അഭിജിത് ദീപ്കെയുടെ അമ്മ അനിത ദീപ്കെ
മുംബൈ: പാറ്റ പ്രക്ഷോഭത്തിൽ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ വീണതിന്റെ ആഹ്ലാദം ആഘോഷമാക്കുകയാണ് രാജ്യത്തെ ജെൻസികൾ. എന്നാൽ, പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ പാറ്റ പ്രധാനി അഭിജിത് ദീപ്കെയുടെ വീട്ടിൽ മാതാപിതാക്കൾ ആശ്വാസത്തണലിലാണ്.
പ്രക്ഷോഭത്തിന്റെ മുന്നണിയിലേക്കു മകൻ പോയപ്പോൾ മുതൽ ദീപ്കെയുടെ മാതാപിതാക്കൾ ആശങ്കയിലായിരുന്നു. മകന് അപകടമൊന്നും സംഭവിക്കരുതേ എന്ന പ്രാർഥനയിലായിരുന്നു കുടുംബം. ഉടനെ വീട്ടിലേക്ക് മടങ്ങിയെത്താൻ മകനോട് ആവശ്യപ്പെടുമെന്ന് അമ്മ അനിത ദീപ്കെ കണ്ണീരോടെ പറഞ്ഞു;
"അവൻ എത്തിയില്ലെങ്കിൽ ഞങ്ങൾപോയി അവനെ കൊണ്ടുവരും. അവന് ആരതി ഉഴിയും. അവന്റെ സത്യസന്ധത വിജയിച്ചു. താൻ അങ്ങേയറ്റം ആഹ്ലാദവതിയാണ്’’-അനിത പറഞ്ഞു. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ വീട്ടിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. നീറ്റ് ചോദ്യപേപ്പർ വിഷയത്തിൽ സമരം പ്രഖ്യാപിച്ചാണ് അഭിജിത് വിദേശത്തുനിന്ന് ഇന്ത്യയിലെത്തിയത്.
ജന്തർ മന്തറിൽ പ്രക്ഷോഭം ആരംഭിച്ചതു മുതൽ തനിക്ക് ഉറങ്ങാൻ സാധിച്ചിട്ടില്ലെന്നും ആശങ്കയിലായിരുന്നെന്നും അനിത പറയുന്നു. എല്ലാ സമയത്തും ഭയമായിരുന്നു, ഉറക്കമില്ലാത്ത രാത്രികളായിരുന്നു. വിഷമിപ്പിക്കുന്ന വീഡിയോ കാണുമോയെന്ന് ഭയന്ന് എല്ലാ ദിവസവും രാവിലെ ഫോണിലേക്ക് നോക്കാൻ പോലും ഭയപ്പെട്ടു. അവൻ സുരക്ഷിതനാണോയെന്നറിയാൻ അവന്റെ സുഹൃത്തുക്കളെ വിളിക്കും- അനിത പറഞ്ഞു.
ധർമേന്ദ്ര പ്രധാന്റെ രാജിയെ യുവാക്കളുടെ വിജയമെന്നു വിശേഷിപ്പിച്ച അനിത ആയിരക്കണക്കിന് യുവാക്കൾ സമരം വിജയിപ്പിക്കാൻ അക്ഷീണം പ്രയത്നിച്ചതായി പറഞ്ഞു. മകൻ സിജെപി രൂപവത്കരിച്ചതുമുതൽ കുടുംബം ഭയത്തിലായിരുന്നെന്ന് അഭിജിത്തിന്റെ അച്ഛൻ ഭഗവൻറാവു ദീപ്കെ പറഞ്ഞു.
അവൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയപ്പോൾ ഞങ്ങൾ എല്ലാവരും ആശങ്കയിലായിരുന്നു. അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഭയന്ന് അമേരിക്കയിൽനിന്ന് ഇന്ത്യയിലേക്കു വരരുതെന്ന് അവനോട് അഭ്യർഥിച്ചിരുന്നു.
ആദ്യ ദിവസങ്ങളിൽ ഞങ്ങൾ വീട് വിട്ട് കൊങ്കണിൽ താമസിച്ചു. ശാരീരിക ഉപദ്രവം ഉണ്ടാകുമെന്ന് ഭീഷണികളുണ്ടായിരുന്നു. പ്രക്ഷോഭത്തിനിടെ രണ്ട് തവണ അവൻ ആക്രമിക്കപ്പെട്ടു- ഭഗവൻറാവു പറഞ്ഞു. അവന്റെ അടുത്ത രാഷ്ട്രീയ നീക്കം എന്താണെന്നറിയില്ല. പക്ഷേ ഞാൻ അവനോടൊപ്പമുണ്ടാകും-ഭഗവൻറാവു പറഞ്ഞു.
Tags : Mom Sleep Youth Won Country Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash