Kerala
ഇടുക്കി: കുമളിയിൽ നിന്ന് അരക്കോടിയോളം രൂപയുടെ നിരോധിത ലഹരി ഉത്പന്നങ്ങള്‍ പിടികൂടി എക്സൈസ്. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് ലഹരി ഉത്പന്നങ്ങള്‍ പിടികൂടിയത്. കുമളി റോസപ്പൂക്കണ്ടം, ഒന്നാം മൈൽ എന്നിവിടങ്ങളിലെ വർക്ക് ഷോപ്പുകളിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളിൽ ആണ് ലഹരി വസ്തുക്കൾ സൂക്ഷിച്ചിരുന്നത്.
റോസാപ്പൂക്കണ്ടത്തെ വര്‍ക്ക് ഷോപ്പില്‍ നിരവധി ചാക്കുകളില്‍ ലഹരി വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്നതായി എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് രഹസ്യ വിവരം ലഭിച്ചു. ഇതേ തുടർന്നാണ് എക്സൈസ് വ്യാപക പരിശോധന നടത്തിയത്. റോസാപ്പൂക്കണ്ടം ഭാഗത്തെ വര്‍ക്ക്ഷോപ്പിലെ ഉപേക്ഷിക്കപ്പെട്ട വാഹനത്തില്‍ നിന്നും 37,000 പായ്ക്കറ്റ് നിരോധിത ലഹരി വസ്തുക്കളാണ് കണ്ടെത്തിയത്.
തുടർന്ന് ഒന്നാംമൈലിലെ വര്‍ക്ക്ഷോപ്പില്‍ നിന്നും 6000 പായ്ക്കറ്റ് നിരോധിത ഉത്പന്നങ്ങളും പിടികൂടി. ലീസിനെടുത്ത സ്ഥലത്തതാണ് വര്‍ക്കഷോപ്പ് നടത്തിയിരുന്നത്. ഉടമയെ വിളിച്ചുവരുത്തി എക്സൈസ് ചോദ്യം ചെയ്തെങ്കിലും ഒന്നുമറിയില്ലെന്നാണ് മൊഴി നല്‍കിയത്. അതേ സമയം പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വര്‍ക്ക്ഷോപ്പ് ഉടമയെ ചോദ്യം ചെയ്തെങ്കിലും ഇയാള്‍ക്ക് ഇതില്‍ പങ്കില്ലെന്നാണ് മൊഴി നല്‍കിയത്. പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍ നശിപ്പിച്ചുകളയുമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Leader Page
പതിനായിരക്കണക്കിന് മനുഷ്യരെ മരണത്തിലേക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്കും തള്ളിവിട്ട അതിമാരക കളനാശിനിക്ക് ഇന്ത്യയിൽ അവസാനം വിലക്കു വരുന്നു. മനുഷ്യരിലും മൃഗങ്ങളിലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന മാരക കളനാശിനി പാരക്വാറ്റ് ഇന്ത്യയിൽ നിരോധിക്കാനാണ് കേന്ദ്ര ഗവൺമെന്റ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി "പാരക്വാറ്റ് ഡൈക്ലോറൈഡ് നിരോധന ഉത്തരവ്, 2026'ന്റെ കരട് ജൂലൈ 13ന് കേന്ദ്രം ഗസറ്റിൽ പ്രസിദ്ധീകരിച്ചു. അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് ഓഗസ്റ്റ് 13നകം പൊതുജനങ്ങൾക്കും ഈ കളനാശിനിയുടെ വ്യാപാരവുമായി ബന്ധപ്പെട്ട മറ്റുള്ളവർക്കും കേന്ദ്ര കൃഷി-കർഷകക്ഷേമ മന്ത്രാലയത്തെ അഭിപ്രായങ്ങൾ അറിയിക്കാം. പാരക്വാറ്റ് നിരോധനം പരിശോധിക്കാൻ 2026 ജനുവരിയിൽ കേന്ദ്ര ഗവൺമെന്റ് കൃഷി ശാസ്ജ്ഞരും ഡോക്ടർമാരും അടങ്ങിയ വിദഗ്ധ സമിതിയെ നിയമിച്ചിരുന്നു.
ആഗോള തലത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മൂന്നാമത്തെ കളനാശിനിയാണ് പാരക്വാറ്റ് ഡൈക്ലോറൈഡ്. ഇന്ത്യയിലും കേരളത്തിലും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കളനാശിനികളിലൊന്നാണിത്. 2023-24ൽ 1.05 ലക്ഷം ടൺ പാരക്വാറ്റാണ് ഇന്ത്യയിൽ വിറ്റഴിഞ്ഞത്. 1500 കോടി രൂപയാണ് ഈ കളനാശിനിയുടെ ഇന്ത്യയിലെ വാർഷിക മാർക്കറ്റ്. മനുഷ്യരിലും മൃഗങ്ങളിലും ഈ കളനാശിനിയുമായുള്ള സമ്പർക്കം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകും. ഈ കളനാശിനി ഉള്ളിൽ ചെന്നാൽ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുമെന്നതിനാൽ കളനാശിനിയാണെന്നു പെട്ടെന്ന് തിരിച്ചറിയാറില്ല. വൃക്ക, കരൾ തുടങ്ങിയ ആന്തരികാവയവങ്ങൾ ക്രമേണ തകരാറിലാകും. അവസാനം ശ്വാസകോശത്തെ ബാധിക്കും. ഫൈബ്രോസിസ് ബാധിച്ച് ശ്വാസകോശം നശിക്കും. തലച്ചോറിലെ കോശങ്ങളെ ബാധിച്ച് പാർക്കിൻസൺസ് രോഗത്തിനു കാരണമാകും. ഇതുമായി ബന്ധപ്പെട്ട ശാസ്ത്രീയ പഠനങ്ങൾ പരിശോധിച്ച വിദഗ്ധ സമിതി ഐകകണ്ഠേ്യന ഈ കളനാശിനി നിരോധിക്കാൻ ശിപാർശ ചെയ്യുകയായിരുന്നു.
മാരകവിഷം
ഇന്ത്യയിൽ കീടനാശിനിയുമായി ബന്ധപ്പെട്ട മരണങ്ങളിൽ ഏറ്റവും കൂടുതൽ സംഭവിക്കുന്നത് പാരക്വാറ്റ് ഉള്ളിൽ ചെന്നാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഇത് ഏറ്റവും രൂക്ഷം. ആറു വർഷത്തെ കണക്കുകൾ പഠനവിധേയമാക്കിയ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിലെ ഡോക്ടർമാർ ഈ കളനാശിനി അടിയന്തരമായി നിയന്ത്രിക്കണമെന്ന് തമിഴ്നാട്ടിലെയും ആന്ധ്രപ്രദേശിലെയും ചീഫ് സെക്രട്ടറിമാർക്കു കത്തെഴുതിയിരുന്നു. പാരക്വാറ്റ് വിഷബാധയേറ്റ 80.9 ശതമാനം ആളുകളും ആശുപത്രിയിൽ അഡ്മിറ്റാകുന്ന ഘട്ടത്തിൽതന്നെ മൃതിയടയുന്നതായി ഈ ഡോക്ടർമാരുടെ പഠനത്തിൽ കണ്ടെത്തി. പാരക്വാറ്റ് നിരോധിച്ച ദക്ഷിണ കൊറിയ, തായ്വാൻ എന്നീ രാജ്യങ്ങളിൽ കുറഞ്ഞ കാലംകൊണ്ട് കീടനാശിനിയുമായി ബന്ധപ്പെട്ട മരണങ്ങളിൽ 50 ശതമാനത്തോളം കുറവുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു.
ആത്മഹത്യ ചെയ്യാൻ ആളുകൾ ഏറ്റവും കൂടുതൽ തെരഞ്ഞെടുക്കുന്ന കീടനാശിനിയാണ് പാരക്വാറ്റ്. ഈ കളനാശിനി സ്ഥിരമായി നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നവരുടെ മുൻനിരയിൽ ഹൈദരാബാദിലെ ഡോക്ടേഴ്സ് എഗൻസ്റ്റ് പാരക്വാറ്റ് പോയിസൺ (ഡിഎപിപി) എന്ന സംഘടനയുമുണ്ട്. പാരക്വാറ്റ് ഉള്ളിൽ ചെന്നാൽ മരണനിരക്ക് ഏകദേശം 90 മുതൽ 95 ശതമാനം വരെയാണെന്നും അതിജീവന നിരക്ക് തീരെ കുറവാണെന്നും ഈ സംഘടന പറയുന്നു. അതിജീവിക്കുന്നവർതന്നെ പിന്നീട് അതീവ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരും.
ഞെട്ടിക്കുന്ന കണക്കുകൾ
കേരളത്തിന്റെ തോട്ടം മേഖല വർഷങ്ങളായി ഈ കളനാശിനി സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളുടെ ഭീതിയിലാണ്. ഇടുക്കി ജില്ലയിലെ തമിഴ്നാട് അതിർത്തിയോടു ചേർന്ന തേയില, ഏലം തോട്ട മേഖലകളാണു കൂടുതൽ ഭീഷണി നേരിടുന്നത്. മറുമരുന്നില്ലാത്ത മാരക വിഷമാണ് പാരക്വാറ്റ്. നേരിയ അളവിൽ ഉള്ളിൽ ചെന്നാൽപോലും മരണം സുനിശ്ചിതം. ഒരു ഗ്ലാസ് വേണമെന്നില്ല, ഒരു സ്പൂൺ ഉള്ളിൽ ചെന്നാലും മരിക്കും. മരണം വേദനാജനകമായിരിക്കും. കഷ്ടിച്ച് രക്ഷപ്പെടുന്ന കേസുകളിൽ വളരെക്കാലം കഴിയുമ്പോൾപോലും ശ്വാസകോശം ഉൾപ്പെടെയുള്ള ആന്തരികാവയവങ്ങൾ തകരാറിലാകും.
കോട്ടയം മെഡിക്കൽ കോളജിൽ 2025ലെ ആദ്യത്തെ ആറു മാസങ്ങളിൽ പാരക്വാറ്റ് വിഷബാധയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 23 പേർ മരിച്ചു. ഇടുക്കി ജില്ലയിലെ തോട്ടം മേഖലയിൽനിന്നു നിരവധിയാളുകളാണ് ഓരോ വർഷവും പാരക്വാറ്റ് വിഷബാധയേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നത്. പാരക്വാറ്റ് അറിയാതെ ഉള്ളിൽ ചെന്നവരും കളനാശിനി തളിച്ചവരും ആത്മഹത്യക്ക് ഉപയോഗിച്ചവരുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. വർഷങ്ങളായി കേരളത്തിലെ റബർ, തേയില, കാപ്പി, ഏലം തോട്ട മേഖലകൾ ഈ കളനാശിനിയുടെ അനിയന്ത്രിത ഉപയോഗത്തിന്റെ ഭീഷണിയിലാണ്.
2011ൽ സംസ്ഥാന സർക്കാർ കേരളത്തിൽ പാരക്വാറ്റിന്റെ ഉപയോഗം നിരോധിച്ചു. നിരോധനം നിലനിന്നപ്പോഴും അയൽ സംസ്ഥാനങ്ങളിൽനിന്ന് ഇത് സുലഭമായി ലഭിക്കുമായിരുന്നു. നിരോധനത്തിനെതിരേ ചില കീടനാശിനി നിർമാണ കമ്പനികൾ ഹൈക്കോടതിയെ സമീപിച്ചു.1968ലെ ഇന്ത്യൻ കീടനാശിനി നിയമം അനുസരിച്ച് സംസ്ഥാന സർക്കാരിന് ഒരു കീടനാശിനി പരമാവധി 60 ദിവസത്തേക്കു മാത്രമേ നിരോധിക്കാൻ സാധിക്കൂ. ഇത് പിന്നീട് 30 ദിവസത്തേക്കുകൂടി നീട്ടാം. ഇതിന്റെ അടിസ്ഥാനത്തിൽ 2022ൽ കേരളത്തിലെ പാരക്വാറ്റ് നിരോധനം കേരള ഹൈക്കോടതി നീക്കി.
കള മാത്രമല്ല മനുഷ്യനും ഇര
ലോകാരോഗ്യ സംഘടന "മിതമായി അപകടകാരിയായ' വിഷവസ്തുവിന്റെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നതെങ്കിലും അത്യന്തം മാരകമാണ് ഈ കളനാശിനി. ഇത് തേയില, കാപ്പി, റബർ എന്നീ തോട്ടവിളകളും മുന്തിരി,ആപ്പിൾ, നെല്ല്, ഗോതമ്പ്, മക്കച്ചോളം എന്നീ ഭക്ഷ്യവിളകളും ഉൾപ്പെടെ 10 വിളകളിൽ മാത്രം ഉപയോഗിക്കാനാണ് കേന്ദ്രത്തിന്റെ അനുമതി. ജലാശയങ്ങളിലെ കളകൾ നീക്കാനും ഇത് തളിക്കാം.10 വിളകളിൽ മാത്രം ഉപയോഗിക്കാൻ അംഗീകാരമുള്ള പാരക്വാറ്റ് 23 വിളകളിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് മൂന്നു വർഷം മുമ്പ് പെസ്റ്റിസൈഡ് ആക്ഷൻ നെറ്റ്വർക്ക് (ഇന്ത്യ) പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ശിപാർശ ചെയ്യപ്പെടാത്ത വിളകളിലും വ്യാപകമായി ഉപയോഗിക്കുന്നു. ഒരു നിയന്ത്രണവുമില്ലാതെ വിറ്റഴിക്കുന്നതിനാൽ പാരക്വാറ്റ് ആത്മഹത്യക്കും കൊലപാതകത്തിനുമെല്ലാം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു.
ഈ വിഷം മനുഷ്യ ശരീരത്തിൽ പ്രവേശിച്ചാൽ രക്തപ്രവാഹത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. അതിലൂടെ അത് വൃക്കകൾ, കരൾ, ശ്വാസകോശം തുടങ്ങിയ അവയവങ്ങളിലെത്തും. ശ്വാസകോശങ്ങൾക്കാണ് ഏറ്റവും കൂടുതൽ നാശം വരുത്തുക. പിന്നീട് ചികിത്സിച്ചു ഭേദമാക്കാനും സാധിക്കില്ല. ജലാശയങ്ങളിൽ കള നശീകരണത്തിന് വ്യാപകമായി ഉപയോഗിക്കുന്നത് ജലസ്രോതസുകളെ മലിനമാക്കും. ജലജീവികളുടെ വൈവിധ്യത്തിനും ഹാനികരമാണ്. കടലിലെ മത്സ്യങ്ങളേക്കാൾ ശുദ്ധജല മത്സ്യങ്ങൾക്കാണ് പാരക്വാറ്റ് കൂടുതൽ അപകടകരം. ഇത് ഉള്ളിൽ ചെല്ലുന്ന മനുഷ്യർക്കും ജീവികൾക്കും മാത്രമല്ല, പരിസ്ഥിതിക്കും അപകടകരമാണ്. കളകൾ നശിച്ചതിനു ശേഷവും പാരാക്വാറ്റ് മണ്ണിൽതന്നെ ദീർഘകാലം അവശേഷിക്കും.
പാരക്വാറ്റ് ഒരു നോൺ-സെലക്ടീവ് കോൺടാക്റ്റ് കളനാശിനിയാണ്. വേരുകളെ ബാധിക്കാതെ സമ്പർക്കത്തിൽ വരുന്ന എല്ലാ സസ്യങ്ങളുടെയും പച്ച ഭാഗങ്ങൾ നശിപ്പിക്കുന്നു. 65 വർഷമായി പാരക്വാറ്റ് വിപണിയിലുണ്ട്. ഇന്ത്യയിൽ ഇതിന്റെ നിർമാണത്തിന് 1500ലേറെ കമ്പനികൾക്ക് ലൈസൻസ് നൽകിയിട്ടുണ്ട്. പാരക്വാറ്റ് കളനാശിനി നാഡീവ്യവസ്ഥയുടെ ശിഥിലീകരണത്തിലൂടെ പാർക്കിൻസൺസ് ഉൾപ്പെടെയുള്ള മാരക രോഗങ്ങൾക്കു കാരണമായി എന്ന പരാതിയുമായി അമേരിക്കൻ കോടതികളിൽ പതിനായിരക്കണക്കിന് കേസുകൾ നിലവിലുണ്ട്. പാരക്വാറ്റ് നിർമാതാക്കളായ ബഹുരാഷ്ട്ര കമ്പനി സിൻജെന്തയ്ക്കും വിതരണക്കാർക്കുമെതിരേയാണ് കേസുകൾ. പാർക്കിൻസൺസ് ബാധിച്ച വ്യക്തികളോ അവരുടെ ജീവിത പങ്കാളികളോ ആണ് പരാതിക്കാർ.
Kerala
കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ പെരുമ്പാവൂരിൽ നിന്നും നാല് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ഇതുമായി ബന്ധപ്പെട്ട് യുപി സ്വദേശികളായ കരൺ സരോജ് (20),വികാസ് സരോജ് (28), രാംനാഥ് ( 20), സദാം ഹുസൈൻ (25) എന്നിവരെ പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടി.
ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പെരുമ്പാവൂർ പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപമുള്ള ബിൽഡിംഗിന്റെ ഒന്നാം നിലയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്.
ബംഗളൂരുവിൽ നിന്നാണ് ഇവർ കൊണ്ടുവന്നതെന്ന് പോലീസിനോട് പറഞ്ഞു. വിദ്യാർഥികൾക്കും അതിഥി തൊഴിലാളികൾക്കും ആണ് ഇവർ വില്പന നടത്തിക്കൊണ്ടിരുന്നത്. കൂടാതെ വിൽപ്പനക്കായി കൊണ്ടുവന്ന ഹെറോയിനുമായി ആറ് ആസാം സ്വദേശികളെയും കസ്റ്റഡിയിലെടുത്തു.
പെരുമ്പാവൂർ എഎസ്പി ഹാർദ്ദിക് മീണ, ഇൻസ്പെക്ടർ എൽ. അനിൽകുമാർ,എസ്ഐ ജോജോ ജോർജ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Kerala
കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ മുഴുവൻ ടൂറിസം കേന്ദ്രങ്ങളിലും സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തി. ശനിയാഴ്ചയും ഞായറാഴ്ചയും ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കീഴിലുള്ള വെള്ളച്ചാട്ടങ്ങൾ, ബീച്ചുകൾ ഉൾപ്പെടെ എല്ലാ കേന്ദ്രങ്ങളും അടച്ചിടും. റെഡ് അലർട്ട് നിലനിൽക്കുന്ന ദിവസങ്ങളിൽ സഞ്ചാരികൾക്ക് പ്രവേശനമുണ്ടാകില്ല. സഞ്ചാരികളുടെ സുരക്ഷ മുൻനിർത്തിയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വിലങ്ങാട് മേഖലയില്‍ നിന്ന് ജനങ്ങളെ ഉടന്‍ മാറ്റിത്താമസിപ്പിക്കാന്‍ ജില്ലാ കളക്ടർ ഉത്തരവിട്ടു.
ശനിയാഴ്ച വടക്കൻ കേരളത്തിലെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കോഴിക്കോട്, കാസർഗോഡ്, വയനാട് ജില്ലകളിലാണ് അവധി. റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി.
District News
മേലാറ്റൂർ: മേലാറ്റൂർ പഞ്ചായത്ത് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ ചേർന്നു. മേലാറ്റൂർ ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ആവശ്യമായ നടപടികളും സ്കൂൾ തുറന്ന സാഹചര്യത്തിൽ അടിയന്തരമായി നടപ്പാക്കേണ്ട കാര്യങ്ങളെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു.
ടൗണിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഗതാഗതക്കുരുക്കിന് കാരണമാണെന്നും അത് ഒഴിവാക്കാനും പാർക്കിംഗ് നിരോധിത സ്ഥലമാക്കി മാറ്റണമെന്നും കമ്മിറ്റി നിർദേശിച്ചു.
ടൗണിൽ നടക്കുന്ന അനധികൃത കച്ചവടങ്ങൾ നിർത്തലാക്കാൻ നടപടി സ്വീകരിക്കാമെന്ന് പഞ്ചായത്ത് സെക്രട്ടറി യോഗത്തിൽ അറിയിച്ചു. സ്കൂൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും തീരുമാനമായി.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് റംസീന മുജീബ്, വൈസ് പ്രസിഡന്റ് അജിത് പ്രസാദ്, സർക്കിൾ ഇൻസ്പെക്ടർ, പഞ്ചായത്ത് മെംബർമാരായ ബി. മുസമ്മിൽ ഖാൻ, ഹിഷാം വാഫി, പഞ്ചായത്ത് സെക്രട്ടറി രശ്മി, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥർ, വ്യാപാരി പ്രതിനിധികൾ, സംയുക്ത ഓട്ടോ തൊഴിലാളി ഭാരവാഹികൾ, ബസ് ഓണേഴ്സ് പ്രധിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രധിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Sports
ഉത്തർപ്രദേശ്: വനിതകളുടെ 1500 മീറ്ററിൽ ദേശീയ റിക്കാർഡ് ജേതാവായ കെ.എം. ദീക്ഷ നിരോധിത മരുന്നിന്റെ ഉപയോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കോമണ്‍വെൽത്ത് ഗെയിംസിൽനിന്ന് വിട്ടുനിൽക്കാൻ സാധ്യത.
രണ്ട് വർഷം മുന്‍പ് ലോസ് ആഞ്ചലസിൽ 4:04.78 എന്ന ദേശീയ റിക്കാർഡ് സ്ഥാപിച്ച 27കാരിയായ ദീക്ഷ ഏപ്രിൽ അഞ്ചിന് ജയ്പുരിൽ നടന്ന ഇന്ത്യൻ ഓപ്പണ്‍ അത്ലറ്റിക്സ് സീരീസിലാണ് അവസാനമായി മത്സരിച്ചത്.
Sports
മുംബൈ: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ സ്മാര്‍ട്ട് സണ്‍ഗ്ലാസ് ബിസിസിഐയുടെ അഴിമതി രഹിത യൂണിറ്റ് നിരോധിച്ചു.
കളിക്കാരുടെയും മാച്ച് ഓഫീഷല്സിന്റെയും ഏരിയയിലാണ് (പിഎംഒഎ) നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇത്തരം സണ്ഗ്ലാസുകളിലൂടെ ഓഡിയോ/വീഡിയോ കാള്‍, സന്ദേശങ്ങള്‍, ലൈവ് സ്ട്രീമിംഗ് അടക്കം ചെയ്യാമെന്നതാണ് നിരോധിക്കാന്‍ കാരണം.
International
പാരീസ്: ഇസ്രയേൽ ദേശീയസുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിറിനു ഫ്രാൻസിൽ പ്രവേശനവിലക്ക് ഏർപ്പെടുത്തിയതായി വിദേശകാര്യമന്ത്രി ജീൻ നോയൽ ബാരറ്റ് അറിയിച്ചു.
ഗാസയിലേക്കു സഹായവുമായെത്തിയ ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ല എന്ന കപ്പലിലെ സന്നദ്ധപ്രവർത്തകരെ തടവിലാക്കി കൈകാലുകൾ ബന്ധിച്ച് അപമാനിക്കുന്ന ദൃശ്യങ്ങൾ ബെൻ-ഗ്വിർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെത്തുടർന്നാണ് നടപടി.
ഇസ്രേലി മന്ത്രിക്കെതിരേ യൂറോപ്യൻ യൂണിയൻ മുഴുവൻ പ്രവേശനവിലക്ക് ഏർപ്പെടുത്തണമെന്നും ജീൻ നോയൽ ബാരറ്റ് ആവശ്യപ്പെട്ടു.
മന്ത്രിയുടെ നിലപാടിനെതിരേ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ പെരുമാറ്റം മൂല്യങ്ങൾക്കും നിയമങ്ങൾക്കും വിരുദ്ധമാണെന്ന് നെതന്യാഹു വ്യക്തമാക്കി.
National
ന്യൂഡൽഹി: കേരളത്തിലുൾപ്പെടെ നാളെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ എക്സിറ്റ് പോളുകൾക്ക് വിലക്കേർപ്പെടുത്തി.
നാളെ രാവിലെ ഏഴു മുതൽ ഈ മാസം 29ന് വൈകുന്നേരം 6.30 വരെയാണു എക്സിറ്റ് പോളുകൾ നടത്തുന്നതിനും പ്രചരിപ്പിക്കുന്നതിനും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ വിലക്കേർപ്പെടുത്തിയത്.
കമ്മീഷൻ നിർദേശിച്ചിരിക്കുന്ന സമയപരിധിയിൽ എക്സിറ്റ് പോളുകൾ സംഘടിപ്പിക്കുന്നതോ വാർത്താമാധ്യമങ്ങളിലൂടെയോ മറ്റോ അവ സംപ്രേഷണം ചെയ്യുന്നതോ കുറ്റകരമായിരിക്കും.
1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 126(എ) യുടെ ലംഘനമായി കരുതുന്ന കുറ്റകൃത്യത്തിന് രണ്ടു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ ലഭിക്കുമെന്ന് കമ്മീഷൻ മുന്നറിയിപ്പ് നൽകി.
കേരളത്തിനുപുറമെ, ആസാം, പുതുച്ചേരി എന്നിവിടങ്ങളിലും നാളെയാണു വോട്ടെടുപ്പ്. തമിഴ്നാട്ടിൽ 23നും പശ്ചിമ ബംഗാളിൽ 23, 29 തീയതികളിലുമാണ് വോട്ടെടുപ്പ്. മേയ് നാലിനാണ് അഞ്ചിടത്തും ഫലം പ്രഖ്യാപിക്കുക.
International
പാരീസ്: അമേരിക്കൻ അംബാഡർ ചാൾസ് കുഷ്നറിനു ഫ്രഞ്ച് സർക്കാരിന്റെ വിലക്ക്. ഫ്രഞ്ച് സർക്കാർ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താൻ അനുമതി ഉണ്ടാവില്ല.
ഫ്രാൻസിലെ തീവ്ര വലതുപക്ഷ നേതാവ് ക്വന്റിൻ ഡെറാൻക്യൂ കൊല്ലപ്പെട്ട സംഭവത്തിൽ അമേരിക്കൻ എംബസി പുറപ്പെടുവിച്ച വിവാദ പ്രസ്താവനയിൽ വിശദീകരണം നല്കാൻ ചാൾസ് കുഷ്നർ എത്താതിരുന്നതാണു കാരണം.
കഴിഞ്ഞയാഴ്ച തീവ്ര ഇടതുപക്ഷ പ്രവർത്തകരുമായുള്ള സംഘർഷത്തിൽ മർദനമേറ്റാണ് ഡെറാൻക്യൂ മരിച്ചത്. അമേരിക്കയിലെ തീവ്ര വലതുപക്ഷ നേതാവ് ചാർളി കിർക്ക് കൊല്ലപ്പെട്ട സംഭവത്തിനു തുല്യമാണിതെന്ന വാദങ്ങളുണ്ടായി.
അക്രമാസക്ത മൗലിക ഇടതുപക്ഷ വാദങ്ങൾ ഫ്രാൻസിൽ ഉയരുന്നുണ്ടെന്നും പൊതുജന സുരക്ഷയെക്കരുതി ഇതിനെ നിയന്ത്രിക്കേണ്ടതുണ്ടെന്നുമാണ് അമേരിക്കൻ എംബസി പ്രതികരിച്ചത്. ഇതേത്തുടർന്ന്, ഫ്രാൻസിന്റെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നതിൽ അമേരിക്കൻ അംബാസഡർ നേരിട്ടു ഹാജരായി വിശദീകരണം നല്കാൻ ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം നിർദേശിച്ചു.
ഫ്രാൻസിലെ യഹൂദവിരുദ്ധത അവസാനിപ്പിക്കാൻ നടപടിഎടുക്കുന്നില്ല എന്ന പ്രസ്താവനയുടെ പേരിൽ 2025 ഓഗസ്റ്റിലും വിദേശകാര്യ മന്ത്രാലയം കുഷ്നറിനോട് വിശദീകരണം തേടിയിരുന്നു. അന്നും അദ്ദേഹം ഹാജരാകാൻ കൂട്ടാക്കിയില്ല.
National
ന്യൂഡൽഹി: കാന്പസുകളിൽ സാമൂഹിക തുല്യത ഉറപ്പാക്കാനായി യുജിസി പുറത്തിറക്കിയ പുതിയ ചട്ടങ്ങളുമായി ബന്ധപ്പെട്ട് സംഘർഷങ്ങൾ ഉടലെടുത്തതിനു പിന്നാലെ പ്രതിഷേധങ്ങൾ വിലക്കി ഡൽഹി സർവകലാശാല.
കാന്പസുകളിൽ ഒരു മാസത്തേക്കാണു പൊതുയോഗങ്ങൾ, ഘോഷയാത്രകൾ, പ്രതിഷേധങ്ങൾ, പ്രകടനങ്ങൾ എന്നിവ വിലക്കി ഉത്തരവിറക്കിയത്.
സാമൂഹികതുല്യത ഉറപ്പാക്കാനായി യുജിസി പുറത്തിറക്കിയ പുതിയ ചട്ടങ്ങൾ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടു പ്രതിഷേധം നടത്തുന്നതിനിടെ വിദ്യാർഥിസംഘങ്ങൾ കഴിഞ്ഞദിവസം ഏറ്റുമുട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് സർവകലാശാലയുടെ പ്രോക്ടറായ പ്രഫ. മനോജ് കുമാർ സിംഗ് പ്രതിഷേധങ്ങൾ വിലക്കിയുള്ള ഉത്തരവിറക്കിയത്.
കാന്പസിനുള്ളിലെ അനിയന്ത്രിതമായ പൊതുസമ്മേളനങ്ങൾ ഗതാഗത തടസത്തിനും ജീവനു ഭീഷണിയക്കും പൊതുസമാധാനത്തിന്റെ തടസപ്പെടലിനും കാരണമാകുമെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടി.
