പ്രതീകാത്മക ചിത്രം
വാഷിംഗ്ടൺ ഡിസി: മൂന്നുമാസം മുന്പ് വെടിവയ്പിനെത്തുടർന്ന് മാറ്റിവച്ച വൈറ്റ്ഹൗസ് മാധ്യമപ്രവർത്തകരുടെ വാർഷിക യോഗം വെള്ളിയാഴ്ച നടന്നു. പ്രസിഡന്റ് ട്രംപ് മുഖ്യാതിഥിയായി പങ്കെടുത്തു.
ഒരു മണിക്കൂറിലേറെ നീണ്ട പ്രസംഗത്തിൽ തനിക്കിഷ്ടമുള്ള ചില മാധ്യമപ്രവർത്തകരെ പ്രശംസിക്കാനും അല്ലാത്തവരെ പരസ്യമായി അധിക്ഷേപിക്കാനും ട്രംപ് മുതിർന്നു. മുൻ പ്രസിഡന്റ് ബറാക് ഒബാമ, കലിഫോർണിയ ഗവർണർ ഗാവിം ന്യൂസം തുടങ്ങിയവരെയും ട്രംപ് പരിഹസിച്ചു.
മികച്ച മാധ്യമപ്രവർത്തകർക്കുള്ള പുരസ്കാരങ്ങളും ട്രംപ് വിതരണം ചെയ്തു. ഇതിൽ ഭൂരിഭാഗവും ട്രംപിനും അദ്ദേഹത്തിന്റെ സർക്കാരിനും എതിരേയുള്ള റിപ്പോർട്ടുകളുടെ പേരിൽ ലഭിച്ച പുരസ്കാരങ്ങളായിരുന്നു.
വാൾഡോർഫ് അസ്റ്റോറിയ ഹോട്ടലിൽ കനത്ത സുരക്ഷയോടെ ആയിരുന്നു പരിപാടി. അടുത്ത വർഷത്തെ യോഗം പതിവുപോലെ ഹിൽട്ടൺ ഹോട്ടലിൽ നടത്തുമെന്ന് വൈറ്റ്ഹൗസ് മാധ്യപ്രവർത്തക കൂട്ടായ്മ അറിയിച്ചു.
ഹിൽട്ടൻ ഹോട്ടലിൽ ഏപ്രിലിൽ നടന്ന ആദ്യയോഗത്തിൽ വെടിവയ്പുണ്ടായിരുന്നു. ട്രംപ്, പത്നി മെലാനിയ, വൈസ് പ്രസിഡന്റ് വാൻസ് തുടങ്ങിയവരെ ഒഴിപ്പിച്ചുമാറ്റേണ്ടിവന്നു. അക്രമിയെ പിടികൂടാൻ സഹായിച്ച സീക്രട്ട് സർവീസ് ഉദ്യോഗസ്ഥനും ട്രംപ് വെള്ളിയാഴ്ചത്തെ യോഗത്തിൽ അവാർഡ് സമ്മാനിച്ചു.
Tags : Trump WhiteHouse PressConference Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash