പി.എസ്. പ്രശാന്ത്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ എസ്ഐടി കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാവിലെ അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത പ്രശാന്തിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് എസ്ഐടി പറഞ്ഞു. താൻ ഏത് നിമിഷവും അറസ്റ്റിലാകുമെന്ന് പറഞ്ഞ് പ്രശാന്ത് ഇന്ന് രാവിലെ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.
ഇതിനു പിന്നാലെ എസ്ഐടി സംഘം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളികൾ 2025 ൽ ചട്ടം ലംഘിച്ച് ചെന്നെയിലേക്കു കൊണ്ടുപോയതിൽ പി.എസ്.പ്രശാന്ത് അടക്കം ഏഴു പേർക്ക് പങ്കുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞമാസം ഹൈക്കോടതിയെ അറിയിച്ചിരുന്നു.
2019 ലെ സ്വർണക്കവർച്ചയും ക്രമക്കേടും മറയ്ക്കാനാണ് 2025 ൽ പാളികൾ ചെന്നൈയിലെത്തിച്ചു സ്വർണം പൂശിയതെന്നാണു കണ്ടെത്തൽ. പ്രശാന്ത് അടക്കമുള്ളവരുടെ പങ്ക് സ്ഥാപിക്കുന്ന ശക്തമായ തെളിവുകൾ കണ്ടെത്തിയെന്ന് എസ്ഐടി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. വിശ്വാസ വഞ്ചനയും ഗൂഢാലോചനയും നടത്തി എന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. അതേസമയം കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് വിവരം.
ദേവസ്വം ബോർഡ് അംഗമായിരുന്ന എ.അജികുമാർ, സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റി, തന്ത്രി കണ്ഠര് രാജീവര്, ശബരിമല എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന മുരാരി ബാബു, തിരുവാഭരണം കമ്മീഷണറായിരുന്ന രജിലാൽ, ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി എന്നിവരാണു കേസിൽ പങ്കുള്ള മറ്റുള്ളവർ.
അതേസമയം താന്‍ യാതൊരു ഗൂഢാലോചനയിലും പങ്കെടുത്തിട്ടില്ലെന്നാണ് പ്രശാന്തിന്റെ വാദം. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിയെ വളരെ കുറച്ച് തവണ മാത്രമാണ് കണ്ടതും ഫോണില്‍ സംസാരിച്ചതും. താന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന കാലത്ത് കേസ് മറച്ചുവെക്കാന്‍ ശ്രമിച്ചിട്ടില്ല. കേസിനെ നിയമപരമായി നേരിടുമെന്നും പി.എസ്. പ്രശാന്ത് പറഞ്ഞിരുന്നു.