പതിനായിരക്കണക്കിന് മനുഷ്യരെ മരണത്തിലേക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്കും തള്ളിവിട്ട അതിമാരക കളനാശിനിക്ക് ഇന്ത്യയിൽ അവസാനം വിലക്കു വരുന്നു. മനുഷ്യരിലും മൃഗങ്ങളിലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന മാരക കളനാശിനി പാരക്വാറ്റ് ഇന്ത്യയിൽ നിരോധിക്കാനാണ് കേന്ദ്ര ഗവൺമെന്റ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി "പാരക്വാറ്റ് ഡൈക്ലോറൈഡ് നിരോധന ഉത്തരവ്, 2026'ന്റെ കരട് ജൂലൈ 13ന് കേന്ദ്രം ഗസറ്റിൽ പ്രസിദ്ധീകരിച്ചു. അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് ഓഗസ്റ്റ് 13നകം പൊതുജനങ്ങൾക്കും ഈ കളനാശിനിയുടെ വ്യാപാരവുമായി ബന്ധപ്പെട്ട മറ്റുള്ളവർക്കും കേന്ദ്ര കൃഷി-കർഷകക്ഷേമ മന്ത്രാലയത്തെ അഭിപ്രായങ്ങൾ അറിയിക്കാം. പാരക്വാറ്റ് നിരോധനം പരിശോധിക്കാൻ 2026 ജനുവരിയിൽ കേന്ദ്ര ഗവൺമെന്റ് കൃഷി ശാസ്ജ്ഞരും ഡോക്ടർമാരും അടങ്ങിയ വിദഗ്ധ സമിതിയെ നിയമിച്ചിരുന്നു.
ആഗോള തലത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മൂന്നാമത്തെ കളനാശിനിയാണ് പാരക്വാറ്റ് ഡൈക്ലോറൈഡ്. ഇന്ത്യയിലും കേരളത്തിലും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കളനാശിനികളിലൊന്നാണിത്. 2023-24ൽ 1.05 ലക്ഷം ടൺ പാരക്വാറ്റാണ് ഇന്ത്യയിൽ വിറ്റഴിഞ്ഞത്. 1500 കോടി രൂപയാണ് ഈ കളനാശിനിയുടെ ഇന്ത്യയിലെ വാർഷിക മാർക്കറ്റ്. മനുഷ്യരിലും മൃഗങ്ങളിലും ഈ കളനാശിനിയുമായുള്ള സമ്പർക്കം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകും. ഈ കളനാശിനി ഉള്ളിൽ ചെന്നാൽ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുമെന്നതിനാൽ കളനാശിനിയാണെന്നു പെട്ടെന്ന് തിരിച്ചറിയാറില്ല. വൃക്ക, കരൾ തുടങ്ങിയ ആന്തരികാവയവങ്ങൾ ക്രമേണ തകരാറിലാകും. അവസാനം ശ്വാസകോശത്തെ ബാധിക്കും. ഫൈബ്രോസിസ് ബാധിച്ച് ശ്വാസകോശം നശിക്കും. തലച്ചോറിലെ കോശങ്ങളെ ബാധിച്ച് പാർക്കിൻസൺസ് രോഗത്തിനു കാരണമാകും. ഇതുമായി ബന്ധപ്പെട്ട ശാസ്ത്രീയ പഠനങ്ങൾ പരിശോധിച്ച വിദഗ്ധ സമിതി ഐകകണ്ഠേ്യന ഈ കളനാശിനി നിരോധിക്കാൻ ശിപാർശ ചെയ്യുകയായിരുന്നു.
മാരകവിഷം
ഇന്ത്യയിൽ കീടനാശിനിയുമായി ബന്ധപ്പെട്ട മരണങ്ങളിൽ ഏറ്റവും കൂടുതൽ സംഭവിക്കുന്നത് പാരക്വാറ്റ് ഉള്ളിൽ ചെന്നാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഇത് ഏറ്റവും രൂക്ഷം. ആറു വർഷത്തെ കണക്കുകൾ പഠനവിധേയമാക്കിയ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിലെ ഡോക്ടർമാർ ഈ കളനാശിനി അടിയന്തരമായി നിയന്ത്രിക്കണമെന്ന് തമിഴ്നാട്ടിലെയും ആന്ധ്രപ്രദേശിലെയും ചീഫ് സെക്രട്ടറിമാർക്കു കത്തെഴുതിയിരുന്നു. പാരക്വാറ്റ് വിഷബാധയേറ്റ 80.9 ശതമാനം ആളുകളും ആശുപത്രിയിൽ അഡ്മിറ്റാകുന്ന ഘട്ടത്തിൽതന്നെ മൃതിയടയുന്നതായി ഈ ഡോക്ടർമാരുടെ പഠനത്തിൽ കണ്ടെത്തി. പാരക്വാറ്റ് നിരോധിച്ച ദക്ഷിണ കൊറിയ, തായ്വാൻ എന്നീ രാജ്യങ്ങളിൽ കുറഞ്ഞ കാലംകൊണ്ട് കീടനാശിനിയുമായി ബന്ധപ്പെട്ട മരണങ്ങളിൽ 50 ശതമാനത്തോളം കുറവുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു.
ആത്മഹത്യ ചെയ്യാൻ ആളുകൾ ഏറ്റവും കൂടുതൽ തെരഞ്ഞെടുക്കുന്ന കീടനാശിനിയാണ് പാരക്വാറ്റ്. ഈ കളനാശിനി സ്ഥിരമായി നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നവരുടെ മുൻനിരയിൽ ഹൈദരാബാദിലെ ഡോക്ടേഴ്സ് എഗൻസ്റ്റ് പാരക്വാറ്റ് പോയിസൺ (ഡിഎപിപി) എന്ന സംഘടനയുമുണ്ട്. പാരക്വാറ്റ് ഉള്ളിൽ ചെന്നാൽ മരണനിരക്ക് ഏകദേശം 90 മുതൽ 95 ശതമാനം വരെയാണെന്നും അതിജീവന നിരക്ക് തീരെ കുറവാണെന്നും ഈ സംഘടന പറയുന്നു. അതിജീവിക്കുന്നവർതന്നെ പിന്നീട് അതീവ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരും.
ഞെട്ടിക്കുന്ന കണക്കുകൾ
കേരളത്തിന്റെ തോട്ടം മേഖല വർഷങ്ങളായി ഈ കളനാശിനി സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളുടെ ഭീതിയിലാണ്. ഇടുക്കി ജില്ലയിലെ തമിഴ്നാട് അതിർത്തിയോടു ചേർന്ന തേയില, ഏലം തോട്ട മേഖലകളാണു കൂടുതൽ ഭീഷണി നേരിടുന്നത്. മറുമരുന്നില്ലാത്ത മാരക വിഷമാണ് പാരക്വാറ്റ്. നേരിയ അളവിൽ ഉള്ളിൽ ചെന്നാൽപോലും മരണം സുനിശ്ചിതം. ഒരു ഗ്ലാസ് വേണമെന്നില്ല, ഒരു സ്പൂൺ ഉള്ളിൽ ചെന്നാലും മരിക്കും. മരണം വേദനാജനകമായിരിക്കും. കഷ്ടിച്ച് രക്ഷപ്പെടുന്ന കേസുകളിൽ വളരെക്കാലം കഴിയുമ്പോൾപോലും ശ്വാസകോശം ഉൾപ്പെടെയുള്ള ആന്തരികാവയവങ്ങൾ തകരാറിലാകും.
കോട്ടയം മെഡിക്കൽ കോളജിൽ 2025ലെ ആദ്യത്തെ ആറു മാസങ്ങളിൽ പാരക്വാറ്റ് വിഷബാധയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 23 പേർ മരിച്ചു. ഇടുക്കി ജില്ലയിലെ തോട്ടം മേഖലയിൽനിന്നു നിരവധിയാളുകളാണ് ഓരോ വർഷവും പാരക്വാറ്റ് വിഷബാധയേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നത്. പാരക്വാറ്റ് അറിയാതെ ഉള്ളിൽ ചെന്നവരും കളനാശിനി തളിച്ചവരും ആത്മഹത്യക്ക് ഉപയോഗിച്ചവരുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. വർഷങ്ങളായി കേരളത്തിലെ റബർ, തേയില, കാപ്പി, ഏലം തോട്ട മേഖലകൾ ഈ കളനാശിനിയുടെ അനിയന്ത്രിത ഉപയോഗത്തിന്റെ ഭീഷണിയിലാണ്.
2011ൽ സംസ്ഥാന സർക്കാർ കേരളത്തിൽ പാരക്വാറ്റിന്റെ ഉപയോഗം നിരോധിച്ചു. നിരോധനം നിലനിന്നപ്പോഴും അയൽ സംസ്ഥാനങ്ങളിൽനിന്ന് ഇത് സുലഭമായി ലഭിക്കുമായിരുന്നു. നിരോധനത്തിനെതിരേ ചില കീടനാശിനി നിർമാണ കമ്പനികൾ ഹൈക്കോടതിയെ സമീപിച്ചു.1968ലെ ഇന്ത്യൻ കീടനാശിനി നിയമം അനുസരിച്ച് സംസ്ഥാന സർക്കാരിന് ഒരു കീടനാശിനി പരമാവധി 60 ദിവസത്തേക്കു മാത്രമേ നിരോധിക്കാൻ സാധിക്കൂ. ഇത് പിന്നീട് 30 ദിവസത്തേക്കുകൂടി നീട്ടാം. ഇതിന്റെ അടിസ്ഥാനത്തിൽ 2022ൽ കേരളത്തിലെ പാരക്വാറ്റ് നിരോധനം കേരള ഹൈക്കോടതി നീക്കി.
കള മാത്രമല്ല മനുഷ്യനും ഇര
ലോകാരോഗ്യ സംഘടന "മിതമായി അപകടകാരിയായ' വിഷവസ്തുവിന്റെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നതെങ്കിലും അത്യന്തം മാരകമാണ് ഈ കളനാശിനി. ഇത് തേയില, കാപ്പി, റബർ എന്നീ തോട്ടവിളകളും മുന്തിരി,ആപ്പിൾ, നെല്ല്, ഗോതമ്പ്, മക്കച്ചോളം എന്നീ ഭക്ഷ്യവിളകളും ഉൾപ്പെടെ 10 വിളകളിൽ മാത്രം ഉപയോഗിക്കാനാണ് കേന്ദ്രത്തിന്റെ അനുമതി. ജലാശയങ്ങളിലെ കളകൾ നീക്കാനും ഇത് തളിക്കാം.10 വിളകളിൽ മാത്രം ഉപയോഗിക്കാൻ അംഗീകാരമുള്ള പാരക്വാറ്റ് 23 വിളകളിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് മൂന്നു വർഷം മുമ്പ് പെസ്റ്റിസൈഡ് ആക്ഷൻ നെറ്റ്വർക്ക് (ഇന്ത്യ) പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ശിപാർശ ചെയ്യപ്പെടാത്ത വിളകളിലും വ്യാപകമായി ഉപയോഗിക്കുന്നു. ഒരു നിയന്ത്രണവുമില്ലാതെ വിറ്റഴിക്കുന്നതിനാൽ പാരക്വാറ്റ് ആത്മഹത്യക്കും കൊലപാതകത്തിനുമെല്ലാം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു.
ഈ വിഷം മനുഷ്യ ശരീരത്തിൽ പ്രവേശിച്ചാൽ രക്തപ്രവാഹത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. അതിലൂടെ അത് വൃക്കകൾ, കരൾ, ശ്വാസകോശം തുടങ്ങിയ അവയവങ്ങളിലെത്തും. ശ്വാസകോശങ്ങൾക്കാണ് ഏറ്റവും കൂടുതൽ നാശം വരുത്തുക. പിന്നീട് ചികിത്സിച്ചു ഭേദമാക്കാനും സാധിക്കില്ല. ജലാശയങ്ങളിൽ കള നശീകരണത്തിന് വ്യാപകമായി ഉപയോഗിക്കുന്നത് ജലസ്രോതസുകളെ മലിനമാക്കും. ജലജീവികളുടെ വൈവിധ്യത്തിനും ഹാനികരമാണ്. കടലിലെ മത്സ്യങ്ങളേക്കാൾ ശുദ്ധജല മത്സ്യങ്ങൾക്കാണ് പാരക്വാറ്റ് കൂടുതൽ അപകടകരം. ഇത് ഉള്ളിൽ ചെല്ലുന്ന മനുഷ്യർക്കും ജീവികൾക്കും മാത്രമല്ല, പരിസ്ഥിതിക്കും അപകടകരമാണ്. കളകൾ നശിച്ചതിനു ശേഷവും പാരാക്വാറ്റ് മണ്ണിൽതന്നെ ദീർഘകാലം അവശേഷിക്കും.
പാരക്വാറ്റ് ഒരു നോൺ-സെലക്ടീവ് കോൺടാക്റ്റ് കളനാശിനിയാണ്. വേരുകളെ ബാധിക്കാതെ സമ്പർക്കത്തിൽ വരുന്ന എല്ലാ സസ്യങ്ങളുടെയും പച്ച ഭാഗങ്ങൾ നശിപ്പിക്കുന്നു. 65 വർഷമായി പാരക്വാറ്റ് വിപണിയിലുണ്ട്. ഇന്ത്യയിൽ ഇതിന്റെ നിർമാണത്തിന് 1500ലേറെ കമ്പനികൾക്ക് ലൈസൻസ് നൽകിയിട്ടുണ്ട്. പാരക്വാറ്റ് കളനാശിനി നാഡീവ്യവസ്ഥയുടെ ശിഥിലീകരണത്തിലൂടെ പാർക്കിൻസൺസ് ഉൾപ്പെടെയുള്ള മാരക രോഗങ്ങൾക്കു കാരണമായി എന്ന പരാതിയുമായി അമേരിക്കൻ കോടതികളിൽ പതിനായിരക്കണക്കിന് കേസുകൾ നിലവിലുണ്ട്. പാരക്വാറ്റ് നിർമാതാക്കളായ ബഹുരാഷ്ട്ര കമ്പനി സിൻജെന്തയ്ക്കും വിതരണക്കാർക്കുമെതിരേയാണ് കേസുകൾ. പാർക്കിൻസൺസ് ബാധിച്ച വ്യക്തികളോ അവരുടെ ജീവിത പങ്കാളികളോ ആണ് പരാതിക്കാർ.
പാരക്വാറ്റ് കളനാശിനി പാർക്കിൻസൺസ് രോഗത്തിനും നാഡീവ്യൂഹത്തിന്റെ തകർച്ചയ്ക്കും കാരണമാകുമെന്നാണ് ഇരകളുടെ വാദം. ഇക്കാര്യം കമ്പനി അധികൃതർക്ക് അറിയാമായിരുന്നുവെന്നും അത് പൊതുസമൂഹത്തിൽനിന്നു മറച്ചുവച്ചുവെന്നും ഇരകൾ തെളിവു സഹിതം കോടതികളിൽ വാദിക്കുന്നു. ഒരു ലക്ഷത്തിനും ഒന്നര ലക്ഷത്തിനും ഇടയ്ക്ക് ഡോളറാണ് തീർപ്പായ കേസുകളിൽ ഇരകൾക്കു നൽകിയ ശരാശരി നഷ്ടപരിഹാരം. കർഷകർ, കർഷക തൊഴിലാളികൾ, ലാൻഡ്സ്കേപ് വിദഗ്ധർ, കളനാശിനി തളിച്ച പ്രദേശങ്ങളിൽ സ്ഥിരതാമസമാക്കിയവർ തുടങ്ങിയവരാണ് ഇരകൾ.
മനുഷ്യജീവന്റെ സുരക്ഷയ്ക്ക്
യൂറോപ്യൻ യൂണിയൻ ഉൾപ്പെടെ 74 രാജ്യങ്ങളിൽ ഈ കളനാശിനിയുടെ ഉപയോഗത്തിന് നിരോധനമുണ്ട്. ചൈന ആഭ്യന്തര ഉപയോഗം 2017ൽ നിരോധിച്ചെങ്കിലും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നു. മറ്റ് രാജ്യങ്ങളിൽ നിരോധിക്കുകയോ കർശനമായി നിയന്ത്രിക്കുകയോ ചെയ്ത എഴുപതോളം കീടനാശിനികൾ ഇന്ത്യയിൽ ഇപ്പോഴും ഉപയോഗത്തിലുണ്ട്. കീടനാശിനി കമ്പനികളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് നിരോധനം ഏർപ്പെടുത്താൻ കേന്ദ്രം തയാറായിരുന്നില്ല. എന്നാൽ പാരക്വാറ്റിനെതിരേ സംസ്ഥാനങ്ങൾ, ഡോക്ടർമാർ, പാർലമെന്റ് അംഗങ്ങൾ, കൃഷി ശാസ്ത്രജ്ഞന്മാർ തുടങ്ങിയ വിഭാഗങ്ങളിൽനിന്ന് അവഗണിക്കാനാവാത്ത എതിർപ്പാണ് ഉയർന്നത്.
തൊഴിലാളി ക്ഷാമത്തെ തുടർന്ന് രാസ കളനാശിനികൾ ഉപയോഗിച്ചുള്ള കളനശീകരണമാണ് തോട്ടം മേഖലയിൽ വ്യാപകമായി പിന്തുടരുന്നത്. ഏറ്റവും ചെലവു കുറഞ്ഞ കളനാശിനികളിലൊന്നാണ് പാരക്വാറ്റ്. ഇതിന്റെ സമ്പൂർണ നിരോധനം നടപ്പാകുന്നതോടെ കളനശീകരണം കർഷകർക്ക് കൂടുതൽ ചെലവേറിയതായി തീർന്നേക്കാം. എന്നാൽ ആത്മഹത്യാ പ്രതിരോധം, കർഷക സുരക്ഷ, സുസ്ഥിര കൃഷി, പൊതുജനാരോഗ്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട ശാസ്ത്രീയ തെളിവുകൾ പരിഗണിക്കുമ്പോൾ പാരക്വാറ്റ് നിരോധനം അനിവാര്യമായ ഒരു നടപടിയാണ്.
Tags : Deadly herbicide paraquat banned Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews