തിരുവനന്തപുരം: രാഹുല്‍ ഈശ്വര്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് ആരോപിച്ച് അതിജീവിത പോലീസിൽ പരാതി നൽകി. സാമൂഹികമാധ്യമത്തിലൂടെ വീണ്ടും വീഡിയോ പങ്കുവെച്ച് അധിക്ഷേപിച്ചെന്നാണ് പരാതി.
രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ആദ്യത്തെ പീഡന കേസിലെ പരാതിക്കാരിയാണ് രാഹുല്‍ ഈശ്വറിന് എതിരെ പരാതി നല്‍കിയത്. പ്രത്യേക അന്വേഷണസംഘം മേധാവി പൂങ്കുഴലിക്ക് നൽകിയ പരാതി തിരുവനന്തപുരം സിറ്റി സൈബർ പോലീസിന് കൈമാറി.
രാഹുൽ ജാമ്യവ്യവസ്ഥ ലംഘിച്ചോയെന്ന് പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പരാതി നൽകിയ യുവതിയെ വീഡിയോയിലൂടെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വർ റിമാൻഡിലായിരുന്നു. 16 ദിവസത്തിനു ശേഷമായിരുന്നു ജാമ്യം ലഭിച്ചത്.
പരാതിക്കാരിയെ അധിക്ഷേപിക്കരുത് എന്നതടക്കമുള്ള വ്യവസ്ഥകളോടെയായിരുന്നു കോടതി രാഹുലിന് ജാമ്യം അനുവദിച്ചിരുന്നത്. തന്റെ കുടുംബം തകർത്തത് രാഹുൽ മാങ്കൂട്ടത്തിലാണെന്ന് പറഞ്ഞ് അതിജീവിതയുടെ ഭർത്താവ് കഴിഞ്ഞ ദിവസം പോലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് രാഹുൽ ഈശ്വർ പുതിയ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. അതിജീവിതയുടേത് വ്യാജ പരാതിയാണെന്നത് അടക്കമുള്ള കാര്യങ്ങളാണ് വീഡിയോയിൽ പറഞ്ഞിരുന്നത്. ഇതോടെയാണ് അതിജീവിത രാഹുൽ ഈശ്വറിനെതിരേ പുതിയ പരാതി നൽകിയത്.