ന്യൂഡൽഹി: ലോക്സഭാ എംപി പപ്പു യാദവ് എന്ന രാജേഷ് രഞ്ജന് നേരെ ചെരുപ്പേറ്. വാർത്താ സമ്മേളനം നടത്തുന്നതിനിടെ ആയിരുന്നു സംഭവം. ആക്രമണത്തിന് ശ്രമിച്ച യുപിയിലെ ബുലന്ദ്ഷഹർ സ്വദേശിയായ സുമിത് എന്നയാളെ പപ്പു യാദവും അണികളും ചേർന്ന് കീഴ്പ്പെടുത്തി പോലീസിൽ ഏൽപ്പിച്ചു.
ഇയാളിൽ നിന്ന് ഒരു കത്തിയും പിടിച്ചെടുത്തു. വാർത്താസമ്മേളനത്തിലേക്ക് അതിക്രമിച്ചു കടന്ന് പപ്പു യാദവിന് നേരെ സുമിത് ചെരുപ്പെറിയുകയായിരുന്നു. തന്നെ വധിക്കാൻ ലക്ഷ്യമിട്ടാണ് പ്രതി എത്തിയതെന്ന് പപ്പു യാദവ് ആരോപിച്ചു.
തനിക്കെതിരെ വൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ദിവസേന ചിലർ തനിക്കെതിരെ വധഭീഷണി മുഴക്കുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുൻകൂട്ടി പരാതി നൽകിയിട്ടും ഡൽഹി പോലീസ് തനിക്ക് മതിയായ സുരക്ഷ ഒരുക്കിയില്ലെന്നും പപ്പു യാദവിന് പരാതിയുണ്ട്.