Kerala
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് കോര്പ്പറേഷന് പരിധിയിലെ എല്ലാ വാര്‍ഡുകളിലും വെങ്ങാനൂര്‍ പഞ്ചായത്തിലെ വെള്ളാര്‍ വാര്‍ഡിലും എല്ലാ മദ്യവില്‍പ്പന ശാലകളുടേയും പ്രവര്‍ത്തനം നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. പൊങ്കാലയുടെ തലേ ദിവസമായ മാര്‍ച്ച് രണ്ട് വൈകുന്നേരം ആറു മുതല്‍ പൊങ്കാല ദിവസമായ മാര്‍ച്ച് മൂന്നിന് വൈകുന്നേരം ആറു വരെയാണ് മദ്യനിരോധനം.
കൂടാതെ തീർഥാടകർക്കും പൊതുജനങ്ങൾക്കും പൂർണമായ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി എല്ലാ ഭക്ഷ്യസ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദേശം നൽകി.
National
ന്യൂഡൽഹി: കൊറിയൻ ഗെയിമുകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട്, ഉത്തർപ്രദേശിൽ മരിച്ച സഹോദരിമാരുടെ മുത്തച്ഛൻ.
ഡൽഹി സ്വദേശിയായ ചേതൻ കുമാറിന്റെ മക്കളായ നിഷിക (16), പ്രാചി (14), പഖി (12) എന്നിവരാണ് ബുധനാഴ്ച ഗാസിയാബാദിലുള്ള ഭാരത് സിറ്റി ഫ്ലാറ്റിൽനിന്നു ചാടി മരിച്ചത്. സഹോദരിമാർ കൊറിയൻ ഗെയിമുകളോട് തീവ്രമായ അഭിനിവേശം കാണിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞിരുന്നു.
ഇതിനു പിന്നാലെയാണ് ഗെയിമുകൾ നിരോധിക്കണമെന്ന് ഇവരുടെ മുത്തച്ഛൻ ദിലീപ് ആവശ്യപ്പെട്ടത്. മറ്റൊരാൾക്ക് തങ്ങളുടെ അവസ്ഥ വരരുതെന്നും ഇനിയൊരു ജീവൻകൂടി നഷ്ടപ്പെടരുതെന്നും അദേഹം പറഞ്ഞു.
കെ-പോപ് സംഗീതവും ഓണ്‍ലൈൻ ഗെയിമുകളുമുൾപ്പെടെയുള്ള കൊറിയൻ സംസ്കാരത്തോടുള്ള കുട്ടികളുടെ ആരാധന വ്യക്തമാകുന്ന കുറിപ്പ് കണ്ടെത്തിയിരുന്നു. 2020 മുതൽ സ്കൂളിൽ പോകാതിരിക്കുന്ന പെണ്‍കുട്ടികൾക്ക് സാമൂഹികജീവിതമുണ്ടായിരുന്നില്ലെന്നും ഫ്ലാറ്റിനടുത്ത് സുഹൃത്തുക്കളുണ്ടായിരുന്നില്ലെന്നും പോലീസ് പറയുന്നു. കൊറിയൻ സിനിമകളുൾപ്പെടെ കാണാനും ഗെയിം കളിക്കാനും ഉപയോഗിക്കുന്ന ഫോണിന്റെ ഉപയോഗത്തിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി പിതാവ് നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നായി രുന്നു ആത്മഹത്യ.
National
ഭുവനേശ്വർ: ഒഡീഷയിലെ കോറാപുടിൽ റിപ്പബ്ലിക് ദിനത്തിൽ മാംസഭക്ഷണം നിരോധിച്ച വിവാദ നടപടി പിൻവലിച്ച് കളക്ടർ.
വെള്ളിയാഴ്ചയാണ് ജില്ലയിൽ ഇറച്ചി, മീൻ, മുട്ട തുടങ്ങി എല്ലാത്തരം മാംസഭക്ഷണങ്ങളുടെയും വിൽപ്പന നിരോധിച്ച് കളക്ടർ മനോജ് സത്യവാൻ മഹാജൻ ഉത്തരവിറക്കിയത്. ഇതിനെത്തുടർന്ന് വലിയ തോതിലുള്ള പ്രതിഷേധമാണ് പൊതുജനങ്ങളിൽനിന്ന് ഉയർന്നുവന്നത്. ഇതോടെ കളക്ടർ വിവാദ ഉത്തരവ് പിൻവലിക്കുകയായിരുന്നു.
National
ചെന്നൈ: ശാസ്ത്രീയ പരിശോധനയില്‍ ഉയര്‍ന്ന വിഷാംശം കണ്ടെത്തിയതിന് പിന്നാലെ ആല്‍മണ്ട് കിറ്റ് എന്ന കഫ് സിറപിന്റെ നിർമാണവും വിൽപനയും നിരോധിച്ച് തമിഴ്നാട് സർക്കാർ. ഈതലീന്‍ ഗ്ലൈക്കോള്‍ പരിശോധനയിൽ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.
ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും ചിലപ്പോൾ മരണത്തിനും വരെ കാരണമാകുന്നതാണ് ഈതലീന്‍ ഗ്ലൈക്കോള്‍. ബിഹാറിൽ നിന്നായിരുന്നു കഫ് സിറപ് നിർമിച്ച് വിപണിയിലെത്തിച്ചിരുന്നത്. തമിഴ്നാട് ഡ്രഗ് കണ്ട്രോള് ഡയറക്ടറേറ്റ് ആണ് വിഷാംശം കണ്ടെത്തിയത്.
മരുന്നിന്റെ ഉപയോഗം വൃക്ക, മസ്തിഷ്കം, ശ്വാസകോശം എന്നിവയ്ക്ക് ഗുരുതര തകരാറുണ്ടാക്കുകയും ചില ഘട്ടങ്ങളില്‍ മരണത്തിനുപോലും കാരണമായേക്കാമെന്നും തമിഴ്നാട് ഡ്രഗ് കണ്ട്രോള് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകുന്നു.
എഎൽ 24002 എന്ന ബാച്ച് മരുന്ന് ഉപയോഗിക്കുന്നതിനും വിൽക്കുന്നതിനുമാണ് കർശന വിലക്കേർപ്പെടുത്തിയിട്ടുള്ളത്. ആല്‍മണ്ട് കിറ്റ് സിറപിന്റെ വില്പന ഉടനടി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ ഷോപ്പുകള്‍ക്കും ആശുപത്രികള്‍ക്കും ഫാര്‍മസികള്‍ക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇതുസംബന്ധിച്ച പരാതികള്‍ അറിയിക്കുന്നതിനോ, വിശദീകരണം ലഭ്യമാക്കുന്നതിനോ 94458 65400 എന്ന വാട്സാപ് നമ്പറില്‍ ബന്ധപ്പെടാനും ഡയറക്ടറേറ്റ് അറിയിച്ചിട്ടുണ്ട്.
Sports
ധാക്ക: ബംഗ്ലാദേശിൽ ഐപിഎൽ സംപ്രേഷണത്തിന് വിലക്ക് ഏർപ്പെടുത്തി. അനിശ്ചിതകാലത്തേക്ക് വിലക്കേർപ്പെടുത്തിക്കൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറക്കി. ഐപിഎല്ലിൽനിന്ന് പേസർ മുസ്താഫിസുർ റഹ്മാനെ ഒഴിവാക്കിയതിന് പിന്നാലെയാണ് ബംഗ്ലാദേശ് കടുത്ത നടപടിയെടുത്തത്.
കഴിഞ്ഞ ദിവസം ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ടി20 ലോകകപ്പിന് ഇന്ത്യയിലേക്ക് ടീമിനെ അയക്കില്ലെന്ന നിലപാടെടുത്തിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ എല്ലാ മത്സരങ്ങളുടെയും പരിപാടികളുടെയും സംപ്രേഷണം നിർത്തിവയ്ക്കാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്.
മുസ്താഫിസുർ റഹ്മാനെ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽനിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ടു ബിസിസിഐ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ തീരുമാനത്തിനു പിന്നിലുള്ള വ്യക്തമായ കാരണങ്ങളൊന്നും ലഭ്യമായിട്ടില്ലെന്നും ഇതു ബംഗ്ലാദേശ് ജനതയെ വേദനിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു.
Kerala
ആലപ്പുഴ: ചെങ്ങന്നൂരിൽ എട്ട് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. റെയിൽവേ സ്റ്റേഷനു സമീപം വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ എക്സൈസ് സംഘം ആണ് പിടികൂടിയത്.
ആയിരത്തോളം കിലോ വരുന്ന ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് അന്യസംസ്ഥാന തൊഴിലാളികളെ എക്സൈസ് കസ്റ്റഡിയിലെടുത്തു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനു സമീപം അന്യസംസ്ഥാന തൊഴിലാളികൾ വാടകയ്ക്കു താമസിക്കുന്ന വീട്ടിലായിരുന്നു പുകയില ഉത്പന്നങ്ങൾ ശേഖരിച്ചിരുന്നത്.
ചൊവ്വാഴ്ച രാത്രി 8:30 ഓടെ വീട്ടിലെ അസ്വാഭാവികമായ സാഹചര്യങ്ങളിൽ സംശയം തോന്നിയ സമീപവാസികൾ നടത്തിയ പരിശോധനയിലാണ് വൻ ലഹരിശേഖരം കണ്ടെത്തിയത്. ഉടൻതന്നെ വാർഡ് കൗൺസിലർ സിനി ബിജുവിനെ വിവരമറിയിക്കുകയും അവർ പോലീസിനും എക്സൈസിനും വിവരം കൈമാറുകയുമായിരുന്നു.
എക്സൈസ് ഇൻസ്പെക്ടർ കെ. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നടത്തിയ വിശദമായ പരിശോധനയിലാണ് ചാക്കുകളിലും പെട്ടികളിലുമായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തത്. പിടിച്ചെടുത്ത ഉത്പന്നങ്ങൾക്ക് വിപണിയിൽ എട്ടു ലക്ഷത്തോളം രൂപ വില വരുമെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.
കോഡ്പ നിയമപ്രകാരമാണ് ഏഴു പേർക്കെതിരേ നടപടി സ്വീകരിച്ചിരിക്കുന്നത്. പ്രിവന്റീവ് ഓഫീസർ ബി. സുനിൽ കുമാർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ആർ. പ്രകാശ്, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.കെ. രതീഷ്, വിഷ്ണു വിജയൻ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.