടി​ക്കാ​നാ​കാ​ത്ത ഉ​യ​ര​ങ്ങ​ളി​ൽ വി​രാ​ജി​ക്കു​ന്ന​വ​രാ​ണ്.

“ക​ണ്ണാ​ൽ കാ​ൺ​പ​തും പൊ​യ്, കാ​താ​ൽ കേ​ൾ​പ്പ​തും പൊ​യ്” എ​ന്ന​തു​പോ​ലെ​യാ​ണ് കാ​ര്യ​ങ്ങ​ളെ​ന്നു സൂ​ചി​പ്പി​ക്കാ​നാ​ണ് ഇ​ത്ര​യും പ​റ​ഞ്ഞ​ത്. അ​ർ​ജ​ന്‍റീ​ന​യെ കീ​ഴ​ട​ക്കി സ്പെ​യി​ൻ ലോ​ക​കി​രീ​ടം ചൂ​ടി​യ​തോ​ടെ സ​മാ​പി​ച്ച​ത് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലു​തും ആ​ഡം​ബ​ര​പൂ​ർ​ണ​വു​മാ​യ ഫു​ട്ബോ​ൾ ലോ​ക​ക​പ്പാ​ണ്. സ്പെ​യി​ൻ മാ​ത്ര​മ​ല്ല ഈ ​ടൂ​ർ​ണ​മെ​ന്‍റി​ലെ വി​ജ​യി. സം​ഘാ​ട​ക​രാ​യ ഫി​ഫ​യു​ടെ സാ​മ്പ​ത്തി​കവി​ജ​യ​ത്തി​നു മു​ന്നി​ൽ മ​റ്റെ​ല്ലാം നി​ഷ്പ്ര​ഭ​മാ​കു​ന്നു. ക​ളി ന​ല്കു​ന്ന ആ​ന​ന്ദം സാ​ധാ​ര​ണ ഫു​ട്ബോ​ൾ​ പ്രേ​മി​ക​ൾ​ക്കും പ​ണം ന​ല്കു​ന്ന ആ​ന​ന്ദം കോ​ർ​പ​റേ​റ്റ് സാ​മ്രാ​ജ്യ​ങ്ങ​ൾ​ക്കും! ഈ ​പ​ണ​മാ​ക​ട്ടെ സാ​ധാ​ര​ണ ക​ളി​പ്രേ​മി​യു​ടെ കീ​ശ​യി​ൽ​നി​ന്നും.

ലാ​ഭം കൊ​യ്ത കാ​ർ​ണി​വ​ൽ

ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ലാ​ഭ​ക​ര​മാ​യ കാ​യി​ക കാ​ർ​ണി​വ​ലാ​ണ് സ​മാ​പി​ച്ച​ത്. ഫി​ഫ​യു​ടെ ക​ണ​ക്കു പ്ര​കാ​രം​ത​ന്നെ 2026ൽ 900 ​കോ​ടി ഡോ​ള​റി​ല​ധി​കം വ​രു​മാ​ന​മാ​ണ് ലോ​ക​ക​പ്പ് സം​ഘാ​ട​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 2022ലെ ​ഖ​ത്ത​ർ ലോ​ക​ക​പ്പി​ൽ 760 കോ​ടി ഡോ​ള​റാ​ണ് നേ​ടി​യ​ത്. നാ​ലു വ​ർ​ഷം മു​മ്പ് 32 ടീ​മു​ക​ളാ​ണ് മ​ത്സ​രി​ച്ചി​രു​ന്ന​തെ​ങ്കി​ൽ ഇ​ത്ത​വ​ണ 48 ടീ​മു​ക​ൾ. എ​ന്നു​വ​ച്ചാ​ൽ ക​ളി​ക്കാ​ലം നാ​ലാ​ഴ്ച​യി​ൽ​നി​ന്ന് ആ​റാ​ഴ്ച​യാ​യി. 64 മ​ത്സ​ര​ങ്ങ​ൾ​ക്ക് പ​ക​രം 104 മ​ത്സ​ര​ങ്ങ​ളും. കൂ​ടു​ത​ൽ മ​ത്സ​ര​മെ​ന്നാ​ൽ കൂ​ടു​ത​ൽ പ​ര​സ്യ​സ​മ​യം അ​ഥ​വാ കൂ​ടു​ത​ൽ പ​ണം എ​ന്നാ​ണ് കോ​ർ​പ​റേ​റ്റ് നി​ഘ​ണ്ടു​വി​ലെ അ​ർ​ഥം. കൂ​ടു​ത​ൽ ടി​ക്ക​റ്റ് എ​ന്ന മ​റ്റൊ​ര​ർ​ഥ​വു​മു​ണ്ട്. ആ​ഗോ​ള കാ​ഴ്ച​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന. കൂ​ടു​ത​ൽ ടീ​മു​ക​ൾ എ​ന്നാ​ൽ കൂ​ടു​ത​ൽ കാ​ഴ്ച​ക്കാ​രും എ​ന്നാ​ണ​ല്ലൊ.

