ന്യൂഡൽഹി: കേരളത്തിലുൾപ്പെടെ നാളെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ എക്സിറ്റ് പോളുകൾക്ക് വിലക്കേർപ്പെടുത്തി.
നാളെ രാവിലെ ഏഴു മുതൽ ഈ മാസം 29ന് വൈകുന്നേരം 6.30 വരെയാണു എക്സിറ്റ് പോളുകൾ നടത്തുന്നതിനും പ്രചരിപ്പിക്കുന്നതിനും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ വിലക്കേർപ്പെടുത്തിയത്.
കമ്മീഷൻ നിർദേശിച്ചിരിക്കുന്ന സമയപരിധിയിൽ എക്സിറ്റ് പോളുകൾ സംഘടിപ്പിക്കുന്നതോ വാർത്താമാധ്യമങ്ങളിലൂടെയോ മറ്റോ അവ സംപ്രേഷണം ചെയ്യുന്നതോ കുറ്റകരമായിരിക്കും.
1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 126(എ) യുടെ ലംഘനമായി കരുതുന്ന കുറ്റകൃത്യത്തിന് രണ്ടു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ ലഭിക്കുമെന്ന് കമ്മീഷൻ മുന്നറിയിപ്പ് നൽകി.
കേരളത്തിനുപുറമെ, ആസാം, പുതുച്ചേരി എന്നിവിടങ്ങളിലും നാളെയാണു വോട്ടെടുപ്പ്. തമിഴ്നാട്ടിൽ 23നും പശ്ചിമ ബംഗാളിൽ 23, 29 തീയതികളിലുമാണ് വോട്ടെടുപ്പ്. മേയ് നാലിനാണ് അഞ്ചിടത്തും ഫലം പ്രഖ്യാപിക്കുക.
Tags : Exit polls banned Kerala Assembly Election Niyama Sabha Election Election commission