ബിജി ഷിബു
മലയാളത്തിന്റെ അക്ഷരവെളിച്ചമാണ് ദീപിക. 140 വർഷമായി തുടരുന്ന ആ മാധ്യമപ്രവർത്തനം നാളിതു വരെ അതിന്റെ അടിസ്ഥാന മൂല്യങ്ങളിൽനിന്നു വ്യതിചലിച്ചിട്ടില്ല.
ദീപിക എക്കാലവും മതേതര മൂല്യങ്ങളെ ചേർത്തുപിടിച്ചിരുന്നു. ദീപിക മാത്രമല്ല, അനുബന്ധ പ്രസിദ്ധീകരണങ്ങളും സമൂഹനിർമിതിയിൽ തനതു പങ്കു നിർവഹിച്ചു. കുട്ടികളുടെ ദീപിക, ചിൽഡ്രൻസ് ഡൈജസ്റ്റ്, കർഷകൻ... ഇപ്പോൾ ദീപിക ഓൺലൈനും എടുത്തുപറയേണ്ടതാണ്.
ഡിജിറ്റൽ കാലത്തിന്റെ തുടക്കത്തിൽതന്നെ ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിച്ച ദീപിക അക്കാര്യത്തിലും മലയാളത്തിനു വഴികാട്ടിയായി.
ദീപിക ചിൽഡ്രൻസ് ലീഗ് കുഞ്ഞുങ്ങൾക്ക് വായിച്ചും പഠിച്ചും പ്രവർത്തിച്ചും വളരാനുള്ള ഒന്നാന്തരം കളരി ആയിരുന്നു. വർഷങ്ങൾക്കു മുമ്പു വായിച്ച കൊച്ചേട്ടന്റെ കത്ത് എന്ന പംക്തി ഇന്നും ഓർമയിൽ ഉണ്ട്. ഫാ. സെഡ് എം. മുഴൂർ എഴുതിയിരുന്ന ചിന്തോദ്ദീപകമായ പംക്തികൾ - ജീവിതവിജയം, വീട്ടിലേക്ക് എന്നിവയും മറക്കാനാകാത്തത്.
കാലത്തിനൊപ്പം നടക്കുകയല്ല, കാലത്തെ കൈപിടിച്ചു നടത്തുകയായിരുന്നു ദീപികയെന്ന് നിസംശയം പറയാം.
- ബിജി ഷിബു ഡയറക്ടർ, കെഎൽഎം ആക്സിവ ഫിൻവെസ്റ്റ്
Tags : Satyaduthika celebrates deepika@140