പ്രതീകാത്മക ചിത്രം
തൃശൂർ: വയോധികയെ ആക്രമിച്ച് സ്വർണമാല കവർന്ന സംഭവത്തിൽ അയൽവാസിയായ യുവതി അറസ്റ്റിൽ. ആക്രമണത്തിൽ പരിക്കേറ്റ വയോധികയുടെ അയൽവാസി സരിത (41) ആണ് പിടിയിലായത്. കുന്നംകുളം സ്വദേശി തങ്കമ്മ(80)യുടെ മാലയാണ് കവർന്നത്.
വേഷം മാറിയെത്തിയ സരിത വയോധികയുടെ തല ചുമരിൽ ഇടിച്ച് മാല മോഷ്ടിക്കുകയായിരുന്നു. കവർച്ചയ്ക്ക് ശേഷം ഓടി രക്ഷപ്പെട്ട യുവതി രാത്രി വീട്ടിലെത്തിയിരുന്നു. വീട്ടിൽ നിന്നാണ് യുവതിയെ പിടികൂടിയത്.
സാമ്പത്തിക ബുദ്ധിമുട്ടു കാരണമാണ് മാല മോഷ്ടിക്കാൻ ശ്രമിച്ചതെന്നും ആളെ തിരിച്ചറിയാതിരിക്കാനാണ് വേഷം മാറിയതെന്നും യുവതി പോലീസിനോട് പറഞ്ഞു. പിടിവലിയിൽ പൊട്ടിയ മാലയുടെ ഭാഗങ്ങൾ പോലീസ് കണ്ടെടുത്തു.
കഴിഞ്ഞ ദിവസം വൈകിട്ട് നാലോടെ ആയിരുന്നു സംഭവം. തലയ്ക്ക് പരിക്കേറ്റ തങ്കമണിയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.