പ്രതീകാത്മക ചിത്രം
എത്ര തവണ വന്നിട്ടുണ്ടാകും ഇവിടെ, ഈ സാഗരോന്മുഖതീരത്ത്; കന്യാകുമാരിയിൽ? വിരലുകൾ മടക്കിയും നിവർത്തിയും അക്കങ്ങളുടെ പെരുക്കപ്പട്ടിക എണ്ണിയെടുക്കുമ്പോൾ വീണ്ടും കണക്ക് തെറ്റുന്നു. ഒത്തിരി തവണ വന്നിട്ടുണ്ടാകണം. ആദ്യമെത്തിയത് ഓർമയുണ്ട്. ഒരു പകലറുതിയിൽ. ഇരുളിന്റെ മുടിച്ചുരുളുകളിൽനിന്നു നീർത്തുള്ളികൾ അടർന്നുവീഴുംമുമ്പ്. നക്ഷത്രങ്ങൾ മുല്ലമൊട്ടുകളെപ്പോലെ നാണത്തോടെ, ഞങ്ങളെ പുണരൂ എന്ന് ഓർമപ്പെടുത്തുംമുമ്പ്.
സന്ധ്യയുടെ നിടിലകുങ്കുമം ചക്രവാളത്തിൽ കുതിർന്നുകിടന്ന നേരത്ത്. അന്ന് ഒപ്പം ആരുമുണ്ടായിരുന്നില്ല. പുഴയിലേക്ക് ഒലിച്ചുപോയ മണ്ണടരുകളിൽനിന്നൊരു തരി പോലെ ഞാൻ. ഒരു ശരണാഗതൻ. കല്പാന്തപൂർണിമ തേടി പുറപ്പെട്ടവൻ. പക്ഷേ, ഞാൻ സന്തുഷ്ടനായിരുന്നു. ചിദംബരത്ത് ആകാശമായും കേദാരനാഥിൽ ജലമായും തിരുവണ്ണാമലയിൽ അഗ്നിയായും ശക്തിസൗന്ദര്യത്തെ വായിച്ചറിഞ്ഞ ഞാൻ ഈ സാഗരസംഗമതീരത്ത് ജീവച്ഛക്തിയുടെ മറ്റൊരു പൊരുൾ തേടിയെത്തുന്നു. ദീർഘായുഷ്മാനായി അങ്ങ് ദൂരെ വിവേകാനന്ദ ശിരസ്. അതിനുമപ്പുറം നഭസ്സിൽ ഇരുളിന്റെ ഘനീഭവിച്ച അഗാധത.
കന്യാകുമാരിയിലെ പ്രഭാതപ്രദോഷങ്ങൾ ഒരിക്കലുമെന്നെ മോഹിപ്പിച്ചിട്ടില്ല. തീരത്ത് ചക്രവാളത്തിൽ കണ്ണുംനട്ട് ക്ഷമയോടെ കാത്തിരിക്കുന്ന ഒരായിരം കണ്ണുകൾ കാണുമ്പോൾ എനിക്കു ചിരി വരാറുണ്ട്. ഉള്ളിലെ സൂര്യനുദിച്ചുയരുന്നതും അസ്തമിച്ച് അണയുന്നതും അറിയാത്തവരാണ് അവർ. പൂർണ ചന്ദ്രോദയങ്ങളിലേക്കു തുള്ളിയുണരുന്ന സാഗരത്തിരകളെ അവർ കാണുന്നില്ല. അശ്രുതീർഥം നിറഞ്ഞ കടൽശംഖുകൾ തിരകൾക്കു മീതെ പൊന്തിവരുന്നത് അവർ കാണുന്നില്ല. ഉദയാർക്കപ്രകാശം തനിത്തങ്കമുരുക്കിയപോലെ പരന്നൊഴുകി കിടക്കുന്നത് കാണുന്നില്ല. ഒന്നും കാണാനാകുന്നതല്ല ആന്ധ്യം; കാണേണ്ടത് കാണാതിരിക്കുന്നതാണ്.
ഒരിക്കൽ ചൈത്രമാസത്തിലെ പൗർണമിക്ക് ഒരു കൂട്ടുകാരനുമൊത്ത് കന്യാകുമാരിയിലെത്തി. പൗർണമിനാളിൽ സൂര്യാസ്തമയവും ചന്ദ്രോദയവും ഒന്നിച്ചു കാണാം. അതൊരു അപൂർവ മുഹൂർത്തമാണ്. അവനുവേണ്ടി കണ്ണും മിഴിച്ച് ചക്രവാളത്തിലേക്കു നോക്കിയിരിക്കേ മദയാനകൾ കണക്കെ കാർമേഘങ്ങൾ തിരശീലയ്ക്കു മുന്നിൽ നെറ്റിപ്പട്ടം കെട്ടി നിന്നു. ഒന്നും കാണാനായില്ല. കാണികൾ നിരാശരായി മടങ്ങുമ്പോൾ ഞാൻ അവനോടു ചോദിച്ചു: “നിനക്ക് വിഷമമായി ഇല്ലേ? ഇത്രയും ദൂരം വന്നിട്ട്.”
അവനൊന്നും പറഞ്ഞില്ല. പക്ഷേ അടുത്ത നിമിഷം അവൻ ഏങ്ങലടിച്ചു കരയാൻ തുടങ്ങി. അവനവനെ നിയന്ത്രിക്കാനായില്ല. എല്ലാവരും ഞങ്ങളെ മാറിമാറി നോക്കി. എനിക്ക് അപാരമായ നാണക്കേടുണ്ടായി. അവനിൽനിന്ന് ഒഴിഞ്ഞുമാറിയാലോ എന്നുപോലും തോന്നി. പക്ഷേ, അന്നു രാത്രിയും അടുത്ത പകലിലും ഒപ്പമുണ്ടായിരുന്നിട്ടും അവൻ കരഞ്ഞതിന്റെ കാരണം പറഞ്ഞില്ല. എന്റെ ചോദ്യങ്ങളിൽനിന്ന് അവൻ ശരവേഗത്തിലാണ് ഒഴിഞ്ഞുമാറിയത്. നാട്ടിലേക്കു മടങ്ങുമ്പോൾ അവൻ പറഞ്ഞു “അപരിഹാര്യമായ സങ്കടങ്ങൾക്ക് വ്യാഖ്യാനങ്ങളില്ല. അതിങ്ങനെ ഉള്ളിലാകെ നൊന്തിരിക്കും.” ഞാനവനെ കൗതുകത്തോടെ നോക്കി. എനിക്ക് അജ്ഞാതമായ എന്തോ ഒന്ന് അവൻ നിശബ്ദതകൊണ്ടു പൂരിപ്പിക്കുകയായിരുന്നു.
അവനെന്നിൽ ഭ്രമണം ചെയ്യുന്നതായി എനിക്കു തോന്നി. അപ്പോൾ ഒരു ഇടിമിന്നൽ എന്നിലേശുന്നതായി എനിക്ക് അനുഭവപ്പെട്ടു. അവൻ പറഞ്ഞു : “നമുക്ക് തിരിച്ചു നടക്കാം. എനിക്ക് കടൽകണ്ട് കൊതി തീർന്നിട്ടില്ല.” അവനിറങ്ങി തിരികെ നടന്നു. അവനൊപ്പം എനിക്കു നടക്കേണ്ടിവന്നു. വീണ്ടും മുന്നിലെ ഇരുളിൽ കടൽ. രാത്രി ആയതിനാലാകണം തിരമാലകൾക്ക് ഒരാനയെ മറിച്ചിടാനുള്ള ശക്തിയുണ്ട്. അവൻ പറഞ്ഞു : “നമുക്ക് നഷ്ടപ്പെട്ടുപോയ അനേകം ഭാഷകളും ലിപികളുമുണ്ട്. അതെല്ലാം കടലിനറിയാം. കാരണം, അതെല്ലാം വിഴുങ്ങിയത് ഈ കടലാണ്.” ഞാനവന്റെ കിറുക്കുകളുടെ തിരച്ചാർത്തിൽ നനഞ്ഞുകൊണ്ടേയിരുന്നു.
അവനിന്നെനിക്കൊപ്പമില്ല. എന്റെ കന്യാകുമാരി യാത്രകളെല്ലാം പിന്നീട് തനിച്ചായിരുന്നു. കുമാരിയമ്മൻ ക്ഷേത്രത്തിന്റെ അടഞ്ഞുകിടക്കുന്ന കിഴക്കേനടയിൽ ഒറ്റയ്ക്കിരിക്കുമ്പോൾ ഞാൻ അകത്തെ സ്വപ്നലോകങ്ങളെല്ലാം കണ്ടുതീർക്കുകയായിരുന്നു. അതൊരുതരം വിശ്രാന്തിയാണ്. ഇവിടെയിരുന്നാണ് ചിലതൊക്കെ എഴുതാൻ ശ്രമിച്ച് പരാജയപ്പെട്ടത്. ഇവിടെയിരുന്നാണ് ചില പല്ലവികൾ പാടിത്തീർത്തത്. കുത്തിക്കീറുന്ന കൂരിരുട്ടിൽ തണുത്തുവിറച്ച് വിതുമ്പി നിലംപതിച്ചത്. അങ്ങനെ എത്രയെത്ര രാപകലുകൾ. എങ്കിലും ഒരിക്കലും മടുപ്പ് തോന്നാത്ത എന്തോ ഒന്ന് കന്യാകുമാരിയിലുണ്ട്. ആ എന്തോ ഒന്ന് എന്നെ തിരയുന്ന ഞാൻതന്നെയല്ലേ എന്നു തോന്നുന്നു. അറിയില്ല.
മറ്റൊരു സന്ധ്യാനേരത്ത് കന്യാകുമാരിയിൽ കടൽ കണ്ടു നിൽക്കുകയായിരുന്നു. തളിർത്താമരപ്പൂക്കൾപോൽ ആകാശത്ത് നക്ഷത്രങ്ങളുണ്ട്. അതിലൊന്നിന്റെ ശ്വാസനിശ്വാസം എന്റെ നെഞ്ചിനെ പൊള്ളിക്കുന്നുണ്ടായിരുന്നു. ഞാനന്ന് ഒരിറ്റു സ്നേഹത്തിനുവേണ്ടി ഭൂമി ചുറ്റുന്ന കാലമായിരുന്നു. പെട്ടെന്ന് മഴ പെയ്തു. കൽമണ്ഡപത്തിലേക്ക് ആളുകൾ ഓടിക്കയറി. വില്പനയ്ക്ക് വച്ചിരിക്കുന്ന ശംഖുകളും നക്ഷത്രമത്സ്യങ്ങളുമൊക്കെ നനഞ്ഞു കുതിർന്നു. അതിൽ പറ്റിച്ചേർന്ന നിറമിളകി ഒഴുകാൻ തുടങ്ങി. ഞാനെങ്ങോട്ടും ഓടിമാറാതെ അവിടെത്തന്നെ നനഞ്ഞുനിന്നു. കൈയിലുണ്ടായിരുന്ന നോട്ടുപുസ്തകം ഉടുപ്പിനകത്ത് ചേർത്തുപിടിച്ച് നനവ് പടരാതിരിക്കാൻ ആവുന്നത്ര ശ്രമിച്ചു. പക്ഷേ അകത്തേക്ക് കുത്തിയൊഴുകുന്ന തിമിർപ്പ് അത് ആവുംമട്ടിൽ കുതിർത്തുകൊണ്ടേയിരുന്നു. അതെന്റെ മുഴുഭ്രാന്തിന്റെ നോട്ടുപുസ്തകമായിരുന്നു.
തോന്ന്യാക്ഷരങ്ങൾ പച്ചകുത്തിയ താളുകൾ. മുടിത്തുമ്പിൽ തിരുകിയ തുളസിയിലൂടെ വാർന്ന മഴത്തുള്ളികളെക്കുറിച്ചും മഷിക്കണ്ണുകളിലാകെ പടർന്ന മേഘക്കൂട്ടുകളെക്കുറിച്ചും എന്നോ വരഞ്ഞിട്ട കവിതകൾ. ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ പെട്ടന്ന് മഴ അണഞ്ഞുകെട്ടു. മുത്തുമാലകൾ വിൽക്കുന്ന ശംഭുവിന്റെ കടയിൽ കൊളുത്തിയിട്ട അരണ്ട വെളിച്ചത്തിനു നേരേ മഴ കുളിർപ്പിച്ച നോട്ടുപുസ്തകം തുറന്നുപിടിച്ചു. അതിൽ പച്ചകുത്തിയ അക്ഷരങ്ങളൊന്നുമില്ലായിരുന്നു. പകരം എവിടേക്കോ ഒലിച്ചുപോയ ഒരായിരം ചാലുകൾ അതിൽ വരഞ്ഞുകിടന്നു. എനിക്ക് കരച്ചിൽ വന്നില്ല. ഞാൻ ചിരിച്ചു. തൂക്കുമരത്തിൽ ഇളകിയാടി നിൽക്കുന്നവന്റെ മുഖത്ത് വിരിഞ്ഞ ഒടുവിലത്തെ ചിരി.
ഒറ്റയ്ക്ക് പോകേണ്ട ചിലയിടങ്ങളുണ്ടെന്ന് കവി അയ്യപ്പൻ ഒരിക്കൽ എന്നോട് പറഞ്ഞു. മുളകായി എരിയാനും മുല്ലയായി മണക്കാനും അതാണു നല്ലതെന്ന് പിന്നീട് എനിക്കും തോന്നി. ഒരു നുള്ള് ഭസ്മം തൊട്ടുതുടച്ച് ഓർമകളെ തിളക്കമുള്ളതാക്കാൻ അതാണ് നല്ലതെന്ന് ഓരോ തവണ കടൽ കണ്ട് നിൽക്കുമ്പോഴും എനിക്കു തോന്നിയിരുന്നു. പോയതെല്ലാം അങ്ങനെയായിരുന്നു. പക്ഷേ, ഇപ്പോൾ പൂരം കഴിഞ്ഞ പറമ്പിൽ ഒറ്റയ്ക്കു നിൽക്കുന്ന ഒരു കുട്ടിയെപ്പോലെ ഞാൻ വല്ലാതെ വിതുമ്പിപ്പോകുന്നു. ഒറ്റയ്ക്ക് പോകേണ്ട ഇടമല്ല കന്യാകുമാരിയെന്ന് ഇമചിമ്മി നോക്കുന്ന കാലം എന്നെ ഓർമപ്പെടുത്തുന്നു. പാടിത്തളർന്ന് പടിയിറങ്ങുംമുമ്പ് എനിക്കൊരാളുമൊത്ത് ആളുന്നൊരായിരം കണ്ണിനാൽ കടൽ കണ്ടിരിക്കണം. പച്ചില വെന്തുമണക്കുന്ന കാറ്റിൽനിന്നിത്തിരി കസ്തൂരി നുള്ളിയെടുത്തു നെഞ്ചിൽ പടർത്തണം. കണ്ണുകളിലേക്കു മനസിറക്കിവച്ച് ഉന്മത്തനാകണം. കേശാദിപാദമിരുമയിൽപ്പീലികളായി തിരയിലൊഴുകി നിറയണം.
Tags : Mukthi Kadharcis Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash