കോഴിക്കോട്: പുനർജനി പദ്ധതിയിലെ ക്രമക്കേട് അന്വേഷിക്കാൻ സിബിഐ അന്വേഷണത്തിന് ശിപാർശ ചെയ്ത വിജിലൻസിന്റെ നടപടിയെ കുറിച്ച് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേസ് നിയമപരമായി നിലനിൽക്കില്ലെന്നും വിജിലൻസ് തന്നെ കേസ് അവസാനിപ്പിച്ചതാണെന്നും സതീശൻ പറഞ്ഞു. ഇനി സിബിഐ അന്വേഷണം നടത്തുകയാണെങ്കിലും തനിക്ക് ഭയമില്ലെന്നും സതീശൻ പറഞ്ഞു.
"കേസ് നിലനിൽക്കില്ല. വിജിലൻസിനും അത് അറിയാം. എനിക്ക് അനുകൂലമായുള്ള തെളിവുകൾ കൈയിലുണ്ട്. ഇനി സിബിഐ അല്ല ആര് വന്നാലും ഒന്നുമില്ല. ഏത് അന്വേഷണത്തെയും നേരിടാൻ തയാറാണ്.'- സതീശൻ പറഞ്ഞു.
ഇപ്പോൾ നടക്കുന്നതെല്ലാം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും സതീശൻ പറഞ്ഞു. ഒരു വർഷം മുമ്പത്തെ കാര്യം ഇപ്പോൾ പുറത്തുവന്നത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നും കേരളത്തിന്റെ പ്രതിപക്ഷ നേതാവിനെതിരെ ഒരു കേസ് ഇരിക്കട്ടെയെന്ന് സർക്കാർ തീരുമാനിച്ചതിന്റെ തുടർച്ചയായിട്ടാണ് ഈ നടപടിയെന്നും സതീശൻ പറഞ്ഞു.
പുനർജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിലെ ക്രമക്കേടിൽ വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണം നടത്തണമെന്നാണ് വിജിലൻസ് ശിപാർശ ചെയ്തത്. വിജിലൻസിന്റെ ശിപാർശ അടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി.
ഒരു വർഷം മുമ്പ് മുൻ ഡയറക്ടർ യോഗേഷ് ഗുപ്തയാണ് ശിപാർശ ചെയ്തത്. എഫ്സിആർഎ നിയമത്തിന്റെ ലംഘനം, സ്വകാര്യ സന്ദർശനത്തിനായി കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി നേടിയ ശേഷം വിദേശത്ത് പോയി ഫണ്ട് സ്വരൂപിച്ചതും അത് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതിലെ നിയമലംഘനം എന്നിവ ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണത്തിന്റെ ആവശ്യകതയിലേക്ക് വിജിലൻസ് ശിപാർശ ചെയ്തിരിക്കുന്നത്.
എഫ്സിആർഎ നിയമം, 2010ലെ സെക്ഷൻ 3 (2) (എ) പ്രകാരം സിബിഐ അന്വേഷണം നടത്തണമെന്നാണ് പറയുന്നത്. അതോടൊപ്പം കേരള നിയമസഭയുടെ റൂൾ ഓഫ് പ്രൊസീജിയേഴ്സിലെ അനുബന്ധം 2ലെ റൂൾ 41 പ്രകാരം നിയമസഭാ സാമാജികൻ എന്ന തരത്തിൽ നടത്തിയ നിയമലംഘനത്തിന് സ്പീക്കർ നടപടി സ്വീകരിക്കണമെന്നും വിജിലൻസ് ശിപാർശ ചെയ്തിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണത്തിന് ശിപാർശ ചെയ്ത് വിജിലൻസ്
Tags : vd satheesan punarjani case vigilance recommendation cbi investigation