പ്രതീകാത്മക ചിത്രം
കാലത്തിന്റെ മാറ്റം ഉള്‍ക്കൊണ്ട് യുവത്വത്തിന്റെ കാല്വയ്പിനായി ഒരു ദിനം. ജൂലൈ 15 ലോക യൂത്ത് സ്കില്‍ ഡേ (World Youth Skill Day). തൊഴില്‍, സംരംഭകത്വം എന്നിവയ്ക്കായുള്ള സാങ്കേതിക, തൊഴില്‍, ഡിജിറ്റല്‍ പരിശീലനം പ്രോത്സാഹിപ്പിക്കുന്നതിനായി 2014ല്‍ ഐക്യരാഷ്ട്രസഭയാണ് ജൂലൈ 15 ലോക യുവജന നൈപുണ്യ ദിനമായി പ്രഖ്യാപിച്ചത്.
പതിറ്റാണ്ട് മാത്രം പിന്നിടുമ്പോള്‍ ഈ ദിനത്തിന്റെ പ്രാധാന്യം ഇന്ന് നാം തിരിച്ചറിയുന്നുണ്ട്. ലേബര്‍ മാര്‍ക്കറ്റ്, ദീര്‍ഘകാല കരിയര്‍ സാധ്യത, സാലറി എന്നിവയ്ക്ക് ഇന്ന് ആവശ്യം ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ അല്ലെന്ന് വന്‍കിട സ്ഥാപനങ്ങള്‍ വരെ വ്യക്തമാക്കുന്നു. പരിചയസമ്പത്തുപോലും പിന്നിലാകും വിധം സ്കില്‍ഡ് എംപ്ലോയീസിന് പ്രാധാന്യം വര്‍ധിച്ചു. അഡാപ്റ്റബിലിറ്റി (കാലത്തിനനുസരിച്ച് മാറാനുള്ള മികവ്) ഉള്ളവര്‍ക്ക് മാത്രം മുന്നേറാന്‍ കഴിയുന്ന കാലം.
പഠനം, ജോലി, റിട്ടയര്‍മെന്റ് പരമ്പരാഗത കാഴ്ചപ്പാടിന്റെ കാലം അവസാനിച്ചു. പഠനം, ജോലി, സ്കില്‍ അപ്ഡേഷന്, വ്യത്യസ്ത ജോലികള്‍ ഒന്നിലധികം വരുമാനം എന്ന ലക്ഷ്യത്തിന്റെ കാലമാണ് ഇനിയുള്ളത്. എന്ത് പഠിച്ചു എന്നല്ല, "നിങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ സാധിക്കും' എന്നാണ് ഇന്ന് കമ്പനികള്‍ നോക്കുന്നത്.
എന്തുകൊണ്ട് സ്കില്‍ ഡേ?
യുവാക്കള്‍ക്ക് വ്യക്തിപരമായ വിജയവും സംതൃപ്തിയും കൈവരിക്കാന്‍ സഹായിക്കുന്ന കഴിവുകള്‍ നേടിയെടുക്കാന്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ് വേള്‍ഡ് യൂത്ത് സ്കില്‍ ഡേയുടെ ലക്ഷ്യം. യുവാക്കളില്‍ ജോലിക്കും കരിയര്‍ മുന്നേറ്റത്തിനും തടസമാകുന്ന കഴിവുകളുടെ അഭാവത്തെക്കുറിച്ച് അവബോധം വളര്‍ത്തുക. സ്കില്ലുകള്‍ നേടി മുന്നേറാന്‍ അവര്‍ക്ക് പിന്തുണ നല്‍കുക തുടങ്ങി വലിയ ഉത്തരവാദിത്വം കൂടിയാണ് ഈ ദിനം ഓര്‍മിപ്പിക്കുന്നത്.
തങ്ങളുടെ ഭാവി തൊഴിലിനായുള്ള ശരിയായ വിദ്യാഭ്യാസമോ പരിശീലനമോ നേടാന്‍ യുവാക്കള്‍ക്ക് കഴിയുന്നില്ല എന്നതിലും ആശങ്ക നിലനില്ക്കുന്നു.
ദിനത്തിന്റെ പ്രാധാന്യം
ലോകമെമ്പാടും യുവാക്കളുടെ തൊഴിലില്ലായ്മ പ്രധാന സാമ്പത്തിക, സാമൂഹിക വെല്ലുവിളിയായി തുടരുന്നു. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ (ഐഎല്‍ഒ) ഗ്ലോബല്‍ എംപ്ലോയ്മെന്റ് ട്രെന്‍ഡ്സ് ഫോര്‍ യൂത്ത് 2024 പ്രകാരം ആഗോള യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 2023ല്‍ 13 % ആയി കുറഞ്ഞു.
ഇത് 15 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കും കോവിഡ് മഹാമാരിക്ക് മുമ്പുള്ള 13.8 ശതമാനത്തില്‍ താഴെയുമാണ്. എന്നിരുന്നാലും അറബ് രാജ്യങ്ങള്‍, കിഴക്കന്‍ ഏഷ്യ, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ 2019നെ അപേക്ഷിച്ച് 2023ല്‍ തൊഴിലില്ലായ്മ നിരക്ക് കൂടുതലായിരുന്നു.
നിങ്ങള്‍ക്കറിയാമോ?
15-24നും ഇടയില്‍ പ്രായമുള്ള അഞ്ചില്‍ ഒരാള്‍ തൊഴില്‍ രഹിതനാണ്. വിദ്യാഭ്യാസമോ പരിശീലനമോ നേടാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല.
28.2 % (ഏകദേശം മൂന്നില്‍ ഒന്ന്) യുവതികള്‍ തൊഴിലിലോ വിദ്യാഭ്യാസത്തിലോ പരിശീലനത്തിലോ ഏര്‍പ്പെട്ടിട്ടില്ല. യുവാക്കളില്‍ ഇത് 13.1% ആണ്.
ഉദ്യോഗാര്‍ഥികളുടെ നിലവിലുള്ള സ്കില്ലില്‍ 40 ശതമാനവും തൊഴില്‍ വിപണിയുടെ ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്നില്ല.
സാങ്കേതികവിദ്യയിലുണ്ടാകുന്ന മാറ്റങ്ങള്‍ 2030ഓടെ 22 % തൊഴില്‍ മേഖലയിലും വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും.
86 % വിദ്യാര്‍ഥികളും എഐ അധിഷ്ഠിത തൊഴിലിടത്തിനായി തയാറെടുപ്പ് നടത്തിയിട്ടില്ല.
തൊഴില്‍ വിപണിക്ക് ആവശ്യമായ നൈപുണ്യങ്ങളുടെ അഭാവം മൂലം 70 ശതമാനം യുവാക്കളും പ്രതിസന്ധി നേരിടുന്നു.
2026 @ ലക്ഷ്യം
2026ലെ പ്രമേയം Skill for a shared future എന്നതാണ്. യുവതലമുറയെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, സോഷ്യല്‍- ഇമോഷണല്‍ ഇന്റലിജന്‍സ് തുടങ്ങി ഭാവിക്ക് യോജിക്കുന്ന കഴിവുകള്‍ ഉള്ളവരാക്കുക എന്ന ലക്ഷ്യമാണുള്ളത്. യുവാക്കള്‍ക്ക് എഐയോടും സാങ്കേതിക മാറ്റങ്ങളോടും പൊരുത്തപ്പെടാന്‍ കഴിയുമെന്ന് ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വൈദഗ്ധ്യം (Skill) & പൊരുത്തപ്പെടല്‍(Adaptability)
പ്രഫഷണല്‍ ജീവിതത്തിലും സോഷ്യല്‍ ലൈഫിലും ഒരു വ്യക്തി നേടിയെടുക്കുന്ന അറിവും ആ അറിവിനെ പ്രായോഗികമായി ഉപയോഗിക്കാനുള്ള കഴിവുമാണ് സ്കില്‍. സ്കില്ലുകള്‍ രണ്ടു തരം ഉണ്ട്. ഹാര്‍ഡ് സ്കില്‍, സോഫ്റ്റ് സ്കില്‍. ഒരു പ്രത്യേക ജോലി ചെയ്യാന്‍ ആവശ്യമുള്ള സാങ്കേതിക അറിവ് നേടലാണ് ഹാര്‍ഡ് സ്കില്‍. വ്യക്തിത്വവുമായി ബന്ധപ്പെട്ടതാണ് സോഫ്റ്റ് സ്കില്‍. പ്രഫഷണല്‍- സോഷ്യല്‍ ജീവിതത്തില്‍ അനിവാര്യം. ആശയവിനിമയശേഷി, നേതൃപാടവം, പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള കഴിവ്, സമയവിനിയോഗം തുടങ്ങിയവ.
അഡാപ്റ്റബിലിറ്റി
കാലാനുസൃതമായ മാറ്റം ഉള്‍ക്കൊണ്ട് അതിനൊപ്പം സഞ്ചരിക്കാന്‍ ആവശ്യമായ സ്കില്‍ വളര്‍ത്തിയെടുക്കുന്നതാണ് അഡാപ്റ്റബിലിറ്റി. സ്കില്ലും ക്രിയേറ്റിവിറ്റിയുമാണ് ഇന്നത്തെ പ്രഫഷണലിസം. ദൈനംദിനം അപ്ഡേറ്റ് ചെയ്യുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ഓരോ ഉദ്യോഗാര്ഥിക്കുമുള്ളത്.
സ്കില്‍ അപ്ഡേറ്റ് ചെയ്യുന്നതിലൂടെ കരിയര്‍ ഷിഫ്റ്റ് ഇന്ന് സാധാരണമായി മാറിയിരിക്കുന്നു എന്നതും ശ്രദ്ധേയാണ്. വരും കാലം ഒരേ ഒരു കരിയര്‍ എന്നതിന്റെ അസ്തമയവും എഐ അടക്കമുള്ള കലാനുസൃത മാറ്റത്തിന്റെ വെല്ലുവിളി സ്വീകരിക്കുന്നവരുടെ മുന്നേറ്റവുമുണ്ടാകും.
Tags : Skill Power WorldYouthSkillsDay