അമല്‍ ജ്യോതി ബിസിനസ് സ്കൂളിന്റെ ഉദ്ഘാടനം മന്ത്രി റോജി എം. ജോണ്‍ നിർവഹിക്കുന്നു.
കാഞ്ഞിരപ്പള്ളി: വ്യവസായവും വിദ്യാഭ്യാസവും ഏകോപിപ്പിച്ച് പോയെങ്കില്‍ മാത്രമേ തൊഴിലില്ലായ്മക്കു പരിഹാരം കാണാന്‍ സാധിക്കുകയുള്ളുവെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍.
കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജ് ഓഫ് എന്‍ജിനിയറിംഗ് സില്‍വര്‍ ജൂബിലി വര്‍ഷത്തില്‍ ആരംഭിച്ച അമല്‍ ജ്യോതി ബിസിനസ് സ്കൂളിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ ഏറ്റവും പൊട്ടന്‍ഷ്യല്‍ ഉള്ള മേഖല വിദ്യാഭ്യാസ മേഖലയാണ്.
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പരമാവധി അക്കാഡമിക് ഓട്ടോണമി ലഭ്യമാക്കി പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കേരളത്തെ ആഗോള വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനായി എയ്ഡഡ്, സ്വാശ്രയ മാനേജ്മെന്റുകള്‍ സര്‍ക്കാരുമായി ഒരുമിച്ച് പ്രവര്‍ത്തിക്കണം.
വിദ്യാര്‍ഥികള്‍ ആഗ്രഹിക്കുന്ന തൊഴിലവസരങ്ങള്‍ ഇവിടെ ലഭിക്കുന്നില്ല. മാറുന്ന തൊഴില്‍ സാഹചര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് പുതിയ കോഴ്സുകള്‍ ഒരുക്കി വിദ്യാര്‍ഥികളെ സജ്ജരാക്കണമെന്നും മന്ത്രി പറഞ്ഞു. കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു.
റോണി കെ. ബേബി എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല, കോളജ് ഗവേണിംഗ് ബോഡി ചെയര്മാന് ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍, ഡയറക് ടര്‍ ഫാ.ഡോ. റോയി പഴയപറമ്പില്‍, അമല്‍ ജ്യോതി ബിസിനസ് സ്കൂള്‍ ഡയറക്ടര്‍ ഡോ. തോമസ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
അന്താരാഷ്ട്ര നിലവാരത്തിലുള്ള മാനേജ്മെന്റ് വിദ്യാഭ്യാസം ലക്ഷ്യമിട്ട് ആരംഭിച്ചിരിക്കുന്ന അമൽ ജ്യോതി ബിസിനസ് സ്കൂളിൽ ഐഐഎം, ഐഐടി ഉൾപ്പെടെയുള്ള രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപന-ഗവേഷണ രംഗത്ത് ദീർഘകാല പ്രവർത്തനപരിചയമുള്ള അധ്യാപകരുടെ നേതൃത്വത്തിലാണ് പഠന പരിശീലന പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
Tags : Amaljyothi BusinessSchool Dedicated Nation Education Learning Teaching School Classroom Students SpecialEducation Literacy Language Study Scholarships Examination RightToEducation