ധന്യൻ മാർ ഈവാനിയോസ്
പത്തനംതിട്ട റാന്നി പെരുന്നാട്ടിൽനിന്ന് ജൂലൈ 10ന് സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവാ ഉദ്ഘാടനം ചെയ്ത തിരുവനന്തപുരം പട്ടത്തുള്ള കബറിങ്കലേക്കുള്ള (ഭാഗ്യങ്ങളുടെ കലവറ) പ്രധാന തീർഥാടന പദയാത്രയും മറ്റു സ്ഥലങ്ങളിൽനിന്നുള്ള തീർഥാടന പദയാത്രകളും പട്ടം കത്തീഡ്രലിൽ പ്രത്യേകം തയാറാക്കിയിരിക്കുന്ന കബറിൽ എത്തിച്ചേർന്നിരിക്കുകയാണ്. ജൂലൈ 15! ഓർമപ്പെരുന്നാളിന്റെ ഏറ്റവും പ്രത്യേകതയുള്ള സമാപനദിനമാണിന്ന്.
ഈ അനുസ്മരണം കേവലം ഒരു ഓർമ പുതുക്കൽ എന്നതിന് ഉപരിയാണ്. ധന്യൻ മാർ ഈവാനിയോസിന്റെ ഒളിമങ്ങാത്ത സഭാ ദർശനം ഇന്നും അനേകായിരങ്ങളെ ത്രസിപ്പിക്കുന്ന അനുഭവമാണ്. സഭയിലെ വൈദിക മേലധ്യക്ഷന്മാരും വൈദികരും സമർപ്പിതരും അല്മായ പ്രേഷിതരും എല്ലാ ജനങ്ങളും ദൈവമക്കൾ എന്ന നിലയിൽ ഒരേ ശരീരത്തിലെ അംഗങ്ങളായി വർത്തിക്കുന്ന പ്രചോദനാത്മകമായ സഭാദർശനം!
ഭിന്നതയിൽനിന്ന് പങ്കാളിത്തത്തിലേക്ക്
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ മലങ്കര സഭ കടുത്ത ആന്തരിക കലഹങ്ങളിലും വ്യവഹാരങ്ങളിലും അകപ്പെട്ടിരുന്ന കാലം. വൈദികരും അല്മായരും ഒരുപോലെ കക്ഷിവഴക്കുകളിൽ മുഴുകി, സഭയുടെ മിഷനറി ചൈതന്യം മങ്ങിപ്പോയ ആ അവസ്ഥ യുവ വൈദികനായിരുന്ന പി.ടി. ഗീവർഗീസ് അച്ചനെ (പിന്നീട് ഗീവർഗീസ് മാർ ഈവാനിയോസ്) അഗാധമായി വേദനിപ്പിച്ചു. കോടതി വ്യവഹാരങ്ങളും ജനക്കൂട്ട സംഘർഷങ്ങളും കണ്ട് കേരളത്തിൽ ക്രിസ്തുമതം സ്ഥാപിച്ചതിന്റെ ദൈവിക ലക്ഷ്യം സാക്ഷാത്കരിക്കാൻ കഴിയുമോ എന്ന് അദ്ദേഹം ആശങ്കപ്പെട്ടു.
ഈ അനുഭവമാണ് സഭയിലെ അല്മായ ശക്തീകരണത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന് അടിത്തറയായത്. കലഹങ്ങളിലും വ്യവഹാരങ്ങളിലും ഊർജം പാഴാക്കുന്നതിനുപകരം സാമൂഹിക സേവനത്തിലൂടെയും അല്മായരെ ആത്മീയമായി നവീകരിച്ച്, വിദ്യാഭ്യാസത്തിലൂടെയും സഭയുടെ ദൗത്യത്തിൽ സജീവ പങ്കാളികളാക്കുകയെന്നതായിരുന്നു വന്ദ്യ പിതാവിന്റെ സ്വപ്നം.
വിദ്യാഭ്യാസത്തിലൂടെ ശക്തീകരണം
മാർ ഈവാനിയോസ് പിതാവിന് സഭാശക്തീകരണം എന്നത് വാക്കുകളിൽ ഒതുങ്ങുന്ന ആശയമായിരുന്നില്ല. അദ്ദേഹം 1919ൽ സ്ഥാപിച്ച ബഥനി ആശ്രമം, സന്യാസജീവിതത്തിന്റെ നവീകരണത്തിനൊപ്പം വിദ്യാഭ്യാസത്തിലൂടെയും സാമൂഹിക പ്രവർത്തനത്തിലൂടെയും സാധാരണക്കാരെ ഉയർത്തിക്കൊണ്ടുവരാനുള്ള ഒരു കേന്ദ്രം കൂടിയായി മാറി. വിദ്യാലയങ്ങളും കലാലയങ്ങളും സ്ഥാപിച്ചുകൊണ്ട്, കേരള സമൂഹത്തിന്റെ വിദ്യാഭ്യാസ-ആരോഗ്യമേഖലകളിൽ ചിരപ്രതിഷ്ഠ നേടിയ ഒരു സ്ഥാപനശൃംഖലയ്ക്ക് അദ്ദേഹം അടിത്തറയിട്ടു. ഇവയെല്ലാം, അല്മായർക്ക് അറിവും ആരോഗ്യവും നൽകി അവരെ സ്വാശ്രയരും സഭയുടെ ദൗത്യത്തിൽ ഉത്തരവാദിത്വമുള്ളവരുമാക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളായിരുന്നു.
1930ൽ കത്തോലിക്കാ സഭയുമായുള്ള പുനരൈക്യത്തിനുശേഷം ഈ കാഴ്ചപ്പാട് കൂടുതൽ വ്യക്തമായി രൂപം കൈക്കൊണ്ടു. പുതുതായി രൂപംകൊണ്ട മലങ്കര കത്തോലിക്കാ സഭയെ കേവലം ഒരു ചെറിയ സമൂഹമായി ഒതുക്കാതെ വൈദികരും സന്യസ്തരും അല്മായരും ഒരുമിച്ചു നിൽക്കുന്ന ഒരു മിഷനറി പ്രസ്ഥാനമായി വളർത്താൻ അദ്ദേഹം യത്നിച്ചു. തിരുവനന്തപുരം അതിരൂപതയുടെ ആദ്യ മെത്രാപ്പോലീത്തയായി സ്ഥാനമേറ്റപ്പോൾ, ‘മെത്രാൻമാരും വൈദികരും അല്മായരും’ ചേർന്ന സഭാസമൂഹത്തിന്റെ മുന്നിൽ വിശ്വാസപ്രമാണം ഏറ്റുപറഞ്ഞ ആ ചരിത്രമുഹൂർത്തം തന്നെ, അല്മായർക്ക് അദ്ദേഹം കൽപിച്ച സ്ഥാനത്തിന്റെ പ്രതീകമാണ്.
ദൗത്യബോധമുള്ള അല്മായ സമൂഹം
മാർത്താണ്ഡത്തും പരിസര പ്രദേശങ്ങളിലും നടത്തിയ സുവിശേഷവേലയിലും യൂറോപ്പിലും അമേരിക്കയിലും ഓസ്ട്രേലിയയിലും നടത്തിയ യാത്രകളിലും മാർ ഈവാനിയോസ് പിതാവ് ഒരു കാര്യം നിരന്തരം ഊന്നിപ്പറഞ്ഞു: സഭയുടെ ഐക്യദൗത്യവും സുവിശേഷവേലയും വൈദികരുടെ മാത്രം ഉത്തരവാദിത്വമല്ല, മറിച്ച് മുഴുവൻ വിശ്വാസിസമൂഹത്തിന്റെയും പങ്കാളിത്തം ആവശ്യപ്പെടുന്ന ഒന്നാണ്.
ഇന്ന് മലങ്കര കത്തോലിക്കാ സഭയിൽ സജീവമായി പ്രവർത്തിക്കുന്ന അല്മായ സംഘടനകൾ മലങ്കര കാത്തലിക് അസോസിയേഷൻ, മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ്, മലങ്കര കാത്തലിക് ചിൽഡ്രൻസ് ലീഗ് തുടങ്ങിയവ ആ ദർശനത്തിന്റെ തുടർച്ചയാണ്. പതിറ്റാണ്ടുകൾക്കിപ്പുറവും, ലക്ഷക്കണക്കിന് അല്മായർ ഈ പ്രസ്ഥാനങ്ങളിലൂടെയും സുവിശേഷ സംഘത്തിലൂടെയും സഭാജീവിതത്തിൽ സജീവ പങ്കാളികളാകുന്നത്, മാർ ഈവാനിയോസ് പിതാവ് വിതച്ച വിത്ത് ഇന്നും തളിർക്കുന്നു എന്നതിന്റെ തെളിവാണ്.
ഇന്നത്തെ കാലത്തിനുള്ള സന്ദേശം
73 വർഷങ്ങൾക്കിപ്പുറം, ഈ ദർശനത്തിന് ഇന്നും ഏറെ പ്രസക്തിയുണ്ട്. വേഗമേറിയ ജീവിതശൈലിയിലും ഡിജിറ്റൽ യുഗത്തിന്റെ വെല്ലുവിളികളിലും അകപ്പെട്ട ഇന്നത്തെ യുവതലമുറയെ സഭാജീവിതത്തിലേക്കും സാമൂഹിക പ്രതിബദ്ധതയിലേക്കും അടുപ്പിക്കുക എന്നത് ഏതൊരു ഇടവക സമൂഹത്തിന്റെയും മുൻഗണനയാകേണ്ടതുണ്ട്.
കേവലം ആരാധനാ പങ്കാളിത്തത്തിൽ ഒതുങ്ങാതെ, വിദ്യാഭ്യാസം, ആരോഗ്യരക്ഷ, ദരിദ്രസേവനം, യുവജനക്ഷേമം എന്നീ മേഖലകളിൽ അല്മായർ നേതൃത്വപരമായ പങ്കുവഹിക്കണമെന്ന മാർ ഈവാനിയോസ് പിതാവിന്റെ കാഴ്ചപ്പാട്, ഇന്നത്തെ ഇടവക, കുടുംബ തലങ്ങളിലും പ്രാവർത്തികമാക്കേണ്ടതാണ്.
പ്രാർഥനയും കൂദാശാജീവിതവും എത്ര പ്രധാനമാണോ അത്രതന്നെ പ്രധാനമാണ് സഭയെ സമൂഹത്തിനു നടുവിൽ പ്രകാശമാക്കി നിർത്തുന്ന അല്മായരുടെ സാക്ഷ്യജീവിതം എന്ന് അദ്ദേഹം വിശ്വസിച്ചു. അല്മായൻ തന്റെ തൊഴിലിടത്തും കുടുംബത്തിലും സമൂഹത്തിലും ക്രിസ്തുവിന്റെ സാക്ഷിയാകണമെന്ന ഈ ബോധ്യമാണ് ഇന്നും മലങ്കര കത്തോലിക്കാ സഭയുടെ അല്മായ പ്രസ്ഥാനങ്ങൾക്ക് ദിശാബോധം നൽകുന്നത്.
ഓർമപ്പെരുന്നാൾ: ഓർമയിൽ നിന്ന് ഉത്തരവാദിത്വത്തിലേക്ക്
പട്ടത്തെ കത്തീഡ്രലിൽ ഈ വർഷത്തെ ഓർമപ്പെരുന്നാൾ ഇന്ന് സമാപിക്കുമ്പോൾ ധന്യൻ മാർ ഈവാനിയോസ് പിതാവിന്റെ കബറിടത്തിനരികിൽ പ്രാർഥനയോടെ നിൽക്കുന്ന ഓരോ അല്മായനും സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്, സഭയുടെ ദൗത്യത്തിൽ ഞാൻ എത്രത്തോളം സജീവ പങ്കാളിയാണ്?
വന്ദ്യ പിതാവിന്റെ ഓർമ കേവലം ചരിത്രാവലോകനമായി ഒതുങ്ങരുത്; അത് ഓരോ അല്മായന്റെയും ഹൃദയത്തിൽ പുതിയൊരു ദൗത്യബോധം ജ്വലിപ്പിക്കുന്ന നിമിഷമാകട്ടെ. ധന്യനായ പിതാവ് വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെടാൻ കാത്തിരിക്കുന്ന ഈ കാലയളവിൽ, അദ്ദേഹത്തിന്റെ സഭാ ദർശനത്തിന്റെ സമഗ്രതയെ വിശേഷവിധിയായി സഭയുടെ കെട്ടുപണിയിലെ അല്മായ സമർപ്പണം ജീവിതത്തിൽ പകർത്തുകയാണ് നമുക്ക് നൽകാവുന്ന ഏറ്റവും ഉചിതമായ ആദരാഞ്ജലി.
(തൃക്കാക്കര ഭാരത മാതാ കോളജ് കംപ്യൂട്ടർ സയൻസ് ഡീൻ ആണ് ലേഖകൻ.)
Tags : MarIvanios Empowerment Metropolitan anniversary Ormaperunal Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews