ടാമ്പ: ടാമ്പ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്ക ഫൊറോന ദേവാലയത്തിലെ ഈ വർഷത്തെ പ്രധാന തിരുനാൾ ആഘോഷങ്ങൾ വെള്ളി, ശനി, ഞായർ തീയതികളിൽ ഭക്തിനിർഭരവും വിപുലവുമായ പരിപാടികളോടെ നടത്തപ്പെടുന്നു.
വിശ്വാസത്തിന്റെയും കുടുംബകൂട്ടായ്മയുടെയും സ്നേഹത്തിന്റെയും ആഘോഷമായി ഒരുക്കുന്ന മൂന്നു ദിവസത്തെ തിരുനാളിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഇടവക നേതൃത്വം അറിയിച്ചു.
വെള്ളിയാഴ്ച ആറിന് കൊടിയേറ്റവും 6.15ന് ലദീഞ്ഞും വിശുദ്ധ കുർബാനയും നടക്കും. തുടർന്ന് 7.15ന് മരിച്ചുപോയവർക്കുവേണ്ടിയുള്ള പ്രത്യേക പ്രാർഥന ഉണ്ടായിരിക്കും.
ശനിയാഴ്ച വൈകുന്നേരം അഞ്ചിന് ആരാധനയും കുമ്പസാരവും ആറിന് ദേവാലയത്തിൽ മലയാളത്തിൽ ലദീഞ്ഞും ആഘോഷമായ വിശുദ്ധ കുർബാനയും നടക്കും.
ഫാ. ജോസഫ് ചിറപ്പുറത്ത് മുഖ്യകാർമ്മികനായിരിക്കും. ഫാ. സജി മുത്തിരന്തിക്കൽ സിഎഫ്ഐസി വചനസന്ദേശം നൽകും. അതേസമയം ചാപ്പലിൽ യുവജനങ്ങൾക്കായുള്ള വിശുദ്ധ കുർബാനയും സന്ദേശവും ഫാ. ജിമ്മി ജെയിംസിന്റെ കാർമികത്വത്തിൽ നടക്കും.
രാത്രി 7.30ന് പ്രദക്ഷിണവും ആശീർവാദവും, തുടർന്ന് 8.15ന് കലാപരിപാടികളും വെടിക്കെട്ടും ഉണ്ടായിരിക്കും. കൂടാരയോഗങ്ങളുടെ നേതൃത്വത്തിൽ ഭക്ഷണവിൽപ്പനയും ഒരുക്കിയിട്ടുണ്ട്.
ഒക്ടോബർ 11 ഞായറാഴ്ച രാവിലെ 10ന് തിരുനാൾ പാട്ടുകുർബാന നടക്കും. ഫാ. അഭിലാഷ് തോമസ് വി.സി. മുഖ്യകാർമ്മികനായിരിക്കും; ഫാ. ജോസ് ചിറപ്പുറത്ത് തിരുനാൾ സന്ദേശം നൽകും.
ചാപ്പലിൽ ഇംഗ്ലീഷിലുള്ള ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ഫാ. ലിജോ കൊച്ചുപറമ്പിൽ മുഖ്യകാർമികത്വം വഹിക്കും. രാവിലെ 11.45ന് പ്രദക്ഷിണവും സമാപന ആശീർവാദവും തുടർന്ന് 12.30ന് സ്നേഹവിരുന്നും ഉണ്ടായിരിക്കും.
വിശ്വാസികൾക്ക് കുമ്പസാരത്തിനും ആരാധനയ്ക്കും വിശുദ്ധ കുർബാനയിൽ പങ്കെടുത്ത് ആത്മീയമായി തിരുനാൾ ആഘോഷിക്കുന്നതിനും പ്രത്യേക അവസരം ഒരുക്കിയിട്ടുണ്ട്. പ്രദക്ഷിണം, കലാപരിപാടികൾ, വെടിക്കെട്ട്, ഭക്ഷണവിൽപ്പന, സ്നേഹവിരുന്ന് എന്നിവയും മൂന്നു ദിവസത്തെ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും.
“ഒരേ വിശ്വാസത്തിൽ, ഒരേ കുടുംബമായി ക്രിസ്തുവിൽ” എന്ന ആത്മീയ ചൈതന്യത്തിൽ, പുതിയ ദേവാലയ നിർമാണമെന്ന ഇടവകയുടെ വലിയ സ്വപ്നത്തിലേക്കുള്ള കൂട്ടായ യാത്രയ്ക്കും ഈ തിരുനാൾ കൂടുതൽ കരുത്തേകും.
ഇടവകയിലെ വിവിധ കൂടാരയോഗങ്ങളുടെയും സംഘടനകളുടെയും സന്നദ്ധപ്രവർത്തകരുടെയും നേതൃത്വത്തിൽ തിരുനാൾ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.
ഇടവക വികാരി റവ. ഫാ. ജോസഫ് മാത്യു ആദോപ്പിള്ളിയും, കൈക്കാരന്മാരായ ജോസ്മോൻ തത്തംകുളം, കിഷോർ വട്ടപ്പറമ്പിൽ, ബേബി മാക്കിൽ, റെനി പച്ചിലമാക്കിൽ, പാരിഷ് കൗൺസിൽ അംഗങ്ങൾ, കൂടാരയോഗ ഭാരവാഹികൾ എന്നവർ നേതൃത്വം നൽകും.