പ്രതീകാത്മക ചിത്രം
ബെല്ലാരി: ദക്ഷിണേന്ത്യയിൽ 10000 വർഷം മുന്പ് ജനവാസം ഉണ്ടായിരുന്നുവെന്നു ശാസ്ത്രീയമായി തെളിയിക്കാൻ കഴിയുന്ന പുരാവസ്തുക്കൾ കർണാടകയിലെ ബെല്ലാരിയിൽ കണ്ടെത്തി. ബെല്ലാരിയിലെ ദേവ്ദാരി ഗുഹയിൽ മധ്യശിലായുഗത്തിൽ (മെസോലിത്തിക്) മനുഷ്യർ കഴിഞ്ഞിരുന്നുവെന്നതിന്റെ തെളിവുകളാണ് ലഭിച്ചത്.
സന്ദൂരിൽ നവ്ലോട്ടി ഗ്രാമത്തിനടുത്താണ് ദേവ്ദാരി ഗുഹ. ഇവിടെ നിന്ന് ലഭിച്ച പുരാവസ്തുക്കളും ഫോസിൽ അവശിഷ്ടങ്ങളും അഹമ്മദാബാദ് ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിൽ കാർബൺ ഡേറ്റിംഗ് നടത്തിയതോടെയാണ് ദക്ഷിണേന്ത്യയിലെ ജനവാസം സംബന്ധിച്ച് പുതിയ വിവരങ്ങൾ ലഭിച്ചത്.
ക്ഷേത്ര നിർമാണത്തിനായി ഏതാനും മാസം മുന്പ് ഗുഹയ്ക്കുള്ളിൽ കുഴി ഉണ്ടാക്കിയപ്പോഴാണ് സൂക്ഷ്മ ശിലായുധങ്ങളും (മൈക്രോലിത്തുകൾ), കന്നുകാലികളുടെയും ആടുകളുടെയും എന്നുകരുതുന്ന അസ്ഥികളും ലഭിച്ചത്.
തുടർന്ന് പുരാവസ്തു വിദഗ്ധനായ പ്രഫ. രവി കോരിഷെട്ടറുടെ നേതൃത്വത്തിൽ വിശദപരിശോധന നടത്തുകയും സാന്പിളുകൾ ശേഖരിക്കുകയും ചെയ്തു. പ്രദേശത്ത് ചരിത്രാതീതകാലത്ത് ആളുകൾ നദീതീരങ്ങളിലും തുറന്ന സമതലങ്ങളിലുമാണ് ജീവിച്ചിരുന്നത് എന്ന ധാരണയും പുതിയ കണ്ടെത്തലോടെ തിരുത്തേണ്ടിവരും. മേഖലയിലെ ആദ്യകാല ജനവാസ കേന്ദ്രങ്ങളെക്കുറിച്ചുള്ള ഇതുവരെയുള്ള നിഗമനങ്ങളെ മാറ്റിമറിക്കുന്നതാണ് സുപ്രധാനമായ കണ്ടെത്തൽ.
Tags : South India Inhabited Excavations 10 000 years ago Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash