Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mukthi

മുക്തി

എ​ത്ര ത​വ​ണ വ​ന്നി​ട്ടു​ണ്ടാ​കും ഇ​വി​ടെ, ഈ ​സാ​ഗ​രോ​ന്മു​ഖ​തീ​ര​ത്ത്; ക​ന്യാ​കു​മാ​രി​യി​ൽ? വി​ര​ലു​ക​ൾ മ​ട​ക്കി​യും നി​വ​ർ​ത്തി​യും അ​ക്ക​ങ്ങ​ളു​ടെ പെ​രു​ക്ക​പ്പ​ട്ടി​ക എ​ണ്ണി​യെ​ടു​ക്കു​മ്പോ​ൾ വീ​ണ്ടും ക​ണ​ക്ക് തെ​റ്റു​ന്നു. ഒ​ത്തി​രി ത​വ​ണ വ​ന്നി​ട്ടു​ണ്ടാ​ക​ണം. ആ​ദ്യ​മെ​ത്തി​യ​ത് ഓ​ർ​മ​യു​ണ്ട്. ഒ​രു പ​ക​ല​റു​തി​യി​ൽ. ഇ​രു​ളി​ന്‍റെ മു​ടി​ച്ചു​രു​ളു​ക​ളി​ൽ​നി​ന്നു നീ​ർ​ത്തു​ള്ളി​ക​ൾ അ​ട​ർ​ന്നു​വീ​ഴും​മു​മ്പ്. ന​ക്ഷ​ത്ര​ങ്ങ​ൾ മു​ല്ല​മൊ​ട്ടു​ക​ളെ​പ്പോ​ലെ നാ​ണ​ത്തോ​ടെ, ഞ​ങ്ങ​ളെ പു​ണ​രൂ എ​ന്ന് ഓ​ർ​മ​പ്പെ​ടു​ത്തും​മു​മ്പ്.

സ​ന്ധ്യ​യു​ടെ നി​ടി​ല​കു​ങ്കു​മം ച​ക്ര​വാ​ള​ത്തി​ൽ കു​തി​ർ​ന്നു​കി​ട​ന്ന നേ​ര​ത്ത്. അ​ന്ന് ഒ​പ്പം ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. പു​ഴ​യി​ലേ​ക്ക് ഒ​ലി​ച്ചു​പോ​യ മ​ണ്ണ​ട​രു​ക​ളി​ൽ​നി​ന്നൊ​രു ത​രി പോ​ലെ ഞാ​ൻ. ഒ​രു ശ​ര​ണാ​ഗ​ത​ൻ. ക​ല്പാ​ന്ത​പൂ​ർ​ണി​മ തേ​ടി പു​റ​പ്പെ​ട്ട​വ​ൻ. പ​ക്ഷേ, ഞാ​ൻ സ​ന്തു​ഷ്‌​ട​നാ​യി​രു​ന്നു. ചി​ദം​ബ​ര​ത്ത് ആ​കാ​ശ​മാ​യും കേ​ദാ​ര​നാ​ഥി​ൽ ജ​ല​മാ​യും തി​രു​വ​ണ്ണാ​മ​ല​യി​ൽ അ​ഗ്‌​നി​യാ​യും ശ​ക്തി​സൗ​ന്ദ​ര്യ​ത്തെ വാ​യി​ച്ച​റി​ഞ്ഞ ഞാ​ൻ ഈ ​സാ​ഗ​ര​സം​ഗ​മ​തീ​ര​ത്ത് ജീ​വ​ച്ഛ​ക്തി​യു​ടെ മ​റ്റൊ​രു പൊ​രു​ൾ തേ​ടി​യെ​ത്തു​ന്നു. ദീ​ർ​ഘാ​യു​ഷ്മാ​നാ​യി അ​ങ്ങ് ദൂ​രെ വി​വേ​കാ​ന​ന്ദ ശി​ര​സ്. അ​തി​നു​മ​പ്പു​റം ന​ഭ​സ്സി​ൽ ഇ​രു​ളി​ന്‍റെ ഘ​നീ​ഭ​വി​ച്ച അ​ഗാ​ധ​ത.

ക​ന്യാ​കു​മാ​രി​യി​ലെ പ്ര​ഭാ​ത​പ്ര​ദോ​ഷ​ങ്ങ​ൾ ഒ​രി​ക്ക​ലു​മെ​ന്നെ മോ​ഹി​പ്പി​ച്ചി​ട്ടി​ല്ല. തീ​ര​ത്ത് ച​ക്ര​വാ​ള​ത്തി​ൽ ക​ണ്ണും​ന​ട്ട് ക്ഷ​മ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഒ​രാ​യി​രം ക​ണ്ണു​ക​ൾ കാ​ണു​മ്പോ​ൾ എ​നി​ക്കു ചി​രി വ​രാ​റു​ണ്ട്. ഉ​ള്ളി​ലെ സൂ​ര്യ​നു​ദി​ച്ചു​യ​രു​ന്ന​തും അ​സ്ത​മി​ച്ച് അ​ണ​യു​ന്ന​തും അ​റി​യാ​ത്ത​വ​രാ​ണ് അ​വ​ർ. പൂ​ർ​ണ ച​ന്ദ്രോ​ദ​യ​ങ്ങ​ളി​ലേ​ക്കു തു​ള്ളി​യു​ണ​രു​ന്ന സാ​ഗ​ര​ത്തി​ര​ക​ളെ അ​വ​ർ കാ​ണു​ന്നി​ല്ല. അ​ശ്രു​തീ​ർ​ഥം നി​റ​ഞ്ഞ ക​ട​ൽ​ശം​ഖു​ക​ൾ തി​ര​ക​ൾ​ക്കു​ മീ​തെ പൊ​ന്തി​വ​രു​ന്ന​ത് അ​വ​ർ കാ​ണു​ന്നി​ല്ല. ഉ​ദ​യാ​ർ​ക്ക​പ്ര​കാ​ശം ത​നി​ത്ത​ങ്ക​മു​രു​ക്കി​യ​പോ​ലെ പ​ര​ന്നൊ​ഴു​കി കി​ട​ക്കു​ന്ന​ത് കാ​ണു​ന്നി​ല്ല. ഒ​ന്നും കാ​ണാ​നാ​കു​ന്ന​ത​ല്ല ആ​ന്ധ്യം; കാ​ണേ​ണ്ട​ത് കാ​ണാ​തി​രി​ക്കു​ന്ന​താ​ണ്.

ഒ​രി​ക്ക​ൽ ചൈ​ത്രമാ​സ​ത്തി​ലെ പൗ​ർ​ണ​മി​ക്ക് ഒ​രു കൂ​ട്ടു​കാ​ര​നു​മൊ​ത്ത് ക​ന്യാ​കു​മാ​രി​യി​ലെ​ത്തി. പൗ​ർ​ണ​മിനാ​ളി​ൽ സൂ​ര്യാ​സ്ത​മ​യ​വും ച​ന്ദ്രോ​ദ​യ​വും ഒ​ന്നി​ച്ചു കാ​ണാം. അ​തൊ​രു അ​പൂ​ർ​വ മു​ഹൂ​ർ​ത്ത​മാ​ണ്. അ​വ​നു​വേ​ണ്ടി ക​ണ്ണും മി​ഴി​ച്ച് ച​ക്ര​വാ​ള​ത്തി​ലേ​ക്കു നോ​ക്കി​യി​രി​ക്കേ മ​ദ​യാ​ന​ക​ൾ ക​ണ​ക്കെ കാ​ർ​മേ​ഘ​ങ്ങ​ൾ തി​ര​ശീ​ല​യ്ക്കു മു​ന്നി​ൽ നെ​റ്റി​പ്പ​ട്ടം കെ​ട്ടി നി​ന്നു. ഒ​ന്നും കാ​ണാ​നാ​യി​ല്ല. കാ​ണി​ക​ൾ നി​രാ​ശ​രാ​യി മ​ട​ങ്ങു​മ്പോ​ൾ ഞാ​ൻ അ​വ​നോ​ടു ചോ​ദി​ച്ചു: “നി​ന​ക്ക് വി​ഷ​മ​മാ​യി ഇ​ല്ലേ? ഇ​ത്ര​യും ദൂ​രം വ​ന്നി​ട്ട്.”

അ​വ​നൊ​ന്നും പ​റ​ഞ്ഞി​ല്ല. പ​ക്ഷേ അ​ടു​ത്ത നി​മി​ഷം അ​വ​ൻ ഏ​ങ്ങ​ല​ടി​ച്ചു ക​ര​യാ​ൻ തു​ട​ങ്ങി. അ​വ​ന​വ​നെ നി​യ​ന്ത്രി​ക്കാ​നാ​യി​ല്ല. എ​ല്ലാ​വ​രും ഞ​ങ്ങ​ളെ മാ​റി​മാ​റി നോ​ക്കി. എ​നി​ക്ക് അ​പാ​ര​മാ​യ നാ​ണ​ക്കേ​ടു​ണ്ടാ​യി. അ​വ​നി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റി​യാ​ലോ എ​ന്നു​പോ​ലും തോ​ന്നി. പ​ക്ഷേ, അ​ന്നു രാ​ത്രി​യും അ​ടു​ത്ത പ​ക​ലി​ലും ഒ​പ്പമു​ണ്ടാ​യി​രു​ന്നി​ട്ടും അ​വ​ൻ ക​ര​ഞ്ഞ​തി​ന്‍റെ കാ​ര​ണം പ​റ​ഞ്ഞി​ല്ല. എ​ന്‍റെ ചോ​ദ്യ​ങ്ങ​ളി​ൽ​നി​ന്ന് അ​വ​ൻ ശ​ര​വേ​ഗ​ത്തി​ലാ​ണ് ഒ​ഴി​ഞ്ഞുമാ​റി​യ​ത്. നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​മ്പോ​ൾ അ​വ​ൻ പ​റ​ഞ്ഞു “അ​പ​രി​ഹാ​ര്യ​മാ​യ സ​ങ്ക​ട​ങ്ങ​ൾ​ക്ക് വ്യാ​ഖ്യാ​ന​ങ്ങ​ളി​ല്ല. അ​തി​ങ്ങ​നെ ഉ​ള്ളി​ലാ​കെ നൊ​ന്തി​രി​ക്കും.” ഞാ​ന​വ​നെ കൗ​തു​ക​ത്തോ​ടെ നോ​ക്കി. എ​നി​ക്ക് അ​ജ്ഞാ​ത​മാ​യ എ​ന്തോ ഒ​ന്ന് അ​വ​ൻ നി​ശ​ബ്‌​ദ​ത​കൊ​ണ്ടു പൂ​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

അ​വ​നെ​ന്നി​ൽ ഭ്ര​മ​ണം ചെ​യ്യു​ന്ന​താ​യി എ​നി​ക്കു തോ​ന്നി. അ​പ്പോ​ൾ ഒ​രു ഇ​ടി​മി​ന്ന​ൽ എ​ന്നി​ലേ​ശു​ന്ന​താ​യി എ​നി​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. അ​വ​ൻ പ​റ​ഞ്ഞു : “ന​മു​ക്ക് തി​രി​ച്ചു ന​ട​ക്കാം. എ​നി​ക്ക് ക​ട​ൽ​ക​ണ്ട് കൊ​തി തീ​ർ​ന്നി​ട്ടി​ല്ല.” അ​വ​നി​റ​ങ്ങി തി​രി​കെ ന​ട​ന്നു. അ​വ​നൊ​പ്പം എ​നി​ക്കു ന​ട​ക്കേ​ണ്ടിവ​ന്നു. വീ​ണ്ടും മു​ന്നി​ലെ ഇ​രു​ളി​ൽ ക​ട​ൽ. രാ​ത്രി ആ​യ​തി​നാ​ലാ​ക​ണം തി​ര​മാ​ല​ക​ൾ​ക്ക് ഒ​രാ​ന​യെ മ​റി​ച്ചി​ടാ​നു​ള്ള ശ​ക്തി​യു​ണ്ട്. അ​വ​ൻ പ​റ​ഞ്ഞു : “ന​മു​ക്ക് ന​ഷ്‌​ട​പ്പെ​ട്ടു​പോ​യ അ​നേ​കം ഭാ​ഷ​ക​ളും ലി​പി​ക​ളു​മു​ണ്ട്. അ​തെ​ല്ലാം ക​ട​ലി​ന​റി​യാം. കാ​ര​ണം, അ​തെ​ല്ലാം വി​ഴു​ങ്ങി​യ​ത് ഈ ​ക​ട​ലാ​ണ്.” ഞാ​ന​വ​ന്‍റെ കി​റു​ക്കു​ക​ളു​ടെ തി​ര​ച്ചാ​ർ​ത്തി​ൽ ന​ന​ഞ്ഞു​കൊ​ണ്ടേ​യി​രു​ന്നു.

അ​വ​നി​ന്നെ​നി​ക്കൊ​പ്പ​മി​ല്ല. എ​ന്‍റെ ക​ന്യാ​കു​മാ​രി യാ​ത്ര​ക​ളെ​ല്ലാം പി​ന്നീ​ട് ത​നി​ച്ചാ​യി​രു​ന്നു. കു​മാ​രി​യ​മ്മ​ൻ ക്ഷേ​ത്ര​ത്തി​ന്‍റെ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന കി​ഴ​ക്കേ​ന​ട​യി​ൽ ഒ​റ്റ​യ്ക്കി​രി​ക്കു​മ്പോ​ൾ ഞാ​ൻ അ​ക​ത്തെ സ്വ​പ്ന​ലോ​ക​ങ്ങ​ളെ​ല്ലാം ക​ണ്ടു​തീ​ർ​ക്കു​ക​യാ​യി​രു​ന്നു. അ​തൊ​രു​ത​രം വി​ശ്രാ​ന്തി​യാ​ണ്. ഇ​വി​ടെ​യി​രു​ന്നാ​ണ് ചി​ല​തൊ​ക്കെ എ​ഴു​താ​ൻ ശ്ര​മി​ച്ച് പ​രാ​ജ​യ​പ്പെ​ട്ട​ത്. ഇ​വി​ടെ​യി​രു​ന്നാ​ണ് ചി​ല പ​ല്ല​വി​ക​ൾ പാ​ടി​ത്തീ​ർ​ത്ത​ത്. കു​ത്തി​ക്കീ​റു​ന്ന കൂ​രി​രു​ട്ടി​ൽ ത​ണു​ത്തു​വി​റ​ച്ച് വി​തു​മ്പി നി​ലം​പ​തി​ച്ച​ത്. അ​ങ്ങ​നെ എ​ത്ര​യെ​ത്ര രാ​പ​ക​ലു​ക​ൾ. എ​ങ്കി​ലും ഒ​രി​ക്ക​ലും മ​ടു​പ്പ് തോ​ന്നാ​ത്ത എ​ന്തോ ഒ​ന്ന് ക​ന്യാ​കു​മാ​രി​യി​ലു​ണ്ട്. ആ ​എ​ന്തോ ഒ​ന്ന് എ​ന്നെ തി​ര​യു​ന്ന ഞാ​ൻത​ന്നെ​യ​ല്ലേ എ​ന്നു തോ​ന്നു​ന്നു. അ​റി​യി​ല്ല.

മ​റ്റൊ​രു സ​ന്ധ്യാ​നേ​ര​ത്ത് ക​ന്യാ​കു​മാ​രി​യി​ൽ ക​ട​ൽ ക​ണ്ടു നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ത​ളി​ർ​ത്താ​മ​ര​പ്പൂ​ക്ക​ൾ​പോ​ൽ ആ​കാ​ശ​ത്ത് ന​ക്ഷ​ത്ര​ങ്ങ​ളു​ണ്ട്. അ​തി​ലൊ​ന്നി​ന്‍റെ ശ്വാ​സ​നി​ശ്വാ​സം എ​ന്‍റെ നെ​ഞ്ചി​നെ പൊ​ള്ളി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഞാ​ന​ന്ന് ഒ​രി​റ്റു സ്നേ​ഹ​ത്തി​നു​വേ​ണ്ടി ഭൂ​മി ചു​റ്റു​ന്ന കാ​ല​മാ​യി​രു​ന്നു. പെ​ട്ടെ​ന്ന് മ​ഴ പെ​യ്തു. ക​ൽ​മ​ണ്ഡ​പ​ത്തി​ലേ​ക്ക് ആ​ളു​ക​ൾ ഓ​ടി​ക്ക​യ​റി. വി​ല്പ​ന​യ്ക്ക് വ​ച്ചി​രി​ക്കു​ന്ന ശം​ഖു​ക​ളും ന​ക്ഷ​ത്ര​മ​ത്സ്യ​ങ്ങ​ളു​മൊ​ക്കെ ന​ന​ഞ്ഞു കു​തി​ർ​ന്നു. അ​തി​ൽ പ​റ്റി​ച്ചേ​ർ​ന്ന നി​റ​മി​ള​കി ഒ​ഴു​കാ​ൻ തു​ട​ങ്ങി. ഞാ​നെ​ങ്ങോ​ട്ടും ഓ​ടി​മാ​റാ​തെ അ​വി​ടെ​ത്ത​ന്നെ ന​ന​ഞ്ഞു​നി​ന്നു. കൈ​യി​ലു​ണ്ടാ​യി​രു​ന്ന നോ​ട്ടു​പു​സ്ത​കം ഉ​ടു​പ്പി​ന​ക​ത്ത് ചേ​ർ​ത്തു​പി​ടി​ച്ച് ന​ന​വ് പ​ട​രാ​തി​രി​ക്കാ​ൻ ആ​വു​ന്ന​ത്ര ശ്ര​മി​ച്ചു. പ​ക്ഷേ അ​ക​ത്തേ​ക്ക് കു​ത്തി​യൊ​ഴു​കു​ന്ന തി​മി​ർ​പ്പ് അ​ത് ആ​വും​മ​ട്ടി​ൽ കു​തി​ർ​ത്തു​കൊ​ണ്ടേ​യി​രു​ന്നു. അ​തെ​ന്‍റെ മു​ഴു​ഭ്രാ​ന്തി​ന്‍റെ നോ​ട്ടു​പു​സ്ത​ക​മാ​യി​രു​ന്നു.

തോ​ന്ന്യാ​ക്ഷ​ര​ങ്ങ​ൾ പ​ച്ച​കു​ത്തി​യ താ​ളു​ക​ൾ. മു​ടി​ത്തു​മ്പി​ൽ തി​രു​കി​യ തു​ള​സി​യി​ലൂ​ടെ വാ​ർ​ന്ന മ​ഴ​ത്തു​ള്ളി​ക​ളെ​ക്കു​റി​ച്ചും മ​ഷി​ക്ക​ണ്ണു​ക​ളി​ലാ​കെ പ​ട​ർ​ന്ന മേ​ഘ​ക്കൂ​ട്ടു​ക​ളെ​ക്കു​റി​ച്ചും എ​ന്നോ വ​ര​ഞ്ഞി​ട്ട ക​വി​ത​ക​ൾ. ഒ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ലാ​ത്ത മ​ട്ടി​ൽ പെ​ട്ട​ന്ന് മ​ഴ അ​ണ​ഞ്ഞു​കെ​ട്ടു. മു​ത്തു​മാ​ല​ക​ൾ വി​ൽ​ക്കു​ന്ന ശം​ഭു​വി​ന്‍റെ ക​ട​യി​ൽ കൊ​ളു​ത്തി​യി​ട്ട അ​ര​ണ്ട വെ​ളി​ച്ച​ത്തി​നു നേ​രേ മ​ഴ കു​ളി​ർ​പ്പി​ച്ച നോ​ട്ടു​പു​സ്ത​കം തു​റ​ന്നു​പി​ടി​ച്ചു. അ​തി​ൽ പ​ച്ച​കു​ത്തി​യ അ​ക്ഷ​ര​ങ്ങ​ളൊ​ന്നു​മി​ല്ലാ​യി​രു​ന്നു. പ​ക​രം എ​വി​ടേ​ക്കോ ഒ​ലി​ച്ചു​പോ​യ ഒ​രാ​യി​രം ചാ​ലു​ക​ൾ അ​തി​ൽ വ​ര​ഞ്ഞു​കി​ട​ന്നു. എ​നി​ക്ക് ക​ര​ച്ചി​ൽ വ​ന്നി​ല്ല. ഞാ​ൻ ചി​രി​ച്ചു. തൂ​ക്കു​മ​ര​ത്തി​ൽ ഇ​ള​കി​യാ​ടി നി​ൽ​ക്കു​ന്ന​വ​ന്‍റെ മു​ഖ​ത്ത് വി​രി​ഞ്ഞ ഒ​ടു​വി​ല​ത്തെ ചി​രി.

ഒ​റ്റ​യ്ക്ക് പോ​കേ​ണ്ട ചി​ല​യി​ട​ങ്ങ​ളു​ണ്ടെ​ന്ന് ക​വി അ​യ്യ​പ്പ​ൻ ഒ​രി​ക്ക​ൽ എ​ന്നോ​ട് പ​റ​ഞ്ഞു. മു​ള​കാ​യി എ​രി​യാ​നും മു​ല്ല​യാ​യി മ​ണ​ക്കാ​നും അ​താ​ണു ന​ല്ല​തെ​ന്ന് പി​ന്നീ​ട് എ​നി​ക്കും തോ​ന്നി. ഒ​രു നു​ള്ള് ഭ​സ്മം തൊ​ട്ടുതു​ട​ച്ച് ഓ​ർ​മ​ക​ളെ തി​ള​ക്ക​മു​ള്ള​താ​ക്കാ​ൻ അ​താ​ണ് ന​ല്ല​തെ​ന്ന് ഓ​രോ​ ത​വ​ണ ക​ട​ൽ​ ക​ണ്ട് നി​ൽ​ക്കു​മ്പോ​ഴും എ​നി​ക്കു തോ​ന്നി​യി​രു​ന്നു. പോ​യ​തെ​ല്ലാം അ​ങ്ങ​നെ​യാ​യി​രു​ന്നു. പ​ക്ഷേ, ഇ​പ്പോ​ൾ പൂ​രം ക​ഴി​ഞ്ഞ പ​റ​മ്പി​ൽ ഒ​റ്റ​യ്ക്കു നി​ൽ​ക്കു​ന്ന ഒ​രു കു​ട്ടി​യെ​പ്പോ​ലെ ഞാ​ൻ വ​ല്ലാ​തെ വി​തു​മ്പി​പ്പോ​കു​ന്നു. ഒ​റ്റ​യ്ക്ക് പോ​കേ​ണ്ട ഇ​ട​മ​ല്ല ക​ന്യാ​കു​മാ​രി​യെ​ന്ന് ഇ​മ​ചി​മ്മി നോ​ക്കു​ന്ന കാ​ലം എ​ന്നെ ഓ​ർ​മ​പ്പെ​ടു​ത്തു​ന്നു. പാ​ടി​ത്ത​ള​ർ​ന്ന് പ​ടി​യി​റ​ങ്ങും​മു​മ്പ് എ​നി​ക്കൊ​രാ​ളു​മൊ​ത്ത് ആ​ളു​ന്നൊ​രാ​യി​രം​ ക​ണ്ണി​നാ​ൽ ക​ട​ൽ ക​ണ്ടി​രി​ക്ക​ണം. പ​ച്ചി​ല വെ​ന്തു​മ​ണ​ക്കു​ന്ന കാ​റ്റി​ൽ​നി​ന്നി​ത്തി​രി ക​സ്തൂ​രി നു​ള്ളി​യെ​ടു​ത്തു നെ​ഞ്ചി​ൽ പ​ട​ർ​ത്ത​ണം. ക​ണ്ണു​ക​ളി​ലേ​ക്കു മ​ന​സി​റ​ക്കി​വ​ച്ച് ഉ​ന്മ​ത്ത​നാ​ക​ണം. കേ​ശാ​ദി​പാ​ദ​മി​രു​മ​യി​ൽ​പ്പീ​ലി​ക​ളാ​യി തി​ര​യി​ലൊ​ഴു​കി നി​റ​യ​ണം.

Latest News

Corehub Up