ട്രംപിന്റെ അമേരിക്കയിൽ ഇറാന്റെ കളികൾ, അതാണ് ഗ്രൂപ്പ് ജിയെ ശ്രദ്ധേയമാക്കുന്നത്. ബെൽജിയമാണ് ഗ്രൂപ്പിലെ ശക്തർ. മുഹമ്മദ് സലയുടെ ഈജിപ്തും ന്യൂസിലൻഡുമാണ് മറ്റ് ടീമുകൾ. ബെൽജിയത്തിന് ഈസി വാക്കോവർ പ്രതീക്ഷിക്കാമെങ്കിലും ഇറാനും ഈജിപ്തും ചെറുതല്ലാത്ത വെല്ലുവിളി ഉയർത്തും. ഗ്രൂപ്പിലെ ടീമുകളിൽ ഫിഫ റാങ്കിംഗിൽ ഏറ്റവും പിന്നിലാണ് ന്യൂസിലൻഡ്.
ഇറാൻ
ഏഷ്യൻ യോഗ്യതാ മത്സരത്തിൽ ഒരു മത്സരം മാത്രമാണ് പരാജയപ്പെട്ടത്. ഇതുവരെ ഏഴ് ലോകകപ്പുകൾക്ക് യോഗ്യതനേടി. 2006 മുതൽ തുടർച്ചയായി എഷ്യൻ പ്രതീക്ഷയായി ലോകകപ്പിനുണ്ടെങ്കിലും ഇതുവരെ ഗ്രൂപ്പ് ഘട്ടം കടക്കാനായിട്ടില്ല.
ലോകകപ്പ് വേദിയിൽ യുഎസ്എ, മൊറോക്കോ, വെയിൽസ് തുടങ്ങിയ വന്പന്മാരെ പരാജയപ്പെടുത്തിയിട്ടുണ്ടെന്നതാണ് എടുത്തുപറയാവുന്ന നേട്ടം. അമിർ ഖലിനോയ്യാണ് പരിശീലകൻ. ഇന്റർ മിലാന്റെ മെഹ്ദി തരേമി (ക്യാപ്റ്റൻ), സമാൻ ഗൊഡോസ് എന്നിവരാണ് പ്രധാനതാരങ്ങൾ.
ബെൽജിയം
ഫിഫ ലോക റാങ്കിംഗിൽ ഒന്നാമതെത്തിയ ടീമാണെങ്കിലും ചുവന്ന ചെകുത്താന്മാർക്ക് ഇതുവരെ ലോകകപ്പ് നേടാൻ സാധിച്ചിട്ടില്ല. ഏഡൻ ഹസാർഡ്, കെവിൻ ഡി ബ്രൂയിൻ, ലുക്കാക്കു തുടങ്ങിയവരുടെ സുവർണ തലമുറ റഷ്യയിൽ മൂന്നാം സ്ഥാനത്തെത്തിയതാണ് മികച്ച പ്രകടനം.
ഖത്തറിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായത് നാണക്കേടായി. ഇത്തവണ കപ്പ് തന്നെയാണ് പ്രതീക്ഷ. മാഞ്ചസ്റ്റർ സിറ്റിയുടെ ജെറമി ഡോക്കു, പരിചയസന്പന്നരായ കെവിൻ ഡിബ്രൂയിൻ, റൊമേലു ലൂക്കാക്കു എന്നിവരിലാണ് ബെൽജിയത്തിന്റെ പ്രതീക്ഷകളുടെ ഭാരമത്രയും. മാഞ്ചസ്റ്റർ സിറ്റിക്കായി മിന്നും പ്രകടനമാണ് ഡോക്കു കാഴ്ചവയ്ക്കുന്നത്. എന്നാൽ, ലുക്കാക്കു പരിക്കിന്റെ പിടിയിലാണ്. റൂഡി ഗാർസിയയാണ് പരിശീലകൻ.
ഈജിപ്ത്
മൂന്ന് തവണ ലോകകപ്പിന് യോഗ്യത നേടിയെങ്കിലും ഇതുവരെ ഒരു മത്സരം പോലും ജയിക്കാനായിട്ടില്ല. രണ്ട് കളികളിൽ സമനില നേടാനായതാണ് പ്രധാന നേട്ടം. കഴിഞ്ഞ തവണ പരിക്കിന്റെ നിഴലിലായിരുന്ന മുഹമ്മദ് സല ഇത്തവണ പഴയ ഫോമിന്റെ അടുത്തെങ്ങുമില്ലെന്നതാണ് ഫറവോസിന്റെ ആധി. എന്നാൽ, മാർച്ചിൽ നടന്ന ഫ്രണ്ട്ലിയിൽ സ്പെയ്നിനെ സമനിലയിൽ പിടിച്ചതിന്റെ ആത്മവിശ്വാസവുമായാണ് സലയും സംഘവും എത്തുന്നത്. ഹോസം ഹസനാണ് പരിശീലകൻ.
ന്യൂസിലൻഡ്
മൂന്നാം തവണയാണ് ന്യൂസിലൻഡ് ലോകകപ്പിനെത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽനിന്നും ഇതുവരെ മുന്നേറാനായിട്ടില്ല. ഫിഫ റാങ്കിംഗിൽ 85-ാം സ്ഥാനത്തുള്ള ഓൾവൈറ്റ്സ് ഇത്തവണ മികച്ചപോരാട്ടം നടത്താനുറച്ചാണ്.
നോട്ടിംഗ്ഹാം ഫോറസ്റ്റ് താരമായ ക്യാപ്റ്റൻ ക്രിസ് വുഡാണ് പ്രധാനതാരം. അദ്ദേഹം പരിക്കിന്റെ പിടിയിലായത് വെള്ളക്കാരെ ആശങ്കപ്പെടുത്തുന്നുണ്ട്. ഡാരൻ ബേസ്ലിയാണ് പരിശീലകൻ.