പി.എസ്. പ്രശാന്ത് (File photo)
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറസ്റ്റിൽ. ഇന്ന് രാവിലെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നാണ് എസ്ഐടി കസ്റ്റഡിയിലെടുത്തത്. പ്രശാന്തിനെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് എത്തിച്ച് ചോദ്യം ചെയ്തു വരികയാണ്. ചോദ്യം ചെയ്യലിനു ശേഷം കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
2025 ല്‍ ശബരിമലയിലെ ദ്വാരപാലകശില്‍പ്പ പാളികള്‍ ഇളക്കി മാറ്റി ചെന്നൈയിലേക്ക് സ്വര്‍ണം പൂശാന്‍ കൊണ്ട് പോയ കേസിലാണ് പ്രശാന്തിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 2019 ല്‍ ശബരിമലയില്‍ നടന്ന സ്വര്‍ണതട്ടിപ്പ് മറയ്ക്കാന്‍ വേണ്ടിയാണ് പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സംഘം ശ്രമിച്ചതെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍.
ശബരിമലയില്‍ ഹൈക്കോടതി നിയോഗിച്ച സ്പെഷല്‍ കമ്മീഷണറെ അറിയിക്കാതെയും വ്യാജരേഖകള്‍ ചമച്ചുമാണ് സ്വര്‍ണപ്പാളികള്‍ കടത്തിയതെന്നാണ് എസ്ഐടി കണ്ടെത്തിയത്. പ്രശാന്തിനെ കൂടാതെ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം അജികുമാര്‍, മുന്‍ തിരുവാഭരണ കമ്മീഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പങ്കുണ്ടെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു.
ഹൈക്കോടതിയില്‍ എസ്ഐടി നല്കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി നിര്‍ദേശാനുസരണമാണ് പ്രശാന്തിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. മറ്റു ചിലരെ കൂടി വൈകാതെ അന്വേഷണ സംഘം അറസ്റ്റ് ചെയ്യും.
എസ്ഐടി സംഘം പ്രശാന്തിനെ കസ്റ്റഡിയിലെടുക്കാന്‍ എത്തുന്നതിന് മുന്‍പ് ഈ സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നും തന്നെ ഏത് നിമിഷവും അറസ്റ്റ് ചെയ്യാന്‍ നീക്കമുണ്ടെന്നും പ്രശാന്ത് ഫെയ്സ് ബുക്കില്‍ കുറിച്ചിരുന്നു. രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായാണ് തന്നെ പ്രതി ചേര്‍ക്കുന്നതെന്നാണ് പ്രശാന്ത് ആരോപിക്കുന്നത്.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നേരത്തെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ പ്രകാരമാണ് പ്രശാന്തിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. 2025 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടര്‍ച്ചയായാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
Tags : Sabarimala GoldTheftCase PSPrashanth Arrest