ടി​ക്ക​റ്റ് നി​ര​ക്ക് മു​ത​ൽ തു​ട​ങ്ങി ഇ​ൻ​ഫാ​ന്‍റി​നോ​യു​ടെ ക​ണ്ണി​ൽ ചോ​ര​യി​ല്ലാ​ത്ത ക​ച്ച​വ​ടം. ശ​രാ​ശ​രി നി​ര​ക്ക് 900 ഡോ​ള​റി​ന് (86,648 രൂ​പ) മു​ക​ളി​ലാ​യി​രു​ന്നു. 13,500 രൂ​പ മു​ത​ൽ 2.6 ല​ക്ഷം രൂ​പ വ​രെ​യാ​യി​രു​ന്നു ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ ടി​ക്ക​റ്റ് നി​ര​ക്ക്. ഫൈ​ന​ൽ ടി​ക്ക​റ്റി​നി​ത് 8.35 ല​ക്ഷം രൂ​പ വ​രെ ഉ​യ​ർ​ന്നു. ടി​ക്ക​റ്റ് മ​റി​ച്ചു​വി​ല്പ​ന​ക്കാ​ർ പ​ര​മാ​വ​ധി മു​ത​ലാ​ക്കി. നി​യ​ന്ത്ര​ണ​മൊ​ന്നും ഇ​ല്ലാ​ത്ത​തി​നാ​ൽ ഫൈ​ന​ൽ ടി​ക്ക​റ്റി​ന്‍റെ വി​ല 22 കോ​ടി രൂ​പ വ​രെ​യെ​ത്തി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്! ആ​ദ്യം ആ​ശ​ങ്ക​യു​ണ്ടാ​യെ​ങ്കി​ലും സ്റ്റേ​ഡി​യ​ങ്ങ​ൾ നി​റ​ഞ്ഞു. ആ​വേ​ശ​ഭ​രി​ത​നാ​യ ഇ​ൻ​ഫാ​ന്‍റി​നോ 2030ൽ 64 ​ടീ​മു​ക​ളെ ഇ​റ​ക്കാ​നു​ള്ള ആ​ലോ​ച​ന തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു!

ക​ടു​ത്ത ചൂ​ട് നേ​രി​ടാ​ൻ ഇ​താ​ദ്യ​മാ​യി ഫി​ഫ കൊ​ണ്ടു​വ​ന്ന മൂ​ന്നു മി​നി​റ്റ് ഹൈ​ഡ്രേ​ഷ​ൻ ബ്രേ​ക്കും പ​ണം വാ​രി. ക​ളി സം​പ്രേ​ഷ​ണം ചെ​യ്ത ചാ​ന​ലു​ക​ൾ മൂ​ന്നു മി​നി​റ്റി​നെ അ​നേ​ക ശ​തം കോ​ടി​ക​ളാ​യി പെ​രു​പ്പി​ച്ചു.

പ്ര​ധാ​ന​മാ​യും നാ​ലു ത​ന്ത്ര​ങ്ങ​ൾ

ഫി​ഫ​യും വി​വി​ധ ബ്രാ​ൻ​ഡു​ക​ളും ലോ​ക​ക​പ്പ് കാ​ല​ത്ത് കോ​ടി​ക്ക​ണ​ക്കി​ന് ഡോ​ള​ർ സ​മ്പാ​ദി​ക്കാ​ൻ പ്ര​ധാ​ന​മാ​യും നാ​ലു ത​ന്ത്ര​ങ്ങ​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

എ​ക്സ്ക്ലൂ​സി​വി​റ്റി: കൊ​ക്ക​കോ​ള, അ​ഡി​ഡാ​സ് തു​ട​ങ്ങി​യ ഫി​ഫ​യു​ടെ ഔ​ദ്യോ​ഗി​ക പ​ങ്കാ​ളി​ക​ൾ​ക്ക് സ്റ്റേ​ഡി​യ​ത്തി​ന​ക​ത്തും ടി​ക്ക​റ്റു​ക​ളി​ലും ത​ങ്ങ​ളു​ടെ ബ്രാ​ൻ​ഡ് മാ​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കാ​നു​ള്ള കു​ത്ത​കാ​വ​കാ​ശം ന​ല്കു​ക.
താ​ര​ങ്ങ​ളു​ടെ വ്യ​ക്തി​ഗ​ത ഇ​മേ​ജ്: സൂ​പ്പ​ർ താ​ര​ങ്ങ​ളെ വ​ലി​യ തു​ക ന​ൽ​കി ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​ർ​മാ​രാ​ക്കി വി​പ​ണി പി​ടി​ക്കു​ന്നു. പ​ണ​മെ​റി​ഞ്ഞു പ​ണം വാ​രു​ന്ന ത​ന്ത്രം.

ഡി​ജി​റ്റ​ൽ മാ​ധ്യ​മ​ങ്ങ​ളും റീ​ലു​ക​ളും: ടെ​ലി​വി​ഷ​ൻ പ​ര​സ്യ​ങ്ങ​ൾ​ക്കു പു​റ​മെ ഇ​ൻ​സ്റ്റ​ഗ്രാം റീ​ലു​ക​ൾ, ടി​ക്‌​ടോ​ക്ക് ച​ല​ഞ്ചു​ക​ൾ, ഇ​ൻ​ഫ്ലു​വ​ൻ​സ​ർ മാ​ർ​ക്ക​റ്റിം​ഗ് എ​ന്നി​വ​യി​ലൂ​ടെ ആ​രാ​ധ​ക​രു​ടെ വി​കാ​ര​ങ്ങ​ളെ വി​റ്റു കാ​ശാ​ക്കു​ന്നു.

പ്രാ​ദേ​ശി​ക​വ​ത്ക​ര​ണം: ഓ​രോ രാ​ജ്യ​ത്തെ​യും ആ​രാ​ധ​ക​രു​ടെ താ​ത്പ​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് മാ​റ്റു​ന്ന വി​പ​ണ​ന​ത​ന്ത്ര​ങ്ങ​ൾ. ഉ​ദാ​ഹ​ര​ണ​ത്തി​ന് ഇ​ന്ത്യ​യി​ൽ ഫു​ട്ബോ​ൾ ഭ്രാ​ന്തു​ള്ള കേ​ര​ള​ത്തി​ലും ബം​ഗാ​ളി​ലും പ്ര​ത്യേ​ക പ​ര​സ്യ​ങ്ങ​ളൊ​രു​ക്കി ചൂ​ണ്ട​യി​ടു​ന്നു.

കു​രു​ട്ടു​ബു​ദ്ധി ഉ​പ​യോ​ഗി​ച്ച് ഫി​ഫ​യെ​യും വെ​ട്ടി​ക്കു​ന്ന വ​മ്പ​ൻ വി​ദ്വാ​ൻ​മാ​രു​ണ്ട്. അം​ബു​ഷ് മാ​ർ​ക്ക​റ്റിം​ഗ് (ഒ​ളി​പ്പോ​ർ വി​പ​ണ​നം) എ​ന്നാ​ണി​തി​ന്‍റെ വി​ളി​പ്പേ​ര്. ഔ​ദ്യോ​ഗി​ക സ്പോ​ൺ​സ​ർ​ഷി​പ്പി​നാ​യി ഫി​ഫ​യ്ക്ക് കോ​ടി​ക​ൾ ന​ൽ​കാ​തെ ലോ​ക​ക​പ്പി​ന്‍റെ ജ​ന​പ്രീ​തി ത​ട്ടി​യെ​ടു​ക്കു​ക​യാ​ണ് ഇ​വ​രു​ടെ രീ​തി.
അ​ഡി​ഡാ​സ് ആ​യി​രു​ന്നു 2010 ലോ​ക​ക​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക സ്പോ​ൺ​സ​ർ. എ​ന്നാ​ൽ നൈ​ക്കി ലോ​ക​ത്തെ പ്ര​മു​ഖ ഫു​ട്ബോ​ൾ താ​ര​ങ്ങ​ളെ അ​ണി​നി​ര​ത്തി "റൈ​റ്റ് ദി ​ഫ്യൂ​ച്ച​ർ' എ​ന്ന പേ​രി​ൽ ഒ​രു ആ​ഗോ​ള പ​ര​സ്യപ്ര​ചാ​ര​ണം ന​ട​ത്തി. ഇ​ത് ലോ​ക​ക​പ്പ് ഒ​ഫീ​ഷ​ൽ പ​ര​സ്യ​ത്തേ​ക്കാ​ൾ ജ​ന​പ്രി​യ​മാ​യി. ഭൂ​രി​ഭാ​ഗം പ്രേ​ക്ഷ​ക​രും നൈ​ക്കി​യാ​ണ് ഔ​ദ്യോ​ഗി​ക സ്പോ​ൺ​സ​ർ എ​ന്ന് തെ​റ്റി​ദ്ധ​രി​ക്കു​ക​യും ചെ​യ്തു. അം​ബു​ഷ് മാ​ർ​ക്ക​റ്റിം​ഗി​ന്‍റെ കെ​ണി തി​രി​ച്ച​റി​ഞ്ഞ​തോ​ടെ ഫി​ഫ ഇ​തു ത​ട​യാ​ൻ പ​ല മാ​ർ​ഗ​ങ്ങ​ളും പ​രീ​ക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.

ഇ​ത്ത​വ​ണ പു​തു​വ​ഴി​ക​ളും

ഇ​ക്ക​ഴി​ഞ്ഞ ലോ​ക​ക​പ്പി​ൽ ആ​ഗോ​ള ബ്രാ​ൻ​ഡു​ക​ൾ​ക്കു പു​റ​മെ വ​ട​ക്കേ അ​മേ​രി​ക്ക​ൻ വി​പ​ണി ല​ക്ഷ്യ​മി​ട്ട് പ്രാ​ദേ​ശി​ക ക​മ്പ​നി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക സ്പോ​ൺ​സ​ർ​ഷി​പ്പ് പാ​ക്കേ​ജു​ക​ൾ അ​വ​ത​രി​പ്പി​ച്ചു. കൂ​ടാ​തെ, പ​ര​മ്പ​രാ​ഗ​ത ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ൾ​ക്ക് പു​റ​മെ ഡി​ജി​റ്റ​ൽ, ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മു​ക​ൾ വ​ഴി യു​വ​പ്രേ​ക്ഷ​ക​രി​ലേ​ക്കു നേ​രി​ട്ടെ​ത്താ​നു​ള്ള വ​ഴി​യും തേ​ടി​യി​രു​ന്നു. ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് (എ​ഐ), ഓ​ഗ്‌​മെ​ന്‍റ​ഡ് റി​യാ​ലി​റ്റി (എ​ആ​ർ) എ​ന്നി​വ​യി​ലൂ​ടെ സ്റ്റേ​ഡി​യ​ത്തി​ലും വീ​ട്ടി​ലി​രു​ന്നും ക​ളി കാ​ണു​ന്ന ആ​രാ​ധ​ക​ർ​ക്ക് ബ്രാ​ൻ​ഡ​ഡ് അ​നു​ഭ​വ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​താ​യി​രു​ന്നു മ​റ്റൊ​രു രീ​തി. ബ്രോ​ഡ്കാ​സ്റ്റിം​ഗ് അ​വ​കാ​ശ​ങ്ങ​ൾ, ടി​ക്ക​റ്റ് വി​ല്പ​ന​യും ഹോ​സ്പി​റ്റാ​ലി​റ്റി​യും, സ്പോ​ൺ​സ​ർ​ഷി​പ്പും പ​ര​സ്യ​ങ്ങ​ളും, റോ​യ​ൽ​റ്റി വ​രു​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണ് 2026ൽ ​ഫി​ഫ പ​ണം കൊ​യ്ത​ത്.

പ​ര​സ്യ​ങ്ങ​ളി​ലെ ക​ളി​പ്രേ​മി

പ​ര​സ്യ​ങ്ങ​ളു​ടെ സ​മാ​ന്ത​ര പ്ര​പ​ഞ്ച​ത്തി​ൽ ഒ​രു ഫു​ട്ബോ​ൾ ആ​രാ​ധ​ക​ൻ യാ​തൊ​രു ചി​ന്ത​യു​മി​ല്ലാ​തെ എ​ളു​പ്പ​ത്തി​ൽ സം​തൃ​പ്ത​രാ​കു​ന്ന ജീ​വി​ക​ളെ​പ്പോ​ലെ​യാ​ണ് ചി​ത്രീ​ക​രി​ക്ക​പ്പെ​ടു​ന്ന​ത്. ഒ​ന്നു​കി​ൽ അ​തി​യാ​യ സ​ന്തോ​ഷം അ​ല്ലെ​ങ്കി​ൽ അ​ങ്ങേ​യ​റ്റ​ത്തെ നി​രാ​ശ. ഈ ​ര​ണ്ടു ഭാ​വ​ങ്ങ​ളേ ഇ​വ​ർ​ക്കു​ണ്ടാ​കൂ. ഇ​ഷ്‌​ടടീ​മി​ന്‍റെ തോ​ൽ​വി​യി​ൽ അ​ങ്ങേ​യ​റ്റം നി​രാ​ശ​രും ദുഃ​ഖി​ത​രു​മാ​കു​ന്ന ആ​രാ​ധ​ക​ൻ കേ​വ​ല​മൊ​രു "ബൈ ​വ​ൺ ഗെ​റ്റ് വ​ൺ ഫ്രീ' ​ഓ​ഫ​റി​ൽ സ​ന്തു​ഷ്‌​ട​നാ​കു​ന്നു. അ​തോ​ടെ അ​വ​ർ സ​ങ്ക​ട​വും നി​രാ​ശ​യു​മെ​ല്ലാം മ​റ​ന്ന് ആ​ർ​ത്തു​ചി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം, ഫു​ട്ബോ​ൾ താ​ര​ങ്ങ​ളെ അ​തി​മാ​നു​ഷ​രും ഉ​യ​ർ​ന്ന പ്ര​ക​ട​ന​ത്തെ​ക്കു​റി​ച്ചു​ള്ള ത​ത്വ​ശാ​സ്ത്ര​ങ്ങ​ൾ പ​റ​ഞ്ഞു​കൊ​ണ്ട് താ​ടി വ​ടി​ക്കു​ന്ന അ​തീ​വ സു​ന്ദ​ര​ന്മാ​രു​മാ​യാ​ണ് പ​ര​സ്യ​ങ്ങ​ളി​ൽ കാ​ണി​ക്കു​ന്ന​ത്. ഫു​ട്ബോ​ളി​ലെ ആ​ഴ​ത്തി​ലു​ള്ള പ​ര​മ്പ​രാ​ഗ​ത​വൈ​ര​ങ്ങ​ളും വം​ശീ​യ​ത​യും പ​ണ​മാ​ക്കാ​നും ആ​രാ​ധ​ക​രു​ടെ വി​ശ്വ​സ്ത​ത ചൂ​ഷ​ണം ചെ​യ്യാ​നും മാ​ത്ര​മാ​ണ് പ​ര​സ്യ​ലോ​കം ശ്ര​മി​ക്കു​ന്ന​ത്. അ​ല്ലാ​ത്ത​പ്പോ​ഴൊ​ക്കെ അ​വ​ർ ഇ​ത്ത​രം യാ​ഥാ​ർ​ഥ്യ​ങ്ങ​ളെ അ​വ​ഗ​ണി​ക്കു​ന്നു. 

ക​ടു​ത്ത ശാ​രീ​രി​ക​ക്ഷ​മ​ത ആ​വ​ശ്യ​മു​ള്ള ഫു​ട്ബോ​ൾ​ പോ​ലു​ള്ള ഒ​രു കാ​യി​കവി​നോ​ദ​ത്തി​ന്‍റെ മു​ൻ​നി​ര സ്പോ​ൺ​സ​ർ​മാ​രാ​യി ഫാ​സ്റ്റ് ഫു​ഡ് ഭീ​മ​ന്മാ​രാ​യ മ​ക്ഡൊ​ണാ​ൾ​ഡ്സ്, കാ​ർ​ബ​ണേ​റ്റ​ഡ് പാ​നീ​യ​ങ്ങ​ൾ വി​ൽ​ക്കു​ന്ന കോ​ക്ക​കോ​ള, അ​ല്ലെ​ങ്കി​ൽ ചി​പ്സ് ബ്രാ​ൻ​ഡാ​യ ഫ്രി​ട്ടോ-​ലേ എ​ന്നി​വ വ​രു​ന്ന​ത് തി​ക​ച്ചും അ​ധാ​ർ​മി​ക​മാ​ണെ​ന്ന് വി​മ​ർ​ശ​ക​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ഇ​ത് യു​വ​ത​ല​മു​റ​യ്ക്ക് തെ​റ്റാ​യ സ​ന്ദേ​ശ​മാ​ണു ന​ൽ​കു​ന്ന​ത്.

മ​റ്റൊ​ന്ന്, കോ​ർ​പ​റേ​റ്റ് താ​ത്പ​ര്യ​ങ്ങ​ൾ​ക്കാ​യി ക​ളി​യു​ടെ ഘ​ട​ന മാ​റ്റു​ന്ന​താ​ണ്. ക​ളി​ക്കാ​ർ​ക്കു വി​ശ്ര​മി​ക്കാ​നും ത​ന്ത്ര​ങ്ങ​ൾ മെ​ന​യാ​നു​മു​ള്ള​താ​ണ് 15 മി​നി​റ്റ് ഇ​ട​വേ​ള. ഇ​ത് പ​ര​സ്യ​ങ്ങ​ൾ​ക്കും വി​നോ​ദ​ത്തി​നു​മാ​യി 27 മി​നി​റ്റി​ല​ധി​ക​മാ​യി നീ​ട്ടി​യ​ത് ക​ളി​യു​ടെ സ്വാ​ഭാ​വി​ക ഒ​ഴു​ക്കി​നെ ബാ​ധി​ച്ചു.

കാ​ണി​ക​ൾ വെ​റും ഉ​പ​ഭോ​ക്താ​ക്ക​ൾ മാ​ത്രം

ഫു​ട്ബോ​ൾ പ​ര​മ്പ​രാ​ഗ​ത​മാ​യി സാ​ധാ​ര​ണ​ക്കാ​രു​ടെ​യും തൊ​ഴി​ലാ​ളി​വ​ർ​ഗ​ത്തി​ന്‍റെ​യും ക​ളി​യാ​ണ്. കോ​ർ​പ​റേ​റ്റ് പ്ര​മു​ഖ​ർ​ക്കും പ​ണ​ക്കാ​ർ​ക്കും മാ​ത്ര​മാ​യി ലോ​ക​ക​പ്പ് പ​രി​മി​ത​പ്പെ​ടു​ന്ന ത​ര​ത്തി​ലാ​ണ് ടി​ക്ക​റ്റ് നി​ര​ക്കു​ക​ളു​ടെ വ​ർ​ധ​ന. സ്കൈ ​സ്പോ​ർ​ട്സ് പോ​ലു​ള്ള ടെ​ലി​വി​ഷ​ൻ ബ്രോ​ഡ്കാ​സ്റ്റ​ർ​മാ​രു​ടെ സൗ​ക​ര്യ​ത്തി​ന് മ​ത്സ​ര​ങ്ങ​ൾ നി​ശ്ച​യി​ക്കു​മ്പോ​ൾ ത​ങ്ങ​ൾ​ക്ക​നു​യോ​ജ്യ​മാ​യ സ​മ​യ​ങ്ങ​ളി​ൽ ക​ളി കാ​ണാ​ൻ സാ​ധി​ക്കാ​തെ ക​ളി​പ്രേ​മി​ക​ൾ ബു​ദ്ധി​മു​ട്ടു​ന്നു. അ​വ​രെ വെ​റും ഉ​പ​ഭോ​ക്താ​ക്ക​ൾ മാ​ത്ര​മാ​യാ​ണ് ഫി​ഫ കാ​ണു​ന്ന​ത്.
മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളു​ടെ പേ​രി​ലോ പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ പേ​രി​ലോ ആ​ഗോ​ള​ത​ല​ത്തി​ൽ വി​മ​ർ​ശ​നം നേ​രി​ടു​ന്ന രാ​ജ്യ​ങ്ങ​ളും കോ​ർ​പ​റേ​റ്റു​ക​ളും ത​ങ്ങ​ളു​ടെ പ്ര​തി​ച്ഛാ​യ വെ​ളു​പ്പി​ച്ചെ​ടു​ക്കാ​ൻ ലോ​ക​ക​പ്പി​നെ ആ​യു​ധ​മാ​ക്കു​ന്നു​ണ്ട്.

ന​ഷ്‌​ട​പ്പെ​ടു​ന്ന​ത് ക​ളി​യു​ടെ ആ​ത്മാ​വ്

ലോ​ക​ക​പ്പ് ന​ട​ത്തു​ന്ന​തി​ലൂ​ടെ ആ​തി​ഥേ​യ രാ​ജ്യ​ങ്ങ​ളി​ലെ താ​ഴേ​ത്ത​ട്ടി​ലു​ള്ള ജ​ന​ങ്ങ​ളി​ലേ​ക്ക് സാ​മ്പ​ത്തി​കവ​ള​ർ​ച്ച​യെ​ത്തു​മെ​ന്ന ഫി​ഫ​യു​ടെ വാ​ദം പൊ​ള്ള​യാ​ണെ​ന്ന് സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. വ​ൻ​കി​ട ഹോ​ട്ട​ലു​ക​ളും കോ​ർ​പ​റേ​റ്റ് സ്പോ​ൺ​സ​ർ​മാ​രു​മാ​ണ് ലാ​ഭം കൊ​യ്യു​ന്ന​ത്. സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്ക് വി​ല​ക്ക​യ​റ്റ​വും ഗ​താ​ഗ​ത​ക്കു​രു​ക്കും മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്. ടൂ​ർ​ണ​മെ​ന്‍റി​നു​ശേ​ഷം വ​ലി​യ സാ​മ്പ​ത്തി​ക ഇ​ടി​വാ​ണ് ആ​തി​ഥേ​യ ന​ഗ​ര​ങ്ങ​ളി​ൽ ഉ​ണ്ടാ​കാ​റു​ള്ള​ത്.

ഫു​ട്ബോ​ൾ എ​ന്ന മ​നോ​ഹ​ര​മാ​യ കാ​യി​ക​വി​നോ​ദ​ത്തി​ന്‍റെ വേ​രു​ക​ൾ വൈ​കാ​രി​ക​ത​യി​ലും ജ​ന​കീ​യ​ത​യി​ലു​മാ​ണ്. എ​ന്നാ​ൽ, ഇ​ന്ന​ത്തെ ലോ​ക​ക​പ്പ് ഒ​രു കാ​യി​ക മാ​മാ​ങ്കം എ​ന്ന​തി​ന​പ്പു​റം ഭൗ​മ​രാ​ഷ്‌​ട്രീ​യ താ​ത്പ​ര്യ​ങ്ങ​ളും കോ​ർ​പ​റേ​റ്റ് ധൂ​ർ​ത്തും നി​റ​ഞ്ഞ ഒ​രു വ​ൻ​കി​ട ബി​സി​ന​സ് സാ​മ്രാ​ജ്യ​മാ​യി മാ​റി​യി​രി​ക്കു​ന്നു. പ​ണ​ത്തോ​ടു​ള്ള ഈ ​ആ​ർ​ത്തി​യി​ൽ ക​ളി​യു​ടെ ആ​ത്മാ​വു​ത​ന്നെ​യാ​ണ് ന​ഷ്‌​ട​മാ​കു​ന്ന​ത്.

Tags : games sell noise Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up