പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ബോർഡ്, കോർപറേഷൻ പുനഃസംഘടന ചർച്ച ചെയ്യാൻ യുഡിഎഫ് ഏകോപന സമിതി യോഗം 30ന് രാവിലെ 11നു ചേരും. വി.ഡി. സതീശൻ സർക്കാർ അധികാരമേറ്റ ശേഷമുള്ള യുഡിഎഫ് ഏകോപനസമിതിയുടെ ആദ്യ യോഗമാണ് ചേരുന്നത്.
ഘടകകക്ഷികളുമായി ആലോചിച്ച് ബോർഡ്-കോർപറേഷൻ സ്ഥാനങ്ങളുടെ വിഭജനം സംബന്ധിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്ന് യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ് പറഞ്ഞു. ഘടകകക്ഷികൾക്ക് ആവശ്യം ഉന്നയിക്കാൻ അവകാശമുണ്ട്.
ഓരോ പാർട്ടിക്കും എന്തൊക്കെ നൽകുമെന്നതു ചർച്ച ചെയ്യും. പിന്നീട് അതാത് പാർട്ടികളാണ് ചെയർമാനെയും അംഗങ്ങളെയും തീരുമാനിക്കുന്നത്.
എല്ലാ ഘടകകക്ഷികളുടെയും ആവശ്യങ്ങളും വികാരങ്ങളും പരിഗണിച്ച് എല്ലാവരെയും കൂട്ടിയിണക്കി മുന്നോട്ടു പോകും. മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ചുമതലയേറ്റശേഷം മുന്നണി യോഗം വിളിച്ചുചേർക്കാൻ വൈകിയെന്ന വിമർശനം അടൂർ പ്രകാശ് തള്ളി.
ബജറ്റ് സമ്മേളനവും തുടർന്നുള്ള പാർലമെന്റ് സമ്മേളനവുമായി ബന്ധപ്പെട്ട തിരക്കുകളാണ് യോഗം വൈകാൻ കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. ചെയർമാന്റെയും ഘടകകക്ഷി നേതാക്കളുടെയും സൗകര്യംകൂടി പരിഗണിച്ചാണ് തീയതി നിശ്ചയിച്ചത്.
ബോർഡ്, കോർപറേഷൻ സ്ഥാനങ്ങളുടെ വീതംവയ്പ് മുൻകാലങ്ങളിലെ രീതിയിൽ തുടരില്ലെന്നും ആവശ്യമായ മാറ്റങ്ങളോടെ പുനഃസംഘടന നടത്തുകയാണ് ലക്ഷ്യം.
Tags : Board Corporation Division UDF Meeting Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash