സംസ്ഥാന ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് 2024ലെ ജനന-മരണ കണക്കുകളുടെ വിവരങ്ങൾ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിക്കുകയുണ്ടായി. കേരളത്തിലെ ആകെ ജനസംഖ്യ 357.58 ലക്ഷം ആണ്. ഇതിൽ 171.56 ലക്ഷം പുരുഷൻമാരും 186.02 ലക്ഷം സ്ത്രീകളുമാണ്. പതിവുപോലെ സ്ത്രീകളുടെ എണ്ണം പുരുഷൻമാരേക്കാൾ മുന്നിട്ടു നില്ക്കുന്നു.
2023ൽ 3,93,231 കുട്ടികൾ ജനിച്ചപ്പോൾ 2024ൽ അത് 3,44,766 ആയി കുറഞ്ഞു. ആകെ ജനസംഖ്യയിൽ സ്ത്രീകൾ മുന്നിലെങ്കിലും 2024ൽ ആകെ ജനിച്ചതിൽ 50.78% ആൺകുട്ടികളും 49.22% പെൺകുട്ടികളുമായിരുന്നു. ആൺ-പെൺ അനുപാതത്തിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി നേരിയ വ്യത്യാസം മാത്രമാണുള്ളത്. 2023ലെ സ്ത്രീ-പുരുഷ അനുപാതം 966 ആയിരുന്നത് 2024ൽ 969 എന്നായി മാറിയിട്ടുണ്ട്. ഇത് ഏറ്റവും ഉയർന്നു നില്ക്കുന്നത് കണ്ണൂർ ജില്ലയിലാണ് (986) കുറവ് കോട്ടയത്തും (950).
കേരളത്തിലെ ജനന നിരക്ക് 2023ൽ 11.06 ആയിരുന്നത് 2024 ആയപ്പോൾ 9.64 കുറഞ്ഞു. ജനനനിരക്കിൽ മുൻവർഷത്തേക്കാൾ 1.42 കുറവ് ഒരു വർഷം കൊണ്ട് രേഖപ്പെടുത്തി. മുൻവർഷങ്ങളിലും കേരളത്തിലെ ജനന നിരക്ക് കുറഞ്ഞു വരുകയായിരുന്നു. മുൻ വർഷത്തേതുപോലെതന്നെ ജനന നിരക്ക് ഏറ്റവും കുറവ് കണക്കാക്കപ്പെട്ടത് 2024ലും ആലപ്പുഴയിലാണ് 5.28.
കൂടിയ ജനന നിരക്ക് ഇത്തവണയും മലപ്പുറം ജില്ലയിലാണ് 15.16. കേരളത്തിന്റെ ആകെ ജനനനിരക്ക് 9.64 ആണ്. ഇതിനേക്കാൾ വളരെ കൂടിയ നിരക്കാണ് മലപ്പുറത്തേത്. ആലപ്പുഴയിൽ സംസ്ഥാന നിരക്കിനേക്കാൾ 4.38ന്റെ കുറവ് രേഖപ്പെടുത്തുന്നു. കേരളത്തിലെ കുറഞ്ഞ ജനനനിരക്ക് രേഖപ്പെടുത്തുന്ന ആലപ്പുഴ ജില്ലയും കൂടിയ നിരക്ക് രേഖപ്പെടുത്തുന്ന മലപ്പുറവും തമ്മിലുള്ള വ്യത്യാസം 9.88 ആണ്. ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് (ടിഎഫ്ആർ) 2023ൽ 1.35 ആയിരുന്നത് 2024ൽ 1.19 ആയി കുറഞ്ഞു.
2024ലെ 98.33 % ജനനവും ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലുമാണ് നടന്നത് എന്നത് കേരളത്തിന്റെ ഉയർന്ന ആരോഗ്യ നിലവാരത്തിന്റെ ലക്ഷണമാണ്. കേരളത്തിലെ 43.23 % ജനനവും സിസേറിയനിലൂടെ ആയിരുന്നു എന്ന പ്രത്യേകതയുമുണ്ട്. 2024ൽ ഏറ്റവുമധികം കുട്ടികൾ ജനിച്ചത് മേയിലാണ് (9.49 %), കുറവ് ഡിസംബറിലും (7.68 %). 18.37 % കുട്ടികൾക്ക് ജനനസമയത്ത് തൂക്കക്കുറവ് അനുഭവപ്പെട്ടിരുന്നു.
2023ലേതുപോലെ 2024ലും 25-29 പ്രായപരിധിയിലുള്ള അമ്മമാരാണ് കൂടുതൽ കുട്ടികൾക്ക് ജന്മം നല്കിയത്. 2010ൽ ജനന നിരക്ക് 15.75 ആയിരുന്നത് 15 വർഷം കൊണ്ട് 9.64 ആയി കുറഞ്ഞിരിക്കുന്നു. ജനനനിരക്കിൽ വലിയ ഒരു കുറവാണ് രേഖപ്പെടുത്തുന്നത്. 2024ൽ കേരളത്തിലെ നഗരങ്ങളിൽ 2,27,986 (66.13 %) ജനിച്ചപ്പോൾ ഗ്രാമങ്ങളിൽ ജനിച്ചവർ 1,16,780 (33.87 %) മാത്രമായിരുന്നു.
മരണക്കണക്ക്
കേരളത്തിൽ 2023ൽ രജിസ്റ്റർ ചെയ്യപ്പെട്ട മരണങ്ങൾ 3,04,286 ആയിരുന്നു. എന്നാൽ 2024ൽ അത് 3,13,553 ആയി ഉയർന്നു. 2023ലെ മരണ നിരക്ക് 8.56 ആയിരുന്നത് 2024ൽ 8.77 ആയി വർധിച്ചു. മരണ നിരക്കിൽ മുൻവർഷത്തേക്കാൾ 0.21ന്റെ വർധന രേഖപ്പെടുത്തി. 2022ലേതിനേക്കാൾ മരണനിരക്ക് 2023ൽ കുറവായിരുന്നു, എന്നാൽ 2024ൽ വർധന ഉണ്ടായിരിക്കുന്നു. മുൻ വർഷങ്ങളിലേതുപോലെ മരണത്തിൽ പുരുഷൻമാർ മുന്നിട്ടു നില്ക്കുന്നു. 2024ൽ മരിച്ചവരിൽ 54.59 % പേർ പുരുഷൻമാരും 45.40 % പേർ സ്ത്രീകളുമായിരുന്നു.
ഉയർന്ന മരണനിരക്ക് രേഖപ്പെടുത്തിയ ജില്ല 2024ലും കോട്ടയമാണ് (12.39). മുൻ വർഷത്തേതുപോലെ മരണനിരക്ക് ഏറ്റവും കുറവ് മലപ്പുറം ജില്ലയാണ് (5.24). ഏറ്റവും ഉയർന്ന ജനന നിരക്കും ഏറ്റവും താഴ്ന്ന മരണ നിരക്കും 2023ലും മലപ്പുറം ജില്ലയിലായിരുന്നു. ശിശു മരണനിരക്ക് കേരളത്തിൽ 2024ൽ 5.03 ആയി കുറയുകയുണ്ടായി. 2023ൽ ഇത് 5.26 ആയിരുന്നു. എന്നാൽ ശിശു മരണനിരക്ക് ആകെ മരണവുമായി താരതമ്യം ചെയ്യുമ്പോൾ 2023ൽ 0.68 % ആയിരുന്നത് 2024ൽ 0.55 % ആയും കുറഞ്ഞിട്ടുണ്ട്.
2023ൽ ആശുപത്രികളിലും സ്ഥാപനങ്ങളിലുമായി മരിച്ചവവർ ആകെ മരിച്ചവരുടെ 56.12 % ആയിരുന്നു എങ്കിൽ 2024ൽ ഇത് 51.97 % ആയി കുറഞ്ഞു. 2010ലെ മരണനിരക്ക് 6.88 ആയിരുന്നത് 2024 ആയപ്പോഴേക്കും 8.77 ആയി ഉയർന്നിരിക്കുന്നു. 2024ൽ നഗരങ്ങളിൽ മരിച്ചവരുടെ എണ്ണം 1,15,294 (36.77 %) ആയിരുന്നു. ഗ്രാമങ്ങളിൽ ഇത് 1,98,259 (63.23 %) ആണ്. മരണം ഗ്രാമങ്ങളിൽ കൂടിയിരുന്നപ്പോൾ ജനനം നഗരത്തിലാണ് കൂടുതൽ. മരണനിരക്ക് ഏറ്റവും കൂടിയിരുന്നത് ജൂലൈയിലായിരുന്നു, കുറവ് നവംബറിലും.
2024ലെ മരണകാരണങ്ങളിൽ പ്രധാനമായിരുന്നത് ഹൃദയാഘാതവും അർബുദവുമാണ്. 43.07 % പേർ ഹൃദയാഘാതം മൂലം മരിച്ചപ്പോൾ 16.48 % പേർ മരിച്ചത് അർബുദബാധ മൂലമാണ്. ആസ്ത്മയാണ് തൊട്ടുപിന്നിൽ 10.77 %. 5.86 ശതമാനം പേർ ആത്മഹത്യയിലൂടെ മരിച്ചു. റോഡപകടങ്ങളിൽപെട്ടുള്ള മരണം 1.90 % ആണ്.
ജനനവും മരണവും മതാടിസ്ഥാനത്തിൽ
2024ൽ ഹിന്ദുമത വിശ്വാസികളായ അമ്മമാർക്ക് 1,36,163 കുട്ടികൾ ജനിച്ചപ്പോൾ ക്രിസ്തുമത വിശ്വാസികളായ അമ്മമാർക്ക് 48,476 കുട്ടികളും ഇസ്ലാം മതത്തിലെ അമ്മമാർക്ക് 1,59,088 കുട്ടികളും ജനിക്കുകയുണ്ടായി. മറ്റുള്ളവർക്ക് 318 കുട്ടികളും മതമില്ലാത്ത വിഭാഗത്തിൽ 721 കുട്ടികളുമാണ് കേരളത്തിൽ ജനിച്ചത്.
2024ൽ മരിച്ചതിൽ ഹിന്ദുക്കൾ 1,87,079ഉം ക്രിസ്ത്യാനികൾ 62,471ഉം ഇസ്ലാം വിശ്വാസികൾ 63,172ഉം മറ്റുള്ളവർ 831ഉം ആയിരുന്നു. മുസലിം വിഭാഗത്തിൽ 96,617 പേർ കൂടിയപ്പോൾ ഹിന്ദുക്കളിൽ 50,916 പേരും ക്രിസ്ത്യൻ വിഭാഗത്തിൽ 14,696 പേരും കുറയുകയുണ്ടായി. മറ്റു മതവിഭാഗങ്ങളിൽ 91 പേരുടെ കുറവുണ്ടായി.
2024ലെ ജനസംഖ്യാ വളർച്ചാ വിവരങ്ങൾ അപഗ്രഥിക്കുമ്പോൾ തെക്കൻ കേരളവും വടക്കൻ കേരളവും തമ്മിലും ഇവിടത്തെ പ്രധാന മതവിശ്വാസികളുടെ ഇടയിലും ജനസംഖ്യാ വളർച്ച വളരെ വ്യത്യാസപ്പെട്ടു നില്ക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ മരണം ജനനത്തേക്കാൾ കൂടുതലായിരുന്നു. ഇടുക്കി ജില്ലയിൽ 123 പേരുടെ നാമമാത്രമായ വ്യത്യാസമാണ് ഉണ്ടായത്. 2024ലെ ജനന-മരണത്തിന്റെ അടിസ്ഥാനത്തിൽ മാത്രം മലപ്പുറത്ത് 48,068ഉം കോഴിക്കോട്ട് 8156ഉം വയനാട്ടിൽ 4469ഉം, കണ്ണൂരിൽ 5763 പേരും കാസർകോട്ട് 5662 പേരും ജനസംഖ്യയോട് കൂട്ടിച്ചേർക്കപ്പെട്ടു.
Tags : forward Death Kerala birth backward Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews