Kerala
കൊച്ചി: മുണ്ടംവേലി ഫ്ളാറ്റ് നിർമാണത്തിലെ ക്രമക്കേടിൽ വിജിലൻസ് അന്വേഷണം ഉടൻ ആരംഭിക്കും. ഇതുസംബന്ധിച്ച് വിജിലൻസ് സംഘം കഴിഞ്ഞദിവസം പ്രാഥമിക യോഗം ചേർന്നു.
വിജിലൻസ് ഉദ്യോഗസ്ഥർ തിങ്കളാഴ്ച സർക്കാർ എൻജിനീയർമാർക്കൊപ്പം എത്തി ഫ്ളാറ്റ് സന്ദർശിക്കും. ഇതിനുശേഷമായിരിക്കും വിജിലൻസിന്റെ പ്രാഥമിക അന്വേഷണം ആരംഭിക്കുക. കരാറുകാരായ ടിഡിഎൽസിയിൽനിന്നും ജിസിഡിഎയിൽനിന്നും വിജിലൻസ് രേഖകൾ തേടും.
മുണ്ടംവേലി ഫ്ളാറ്റ് നിർമാണ അപാതകളുമായി ബന്ധപ്പെട്ട് സർക്കാർ നേരത്തേ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കൊച്ചി വിജിലൻസ് യൂണിറ്റിനാണ് അന്വേഷണച്ചുമതല. അതിനിടെ, പട്ടയം നൽകിയുള്ള പുനരവധിവാസം ആവശ്യപ്പെട്ട് മുണ്ടംവേലി ഫ്ളാറ്റിലെ താമസക്കാർ മുഖ്യമന്ത്രിയെ കാണും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനഃരന്വേഷണം. സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറി ആയിരിക്കെ നടന്ന കെഎസ്ടിപി അഴിമതിയിലാണ് വിജിലൻസ് പുനഃരന്വേഷണത്തിനൊരുങ്ങുന്നത്.
ഇതുകൂടാതെ കരാർ ഏറ്റെടുത്ത പതിബെൽ കമ്പനി എഞ്ചിനീയറുടെ ആത്മഹത്യയിലും അന്വേഷണം പ്രഖ്യാപിച്ചു. എഞ്ചിനീയറുടെ ആത്മഹത്യാ കുറിപ്പിലുള്ള പരാമർശമാണ് ഗ്യാനേഷ്കുമാറിനെതിരായ അന്വേഷണത്തിന് അടിസ്ഥാനം.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് ഉത്തരവിടാൻ നിർദേശം നൽകിയതായാണ് റിപ്പോർട്ടുകൾ. കോൺഗ്രസ് നേതാവ് മലയിൻകീഴ് വേണുഗോപാലിന്റെ പരാതിയിലാണ് ആഭ്യന്തര വകുപ്പിന്റെ നടപടി. തെരഞ്ഞെടുപ്പ് അട്ടിമറിയിൽ ഗ്യാനേഷിനെതിരെയുള്ള ദേശീയ തലത്തിലെ പ്രതിഷേധത്തിനിടെയാണ് പുതിയ നീക്കം.
Kerala
മലപ്പുറം: പരപ്പനങ്ങാടിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത് ഇൻസ്പെക്ടർ പിടിയിൽ. പ്രവാസി യുവതിയിൽനിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയ ഹെൽത്ത് ഇൻസ്പെക്ടർ തിരുവനന്തപുരം കാട്ടാക്കട സ്വദേശി എസ്. ശ്രീജിയാണ് അറസ്റ്റിലായത്.
വിജിലൻസാണ് ശ്രീജിയെ അറസ്റ്റ് ചെയ്തത്. പ്രവാസി യുവതി ആരംഭിച്ച പുതിയ ഹോട്ടലിനും ജ്യൂസ് കടയ്ക്കും ലൈസൻസ് അനുവദിക്കുന്നതിനാണ് ഹെൽത്ത് ഇൻസ്പെക്ടർ കൈക്കൂലി ആവശ്യപ്പെട്ടത്. യുവതി നേരത്തേ ലൈസൻസിനായി കെ-സ്മാർട്ട് വഴി അപേക്ഷ നൽകിയിട്ടും രേഖകൾ കൃത്യമല്ലെന്ന് പറഞ്ഞ് മടക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ലൈസൻസിനായി കൈക്കൂലി ആവശ്യപ്പെട്ടത്.
ഇതോടെ യുവതി വിജിലൻസിനെ വിവരമറിയിച്ചു. വിജിലൻസ് നിർദേശപ്രകാരം പരാതിക്കാരി കൈക്കൂലി നൽകാമെന്ന് പറഞ്ഞു. തുടർന്ന് പരപ്പനങ്ങാടിയിലെ താമസസ്ഥലത്തുവച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഹെൽത്ത് ഇൻസ്പെക്ടർ പിടിയിലായത്.
Kerala
കൊച്ചി: അനധികൃത പണപ്പിരിവും ക്രമക്കേടുമെന്ന പരാതിയിൽ കൊച്ചിയിലെ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ ഓഫീസിലും വീടുകളിലും വിജിലൻസിന്റെ മിന്നൽ പരിശോധന. ജോയിന്റ് കമ്മീഷണർ പ്രജനി രാജന്റെ പച്ചാളം ഇരട്ടക്കുളങ്ങരയിലെ വീടുകളിലും തേവരയിലെ ഓഫീസിലും നടത്തിയ പരിശോധനയിൽ കണക്കിൽപെടാത്ത പണവും ഡോളറും പിടിച്ചെടുത്തു.
കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപയും 788 യുഎസ് ഡോളറും പിടിച്ചെടുത്തതായി വിജിലൻസ് അറിയിച്ചു. പിടിച്ചെടുത്ത വിദേശനാണ്യത്തിന് ഇന്ത്യൻ രൂപയിൽ ഏകദേശം 75,000 രൂപ മൂല്യമുണ്ടെന്നും വിജിലൻസ് വ്യക്തമാക്കി. ശനിയാഴ്ച രാവിലെ 7.45ഓടെ ആരംഭിച്ച പരിശോധന രാത്രി ഒമ്പതോടെയാണ് പൂർത്തിയായത്.
ഉദ്യോഗസ്ഥയ്ക്കെതിരെ നേരത്തെ തന്നെ വിജിലൻസിന് നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിന് പിന്നാലെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽനിന്ന് വാറന്റ് വാങ്ങിയാണ് പരിശോധന നടത്തിയത്. കൊച്ചി നഗരത്തിലെ ചില ബാർ ഹോട്ടലുകളുമായി ബന്ധപ്പെട്ട ജിഎസ്ടി ഇടപാടുകളിൽ ഗുരുതര ക്രമക്കേടുകൾ നടക്കുന്നതായ വിവരങ്ങളും വിജിലൻസിന് ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥ വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. 2014 മുതൽ 2024 വരെയുള്ള പത്ത് വർഷത്തിനിടെ രണ്ടേമുക്കാൽ കോടിയോളം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായി വിജിലൻസിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നുവെന്നാണ് വിവരം. ഈ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിലാണ് വിശദമായ പരിശോധനയ്ക്കായി വിജിലൻസ് കോടതി വാറന്റ് അനുവദിച്ചത്.
Kerala
തിരുവനന്തപുരം: വിജിലന്സ് അന്വേഷണത്തില് നേരിട്ടുകൊണ്ടിരിക്കുന്ന കാലതാമസത്തിന് ഒരു പരിധിവരെ പരിഹാരമാകുന്നു. അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കേസുകളുടെയും അവയിന്മേലുള്ള അന്വേഷണങ്ങളുടെയും വിവരങ്ങള് ഇനിമുതല് ഡിജിറ്റല് ഡേറ്റാ രൂപത്തില് ലഭിക്കും.
വിജിലന്സ് ആൻഡ് ആന്റികറപ്ഷന് ബ്യൂറോയുടെ നവീകരിച്ച ഡിജിറ്റല് പ്ലാറ്റ്ഫോമായ വിഎസിബി സ്യൂട്ട് 3.0 ആണ് സംസ്ഥാന വിജിലന്സിനെ ഹൈടെക് ആക്കി മാറ്റിയിരിക്കുന്നത്. വിഎസിബി സ്യൂട്ട് 3.0 യുടെ ഉദ്ഘാടനം ആഭ്യന്തര വിജിലന്സ് മന്ത്രി രമേശ് ചെന്നിത്തല നിര്വഹിച്ചു.
വിജിലന്സ് കേസുകളുടെ അന്വേഷണത്തിനും ഏകോപനത്തിനും വേണ്ടിയുള്ള ഒരു സംയോജിത ഡിജിറ്റല് പ്ലാറ്റ്ഫോമാണ് വിഎസിബി സ്യൂട്ട് 3.0 എന്ന് മന്ത്രി അറിയിച്ചു. രേഖകളുടെ മികച്ച പരിശോധനാ സംവിധാനം, ഡേറ്റാ സുരക്ഷിതത്വം, നിര്വഹണവേഗം, ഉദ്യോഗസ്ഥ തലത്തിലുള്ള കാര്യക്ഷമമായ മേല്നോട്ടം തുടങ്ങിയവയാണു പുതിയ സംവിധാനത്തിന്റെ സവിശേഷതകള്. പൂര്ണമായും ബ്യൂറോയിലെതന്നെ സാങ്കേതിക വിദഗ്ധരാണ് ഇത് വികസിപ്പിച്ചെടുത്തത് എന്ന സവിശേഷതയും ഉണ്ട്.
വിഎസിബി സ്യൂട്ട് 3.0 യുടെ ഉപയോഗത്തിനായുള്ള മാനുവലിന്റെ പ്രകാശനം, പുതുതായി രൂപകല്പന ചെയ്ത യൂണിഫോമിന്റെ വിതരണം എന്നിവയും ആഭ്യന്തരമന്ത്രി നിര്വഹിച്ചു. രാഷ്ട്രപതിയുടെ പുരസ്കാരങ്ങള് നേടിയ വിജിലന്സ് ഉദ്യോഗസ്ഥര് അടക്കമുള്ളവര്ക്കുള്ള ബാഡ്ജ് ഓഫ് ഹോണറിന്റെ വിതരണവും അദ്ദേഹം നിര്വഹിച്ചു.
തൈക്കാട് പൊലിസ് ട്രെയിനിംഗ് കോളജിലെ മൈന്ഡ് ഓഡിറ്റോറിയത്തില് നടന്ന ചടങ്ങില് സംസ്ഥാന പൊലിസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര് അധ്യക്ഷത വഹിച്ചു.
ഡിജിപിയും വിജിലന്സ് ആൻഡ് ആന്റി കറപ്ഷന് ബ്യൂറോ ഡയറക്ടറുമായ മനോജ് ഏബ്രഹാം, ആഭ്യന്തരവകുപ്പ് ഉപദേഷ്ടാവ് എ. ഹേമചന്ദ്രന്, വിജിലന്സ് ആൻഡ് ആന്റി കറപ്ഷന് ബ്യൂറോ ആസ്ഥാനത്തെ എസ്പി എസ്.ആര് ജ്യോതിഷ് കുമാര്, വിജിലന്സ് ഇന്റലിജന്സ് എസ്പി ഉജ്വല് കുമാര് തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: കെഎസ്ഇബിഎല് കൊല്ലം ആന്റി പവര് തെഫ്റ്റ് സ്ക്വാഡിന്റെ നേതൃത്വത്തില് എറണാകുളം ജില്ലയില് നടത്തിയ സ്പെഷല് ഡ്രൈവ് പരിശോധനകളില് ഗുരുതരമായ വൈദ്യുതി ക്രമക്കേടുകള് കണ്ടെത്തി. 3.14 കോടിയുടെ വൈദ്യുതി ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്.
മരട് ഇലക്ട്രിക്കല് സെക്ഷന്റെ കീഴില് 50 കിലോവാട്ട് കണക്ടഡ് ലോഡിന്റെ അനുമതി മാത്രമുണ്ടായിരുന്ന ഒരു എച്ച്ടി ഉപയോക്താവിന്റെ കണക്ഷനില് 260 കിലോവാട്ട് അനധികൃത ലോഡ് ഘടിപ്പിച്ച് ഉപയോഗിക്കുന്നതായി കണ്ടെത്തി.
കൂടാതെ, കളമശേരി സെക്ഷന് പരിധിയില് വ്യാവസായിക ആവശ്യത്തിനുള്ള 450 കിലോവാട്ട് കണക്ടഡ് ലോഡ് അനുമതിയുള്ള കണക്ഷനില് 850 കിലോവാട്ട് അധികലോഡ് സ്ഥാപിച്ച് പ്രവൃത്തിക്കുന്നതായും കണ്ടെത്തി.
Kerala
കൊല്ലം: ഭൂമി പോക്കുവരവ് ചെയ്യുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടയിൽ പുത്തൂർ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിൽ. അഭിലാഷ് ആനന്ദാണ് വിജിലൻസിന്റെ പിടിയിലായത്.
പുത്തൂർ സ്വദേശിയായ പരാതിക്കാരനിൽ നിന്നാണ് ഇയാൾ 5000 രൂപ കൈക്കൂലി വാങ്ങിയത്. കഴിഞ്ഞ മേയിലാണ് പരാതിക്കാരൻ ഭൂമി പോക്കുവരവിനായി അപേക്ഷ നൽകിയത്. തുടർന്ന് വില്ലേജ് ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലം നേരിട്ടെത്തി പരിശോധിക്കുകയും ആവശ്യമായ രേഖകൾ പരാതിക്കാരൻ ഹാജരാക്കുകയും ചെയ്തിരുന്നു.
എന്നാൽ പുതുതായി എത്തിയ വില്ലേജ് ഓഫീസർ അഭിലാഷ് ആനന്ദ് ഭൂമി വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഈ പരിശോധനയ്ക്കുശേഷമാണ് കൈക്കൂലിയായി 5000 രൂപ ആവശ്യപ്പെട്ടത്. തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ വിവരം അറിയിക്കുകയായിരുന്നു.
Kerala
പുത്തൂർ: കൊല്ലത്ത് ഭൂമി പോക്കുവരവ് ചെയ്യാൻ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസർ വിജിലൻസ് പിടിയിൽ. പുത്തൂർ വില്ലേജ് ഓഫിസർ അഭിലാഷ് ആനന്ദ് ആണ് പിടിയിലായത്. 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അഭിലാഷ് ആനന്ദിനെ വിജിലൻസ് കസ്റ്റഡിയിലെടുത്തത്.
പുത്തൂർ സ്വദേശിയായ പരാതിക്കാരന്റെ മാതാപിതാക്കളുടെ പേരിലുള്ള 52 സെന്റ് വസ്തു വിൽപത്ര പ്രകാരം പോക്കുവരവ് ചെയ്ത് നൽകുന്നതിനാണ് അഭിലാഷ് ആനന്ദ് കൈക്കൂലി ആവശ്യപ്പെട്ടത്. ഇതേ തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ സ്പോർട്സ് കൗണ്സിലിലെ അഴിമതികളിൽ അന്വേഷണം തുടങ്ങി വിജിലൻസ്. കൗണ്സിൽ ആസ്ഥാനത്തും ജില്ലാ ഓഫീസുകളിലും വിജിലൻസ് മിന്നൽ പരിശോധന നടത്തുകയാണ്.
ഓപ്പറേഷൻ കളിക്കളം എന്ന പേരിലാണ് പരിശോധന. കായിക താരങ്ങള്ക്കായി വാങ്ങിയ സ്പോർട്സ് കിറ്റുകള് സഹിതം പൂഴ്ത്തി വച്ചിരുന്നു. കഴിഞ്ഞ പത്ത് വർഷം സ്പോർട് കൗണ്സിലിൽ നടന്ന ഇടപാടുകളിലാണ് അന്വേഷണം.
വിവിധ പദ്ധതികള്ക്ക് ചെലവഴിച്ച പണം, യോഗ്യതനേടാത്ത താരങ്ങളെ മത്സരങ്ങളിൽ പങ്കെടുപ്പിച്ചത്, ഭക്ഷണവും സ്റ്റൈപ്പന്റും നൽകുന്നതിലെ വീഴ്ച, വ്യാജ മത്സരഫലങ്ങള് തയ്യാറാക്കൽ, ഹോസ്റ്റൽ നടത്തിപ്പിലെ വീഴ്ച, കൗണ്സിൽ അംഗങ്ങളുടെ യാത്രകള്, സർക്കാർ ഫണ്ട് വകമാറ്റൽ തുടങ്ങിയ ഗുരുതമായ പരാതികൾ വിജിലൻസ് ഡയറക്ടർക്ക് ലഭിച്ചിരുന്നു. കായികമന്ത്രി ഒ.ജെ. ജെനീഷിനെ ലഭിച്ച പരാതികളും വിജലൻസിന് കൈമാറിയിരുന്നു.
Kerala
മൂവാറ്റുപുഴ: കേരഫെഡ്, മിൽമ എന്നിവയുടെ വിദേശ വിപണന, കയറ്റുമതി കരാർ മിഡ്നൈറ്റ് സൺ ഗ്ലോബൽ എന്ന സ്വകാര്യ സ്ഥാപനത്തിനു നൽകിയതിലെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട ഹർജി, വിജിലൻസ് റിപ്പോർട്ട് നൽകാത്തതിനെതുടർന്ന് മാറ്റി.
അഴിമതിയുമായി ബന്ധപ്പെട്ട് പരിശോധനകൾ ആരംഭിച്ചിട്ടുണ്ടെന്ന റിപ്പോർട്ട് വിജിലൻസ് കോടതിയിൽ കഴിഞ്ഞ മാസം ഹാജരാക്കിയിരുന്നു.
പരാതിയിൽ പരിശോധന നടത്തുന്നതിനു വിജിലൻസ് ഡയറക്ടർക്കു ശിപാർശ കൈമാറിയതിന്റെ അടിസ്ഥാനത്തിൽ, തിരുവനന്തപുരത്തെ വിജിലൻസ് യൂണിറ്റ് വിശദമായ പരിശോധന നടത്തിവരികയാണെന്നാണു ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചത്.
തുടർന്നാണ്, പ്രത്യേക അന്വേഷണ യൂണിറ്റ് നടത്തുന്ന പരിശോധനയുടെ പൂർണ റിപ്പോർട്ട് 22നുള്ളിൽ കോടതിയിൽ സമർപ്പിക്കാൻ ജഡ്ജി ജി. രാജേഷ് ഉത്തരവിട്ടത്. എന്നാൽ വിജിലൻസ് ഇന്നലെ റിപ്പോർട്ട് സമർപ്പിക്കാത്തതിനെ തുടർന്ന് കേസ് ഒക്ടോബർ 22 ലേക്കു മാറ്റുകയായിരുന്നു.
Kerala
തിരുവനന്തപുരം: വാഹനാപകട കേസുമായി ബന്ധപ്പെട്ട രേഖകളുടെ പകർപ്പ് നൽകുന്നതിന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയ സീനിയർ സിവിൽ പൊലിസ് ഓഫീസർ വിജിലൻസിന്റെ പിടിയിലായി. നെടുമങ്ങാട് പൊലിസ് സ്റ്റേഷനിലെ ഗ്രേഡ് സിപിഒയും കോലിയക്കോട് കാപ്പിച്ചിറ സ്വദേശിയുമായ ജി.ബി. ബിജുവിനെയാണ് (53) വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
നെടുമങ്ങാട് പനവൂർ സ്വദേശിക്ക് വാഹനാപകടത്തിൽ പരിക്കേറ്റതുമായി ബന്ധപ്പെട്ട് ഈ വർഷം മാർച്ചിലാണ് നെടുമങ്ങാട് പൊലിസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. കേസിന്റെ അന്വേഷണ വേളയിൽ പരിക്കേറ്റയാളെ ബിജു ഫോണിൽ നിരന്തരം ബന്ധപ്പെടുകയും, ഇൻഷുറൻസ് ക്ലെയിം ലഭിക്കണമെങ്കിൽ താൻ നിർദ്ദേശിക്കുന്ന അഭിഭാഷകന് കേസ് ഏൽപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പരാതിക്കാരൻ ഇതിന് തയാറായിരുന്നില്ല. തുടർന്ന് പരാതിക്കാരൻ മറ്റൊരു അഭിഭാഷകനെ വക്കാലത്ത് ഏൽപ്പിക്കുകയായിരുന്നു.
കേസ് രേഖകളുടെ പകർപ്പുകൾ നൽകുന്നതിനായി ബിജു പുതിയ അഭിഭാഷകനെ ഫോണിൽ വിളിച്ച് ഇരുപതിനായിരം രൂപ ആവശ്യപ്പെടുകയായിരുന്നു. ഇത്രയും വലിയ തുക കൈവശമില്ലെന്ന് അഭിഭാഷകൻ അറിയിച്ചതിനെ തുടർന്ന്, ഒരു ഫയലിന്റെ ആദ്യ ഗഡുവായി പതിനായിരം രൂപ വെള്ളിയാഴ്ച നൽകണമെന്ന് ബിജു നിർദ്ദേശിച്ചു.
ഇതുസംബന്ധിച്ച് അഭിഭാഷകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം കൃത്യമായ നിരീക്ഷണം ഏർപ്പെടുത്തി. വെള്ളിയാഴ്ച ഉച്ചയോടെ നെടുമങ്ങാട് പൊലിസ് സ്റ്റേഷന് സമീപത്ത് വച്ച് പരാതിക്കാരനിൽ നിന്നും കൈക്കൂലി തുകയായ പതിനായിരം രൂപ വാങ്ങുന്നതിനിടയിലാണ് ബിജു വിജിലൻസ് സംഘത്തിന്റെ പിടിയിലായത്.
Kerala
തിരുവനനന്തപുരം: സിഎംആർഎൽ മാസപ്പടി കേസിൽ ഇഡി, സംസ്ഥാന പോലീസ് മേധാവിക്കു നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മന്ത്രിയും മരുമകനുമായ മുഹമ്മദ് റിയാസിനും എതിരേ കേസെടുത്ത് വിജിലൻസ് അന്വേഷണം നടത്തുമോ എന്ന കാര്യത്തിൽ സർക്കാർ നയം ഇന്നറിയാം. ഇതുസംബന്ധിച്ച നിയമോപദേശത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്നു മടങ്ങിയെത്തിയ ശേഷമാകും തീരുമാനമെടുക്കുക.
നിയമോപദേശം സർക്കാരിനു കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. നിയമോപദേശത്തിൽ പരിശോധന നടന്നുവരികയാണെന്നും ഉടൻ തീരുമാനമുണ്ടാകുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്നലെ മാധ്യമ പ്രവർത്തകരോടു പറഞ്ഞിരുന്നു. ഗുരുതരമായ ക്രമക്കേട് ഇവിടെ നടന്നിരുന്നതായി മുഖ്യമന്ത്രി ഇന്നലെയും ആവർത്തിച്ചിരുന്നു.
നേരത്തേ എജിയുടെ നിയമോപദേശത്തിൽ വിജിലൻസിന്റെ പ്രാഥമികാന്വേഷണമായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ, പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്റെ നിയമോപദേശത്തിൽ പിണറായി വിജയനും മരുമകൻ മുഹമ്മദ് റിയാസിനും എതിരേ കേസെടുത്ത് അന്വേഷണം നടത്താമെന്ന നിയമോപദേശമാണ് ലഭിച്ചതെന്നാണ് സൂചന.
ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും മന്ത്രി രമേശ് ചെന്നിത്തലയും ആലോചിച്ചാകും അന്തിമതീരുമാനമെടുക്കുക. കേസ് രജിസ്റ്റർ ചെയ്ത് വിജിലൻസ് അന്വേഷണം നടത്തുന്നതാണ് യുഡിഎഫിന് രാഷ്്ട്രീയമായി ഗുണം ചെയ്യുകയെന്ന അഭിപ്രായമാണ് ഭൂരിപക്ഷം യുഡിഎഫ് നേതാക്കൾക്കുമുള്ളത്. ഇല്ലെങ്കിൽ പിണറായി വിജയനുമായി രാഷ്ട്രീയ അച്ചുതണ്ട് ഉണ്ടെന്ന വിമർശനമുയരാനുള്ള സാധ്യതയുമുണ്ട്.
ഇഡി നൽകിയ കത്തിൽ പിണറായി വിജയനു കൈക്കൂലി നൽകിയെന്ന സിഎംആർഎൽ ഉദ്യോഗസ്ഥരുടെ മൊഴി ഇന്നലെ പുറത്തു വന്നിരുന്നു. ഇത് ഇഡി ഭീഷണിപ്പെടുത്തി എഴുതിച്ചേർത്തതാണെന്നു കാട്ടി സിഎംആർഎൽ ഉദ്യോഗസ്ഥർ കോടതിയെ സമീപിക്കാനുള്ള ശ്രമവും തുടങ്ങിയിരുന്നു. ഈ മൊഴി അടിസ്ഥാനമാക്കി പിണറായിക്കെതിരേ കേസെടുത്ത് അന്വേഷണം നടത്താമെന്ന നിയമോപദേശമാണ് ഡിജിപി നൽകിയതെന്നാണു വിവരം.
മുഹമ്മദ് റിയാസിന്റെ ഹവാല കടത്തിലെ ഗൂഢാലോചനയുടെ തെളിവുകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ ഉപയോഗിച്ചാണ് ഹവാല പണം വിദേശത്തേക്കു കടത്താൻ ശ്രമിച്ചതെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
District News
തിരുവനന്തപുരം: മേയർ കെയർ പദ്ധതിയിലെ ക്രമക്കേടുകളെക്കുറിച്ച് വിശദമായി വിജിലൻസ് അന്വേഷണം നടത്തണമെന്ന് കോർപറേഷനിലെ എൽഡിഎഫ് കൗണ്സിലറായ എസ്.പി. ദീപക്ക് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഓണക്കിറ്റ് വിതരണം, സ്കൂൾ ബാഗ് വിതരണം തുടങ്ങിയവ പരിശോധിക്കണം. കൗണ്സിലിന്റെ അനുവാദം വാങ്ങാതെയാണ് മേയർ പല കാര്യങ്ങളും ചെയ്യുന്നതെന്നും കോർപറേഷൻ ഇതുവരെ കാണാത്ത അഴിമതിയാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മേയർക്കെതിരെ നിയമപരമായും അല്ലാതെയും സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. മാലിന്യ പ്രശ്നം, തെരുവുനായ ശല്യം , കുടിവെള്ള വിതരണം എല്ലാം അവതാളത്തിലായി. ലൈഫ് പദ്ധതിയിൽ ഒൻപത് മാസത്തിനിടെ ഒരാൾക്കുപോലും വീടുനൽകാൻ സാധിച്ചിട്ടില്ലെന്നും എസ്.പി. ദീപക്ക് ആരോപിച്ചു. വാർത്താസമ്മേളനത്തിൽ കൗണ്സിലർമാരായ ശിവജി, രാഖി, ബാബു എന്നിവർ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: ഇഡിയുടെ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ വിജിലൻസ് എഫ്ഐആർ ഇട്ടുള്ള അന്വേഷണം നടത്തണോ എന്ന കാര്യത്തിൽ സർക്കാരിൽ ആശയക്കുഴപ്പം.
പിണറായി വിജയനെതിരേ വിജിലൻസ് പ്രാഥമിക പരിശോധന നടത്തിയ ശേഷം ആവശ്യമെങ്കിൽ മാത്രം കേസ് രജിസ്റ്റർ ചെയ്തുള്ള അന്വേഷണം മതിയെന്നാണ് ചില മന്ത്രിസഭാംഗങ്ങൾ ഉൾപ്പെടെ മുഖ്യമന്ത്രിയോട് അഭ്യർഥിച്ചതെന്നാണു വിവരം.
കൊച്ചിയിലെ സിഎംആർഎല്ലിൽ നിന്ന് 3.28കോടി കൈക്കൂലി വാങ്ങിയെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന പൊലിസ് മേധാവിക്ക് ഇഡി നൽകിയ 25 പേജുള്ള റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകളും തെളിവുകളുമുണ്ട്.
ഇക്കാര്യത്തിൽ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയിരുന്നു. എന്നാൽ, ഇന്നലെ രാത്രി വരെ നിയമോപദേശം ലഭിച്ചിട്ടില്ലെന്നാണു വിവരം. ഇഡിയുടെ റിപ്പോർട്ട് വിജിലൻസിന് കൈമാറുന്നതും ആലോചനയുണ്ട്.
എന്നാൽ, എജിയുടെ നിയമോപദേശം ഇക്കാര്യത്തിൽ അടക്കം നിർണായകമാകും. ഇഡിയുടെ റിപ്പോർട്ട് മാത്രം അടിസ്ഥാനമാക്കി കേസും അന്വേഷണവും അസാധ്യമെന്നാണ് ആഭ്യന്തര വകുപ്പ് നിലപാട്.
District News
കൊട്ടിയം : ക്ഷയരോഗ നിവാരണ രംഗത്ത് ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്, കേന്ദ്ര-സംസ്ഥാന സര്ക്കാരുകള്, വിവിധ ഏജന്സികള് എന്നിവയുടെ ഏകോപിത പ്രവര്ത്തനങ്ങളിലൂടെ കേരളം ശ്രദ്ധേയമായ നേട്ടങ്ങള് കൈവരിച്ചതായി മന്ത്രി ബിന്ദു കൃഷ്ണ. ജില്ലയിലെ ‘ക്ഷയരോഗമുക്ത പഞ്ചായത്ത്' പുരസ്കാര വിതരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഒരു കാലത്ത് സമൂഹത്തെ ഭീതിയിലാഴ്ത്തിയതായിരുന്നു ക്ഷയരോഗം. രോഗബാധിതരെ നേരത്തെ കണ്ടെത്തുക, കൃത്യമായ ചികിത്സയും പരിചരണവും ഉറപ്പാക്കുക, പൊതുജന ബോധവത്കരണം ശക്തമാക്കുക തുടങ്ങിയ പ്രവര്ത്തനങ്ങളാണ് നിര്ണായകമായതെന്ന് മന്ത്രി പറഞ്ഞു. ജില്ലയിലെ ആരോഗ്യവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും പ്രവര്ത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു.
പുതിയ വൈറസുകളും പകര്ച്ചവ്യാധികളും രാസലഹരി പോലുള്ള സാമൂഹിക വെല്ലുവിളികളും ഉയര്ന്നുവരുന്ന സാഹചര്യത്തില് ആരോഗ്യ സംവിധാനവും സമൂഹവും കൂടുതല് ജാഗ്രത പുലര്ത്തണമെന്നും ഇത്തരം വെല്ലുവിളികളെ നേരിടാന് സര്ക്കാരിന്റെയും ആരോഗ്യ പ്രവര്ത്തകരുടെയും ജനങ്ങളുടെയും കൂട്ടായ പ്രവര്ത്തനം അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേര്ത്തു. ക്ഷയരോഗ നിവാരണ രംഗത്ത് മികച്ച നേട്ടം കൈവരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്ക്ക് മന്ത്രി പുരസ്കാരങ്ങള് വിതരണം ചെയ്തു. 35 പഞ്ചായത്തുകളാണ് അവാര്ഡിന് അര്ഹരായത്.
ചിതറ, നിലമേല്, നീണ്ടകര, കുണ്ടറ, പേരയം, പൂതക്കുളം, മയ്യനാട്, ക്ലാപ്പന, ശൂരനാട് പഞ്ചായത്തുകള്ക്ക് മെമന്റോ കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്. ലതാദേവി അധ്യക്ഷത വഹിച്ചു.
ജില്ലാ മെഡിക്കല് ഓഫീസര് ഡോ. ഷീജ, ഡോ. അഗസ്റ്റസ് മോറിസ്, സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് സദക്കത്ത്. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര് അജയ കുമാര്, ഡെപ്യൂട്ടി മെഡിക്കല് ഓഫീസര് ഡോ. ശ്രീഹരി, ഡോ. ലിന്ഡാ ജോസഫ്, ഡോ. രേഖ, ബിജു നെല്സണ്, ജില്ലാ ആര്ദ്രം നോഡല് ഓഫീസര് ഡോ. ദിവ്യ ശശി എന്നിവര് പ്രസംഗിച്ചു.
ജില്ലയില് 912 ടിബി കേസാണ് ഉള്ളത്. ടിബി രോഗികളെ കണ്ടെത്താന് പ്രതിരോധ ശേഷി കുറഞ്ഞു രോഗം വരാന്സാധ്യത ഉള്ളവരില് കഫ പരിശോധന, ഹാന്ഡ് ഹെല്ഡ് എക്സറേ ക്യാമ്പുകള് തുടങ്ങിയവ നടത്തി വരുന്നു.
Kerala
തിരുവനന്തപുരം: മാസപ്പടി കേസിൽ സസ്പെൻഷനിലായ കോട്ടയത്തെ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ എസ്. അശോക് കുമാർ ഉൾപ്പെടെയുള്ളവരുടെ അനധികൃത സ്വത്തു സന്പാദനത്തിൽ അടക്കം വിജിലൻസ് പരിശോധന തുടങ്ങി.
വിജിലൻസ് എറണാകുളം സ്പെഷൽ സെൽ എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. സസ്പെൻഷൻ ഉത്തരവിറങ്ങിയതിനു പിന്നാലെ വിജിലൻസ് ഇവരുടെ മുഴുവൻ നടപടികളിലും രഹസ്യ പരിശോധന തുടങ്ങിയിരുന്നു.ഉദ്യോഗസ്ഥരുടെ അനധികൃത സ്വത്തു സന്പാദനം സംബന്ധിച്ചു പരിശോധന നടത്തണമെന്ന് അഭ്യർഥിച്ച് എക്സൈസ് കമ്മീഷണർ, കഴിഞ്ഞ ദിവസം വിജിലൻസ് ഡയറക്ടർക്ക് കത്തു നൽകിയിരുന്നു.
ബാറുടമകളിൽ നിന്ന് മാസപ്പടികൈപ്പറ്റിയെന്ന പരാതിയിൽ കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ എസ്.അശോക് കുമാറിനെ കൂടാതെ കോട്ടയം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡിലെ പ്രിവന്റീവ് ഓഫിസർ എം.മാനുവൽ, പ്രവീണ് ശിവാനന്ദ്, ചങ്ങനാശേരി എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവന്റീവ് ഓഫിസർമാരായ ലാലു തങ്കച്ചൻ, ടി. സന്തോഷ്, ചങ്ങനാശേരി എക്സൈസ് റേഞ്ചിലെ പ്രിവന്റീവ് ഓഫിസർ കെ.ഷിജു, ചങ്ങനാശേരി എക്സൈസ് സർക്കിൾ ഓഫിസിലെ സിവിൽ എക്സൈസ് ഓഫീസർ എ.എസ്.വിശാഖ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
Kerala
തിരുവനന്തപുരം: അഴിമതി കേസിൽ സസ്പെൻഷനിലായ കോട്ടയത്തെ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ്. അശോക് കുമാർ ഉൾപ്പെടെയുള്ളവരുടെ അനധികൃത സ്വത്തു സന്പാദനമടക്കമുള്ള കാര്യങ്ങൾ പൊലിസിന്റെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ അന്വേഷിക്കുമെന്ന് മന്ത്രി എം. ലിജു. നടപടിക്രമം പൂർത്തിയാക്കി ഇതുസംബന്ധിച്ച വിവരം ആഭ്യന്തര വകുപ്പിനു കൈമാറും.
തുടരന്വേഷണത്തിനായി എക്സൈസ്, വിജിലൻസിന്റെ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. എക്സൈസ് കമ്മിഷണർ അന്വേഷണത്തിനു മേൽനോട്ടം വഹിക്കും. സസ്പെൻഷനിലായ ഉദ്യോഗസ്ഥർക്കെതിരേ മുൻകാലങ്ങളിൽ ഉയർന്ന പരാതികളും ആരോപണങ്ങളും വിശദമായി പരിശോധിക്കും. ഇടനിലക്കാരുടെ പേരിൽ കേസെടുത്തിട്ടുണ്ട്. ഇവർക്കെതിരേ വിശദ അന്വേഷണവുമുണ്ടാകും.
അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരേ സംസ്ഥാന വ്യാപക നടപടി സ്വീകരിക്കും. ഒരു ജില്ലയിൽ മാത്രം ഒതുങ്ങുന്നതല്ല അഴിമതിവിരുദ്ധ പ്രവർത്തനം. അഴിമതിക്കാരായ ഉദ്യോഗസ്ഥർ നിരീക്ഷണത്തിലാണ്. എത്ര ഉന്നതരായാലും ഇവർക്കെതിരേ നടപടിയുണ്ടാകും. അഴിമതി കണ്ടെത്താൻ ആധുനിക ഡിജിറ്റൽ സംവിധാനം അടക്കം ഉപയോഗിക്കും.
സംസ്ഥാന തലത്തിലെ എൻഫോഴ്സ്മെന്റ് സ്ക്വാഡിനെ പുനരുജ്ജീവിപ്പിക്കുമെന്നും മന്ത്രി ലിജു പറഞ്ഞു. കോട്ടയത്തെ നടപടിയിൽ എക്സൈസ് കമ്മിഷണർ സീറാം സാംബശിവ റാവുവിനെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു. മന്ത്രിക്കു ലഭിച്ച വാട്സ് ആപ് പരാതി എക്സൈസ് കമ്മിഷണർക്കു കൈമാറിയപ്പോൾ നേരിട്ടായിരുന്നു നടപടി.
ബിജാപ്പുരിലാണെന്നു തെറ്റിദ്ധരിപ്പിച്ച് പരിശോധന
ബിജാപ്പുരിലാണെന്നു തെറ്റിദ്ധരിപ്പിച്ചായിരുന്നു എക്സൈസ് കമ്മിഷണർ സീറാം സാംബശിവറാവു കോട്ടയത്തെ ബാറുകളിൽ പരിശോധന നടത്തിയത്. വിവരം ചോരാതിരിക്കാൻ ഔദ്യോഗിക വാഹനമുപേക്ഷിച്ച് മറ്റൊരു വാഹനത്തിലായിരുന്നു സഞ്ചാരം. ഓണം കഴിഞ്ഞുള്ള ദിവസമായതിനാൽ ബിജാപ്പുരിൽനിന്നുള്ള ചിത്രങ്ങളും പങ്കുവച്ചു.
ഇതാണ് എക്സൈസിലെ അഴിമതിക്കെതിരേയുള്ള നടപടിക്ക് ഓപറേഷൻ ബിജാപ്പുർ എന്ന പേരു നൽകാൻ കാരണമെന്നും എക്സൈസ് കമ്മിഷണർ പറഞ്ഞു.
എക്സൈസ് മന്ത്രി എം. ലിജുവിന് വാട്സ് ആപ് വഴി ലഭിച്ച പരാതിയിലും കമ്മിഷണർക്കു ലഭിച്ച ഫോണ് കോളിനെത്തുടർന്നുമായിരുന്നു പരിശോധന. എക്സൈസ് കമ്മിഷണർ നേരിട്ടു നടത്തിയ പരിശോധനയിൽ കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ അശോക് കുമാർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.
Kerala
തിരുവനന്തപുരം: കേരള ബാങ്കിന്റെ ആസ്ഥാനത്ത് വിജിലൻസ് പരിശോധന നടത്തി. അഞ്ച് ജില്ലകളിലെ ശാഖകളിൽ സിസിടിവിയും അലാം സംവിധാനവും സ്ഥാപിക്കുന്നതിനായി ബാങ്ക് ക്ഷണിച്ച ടെൻഡറിൽ ക്രമക്കേട് നടന്നുവെന്ന് പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഒരു കമ്പനിക്ക് മാത്രം കരാർ ലഭിക്കുന്ന തരത്തിൽ ടെൻഡറിൽ കൃത്രിമത്വം നടത്തിയെന്നാണ് പരാതി. കേരള ബാങ്കിന്റെ 823 ശാഖകളിൽ 317 ശാഖകളിൽ സുരക്ഷാ സംവിധാനങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബാങ്ക് ടെൻഡർ ക്ഷണിച്ചത്. 317 ശാഖകളിൽ സിസിടിവിയും 149 ശാഖകളിൽ അലാം സംവിധാനവും സ്ഥാപിക്കാനായിരുന്നു പദ്ധതി.
റിസർവ് ബാങ്കിന്റെയും നബാർഡിന്റെയും നിർദേശത്തെ തുടർന്നാണ് സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതെന്ന് ടെൻഡർ രേഖകളിൽ വ്യക്തമാക്കിയിരുന്നു. ടെൻഡർ നടപടികളിൽ ക്രമക്കേട് നടന്നിട്ടുണ്ടോ, ഒരു കമ്പനിക്ക് മാത്രം കരാർ ലഭിക്കുന്ന തരത്തിൽ വ്യവസ്ഥകൾ തയാറാക്കിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് വിജിലൻസ് പരിശോധിക്കുന്നത്.
Kerala
കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിനെതിരായ വിജിലന്സ് അന്വേഷണവുമായി ബന്ധപ്പെട്ട രേഖകള് പത്തു ദിവസത്തിനകം ഹാജരാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി. വിജിലന്സ് അന്വേഷണം ആവശ്യമില്ലെന്ന സര്ക്കാറിന്റെ ക്ലീന് ചിറ്റ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്ജിയിലാണ് ഹൈക്കോടതിയുടെ നിര്ദേശം.
മുദ്രവച്ച കവറില് രേഖകള് ഹാജരാക്കണമെന്ന് ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് ജസ്റ്റീസ് എ. ബദറുദീന് അധ്യക്ഷനായ സിംഗിള് ബെഞ്ച് നിര്ദേശം നല്കി. ഹര്ജിയില് മറുപടി നല്കാന് സര്ക്കാര് സാവകാശം തേടി.
എസ്. ശ്രീജിത്ത് ട്രാന്സ്പോര്ട്ട് കമ്മീഷണറായിരുന്ന സമയത്ത് അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതില് ഉള്പ്പെടെ വിജിലന്സ് അന്വേഷണം ആവശ്യപ്പെട്ട് എംവിഡി ഉദ്യോഗസ്ഥന് ദിപിന് എടവന നല്കിയ പുതിയ ഹര്ജിയിലാണ് കോടതിയുടെ ഉത്തരവ്.
ദിപിന് എടവന നല്കിയ പരാതിയും തെളിവുകളും കോടതി നേരിട്ട് പരിശോധിക്കും. സെപ്റ്റംബര് 7ന് ഹര്ജി വീണ്ടും പരിഗണിക്കും. ശ്രീജിത്തിനെതിരെ വിജിലന്സ് അന്വേഷണം വേണമെന്ന ഹര്ജിയില് ഇപ്പോള് അന്വേഷണം ആവശ്യമില്ലെന്ന് ആഭ്യന്തര വകുപ്പ് സെക്രട്ടറി മിന്ഹാജ് ആലം ഹൈക്കോടതിയെ അറിയിച്ചിരുന്നു. പിന്നാലെ കോടതിയുടെ നിര്ദേശത്തെ തുടര്ന്നാണ് പരാതിക്കാരന് പുതിയ ഹര്ജി സമര്പ്പിച്ചത്.
Kerala
തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ പേരിൽ നടന്ന സാമ്പത്തിക ഇടപാടുകളിലും ജിഎസ്ടി വെട്ടിപ്പിലും കുരുക്ക് മുറുകുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് വിജിലൻസും അന്വേഷണം നടത്തും. 26 കോടി രൂപയുടെ ജിഎസ്ടി പിരിച്ചെടുക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതാണ് വിജിലൻസ് പ്രധാനമായും പരിശോധിക്കുക.
അന്വേഷണത്തിന്റെ ഉത്തരവ് ഉടൻ പുറത്തിറങ്ങും. ജിഎസ്ടി പിരിച്ചെടുക്കുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് ജിഎസ്ടി കമ്മീഷണർ ഇതിനകം നോട്ടീസ് നൽകിയിട്ടുണ്ട്. സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഫെമ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഇഡിയുടെ നടപടിക്ക് പിന്നാലെയാണ് ജിഎസ്ടി പിരിവിലെ ഉദ്യോഗസ്ഥ വീഴ്ചയും പരിശോധിക്കാൻ വിജിലൻസ് രംഗത്തെത്തുന്നത്. ജിഎസ്ടി വെട്ടിപ്പിലെ ഉദ്യോഗസ്ഥ-സ്പോൺസർ ബന്ധങ്ങളും വിജിലൻസ് പ്രത്യേകമായി പരിശോധിക്കും.
Kerala
തൃശൂർ: ‘അഴിമതി കണ്ടാൽ മിണ്ടാതിരിക്കരുത്... പറയുന്നതു സംസ്ഥാനത്ത് അഴിമതി തടയാൻ നിയോഗിക്കപ്പെട്ട വിജിലൻസാണ്. എന്നുവച്ച് വായിൽ തോന്നിയപോലെ അഴിമതിയാരോപണങ്ങളുമായി വിജിലൻസിന്റെ നാലയലത്തേക്കു വന്നേക്കരുത്’- ഇങ്ങനെയവർ പറയുന്നില്ലെങ്കിലും പരാതി അറിയിക്കുന്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിജിലൻസ് പുറത്തുവിട്ട സാമൂഹ്യമാധ്യമ പോസ്റ്ററുകളും നിർദേശങ്ങളും വെളിവാക്കുന്നത് അത്തരമൊരു മുന്നറിയിപ്പാണ്. അഴിമതി നടത്തുന്നവർ നാടിന് അപമാനവും തലവേദനയുമാണ്, പരാതി അറിയിക്കുന്നവരും അങ്ങനെയാകരുതേയെന്നാണു നിർദേശത്തിന്റെ സാരം.
സിനിമകളിലെ രംഗങ്ങളും നടന്മാരുടെ ഡയലോഗുകളുമെല്ലാം കടമെടുത്തുള്ള രസകരമായ പോസ്റ്റർ ആവിഷ്കാരത്തിലൂടെയാണ് അഴിമതിപരാതികളിലെ വ്യക്തതക്കുറവും പരാതിക്കാർക്കുള്ള നിർദേശങ്ങളും വിജിലൻസ് അറിയിച്ചത്. ഉള്ളടക്കം സിനിമയിൽ ഭ്രാന്തിനെ ചികിത്സിക്കുന്ന ഡോക്ടറോടു “സാറേ... ഞാനൊരു കുതിരയെ വിഴുങ്ങി” എന്നു പറയുന്ന രംഗത്തിന്റെ എഐ പോസ്റ്ററിലൂടെ, അഴിമതി സംബന്ധിച്ച പരാതികൾ മാത്രം അറിയിക്കണമെന്നു ബോധവത്കരിക്കുന്നു.
“എനിക്കു പറയാനുള്ളത് അതീവ രഹസ്യമാണ്. പക്ഷേ, അതിപ്പോൾ പറയാൻ കഴിയില്ല”-എന്നിങ്ങനെ വ്യക്തതയില്ലാതെ പരാതി പറയുന്നവർ ഉണ്ടെന്ന് മറ്റൊരു സിനിമാ ഡയലോഗ് പോസ്റ്ററിൽ വ്യക്തമാക്കുന്നു.
‘റാംജി റാവു സ്പീക്കിംഗ്’സിനിമയിലെ നടൻ ഇന്നസെന്റിന്റെ ഫോണ് സംഭാഷണം കടമെടുത്ത് “ഞാൻ പരാതി ഒരു തവണ അയച്ചു, വേണമെങ്കിൽ മണിക്കൂർ ഇടവെട്ട് ഒരോന്നുവച്ച് അയയ്ക്കാമെന്ന” പോസ്റ്ററിലൂടെ, ഒരു പരാതി പലതവണ അയയ്ക്കേണ്ടെന്നു വിജിലൻസ് ഓർമിപ്പിക്കുന്നു.
ബിവറേജസിൽ സ്റ്റോക്കില്ലെന്നു പറഞ്ഞ് ക്വാർട്ടർ മാത്രം നല്കി വൻ അഴിമതിയാണു നടക്കുന്നതെന്നു മദ്യലഹരിയിൽ വിളിക്കുന്നവരെയും വ്യക്തിപരമായ വൈരാഗ്യങ്ങൾ തീർക്കാൻ ആരോപണങ്ങൾ ഉന്നയിക്കുന്നവരെയും ഉദ്യോഗസ്ഥരെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ പരാതിയായി നല്കുന്നവരെയും പോസ്റ്ററിൽ കളിയാക്കിക്കൊണ്ടുതന്നെ ബോധവത്കരിക്കുകയാണ്.
പരാതിപ്പെടുന്നവരുടെ പോരായ്മകൾ ചൂണ്ടിക്കാട്ടിയുള്ള പോസ്റ്ററുകൾ കണ്ടാലറിയാം, പൊള്ളയായ പരാതികൾ വിജിലൻസിനുണ്ടാക്കുന്ന തലവേദന എത്രയെന്ന്.
Kerala
തിരുവനന്തപുരം: കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡ് (കെഎംഎസ്സിഎൽ) ബ്ലീച്ചിംഗ് പൗഡർ വാങ്ങിയതിലെ ക്രമക്കേട് ആരോപണം വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി കെ.മുരളീധരൻ ആഭ്യന്തര മന്ത്രിക്ക് കത്തു നൽകി.
ആരോപണം ഉയർന്നതിനു പിന്നാലെ ആരോഗ്യവകുപ്പു പ്രിൻസിപ്പൽ സെക്രട്ടറിയോട് അന്വേഷിക്കാൻ മന്ത്രി നിർദ്ദേശിച്ചിരുന്നു. അന്വേഷണ റിപ്പോർട്ടും ലഭിച്ചു.
എന്നാൽ, ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ടിൽ നിന്നു വ്യത്യസ്തമായി ക്രമക്കേടു നടന്നതിന്റെ കൂടുതൽ തെളിവുകൾ മാധ്യമങ്ങളിലൂടെ പുറത്തുവന്ന സാഹചര്യത്തിലാണ് വിജിലൻസ് അന്വേഷണത്തിനു മന്ത്രി കത്തു നൽകിയത്.
ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട് അംഗീകരിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗൗരവകരമായ ക്രമക്കേട് വിജിലൻസ് അന്വേഷണത്തിന് കൈമാറിയത്.
2026 മാർച്ച് 11നും മേയ് ആറിനും ഇടയിൽ നടന്ന ബ്ലീച്ചിംഗ് പൗഡർ പർച്ചേസിലൂടെ 7.32 കോടി രൂപയുടെ അനാവശ്യ ചെലവുണ്ടായെന്ന വാർത്തകളുടെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ജൂലൈ ഏഴിന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് അന്വേഷിക്കാൻ മന്ത്രി നിർദേശിച്ചത്.
ലഭിച്ച റിപ്പോർട്ടിനു വിരുദ്ധമായി സ്റ്റോർ പർച്ചേസ് ചട്ടങ്ങൾ ലംഘിച്ച് കെഎംഎസ്സിഎൽ നടത്തിയ പർച്ചേസിന് പിന്നിൽ വ്യാപക ക്രമക്കേടുകളും ഗൂഢാലോചനയും നടന്നുവെന്ന പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് അന്വേഷണം വിജിലൻസിന് കൈമാറുന്നതെന്നും മന്ത്രി വ്യക്തമാക്കി. കുറ്റക്കാരെ കണ്ടെത്തി പൊതുപണം ധൂർത്തടിച്ചവരിൽ നിന്ന് ഈടാക്കുമെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: ബ്ലീച്ചിംഗ് പൗഡർ ഇടപാട് ക്രമക്കേടിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കെ. മുരളീധരൻ കത്ത് നൽകി.
പ്രിൻസിപ്പൽ സെക്രട്ടറി നടത്തിയ അന്വേഷണത്തിൽ ആരോഗ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. പ്രിൻസിപ്പൽ സെക്രട്ടറി നടത്തിയ അന്വേഷണം ആരോപണ വിധേയരായവരെ സംരക്ഷിക്കുന്നതാണെന്നാണ് വിലയിരുത്തൽ.
മഴക്കാല ശുചീകരണത്തിന്റെ പേരിൽ ഉയർന്ന വിലയ്ക്ക് ബ്ലീച്ചിംഗ് പൗഡർ വാങ്ങിയതിൽ ക്രമക്കേടെന്നാണ് ആരോപണം. 7.32 കോടിയുടെ ഇടപാടാണ് വിവാദത്തിലായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് മഴക്കാല പൂർവ ശുചീകരണത്തിനായി കെഎംഎസ്സിഎൽ ബ്ലിച്ചിംഗ് പൗഡർ വാങ്ങിയത്.
Kerala
വൈക്കം: കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബർ ഓഫീസർ വിജിലൻസിന്റെ പിടിയിൽ. വൈക്കം അസിസ്റ്റന്റ് ലേബർ ഓഫീസർ ടി.ജി. ബിനീഷ്കുമാറാണ് അറസ്റ്റിലായത്. തലയോലപ്പറമ്പ് സ്വദേശിയുടെ പരാതിയെ തുടർന്ന് വിജിലൻസ് സംഘം നടത്തിയ റെയ്ഡിലാണ് ഇയാൾ കുടുങ്ങിയത്.
പരാതിക്കാരനിൽ നിന്നും 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡിയിലെടുത്തത്. സംസ്ഥാന വ്യാപകമായി വിജിലൻസ് നടപ്പിലാക്കി വരുന്ന 'പ്രൊജക്ട് സീറോ'യുടെ ഭാഗമായാണ് ഈ റെയ്ഡും അറസ്റ്റും നടത്തിയത്.
ബിനീഷ്കുമാർ നിരന്തരം കൈക്കൂലി വാങ്ങിയിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇതിന് മുൻപും പലതവണയായി ഗൂഗിൾ പേ വഴിയും നേരിട്ടും ഇയാൾ കൈക്കൂലി വാങ്ങിയിട്ടുള്ളതായി വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
Kerala
കൊച്ചി: എസ്എന്ഡിപി യോഗം മൈക്രോ ഫിനാന്സ് തട്ടിപ്പുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില് എട്ടെണ്ണത്തില് ക്രമക്കേടുകള് കണ്ടെത്തിയതായി വിജിലന്സ് ഹൈക്കോടതിയെ അറിയിച്ചു.
കഴിഞ്ഞയാഴ്ച വിജിലന്സ് നല്കിയ റിപ്പോര്ട്ട് അവ്യക്തമാണെന്ന വിമര്ശനത്തെ തുടര്ന്ന് നേരിട്ട് ഹാജരായ അന്വേഷണ ഉദ്യോഗസ്ഥന് എസ്. ശശിധരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. അന്വേഷണം പൂര്ത്തിയായ മാനന്തവാടി, റാന്നി കേസുകളില് ഒരാഴ്ചയ്ക്കകവും ക്രമക്കേട് സ്ഥിരീകരിച്ച മറ്റു കേസുകളില് 20 ദിവസത്തിനകവും കുറ്റപത്രം നല്കാനുള്ള അനുമതിക്കായി സര്ക്കാരിനെ സമീപിക്കുമെന്ന് അറിയിച്ചു.
എന്നാല്, കുറ്റപത്രം സമര്പ്പിക്കാനായി സര്ക്കാരിന്റെ അനുമതി തേടിയുള്ള വയനാട് പുല്പ്പള്ളിയിലെ കേസിന്റെ കാര്യത്തില് സെപ്റ്റംബര് 10നകം തീരുമാനമെടുക്കണമെന്ന് പിന്നാക്ക വികസന അഡീ. ചീഫ് സെക്രട്ടറിക്ക് ജസ്റ്റീസ് എ. ബദറുദ്ദീന് നിര്ദേശം നല്കി. കേസിലെ അന്വേഷണം വൈകുന്നതിനെതിരേയും കോടതി വിമര്ശനമുന്നയിച്ചു.
എസ്എന്ഡിപി യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, യോഗം പ്രസിഡന്റ് എന്. സോമന്, മൈക്രോഫിനാന്സ് കോ-ഓര്ഡിനേറ്റര് കെ.കെ. മഹേശന് എന്നിവര് കെഎസ്ബിസിഡിസി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജ രേഖകള് ഹാജരാക്കി ക്രമക്കേട് നടത്തിയെന്ന മുന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പരാതിയിലാണ് മൈക്രോ ഫിനാന്സ് കേസ് രജിസ്റ്റര് ചെയ്തിരിക്കുന്നത്. പ്രതിയുടെ പേരാണ് അന്വേഷണ കാര്യത്തില് വിഷയമാകുന്നതെന്ന് അഭിപ്രായപ്പെട്ട കോടതി വിജിലന്സ് അറിയിച്ച കാര്യങ്ങള് രേഖപ്പെടുത്തിയ ശേഷം ഹർജി വീണ്ടും സെപ്റ്റംബര് 10ന് പരിഗണിക്കാനായി മാറ്റി.
മൈക്രോ ഫിനാന്സ് തട്ടിപ്പ് കേസില് അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരനായ മാരാരിക്കുളം സ്വദേശി എം.എസ്. അനില് നല്കിയ ഉപഹര്ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. 10 വര്ഷത്തിനുശേഷം കേസില് എന്തെങ്കിലും നടപടികളുണ്ടായത് ഇപ്പോഴാണെന്ന് വിജിലന്സ് അഭിഭാഷകന് വിശദീകരിച്ചു.
മയക്കുമരുന്നിനെതിരേ ശക്തമായ നടപടി ഉണ്ടാകുന്നതും അന്വേഷണ ഉദ്യോഗസ്ഥന് രാഷ്ട്രപതിയുടെ മെഡല് ലഭിച്ചതും മറ്റും കോടതിയുടെ ശ്രദ്ധയില്പ്പെടുത്തി. കേസ് നമ്പര് ഉള്പ്പെടുത്തി വിശദമായ റിപ്പോര്ട്ട് നല്കാന് രാവിലെ നിര്ദേശിച്ച കോടതി ഈ നടപടി പൂര്ത്തിയാക്കിയശേഷമാണ് കേസ് വീണ്ടും പരിഗണിച്ചത്.
Kerala
തിരുവനന്തപുരം: ലോക ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിൽ പ്രദർശനമത്സരത്തിൽ എത്തിക്കുമെന്നു പ്രചാരണം നടത്തുകയും വൻ സാന്പത്തിക ഇടപാടുകൾ നടത്തുകയും ചെയ്ത സംഭവത്തിൽ മുൻ സർക്കാരിനും സ്പോണ്സറിനും കുരുക്ക് മുറുകുന്നു.
കായികവകുപ്പ് നടത്തിയ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. വൻ ക്രമക്കേടുകൾ നടന്നുവെന്നാണ് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. വിവിധ തരത്തിലുള്ള ക്രമക്കേടുകൾ നടന്ന പശ്ചാത്തലത്തിൽ വിജിലൻസ് മുതൽ സിബിഐ സംഘം വരെ അന്വേഷണങ്ങൾ നടത്തണമെന്ന നിർദേശവും മുന്നോട്ടു വച്ചിട്ടുണ്ട്.
റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കോർപറേഷൻ (ആർബിസി) മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിനും അന്നത്തെ കായികമന്ത്രി വി. അബ്ദുറഹ്മാനും ഉന്നത ഉദ്യോഗസ്ഥർക്കും എതിരേയാണ് അന്വേഷണം വേണമെന്നു പറയുന്നത്.
വിജിലൻസ്, ഇഡി, ഇൻകം ടാക്സ്, സിബിഐ, എസ്എഫ്ഐഒ അന്വേഷണങ്ങൾ വേണമെന്നാണ് റിപ്പോർട്ട്. മെസിയെ കേരളത്തിലെത്തിക്കുന്നതു സംബന്ധിച്ചുള്ള ഔദ്യോഗിക ഫയൽ പരിശോധനയ്ക്കുശേഷം സമർപ്പിച്ച റിപ്പോർട്ടിലാണ് വലിയ ക്രമക്കേടുകളുടെ വിവരങ്ങൾ വ്യക്തമാക്കുന്നത്.
നിയമപരമായ കരാറോ ഫിഫ അംഗീകാരമോ ഇല്ലാതെ സ്പോണ്സറിന് വലിയ ലാഭം ഉണ്ടാക്കിക്കൊടുക്കാൻ ഭരണസംവിധാനത്തെ ഉപയോഗിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
അർജന്റൈൻ ഫുട്ബോൾ അസോസിയേഷന്റെ ബ്രോഷറിനെ വ്യാജമായി ചിത്രീകരിച്ച് ഫയൽനീക്കം നടത്തിയെന്നും എഎഫ്എയുമായോ കളിക്കാരുമായോ അന്തിമകരാറും ഇല്ലാതിരുന്നിട്ടും, അർജന്റീന ലോകകപ്പ് ടീം കേരളത്തിലെത്തുമെന്നു പറഞ്ഞ് കേന്ദ്ര കായിക മന്ത്രാലയത്തിന് ഔദ്യോഗിക കത്തയച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം നടപടിക്രമങ്ങൾ പാലിക്കാതെ സ്വകാര്യ കന്പനിക്ക് നിർമാണപ്രവർത്തനങ്ങൾക്കായി വിട്ടുനൽകി. ഇതിലൂടെ അഞ്ചു കോടിയിലധികം രൂപയുടെ സാന്പത്തിക ഇളവ് നിയമവിരുദ്ധമായി നൽകിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ടൂർ പ്രോഡ് എന്റർ എന്ന വിദേശ കന്പനി വഴി 130 കോടി രൂപ വിദേശത്തേക്ക് അയച്ചതിൽ ഫെമാ, സ്വിഫ്റ്റ് ചട്ടങ്ങൾ ലംഘിക്കപ്പെട്ടതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. അർജന്റൈൻ ടീമിന്റെ കേരളാ സന്ദർശനം സംബന്ധിച്ച് എഎഫ്എയും സംസ്ഥാന സർക്കാരും തമ്മിലുള്ള കരാറിന്റെ രേഖയോ സ്പോണ്സറും സർക്കാരും തമ്മിൽ ഒപ്പുവച്ച രേഖകളോ കണ്ടെത്താനായിട്ടില്ല.
Kerala
കൊച്ചി: എസ്എൻഡിപി മൈക്രോഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഏഴ് താലൂക്ക് യൂണിയനുകളിൽ വൻ ക്രമക്കേട് നടന്നതായി വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു. പുൽപ്പള്ളി, മാനന്തവാടി, റാന്നി, കുന്നത്തുനാട്, കണയന്നൂർ, ചിറ്റൂർ, തളിപ്പറമ്പ് എന്നീ യൂണിയനുകളിൽ നടത്തിയ അന്വേഷണത്തിലാണ് അഴിമതി കണ്ടെത്തിയിരിക്കുന്നത്.
പിന്നാക്ക വികസന കോർപ്പറേഷനിൽ നിന്നും എസ്എൻഡിപി യോഗം സ്വീകരിക്കുന്ന വായ്പാ തുക വിവിധ യൂണിയനുകൾ വഴി അംഗങ്ങൾക്ക് വിതരണം ചെയ്യുന്നതിലാണ് പ്രധാനമായും ക്രമക്കേടുകൾ നടന്നിട്ടുള്ളത്. അംഗങ്ങളിൽ നിന്ന് നിയമവിരുദ്ധമായി അമിത പലിശ ഈടാക്കിയതായും അനുവദിച്ച വായ്പാ തുക ലക്ഷ്യം മാറ്റി ചെലവഴിച്ചതായും വിജിലൻസ് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
സംസ്ഥാനത്താകെ രജിസ്റ്റർ ചെയ്ത 124 കേസുകളിൽ ആദ്യഘട്ടമെന്ന നിലയിലാണ് ഏഴ് താലൂക്ക് യൂണിയനുകളിലെ അന്വേഷണ റിപ്പോർട്ട് വിജിലൻസ് ഇപ്പോൾ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ഇതിൽ പുൽപ്പള്ളി, റാന്നി യൂണിയനുകളിലെ കേസുകളിൽ കുറ്റപത്രം ഇതിനോടകം തന്നെ തയാറായിക്കഴിഞ്ഞു.
അഴിമതി നിരോധന നിയമപ്രകാരമുള്ള കേസായതിനാൽ പുൽപ്പള്ളി യൂണിയനിലെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നതിനായി സർക്കാരിന്റെ ഔദ്യോഗിക വിചാരണാ അനുമതി തേടിയിരിക്കുകയാണ്. മറ്റ് യൂണിയനുകളിലെ കുറ്റപത്രങ്ങൾ തയാറായി വരികയാണെന്ന് വിജിലൻസ് എസ്പിഎസ് ശശിധരൻ ഹൈക്കോടതിയെ അറിയിച്ചു.
Kerala
തിരുവനന്തപുരം: ശബരിമല നെയ്യ് ക്രമക്കേട് കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് പ്രതിയാകും. കേസിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരം.
ദേവസ്വം ബോർഡ് മുൻ അംഗം എ. അജികുമാറിനെയും കേസിൽ പ്രതി ചേർക്കും. എസ്ഐടി വിജിലൻസ് കോടതിയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത്. ഹൈക്കോടതി നിര്ദേശ പ്രകാരമാണ് എസ്ഐടി രൂപീകരിച്ചത്.
അന്വേഷണ സംഘത്തിൽ വിജിലൻസിലെ അഞ്ച് ഇൻസ്പെക്ടർമാരാണുള്ളത്. മേൽനോട്ട ചുമതലയ്ക്ക് മൂന്ന് പേരുടെ പട്ടിക കൈമാറി. എസ്പിമാരായ ജുവനപ്പുടി മഹേഷ്, എം.ജെ. സോജൻ, ആർ. ബിനു എന്നിവരുടെ പേരുകളാണ് നൽകിയത്.
വിജിലൻസ് മേധാവി മനോജ് എബ്രഹാമാണ് പട്ടിക നൽകിയത്. ശബരിമലയിലെ മെയിൻ സ്റ്റോറിലേക്ക് സാധന സാമഗ്രികൾ വാങ്ങിയതിൽ വൻ ക്രമക്കേടെന്നാണ് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. 2017 മുതൽ 2020 വരെയുള്ള കാലത്ത് 10 ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
Kerala
തിരുവനന്തപുരം: പുനർജനി പദ്ധതി ആരോപണത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശന് ക്ലീൻചിറ്റ്. സതീശനെതിരായ എല്ലാ നടപടികളും അവസാനിപ്പിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
വിജിലൻസ് അന്വേഷണത്തിൽ ഒരു തെളിവും കണ്ടെത്താനായില്ല. ഈ സാഹചര്യത്തില് കേസില് നിന്നും സതീശനെ ഒഴിവാക്കണമെന്ന് വിജിലന്സ് ഡയറക്ടര് ശിപാർശ ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
സതീശൻ നേരിട്ട് ഒരു രൂപയുടെ പോലും ഇടപാട് നടത്തിയിട്ടില്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ. കേസിൽ സതീശനെതിരേ തെളിവില്ലെന്ന വിജിലൻസിന്റെ നിഗമനം യുഡിഎഫ് സർക്കാർ അധികാരമേൽക്കുന്നതിന് മുമ്പുള്ളതാണെന്നും മന്ത്രി വ്യക്തമാക്കി. കേസ് സിബിഐക്ക് വിടാനുള്ള എൽഡിഎഫ് സർക്കാരിന്റെ ശിപാർശ രാഷ്ട്രീയ പ്രേരിതമായിരുന്നെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: വിജിലൻസിന്റെ അഴിമതി വിരുദ്ധ പരിപാടിക്കിടെ നടൻ നിവിൻ പോളിയെ കുറിച്ച് സംസാരിക്കവെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് വേദിയിൽ നാക്കുപിഴ. നിവിൻ പോളി എന്ന പേരിന് പകരം ‘ആക്ഷൻ ഹീറോ നവീൻ പോളി’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. പ്രസംഗത്തിനിടെ പേര് മാറി പറഞ്ഞതോടെ വേദിയിലും സദസിലും ചിരി പടർന്നു.
തനിക്ക് പറ്റിയ അമളി ഉടനടി തിരിച്ചറിഞ്ഞ മന്ത്രി, താൻ പറഞ്ഞത് തെറ്റിപ്പോയെന്നും യഥാർഥ ആക്ഷൻ ഹീറോ ആരാണെന്ന് സദസിലുള്ളവർക്ക് തന്നെ പറയാമെന്നും ചിരിയോടെ തിരുത്തുകയായിരുന്നു.‘ആക്ഷൻ ഹീറോ ബിജു’ അടക്കമുള്ള സിനിമകളിൽ നിവിൻ പോളി അവതരിപ്പിച്ച കഥാപാത്രങ്ങൾ അനീതിക്കും അഴിമതിക്കുമെതിരെ പോരാടുന്നവയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്ത് വിജിലൻസ് സംഘടിപ്പിച്ച അഴിമതി വിരുദ്ധ ‘വിജിലൻസ് വിസിൽ’ പദ്ധതിയുടെ ഉദ്ഘാടന വേദിയിലാണ് രസകരമായ ഈ സംഭവം നടന്നത്. പദ്ധതിയുടെ ആദ്യ വിസിൽ കമാൻഡോയായി നടൻ നിവിൻ പോളിയാണ് ചടങ്ങിൽ അണിചേർന്നത്.
Kerala
തിരുവനന്തപുരം: അഴിമതി നിർമാർജനത്തിനായി യുവജനങ്ങളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ വിജിലന്സ് വകുപ്പും വിജിലന്സ് ആന്ഡ് ആന്റി കറപ്ഷന് ബ്യൂറോയും ചേർന്ന് നടപ്പിലാക്കുന്ന 'പ്രൊജക്റ്റ് സീറോ' എന്ന പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരം ലയോള സ്കൂള് ഓഡിറ്റോറിയത്തില് നടന്നു. ചടങ്ങിൽ ആദ്യ വിജിലന്സ് കമാന്ഡോയായി നടൻ നിവിൻ പോളി വിജിലന്സ് വിസില് മുഴക്കി.
പദ്ധതിയുടെ തുടക്കം വലിയൊരു മാറ്റത്തിന് വഴിവെക്കുമെന്ന് നിവിന് പോളി പറഞ്ഞു. "നിയമത്തിലുള്ള വിശ്വാസത്തിലാണ് ഒരു സമൂഹത്തിന്റെ നിലനില്പ്പ്. ആ വിശ്വാസം നഷ്ടപ്പെട്ടാല് സമൂഹം തകരും. കൈക്കൂലി വാങ്ങുന്നത് മാത്രമല്ല, മറ്റൊരാളുടെ അവസരം ഇല്ലാതാക്കുന്നതും കുറുക്കുവഴികള് സ്വീകരിക്കുന്നതും അഴിമതി തന്നെയാണ്.
നേരായ വഴിയില് കാര്യങ്ങൾ നടക്കില്ലെന്ന തെറ്റായ ധാരണയാണ് ആദ്യം മാറേണ്ടത്. ഈ മാറ്റങ്ങൾ കണ്ടുതുടങ്ങേണ്ടത് വിദ്യാലയങ്ങളില് നിന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.
ശരിയായ വഴിയിൽ സഞ്ചരിക്കാൻ പ്രചോദിപ്പിക്കാതെ, അനാവശ്യമായി പ്രോത്സാഹിപ്പിച്ച് അപകടത്തിലാക്കുന്ന കൂട്ടുകാരില് നിന്ന് മാറിനിൽക്കണമെന്ന് അദ്ദേഹം വിദ്യാർഥികളെ ഓർമിപ്പിച്ചു. ചോദ്യം ചെയ്യുന്ന പുതിയ തലമുറയ്ക്കും പ്രതികരണശേഷിയുള്ള ജനതയ്ക്കും മാത്രമേ ശക്തമായ ഭരണസംവിധാനം കെട്ടിപ്പടുക്കാൻ കഴിയൂവെന്നും നിവിൻ പോളി കൂട്ടിച്ചേർത്തു. ഓപ്പറേഷന് തൂഫാന് ലഭിച്ച വലിയ സ്വീകാര്യതയും പിന്തുണയും 'പ്രൊജക്ട് സീറോ'യ്ക്കും ജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് രമേശ് ചെന്നിത്തല അഭ്യർഥിച്ചു.
Kerala
തിരുവനന്തപുരം: പിഎസ്സി നടത്തിയ ആസൂത്രണ ബോർഡിലേക്കുള്ള പരീക്ഷയിലെ ക്രമക്കേട് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നു ആഭ്യന്തര വിജിലൻസ്.
പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച പ്രാഥമിക അന്വേഷണത്തിൽ ഗുരുതരമായ ക്രമക്കേടുകളെന്നാണ് കണ്ടെത്തൽ.
ഈ സാഹചര്യത്തിൽ പരീക്ഷാ ക്രമക്കേട് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർക്കുളള പങ്കിനെക്കുറിച്ചും കൂടുതൽ അന്വേഷണം വേണമെന്നും ആഭ്യന്തര വിജിലൻസ് ആവശ്യപ്പെടുന്നു. ആഭ്യന്തര വിജിലൻസ് എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. റിപ്പോർട്ട് പിഎസ്സി സർക്കാരിനു സമർപ്പിക്കും.
നിലവിൽ ആഭ്യന്തര വിജിലൻസ് അന്വേഷണത്തിനൊപ്പം തന്നെ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനാൽ ഇപ്പോൾ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മറ്റൊരു അന്വേഷണത്തിന് സർക്കാർ ഉത്തരവിടാൻ സാധ്യതയില്ല.
District News
അന്താരാഷ്ട്ര മുങ്ങിമരണ പ്രതിരോധദിനം ഇന്ന്
കൊല്ലം : മുങ്ങിമരണമെന്ന അപകടം ഒഴിവാക്കാന് അതീവജാഗ്രതവേണമെന്ന് ജില്ലാ കളക്ടര് ആനി ജൂല തോമസ്. വിനോദയാത്രകളിലും അവധിക്കാല ആഘോഷങ്ങളിലും ഉണ്ടാകുന്ന അപകടങ്ങളില് പ്രധാനപങ്ക് ഇത്തരം മരണങ്ങള്ക്കാണെന്ന് കണക്കുകള് സൂചിപ്പിക്കുന്നു. അന്താരാഷ്ട്ര മുങ്ങിമരണ പ്രതിരോധ ദിനാചരണത്തിന്റെ പശ്ചാത്തലത്തിൽ ‘മാറ്റത്തിനായി ഒന്നിക്കാം' ദിനാചരണ സന്ദേശമുയര്ത്തിയാണ് ദുരന്തനിവാരണ വിഭാഗം മുന്കരുതലിന് കൈകോര്ക്കുന്നത്. സമ്പൂര്ണ പ്രതിരോധത്തിനായി പൊതുജനത്തിന്റെ പങ്കാളിത്തം ഒഴിവാക്കാനാകാത്തതുമാണ്.
ദേശീയ ക്രൈംറെക്കോര്ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് കേരളത്തില് 2023-ല് 1344 പേരും 2024-ല് 1385 പേരും മുങ്ങിമരണപ്പെട്ടു. ജില്ലയിലെ കല്ലട ജലസേചന പദ്ധതിയുടെ കനാലുകള്, കല്ലടയാര്, പള്ളിക്കലാര്, ഇത്തിക്കരയാര് എന്നീ നദികള്, ശാസ്താംകോട്ട തടാകം, അഷ്ടമുടി-പരവൂര് കായലുകള്, ടി.എസ്. കനാല്, കൊല്ലം, താന്നി, അഴീക്കല്, പൊഴിക്കര ബീച്ചുകള്, ഉപേക്ഷിച്ച ക്വാറികളിലെ കുളങ്ങള് എന്നിവിടങ്ങളിലൊക്കെ മുങ്ങിമരണങ്ങള് റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്.
അപരിചിതമായ ജലാശയങ്ങളില് ഇറങ്ങുന്നത്, വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മുന്നറിയിപ്പുകള് അവഗണിക്കുന്നത്, ലഹരി ഉപയോഗിച്ച് വെള്ളത്തില് ഇറങ്ങുന്നത്, സോഷ്യല് മീഡിയ റീല്സ് ചിത്രീകരണത്തിനിടയിലെ അശ്രദ്ധ എന്നിവയാണ് പ്രധാന അപകടകാരണങ്ങള്.
കുളങ്ങള്, വീടിനുസമീപമുള്ള ജലാശയങ്ങള് എന്നിവ അപകടത്തിന് വഴിയൊരുക്കുന്നതിനുള്ള സാധ്യതാപ്രദേശങ്ങളായി കണ്ടെത്തിയിട്ടുണ്ട്.
ആഴമുള്ള ഭാഗങ്ങളില് മുങ്ങാംകുഴിഇടുക, നിരോധിതമേഖലകളില് നീന്തുക തുടങ്ങിയ സാഹസിക പ്രവൃത്തികളില് ഏര്പ്പെടുന്നതും അപകടത്തിനിടയാക്കുന്നു.
ആവശ്യമായ സുരക്ഷാമുന്കരുതലുകള് സ്വീകരിക്കാതെ ബോട്ടുകളിലും വള്ളങ്ങളിലും സഞ്ചരിക്കുന്നതും അശ്രദ്ധമായും അപകടകരമായും ഫോട്ടോകളും വീഡിയോകളും ചിത്രീകരിക്കാന് ശ്രമിക്കുന്നതും മുങ്ങിമരണങ്ങളുടെ പ്രധാന കാരണങ്ങളായി മാറുന്നുണ്ട് എന്നും കളക്ടര് വ്യക്തമാക്കി.
പ്രധാന സുരക്ഷാ നിര്ദേശങ്ങള്
*നീന്തല് അറിയാമെങ്കില്പോലും അപരിചിതമായ ജലാശയങ്ങളില് ഇറങ്ങരുത്.
*കുട്ടികള് ജലാശയങ്ങളില് ഇറങ്ങുമ്പോള് നീന്തല്അറിയാവുന്ന മുതിര്ന്നവരുടെ മേല്നോട്ടം ഉറപ്പാക്കണം.
*ആരെങ്കിലും വെള്ളത്തില് അകപ്പെട്ടാല് കമ്പോ, കയറോ, തുണിയോ എറിഞ്ഞുകൊടുത്ത് കരയ്ക്ക് കയറ്റാന് ശ്രമിക്കുക.
*ബോട്ടിംഗ്, കയാക്കിംഗ് എന്നിവയില് ഏര്പ്പെടുമ്പോള് ലൈഫ്ജാക്കറ്റ് നിര്ബന്ധമായും ധരിക്കണം.
*ചെറിയ കുട്ടികളുള്ള വീടുകളില് വെള്ളംനിറച്ച ബക്കറ്റുകള്, വെള്ളക്കെട്ടുകള് എന്നിവയ്ക്കരികില് കുട്ടികള് പോകുന്നില്ല എന്ന് രക്ഷിതാക്കള് ഉറപ്പാക്കണം .
*അപകടമേഖലകളില് ബഹുഭാഷാ മുന്നറിയിപ്പ്ബോര്ഡുകള് സ്ഥാപിക്കാന് തദ്ദേശ സ്ഥാപനങ്ങളോടും പ്രധാന ജലാശയങ്ങളില് ലൈഫ് ഗാര്ഡ്/സിവില് ഡിഫെന്സ് സേവനങ്ങള് ഉറപ്പാക്കാന് ബന്ധപ്പെട്ടവര്ക്കും ജില്ലാ കളക്ടര് നിര്ദേശം നല്കിയിട്ടുണ്ട്. ഉപേക്ഷിച്ച ക്വാറികളും കുളങ്ങളും സുരക്ഷിതമാക്കാനും പൊതുജനങ്ങളില് നീന്തല് പരിശീലനം സാര്വത്രികമാക്കാനും ശ്രമങ്ങളുണ്ടാകുമെന്നും അറിയിച്ചു.
Kerala
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ ഔഷധിയിലെ നിര്മാണപ്രവൃത്തികളിലും സാമ്പത്തിക ഇടപാടുകളിലും ക്രമക്കേട് നടന്നെന്ന പരാതിയില് ആഭ്യന്തരമന്ത്രിയോട് വിജിലൻസ് അന്വേഷണത്തിന് ശിപാർശ ചെയ്ത് ആരോഗ്യമന്ത്രി കെ. മുരളീധരന്.
ഔഷധിയുടെ എംഡി ഡോ. ടി.കെ. ഹൃദീക്കിനെ ചുമതലയില് നിന്നു നീക്കുകയും ചെയ്തു.മന്ത്രിക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടികള്. ഔഷധിയിലെ വിവിധ നിര്മാണപ്രവൃത്തികള് ടെന്ഡര് നടപടികള് പാലിക്കാതെ ഊരാളുങ്കല് സൊസൈറ്റിക്ക് നല്കിയതായും 2024-25 സാമ്പത്തിക വര്ഷത്തെ വില്പന കണക്കുകളില് ക്രമക്കേടുണ്ടെന്നുമാണ് പരാതിയിലെ ആരോപണം.
പൊതുമേഖലാ സ്ഥാപനത്തിന്റെ പ്രവർത്തനത്തിലെ സുതാര്യത, ഉത്തരവാദിത്തം, സാമ്പത്തിക കൃത്യത എന്നിവയെ ബാധിക്കുന്ന ഗുരുതരമായ ആരോപണങ്ങളാണ് പരാതിയിലുള്ളതെന്ന് ആരോഗ്യമന്ത്രി കത്തില് ചൂണ്ടിക്കാട്ടുന്നു.
പൊതുജനവിശ്വാസം നിലനിര്ത്തുന്നതിനും ആരോപണങ്ങളുടെ സത്യാവസ്ഥ സ്വതന്ത്രമായി പരിശോധിക്കുന്നതിനും വിജിലന്സിനെ കൊണ്ട് പ്രാഥമിക അന്വേഷണം നടത്തുന്നത് ഉചിതമാണെന്നാണ് ശിപാര്ശ.
കേരള വനഗവേഷണ സ്ഥാപനത്തില് സയന്റിസ്റ്റ് തസ്തികയില് നിന്നാണ് ഹൃദീക്കിനെ കഴിഞ്ഞ ഇടതുസര്ക്കാര് മെഡിസിനല് പ്ലാന്റ് ബോര്ഡിന്റെ എക്സിക്യുട്ടീവ് ഡയറക്ടര് സ്ഥാനത്തേക്ക് ഡപ്യൂട്ടേഷനില് നിയമിച്ചിരുന്നത്.
Kerala
തിരുവനന്തപുരം: സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയിലും വിവിധ ആനുകൂല്യ വിതരണത്തിലും ഗുരുതര സാമ്പത്തിക തിരിമറി നടത്തിയ പാറശാല പൊഴിയൂർ ഗവ. യു.പി. സ്കൂൾ ഹെഡ്മിസ്ട്രസ് ബി.ഡി. ബീനയ്ക്കെതിരേ വിജിലൻസ് അന്വേഷണത്തിന് ബാലാവകാശ കമ്മീഷൻ ശിപാർശ ചെയ്തു. രണ്ടു വർഷം നീണ്ട സമഗ്രമായ തെളിവെടുപ്പിനൊടുവിലാണ് കമ്മീഷന്റെ നിർണായക നടപടി.
പരാതി പരിശോധിച്ചപ്പോൾ സ്കൂളിൽ വ്യാപകമായി അഴിമതി നടന്നതായി കമ്മീഷൻ കണ്ടെത്തി. വിദ്യാർത്ഥികളുടെ എണ്ണം കടലാസിൽ പെരുപ്പിച്ചുകാട്ടി സൗജന്യ അരി തട്ടിയെടുക്കുകയും കുട്ടികൾക്ക് നൽകേണ്ട പാൽ, മുട്ട വിതരണത്തിൽ വീഴ്ച വരുത്തുകയും ചെയ്തു.
കുട്ടികൾക്ക് ലഭിക്കേണ്ട സൗജന്യ പാഠപുസ്തകങ്ങളുടെയും യൂണിഫോമിന്റെയും വിതരണത്തിൽ ക്രമക്കേട് കാട്ടി. കുപ്പുതല നടപടികളിൽ നിന്ന് രക്ഷപ്പെടാൻ വാർഷികപ്പരീക്ഷയുടെ വ്യാജ ഉത്തരക്കടലാസുകൾ നിർമിച്ച് വിദ്യാഭ്യാസ വകുപ്പിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു.
മത്സ്യത്തൊഴിലാളികളുടെ മക്കൾക്കായി അനുവദിച്ച സ്കോളർഷിപ്പ് തുക പലരുടെയും പേരിൽ കൈപ്പറ്റിയെങ്കിലും യുപി വിഭാഗത്തിലെ 22 കുട്ടികൾക്ക് മാത്രമാണ് തുക കൈമാറിയതെന്നും കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ സമഗ്രമായ വിജിലൻസ് അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കാനാണ് ബാലാവകാശ കമ്മീഷന്റെ ശിപാർശ. സ്കോളർഷിപ്പ് ഇനത്തിൽ തട്ടിയെടുത്ത തുക പ്രഥമാധ്യാപികയിൽ നിന്ന് ഈടാക്കണമെന്നും അർഹരായ വിദ്യാർഥികൾക്ക് ഇത് സമയബന്ധിതമായി വിതരണം ചെയ്യണമെന്നും നിർദേശമുണ്ട്.
District News
തൃശൂർ: വിജിലൻസിന്റെ പ്രോജക്ട് സീറോ സംസ്ഥാനതല മിന്നൽ പരിശോധനയുടെ ഭാഗമായി ജില്ലയിലെ അഞ്ചു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ വിജിലൻസ് റെയ്ഡ്.
ഓപ്പറേഷൻ പാർപ്പിടം എന്ന പേരിൽ തൃശൂർ കോർപറേഷൻ, കുന്നംകുളം, കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റികൾ, ചേർപ്പ്, തളിക്കുളം ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലെ കെട്ടിടനിർമാണ വിഭാഗത്തിലായിരുന്നു പരിശോധന. കെട്ടിട നിർമാണ അനുമതി, ഒക്കുപ്പൻസി സർട്ടിഫിക്കറ്റ് അനുവദിക്കൽ, കെട്ടിട നന്പർ അനുവദിക്കൽ, കെട്ടിടനികുതി നിർണയം, അനധികൃത നിർമാണങ്ങളുടെ ക്രമവത്കരണം തുടങ്ങിയവയാണു പരിശോധിച്ചത്. ഇന്നലെ രാവിലെ പത്തരയ്ക്ക് ആരംഭിച്ച റെയ്ഡ് മണിക്കൂറുകൾ നീണ്ടു.
സംസ്ഥാനത്തെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ കെട്ടിടനിർമാണാനുമതി നൽകുന്നു മുതലുള്ള നടപടിക്രമങ്ങളിൽ വ്യാപക അഴിമതിയും ക്രമക്കേടുകളും നടക്കുന്നതായി വിജിലൻസിനു വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ആറു മുനിസിപ്പൽ കോർപറേഷനുകളിലും തെരഞ്ഞെടുത്ത 30 മുനിസിപ്പാലിറ്റികളിലും 24 ഗ്രാമപഞ്ചായത്തുകളിലുമായി 68 ഓഫീസുകളിലാണ് ഇന്നലെ ഒരേസമയം പരിശോധന നടത്തിയത്.
Kerala
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴ കേസിൽ പ്രതിയായ സ്വപ്ന സുരേഷിനെ വിജിലൻസ് ചോദ്യം ചെയ്തു. ഇന്നലെ മുട്ടത്തറയിലെ വിജിലൻസ് ഓഫീസിൽ നോട്ടീസ് നൽകി വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. മൂന്നു മണിക്കൂറിലേറെ നേരം ചോദ്യം ചെയ്യൽ നീണ്ടു.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വടക്കാഞ്ചേരിയിൽ യുഎഇയുടെ സഹകരണത്തോടെ ലൈഫ് പദ്ധതി പ്രകാരം പാർപ്പിട കെട്ടിടം നിർമിച്ചു നൽകുന്ന ഇടപാടിൽ അഞ്ച് കോടിയിൽ പരം രൂപയുടെ കോഴ ഇടപാട് നടന്നുവെന്ന് നേരത്തെ സ്വപ്ന ആരോപിച്ചിരുന്നു. കേസിൽ നേരത്തെയും സ്വപ്നയെ ചോദ്യം ചെയ്തിരുന്നു. കുറ്റപത്രം നൽകിയിരുന്നില്ല.
യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം ആദ്യമായാണ് വിജിലൻസ് സംഘം സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യുന്നത്. പുതിയ സർക്കാർ വരുമ്പോൾ പുതിയ അന്വേഷണവും ഉണ്ടാകുമെന്ന് സ്വപ്ന പ്രതികരിച്ചു.
Kerala
തിരുവനന്തപുരം: ചില കേസ് വിവരം ജനമറിയതെയിരിക്കാൻ ടോപ് സീക്രട്ട് സെക്ഷൻ രൂപീകരിച്ചു വിജിലൻസിനെ ഭാഗികമായി വിവരവകാശ പരിധിയിൽനിന്ന് ഒഴിവാക്കാൻ നീക്കം. മാന്വൽ പരിഷ്കരിച്ച് വിജിലൻസിനെ ജനകീയമാക്കാൻ ശ്രമിക്കുന്നു എന്ന അവകാശവാദത്തിന് പിന്നാലെയാണ് ഉന്നതങ്ങളിൽ ഇത്തരമൊരു നീക്കം ആരംഭിച്ചത്.
2025 ജനുവരി 11ന് അന്നത്തെ വിജിലൻസ് ഡയറക്ടർ ഡിജിപി യോഗേഷ് ഗുപ്തയുടെ നിർദേശപ്രകാരം ഐജി കാർത്തിക് കേന്ദ്ര ഏജൻസികളെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ മാതൃകയിൽ സംസ്ഥാന വിജിലൻസിനെയും വിവരവകാശ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. വിവാദമാകുമെന്ന് മുന്നിൽ കണ്ട് ശിപാർശയിൽ എൽഡിഎഫ് സർക്കാർ തീരുമാനമെടുത്തിരുന്നില്ല. എന്നാൽ ഫയൽ വീണ്ടും പൊടി തട്ടി എടുക്കുന്നുവെന്നാണ് സൂചന.
ഉന്നതർക്കെതിരായുള്ള കേസ് വിവരങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാകുന്നത് അന്വേഷണങ്ങളെ ബാധിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഭാഗികമായി വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കാൻ നീക്കം നടത്തുന്നത്. ഒരു പരാതി ലഭിച്ചാൽ പ്രാഥമിക അന്വേഷണവും തുടർന്ന് വെരിഫിക്കേഷനും നടത്തിയ ശേഷമാണ് വിജിലൻസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുന്നത്. കേസെടുത്ത് അന്വേഷിച്ചശേഷവും പലതരത്തിലുള്ള വിവരശേഖരണം ഉണ്ടാകും. ഈ ഘട്ടങ്ങളിൽ വിവരാവകാശ നിയമപ്രകാരം ചോദ്യങ്ങൾ ചോദിച്ചാൽ മറുപടി നൽകുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് അന്ന് നൽകിയ ശിപാർശയിൽ ചൂണ്ടിക്കാട്ടിയിരുന്നത്.
2016ൽ വിജിലൻസ് വകുപ്പിലെ ടി സെക്ഷനെ വിവരാവകാശ നിയമത്തിൽ നിന്നും ഒഴിവാക്കിയിരുന്നു. എന്നാൽ നിലവിൽ ടോപ് സീക്രട്ട് സെക്ഷൻ വിജിലൻസിൽ ഇല്ല. ഈ സാഹചര്യത്തിൽ വിവിധ സെക്ഷനുകളിലായാണ് ഫയലുകൾ കൈകാര്യം ചെയ്യുന്നത്. അതിൽ രഹസ്യ സ്വഭാവമുള്ള രേഖകളും പെടുന്നു. വീണ്ടും ടോപ് സീക്രട്ട് സെക്ഷൻ രൂപീകരിച്ച് അതു വിവരവകാശ പരിധിയിൽ നിന്ന് ഒഴിവാക്കാനുള്ള നീക്കമാണ് നടക്കുന്നത്.
ആഭ്യന്തര വകുപ്പിൽ പൊതുതാത്പര്യമുള്ള അന്വേഷണ റിപ്പോർട്ടുകൾ വിവരാവകാശ നിയമത്തിന്റെ വ്യവസ്ഥകൾക്ക് വിധേയമായി നൽകുന്നതിന് നിലവിൽ വിലക്കുകളോ നിയന്ത്രണങ്ങളോ ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ വിജ്ഞാപനപ്രകാരം സംസ്ഥാന പോലീസ് വകുപ്പിനു കീഴിലുളള ക്രൈം റിക്കാർഡ്സ് ബ്യൂറോ ഉൾപ്പെടെ എട്ട് പ്രധാന ഇന്റലിജൻസ്, സുരക്ഷാ വിഭാഗങ്ങളെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
കൂടാതെ ഈ വിഭാഗങ്ങളിൽനിന്നും സെക്രട്ടേറിയേറ്റിലെ ആഭ്യന്തര (രഹസ്യ വിഭാഗം എ), ആഭ്യന്തര (രഹസ്യ വിഭാഗം ബി) വകുപ്പുകളിലേക്ക് അയയ്ക്കുന്ന അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങളെയും റിപ്പോർട്ടുകളെയും വിജ്ഞാപനത്തിലൂടെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേട് വിജിലന്സ് അന്വേഷിക്കുന്നതില് തടസമില്ലെന്നു നിയമോപദേശം. ഇതുമായി ബന്ധപ്പെട്ട നിയമോപദേശം ഡിജിപിയില്നിന്നു സര്ക്കാരിനു ലഭിച്ചു.
ഭരണഘടനാ സ്ഥാപനമായതിനാല് അഴിമതിനിരോധന നിയമപ്രകാരം പിഎസ്സിയുടെ മുന്കൂര് അനുമതി വാങ്ങണമെന്നു നിയമവകുപ്പ് വ്യക്തമാക്കിയിരുന്നു.
അതിന്റെ പശ്ചാത്തലത്തിലായിരുന്നു നിയമോപദേശം തേടുന്നതിനു സര്ക്കാര് തീരുമാനിച്ചത്. പരീക്ഷാ ക്രമക്കേടില് വിശദമായ അന്വേഷണം നടത്തുന്നതിനാണു സര്ക്കാര് നീക്കം.
Kerala
തിരുവനന്തപുരം: പിഎസ്സി നിയമന തട്ടിപ്പ് ആഭ്യന്തര വിജിലന്സ് എസ്പി അന്വേഷിക്കും. പരീക്ഷാ കണ്ട്രോളറുടെ അന്വേഷണം മരവിപ്പിക്കുമെന്ന് പിഎസ്സി ചെയര്മാന് വ്യക്തമാക്കി. അന്വേഷണ ചുമതല കണ്ട്രോളര്ക്ക് നല്കിയതില് വിമര്ശനവുമായി അംഗങ്ങള് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നിയമന തട്ടിപ്പ് അന്വേഷണം ആഭ്യന്തര വിജിലന്സ് എസ്പിക്ക് കൈമാറിയത്.
അതേസമയം, പിഎസ്സി നിയമന ക്രമക്കേട് പുറത്തുവന്നത് വിവാദമായതോടെ മുഖം രക്ഷിക്കാനുള്ള നീക്കമാണ് പബ്ലിക് സര്വീസ് കമ്മീഷന് നടത്തുന്നതെന്നാണ് വിലയിരുത്തല്. ക്രമക്കേട് പുറത്തായതോടെ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കവും പിഎസ്സി തലപ്പത്ത് നടന്നിരുന്നു. ഇതും വിവാദമായ സാഹചര്യത്തിലാണ് മറ്റു വഴികളില്ലാതെ ക്രമക്കേടുകളിലെ അന്വേഷണം ആഭ്യന്തര വിജിലന്സ് എസ്പിക്കു കൈമാറാന് ഇന്നലെ ചേര്ന്ന കമ്മീഷന് യോഗത്തില് തീരുമാനമായത്.
നിയമന ക്രമക്കേട് ആഭ്യന്തര വിജിലന്സ് സംഘത്തെക്കൊണ്ട് അന്വേഷിക്കാന് കഴിഞ്ഞ യോഗത്തില് തീരുമാനിച്ചെങ്കിലും അത് പിഎസ്സി ചെയര്മാന് അട്ടിമറിച്ച് അന്വേഷണം പരീക്ഷാ കണ്ട്രോളറെ ഏല്പ്പിച്ചതാണ് വീണ്ടും വിവാദമായത്. ഇന്നലെ ചേര്ന്ന പിഎസ്സി യോഗത്തില് ചില അംഗങ്ങള് ചെയര്മാന്റെ നടപടിക്കെതിരേ രൂക്ഷവിമര്ശനമാണ് ഉന്നയിച്ചത്.
തുടര്ന്നാണ് പരീക്ഷാ കണ്ട്രോളറുടെ അന്വേഷണം റദ്ദാക്കി ആഭ്യന്തര വിജിലന്സിനെത്തന്നെ അന്വേഷണം ഏല്പിക്കാന് ചെയര്മാന് തീരുമാനിച്ചത്. പ്ലാനിംഗ് ബോര്ഡ് ചീഫ് പരീക്ഷയിലെ മൂല്യനിര്ണയവുമായി ബന്ധപ്പെട്ട ക്രമക്കേടുകളാണ് വിജിലന്സ് എസ്പി അന്വേഷിക്കുക. അതേസമയം, പിഎസ്സിക്കെതിരേ ഉയര്ന്നിട്ടുള്ള മറ്റു പരാതികള് സംബന്ധിച്ച് വിജിലന്സ് അന്വേഷണം വേണമെന്ന ആവശ്യത്തില് സര്ക്കാരായിരിക്കും തീരുമാനമെടുക്കുക.
ആസൂത്രണ ബോര്ഡിലെ ഉയര്ന്ന തസ്തികയായ ചീഫ് നിയമനത്തിന് 2022 ലായിരുന്നു വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇന്ഡസ്ട്രി ആന്ഡ് ഇന്ഫ്രാസ്ട്രക്ചര് വിഭാഗം, പേഴ്സ്പെക്ടീവ് പ്ലാനിംഗ് വിഭാഗം, പ്ലാനിംഗ് കോ-ഓർഡിനേഷന് വിഭാഗം എന്നിവയില് ഓരോ ഒഴിവാണുണ്ടായിരുന്നത്.
Kerala
തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലെ അഴിമതി തുടച്ചു നീക്കാൻ വൻ മാറ്റത്തിനൊരുങ്ങി വിജിലൻസ്. കഴിഞ്ഞ മാസം 26ന് എസ്പി റാങ്ക് മുതൽ മുകളിലോട്ടുള്ള സംസ്ഥാനത്തെ ഉന്നത വിജിലൻസ് ഉദ്യോഗസ്ഥരുടെ യോഗം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിജിലൻസ് ആസ്ഥാനത്ത് വിളിച്ചുചേർത്തിരുന്നു.
ആ യോഗത്തിൽ ആഭ്യന്തരമന്ത്രി നൽകിയ നിർദേശത്തെ തുടർന്നാണ് വിജിലൻസ് മാറ്റത്തിനൊരുങ്ങുന്നത്. സർക്കാർ ഉദ്യോഗസ്ഥർക്കെതിരേയുള്ള അഴിമതിക്കേസിന്റെ നിജസ്ഥിതി അന്വേഷണ ഉദ്യോഗസ്ഥർക്കും പരാതിക്കാരായ പൊതുജനത്തിനും അറിയുന്നതിനുപകരിക്കുന്ന ഏകജാലക ഓണ്ലൈൻ പോർട്ടൽ ഒരുക്കും.
നിരസിക്കപ്പെടുന്ന അപേക്ഷകൾ പുനഃപരിശോധിക്കുന്നതിനും അഴിമതി കണ്ടെത്തിയ ഉദ്യോഗസ്ഥനെതിരേ നിയമനടപടി സ്വീകരിക്കാനുള്ള വകുപ്പുതല അനുമതി അപേക്ഷയിൽ കാലതാമസം ഉണ്ടാകുന്നോ എന്നും പരിശോധിക്കാനും ചീഫ് സെക്രട്ടറി, വിജിലൻസ് ഡയറക്ടർ, ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറി എന്നിവരടങ്ങുന്ന ഉന്നതതല സമിതി രൂപീകരിക്കും. ഈ സമിതി ഇടവേളകളിൽ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുന്ന സംവിധാനമാണ് ഒരുക്കുന്നത്.
ആരോപണം നേരിടുന്ന സർക്കാർ ജീവനക്കാർക്കെതിരേ അന്വേഷണമോ കസ്റ്റഡിയിലെടുത്തുള്ള അന്വേഷണമോ ആരംഭിക്കുന്നതിനു മുൻപ് പോലീസ് നിയമത്തിലെ സെക്ഷൻ 17എ പ്രകാരമുള്ള മുൻകൂർ അനുമതി വാങ്ങണം. അഴിമതിയെക്കുറിച്ച് അറിവുള്ളവരും കോടതിയെ സമീപിക്കാൻ ആഗ്രഹിക്കുന്നവരുമായ പൊതുജനങ്ങൾക്കു കോടതിയിൽനിന്ന് അനുകൂല ഉത്തരവ് ലഭിക്കുന്നതിന് പ്രസ്തുത അനുമതികൾ ആവശ്യമാണ്. എന്നാൽ ഈ അനുമതി കാത്ത് വർഷങ്ങളോളം ഫയൽ വകുപ്പുകളിൽ കുരുങ്ങുന്നു.
ഇതിനിടയിൽ ആരോപണവിധേയർ വിരമിക്കുന്ന സാഹചര്യവും ഉണ്ടാകുന്നു. ഇതിനു മാറ്റം വരുത്താനാണ് ഏകജാലക പോർട്ടൽ രൂപീകരിക്കുന്നത്. പൊതു ജനങ്ങൾക്കു പരിശോധിക്കാൻ കഴിയുന്ന തരത്തിലാണ് ഏകജാലക പോർട്ടൽ തയാറാക്കുക. കൂടാതെ വിവിധ വകുപ്പുകളിൽ ഇത്തരത്തിൽ കെട്ടിക്കിടക്കുന്ന അപേക്ഷകൾ തീർപ്പാക്കുന്നതിനായി 100 ദിവസത്തെ പ്രത്യേക ക്ലിയറൻസ് ഡ്രൈവ് നടപ്പിലാക്കും.
സർക്കാർ ഉദ്യോഗസ്ഥരുടെ അനധികൃത സ്വത്തുസന്പാദനം കണ്ടെത്താൻ രജിസ്ട്രേഷൻ വകുപ്പിന്റെ പോർട്ടലിലേക്കും സ്പാർക്ക് ഡാറ്റാബേസിലേക്കും വിജിലൻസിന് നേരിട്ട് പ്രവേശിക്കാനുള്ള സംവിധാനവും ഒരുക്കും. സ്പാർക്കിൽ അപ്ലോഡ് ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ സ്വത്ത് വിവരങ്ങൾ വർഷാവർഷം വിജിലൻസ് പരിശോധിക്കും.
സർക്കാർ ഉദ്യോഗസ്ഥർ പുതിയ രജിസ്ട്രേഷൻ നടത്തുന്നുണ്ടോ എന്നു പരിശോധിക്കാനാണ് പോർട്ടലിൽ നേരിട്ട് പ്രവേശിക്കാനുള്ള വിജിലൻസിന്റെ തീരുമാനം.
Kerala
തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേട് വിജിലന്സ് അന്വേഷിക്കും. ഇത് സംബന്ധിച്ച് സര്ക്കാരിന് നിയമോപദേശം ലഭിച്ച പശ്ചാത്തലത്തിനാണ് അന്വേഷണം വിജിലന്സിന് കൈമാറാനുള്ള നീക്കം.
അടുത്ത മന്ത്രിസഭാ യോഗത്തില് തീരുമാനമുണ്ടാകുമെന്നാണ് വിവരം. വിശദാംശങ്ങള് തേടുന്നതിനായി ആഭ്യന്തരമന്ത്രി ഇന്ന് ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിക്കും.
കേസ് അഴിമതി നിരോധന പരിധിയില് വരുമെന്നാണ് സര്ക്കാരിന് നിയമോപദേശം ലഭിച്ചിരിക്കുന്നത്. പിഎസ്സി സംസ്ഥാന സര്ക്കാരിന്റെ പരിധിയിലാണെന്നും അത്കൊണ്ട് വിജിലന്സ് അന്വേഷണത്തിന് തടസമില്ലെന്നും നിയമോപദേശമുണ്ട്.
എന്നാല് ഭരണഘടനാ സ്ഥാപനമായതിനാല് പിഎസ്സി ചെയര്മാനോ അംഗങ്ങള്ക്കോ എതിരെ നടപടിയെടുക്കാന് സര്ക്കാരിനാകില്ല. അതേസമയം വരുന്ന ആക്ഷേപങ്ങളില് വിജിലന്സ് അന്വേഷിക്കുന്നതില് തെറ്റില്ലെന്നുമാണ് നിയമോപദേശം. അന്വേഷണം വിജിലന്സ് ഏറ്റെടുത്താല് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാകും കേസ് അന്വേഷിക്കുക.
പിഎസ്സിസുടെ അന്വേഷണം ശരിയായ വിധത്തിലല്ലെന്ന ആരോപണമുയര്ന്നതിന് പിന്നാലെയാണ് കേസ് വിജിലന്സിനെ ഏല്പ്പിക്കുന്നത് സംബന്ധിച്ച് സര്ക്കാര് നിയമോപദേശം തേടുന്നത്. ചെയര്മാന് കീഴിലുള്ള ഉദ്യോഗസ്ഥന് അന്വേഷണ ചുമതല നല്കിയത് വിവാദമായിരുന്നു. അന്വേഷണം അട്ടിമറിക്കാനാണ് ഇതെന്നായിരുന്നു വിമര്ശനം.
Kerala
കൊച്ചി: ബോഡി ബില്ഡിംഗ് ചാമ്പ്യന്ഷിപ്പ് മത്സരത്തിലെ മെഡല് ജേതാക്കളായ രണ്ടു പേര്ക്ക് ആംഡ് പോലീസ് ഇന്സ്പെക്ടര്മാരായി നേരിട്ട് നിയമനം നല്കിയത് ചോദ്യം ചെയ്ത് ഹൈക്കോടതിയില് ഹര്ജി.
അന്താരാഷ്ട്ര ബോഡി ബില്ഡിംഗ് ചാമ്പ്യന് ചിത്തരേഷ് നടേശനും ലോക പുരുഷ സൗന്ദര്യ മത്സരത്തിലെ വെള്ളി മെഡല് ജോതാവ് ഷിനു ചൊവ്വയ്ക്കും നിയമനം നല്കിയത് ചോദ്യംചെയ്ത് അഡ്വ. കെ.എം. ഷാജഹാന് നല്കിയ ഹര്ജി പരിഗണിച്ച ജസ്റ്റീസ് എ. ബദറുദ്ദീന് ഇരുവര്ക്കും നിയമനം നല്കിയതുമായി ബന്ധപ്പെട്ട രേഖകളുടെ പകര്പ്പ് വെള്ളിയാഴ്ചക്കകം മുദ്രവച്ച കവറില് ഹാജരാക്കാന് ആഭ്യന്തര സെക്രട്ടറിക്കു നിര്ദേശം നല്കി.
ഇരുവരുടെയും നിയമനം റദ്ദാക്കുകയും വിജിലന്സ് അന്വേഷണം നടത്തുകയും വേണമെന്നാണു ഹര്ജിയിലെ ആവശ്യം. വിശദീകരണത്തിന് സര്ക്കാര് സമയം തേടിയതിനെത്തുടര്ന്ന് ഹര്ജി മാറ്റി.
ഉന്നത ഐഎഎസ്, ഐപിഎസ്. ഉദ്യോഗസ്ഥരുടെയടക്കം അറിവോടെയാണ് ചട്ടങ്ങളും മാര്ഗനിര്ദേശങ്ങളും മറ്റും മറികടന്ന് ഇരുവര്ക്കും നിയമനം നല്കിയതെന്നാണു ഹര്ജിയിലെ ആരോപണം.
Kerala
കൊച്ചി: എറണാകുളം കുറുപ്പംപടിയിൽ സർക്കിൾ ഇൻസ്പെക്ടർ രാജേഷ് കുമാറിന്റെ ക്വാട്ടേഴ്സിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ 40,000 രൂപ കണ്ടെടുത്തു. വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന.
റെയ്ഡ് നടക്കുന്ന സമയത്ത് ഒരു കേസിലെ പ്രതി സിഐയുടെ ക്വാർട്ടേഴ്സിൽ ഉണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഇയാൾ എന്തിനിവിടെ എത്തി എന്നതിൽ വ്യക്തതയില്ല. ക്വാർട്ടേഴ്സിൽ നിന്ന് പിടിച്ചെടുത്ത പണത്തിന്റെ ഉറവിടത്തെക്കുറിച്ച് വ്യക്തമായ മറുപടി നൽകാൻ സിഐക്ക് കഴിഞ്ഞിട്ടില്ല.
കേസ് ഒതുക്കിതീർക്കാൻ വാങ്ങിയ കൈക്കൂലിയാണോയെന്ന കാര്യം വിജിലൻസ് അന്വേഷിക്കുന്നുണ്ട്. കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ നടപടി ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തു പ്രവർത്തിക്കുന്ന സപ്ലൈകോ എൻഎഫ്എസ്എ ഗോഡൗണുകളിലും റേഷൻ കടകളിലും ഓപ്പറേഷൻ ഭക്ഷ്യസുരക്ഷ എന്നപേരിൽ വിജിലൻസ് പരിശോധന.
പൊതുവിതരണ സംവിധാനവുമായി ബന്ധപ്പെട്ട് ഒട്ടേറെ ക്രമക്കേടുകൾ നടക്കുന്നതായാണ് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയതെന്നാണു വിവരം. ചിലയിടങ്ങളിൽ രാത്രി വൈകിയും പരിശോധന തുടർന്നു.
തെരഞ്ഞെടുത്ത 14 ഗോഡൗണുകളിലും 54 റേഷൻകടകളിലുമാണ് ഇന്നലെ പ്രോജക്ട് സീറോ പദ്ധതിയുടെ ഭാഗമായി പരിശോധന നടത്തിയത്. ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തിൽ കൃത്രിമം വരുത്തി കരിഞ്ചന്തയിൽ വിൽപന നടത്തുന്നതായും ഭക്ഷ്യധാന്യങ്ങളുടെയും സ്റ്റോക്കിൽ കൃത്രിമം നടത്തി കരിഞ്ചന്തയിൽ വിൽപന നടത്തുന്നതായും കണ്ടെത്തി.
ജീവനക്കാരുടെയും കരാറുകാരുടെയും ചില ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ ഭക്ഷ്യധാന്യങ്ങൾ അനധികൃതമായി മറിച്ചുവിൽക്കുന്നതായും കണ്ടെത്തി.
Kerala
തൃശൂർ: കൈക്കൂലിക്കേസിൽ പാലക്കാട് വല്ലപ്പുഴ മുൻ വില്ലേജ് ഓഫീസർക്കു നാലു വർഷം കഠിനതടവും നാലുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് തൃശൂർ വിജിലൻസ് കോടതി. ഭൂനികുതി അടച്ചുനൽകാൻ ആയിരം രൂപ കൈക്കൂലി വാങ്ങിയ കേസിലാണു നിലവിൽ പാലക്കാട് നെല്ലായ വില്ലേജ് ഓഫീസറായ പാലക്കാട് ചെർപ്പുളശേരി സ്വദേശി പി. ഉദയഭാനുവിനെ(53) ശിക്ഷിച്ചത്.
വല്ലപ്പുഴ സ്വദേശിയായ പരാതിക്കാരന്റെ സഹോദരന്റെ പേരിലുള്ള സ്ഥലം വാഹനാപകടക്കേസിൽ കോടതി അറ്റാച്ച്മെന്റ് ഒഴിഞ്ഞതിനെതുടർന്ന് ഭൂമിയുടെ നികുതി അടയ്ക്കാനായി വല്ലപ്പുഴ വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു.
വല്ലപ്പുഴ വില്ലേജ് ഓഫീസറായിരുന്ന പി. ഉദയഭാനു സ്ഥലം അളക്കാൻ മൂവായിരം രൂപ പരാതിക്കാരന്റെ സഹോദരനിൽനിന്നു നേരത്തേ കൈക്കൂലി വാങ്ങിയിരുന്നു. സഹോദരൻ ഗൾഫിൽ പോയപ്പോൾ പരാതിക്കാരൻ പലതവണ ഉദയഭാനുവിനെ സമീപിച്ചെങ്കിലും നികുതി സ്വീകരിക്കാതെ പല കാരണങ്ങൾ പറഞ്ഞ് വൈകിപ്പിച്ചു.
ഒടുവിൽ ഒറ്റപ്പാലം തഹസിൽദാറുടെയും ഡെപ്യൂട്ടി തഹസിൽദാറുടെയും ഇടപെടലിനെതുടർന്ന് അടിയാധാരം ഹാജരാക്കിയിട്ടും ഉദയഭാനു നികുതി സ്വീകരിച്ചില്ല. ആയിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തു.
തുടർന്ന് കൈക്കൂലി കൈപ്പറ്റുന്നതിനിടെ പാലക്കാട് വിജിലൻസ് യൂണിറ്റ് ഉദയഭാനുവിനെ കൈയോടെ പിടികൂടുകയായിരുന്നു. തൃശൂർ വിജിലൻസ് കോടതി ജഡ്ജി കെ.എം. രതീഷ് കുമാറാണ് വിധി പുറപ്പെടുവിച്ചത്.
Kerala
ചേർത്തല: കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല ഡിവൈഎസ്പി വിജിലൻസ് പിടിയിൽ. ചേർത്തല ഡിവൈഎസ്പി അനിൽകുമാർ ആണ് പിടിയിലായത്. മാലിന്യം നീക്കം ചെയ്യുന്ന വാഹനം വിട്ടുകൊടുക്കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്.
മാലിന്യങ്ങൾ നീക്കം ചെയ്യുന്ന വാഹനങ്ങൾ കഴിഞ്ഞ ദിവസം പോലീസ് പിടിച്ചെടുത്തിരുന്നു. വാഹനങ്ങൾ വിട്ടുകൊടുക്കുന്നതിന് ഡിവൈഎസ്പി രണ്ട് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ഉടമ വിജിലൻസിനെ അറിയിച്ചു.
കൈക്കൂലിയുടെ അഡ്വാൻസായി 50,000 രൂപ കൈപ്പറ്റുന്നതിനിടെയാണ് വിജിലൻസ് അനിൽകുമാറിനെ പിടികൂടിയത്. വീട്ടിൽ പണം എത്തിക്കാനായിരുന്നു ഡിവൈഎസ്പി ആവശ്യപ്പെട്ടത്. തുടർന്ന് പണം നൽകാൻ വാഹന ഉടമ ഡിവൈഎസ്പിയുടെ വീട്ടിലേക്ക് എത്തിയപ്പോൾ വിജിലൻസ് സംഘം പിന്തുടരുകയായിരുന്നു.
വിജിലൻസിനെ കണ്ടതോടെ അനിൽകുമാർ വീട്ടിൽകയറി കതകടച്ചു. പിന്നീട് വീടിന്റെ മേൽക്കൂര പൊളിച്ചിറങ്ങിയ പ്രതി ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് വിജിലൻസ് സാഹസികമായാണ് പ്രതിയെ പിടികൂടിയത്.
Kerala
തൃശൂർ: അഴിമതിക്ക് അറുതിയില്ലാതെ, അഞ്ചരവർഷത്തിനിടെയുള്ള വിജിലൻസ് കേസുകൾ 848. ഈ വർഷം അഞ്ചു മാസം പിന്നിടുന്പോഴേക്കും കേസുകൾ 75 ആയി. 2021ൽ മൊത്തം കേസുകൾ 101 ആയിരുന്നത് 2022 ആയപ്പോൾ 190 ആയി വർധിച്ചു. തുടർവർഷങ്ങളിൽ 161, 120, 201 എന്നിങ്ങനെയാണു കേസുകളുടെ എണ്ണം.
ഉദ്യോഗസ്ഥർക്കിടയിൽ ബോധവത്കരണവും നടപടികളും വ്യാപകമാക്കിയിട്ടും യാതൊരു ഗുണവുമില്ലാത്ത അവസ്ഥയാണ്. അഴിമതിക്കു തടയിടാൻ നിരീക്ഷണം കനപ്പിച്ച് നടപടികൾ കൂടുതൽ ശക്തമാക്കാനുള്ള നീക്കത്തിലാണു വിജിലൻസ്.
പുതിയ കേസുകൾ കുമിഞ്ഞുകൂടുന്പോൾ വിചാരണ നേരിടുന്ന കേസുകളുടെ എണ്ണത്തിലും വൻ വർധനയാണ് ഉണ്ടാകുന്നത്. 2021ൽ 1030 കേസുകളാണു വിജിലൻസ് കോടതിയിൽ വിചാണ നേരിട്ടിരുന്നത്. തുടർവർഷങ്ങളിലത് 1405, 1104, 1254, 1204 എന്നിങ്ങനെ ഏറ്റക്കുറച്ചിലുകളോടെ വർധിച്ചുകൊണ്ടിരുന്നു. ഈ വർഷം പകുതിയാകുന്പോഴേക്കും കേസുകളുടെ എണ്ണം 3565 ആയി വൻ കുതിപ്പാണു രേഖപ്പെടുത്തിയിരിക്കുന്നത്.
വിചാരണയിലുള്ള കേസുകളുടെയും പുതിയ കേസുകളുടെയും എണ്ണമെടുത്താൽ ശിക്ഷിക്കപ്പെടുന്ന കേസുകൾ കുറവാണ്. അഞ്ചരവർഷത്തിനിടെ 307 പേർക്കുമാത്രമാണ് അഴിമതിക്കേസുകളിൽ ശിക്ഷ ലഭിച്ചത്. ഈ വർഷം പകുതിയോടെ 22 കേസുകളിൽ ശിക്ഷ വിധിച്ചപ്പോൾ 2021ൽ 20 കേസുകളിലാണു ശിക്ഷ വിധിച്ചത്. 2022 മുതൽ 25 വരെ ശിക്ഷിക്കപ്പെട്ട കേസുകളുടെ എണ്ണം 75, 54, 98, 38 എന്നിങ്ങനെയാണ്.
ഈ വർഷം നിലവിൽ 21 കേസുകളിൽ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചു. മുൻവർഷത്തെ കണക്കെടുത്താൽ, ഈ വർഷം അവസാനിക്കുന്പോഴേക്കും നൂറിൽകൂടുതൽ കേസുകളിൽ കുറ്റപത്രം സമർപ്പിക്കപ്പെടാനാണു സാധ്യത. 2021ൽ 148 കേസുകളിലാണു വിജിലൻസ് കുറ്റപത്രം സമർപ്പിച്ചത്. പിന്നീടുള്ള വർഷങ്ങളിൽ 74, 128, 94, 120 കേസുകളിൽ കുറ്റപത്രം നല്കി.
വിജിലൻസ് എൻക്വയറികളുടെ കണക്കെടുത്താൽ അഴിമതിക്കേസുകളും കുറ്റപത്രസമർപ്പണവും വിചാരണയുമെല്ലാം ഇനിയും വർധിക്കാനാണു സാധ്യത. 2026ൽ 34 വിജിലൻസ് അന്വേഷണങ്ങൾ പുതിയതായി ആരംഭിച്ചു.
Kerala
തിരുവനന്തപുരം: 2004ലെ മെഡിക്കൽ, എൻജിനിയറിംഗ് പ്രവേശന നടപടികളിൽ കൃത്രിമം കാട്ടി സർക്കാർ മെറിറ്റ് സീറ്റുകൾ അട്ടിമറിച്ച കേസിൽ പ്രതികളെ കുറ്റവിമുക്തരാക്കിയ വിജിലൻസ് റിപ്പോർട്ട് കോടതി തള്ളി.
തിരുവനന്തപുരം വിജിലൻസ് ജഡ്ജി എ. മനോജാണ് വിജിലൻസിന്റെ ‘റഫർ റിപ്പോർട്ട് ’ തള്ളിക്കൊണ്ട് പ്രതികൾക്കെതിരേ കുറ്റം ചുമത്താൻ ഉത്തരവിട്ടത്. ഹൈക്കോടതി ഇടപെടലിനെത്തുടർന്നാണ് നിയമപോരാട്ടത്തിൽ നിർണായകമായ ഈ വിധിയുണ്ടായത്.
അക്കാലത്തെ പ്രവേശനപരീക്ഷാ കമ്മീഷണർ സി.കെ. വിശ്വനാഥൻ, മുൻ ജോയിന്റ് കമ്മീഷണർ രാജു കൃഷ്ണൻ, ടി.ജി. വിജയകുമാർ, മുൻ അസിസ്റ്റന്റ് പി.പി. അജിത് എന്നിവരാണു വിചാരണ നേരിടേണ്ടിവരുന്നത്.
2004ൽ സർക്കാർ അംഗീകരിച്ച പ്രോസ്പെക്ടസിൽ തിരുത്തൽ വരുത്തിക്കൊണ്ട് എൻട്രൻസ് റാങ്ക് ലിസ്റ്റിലുള്ള അർഹരായ വിദ്യാർഥികൾക്കു ലഭിക്കേണ്ട ബിഎസ്സി നഴ്സിംഗ്, ബിഫാം, ബിടെക് തുടങ്ങിയ കോഴ്സുകളിലെ മൂവായിരത്തോളം സർക്കാർ മെറിറ്റ് സീറ്റുകൾ സ്വകാര്യ സ്വാശ്രയ കോളജുകൾക്കു വിട്ടു നൽകിയെന്നാണു കേസ്.
പ്രവേശനപരീക്ഷാ കമ്മീഷണർ ഓഫീസിലെ ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തി സർക്കാർ അറിയാതെയാണ് പ്രോസ്പെക്ടസിൽ മാറ്റം വരുത്തിയത്. ഇതിലൂടെ സ്വാശ്രയ മാനേജ്മെന്റുകൾക്ക് വഴിവിട്ട സൗകര്യം ഒരുക്കിയതായും വിജിലൻസ് കണ്ടെത്തിയിരുന്നു.
അഴിമതി നടന്നതായും ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നും കണ്ടെത്തി 2018ൽ ആദ്യ കുറ്റപത്രം നൽകി. നാലു വർഷത്തിനു ശേഷം ആദ്യ കുറ്റപത്രം നൽകിയ വിജിലൻസ് എസ്പി കെ.ഇ. ബൈജു തന്നെ പ്രതികൾ കുറ്റം ചെയ്തിട്ടില്ലെന്നു കാണിച്ച് ‘റഫർ റിപ്പോർട്ട്’ കോടതിയിൽ സമർപ്പിച്ചു.
മെറിറ്റ് ലിസ്റ്റിൽ ഉണ്ടായിട്ടും പ്രവേശനം നിഷേധിക്കപ്പെട്ട വിദ്യാർഥിയുടെ രക്ഷിതാവ് നടത്തിയ നിയമപോരാട്ടത്തിനൊടുവിൽ ഹൈക്കോടതി ഈ റിപ്പോർട്ട് പുനഃപരിശോധിക്കാൻ നിർദേശിച്ചു.
വിജിലൻസ് സമർപ്പിച്ച പുതിയ റിപ്പോർട്ടിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോടതി അതു തള്ളിക്കളഞ്ഞത്. പ്രതികളുടെ സ്വാധീനത്തിനു വഴങ്ങിയാണ് അന്വേഷണ ഉദ്യോഗസ്ഥർ റിപ്പോർട്ട് മാറ്റിയതെന്ന വാദം ശരിവയ്ക്കുന്ന രീതിയിലാണു കോടതിയുടെ നടപടി. കേസിൽ കുറ്റപത്രം സ്വീകരിച്ച കോടതി പ്രതികൾക്കെതിരേ കുറ്റം ചുമത്താൻ ഉത്തരവിട്ടു. അഴിമതി നിരോധന നിയമപ്രകാരം പ്രതികൾ വിചാരണ നേരിടണം.
Kerala
പാറശാല: ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താവിൽ നിന്ന് കൈക്കൂലി വാങ്ങിയ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ അറസ്റ്റിൽ. കാരോട് പഞ്ചായത്തിലെ എ സർക്കിൾ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ കൊല്ലം അയത്തിൽ സ്വദേശി ടി.എസ്. സന്ദീപ് (49) ആണ് പിടിയിലായത്.
നേരത്തെയും സമാനമായ കേസിൽ സന്ദീപ് പിടിയിലായിരുന്നു. 2016-17 കാലഘട്ടത്തിൽ കൊല്ലം ജില്ലയിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറായിരിക്കെ കൈക്കൂലി വാങ്ങുന്പോഴായിരുന്നു സന്ദീപ് പിടിയിലായത്. കൊല്ലം വിജിലൻസ് കോടതിയിൽ ഈ കേസ് നിലവിലുണ്ട്.
ഇതിനിടെയാണ് ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താവിൽ നിന്ന് മൂന്നാം ഗഡു പണം അനുവദിക്കാൻ ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. സന്ദീപ് പരാതിക്കാരനിൽ നിന്ന് ആദ്യ രണ്ട് ഗഡുക്കൾ അനുവദിക്കാൻ 15,00 രൂപ കൈക്കൂലി വാങ്ങിയിരുന്നു.
മൂന്നാം ഗഡു അനുവദിക്കാൻ 25,00 രൂപ കൈക്കൂലി ആവശ്യപ്പെട്ടതോടെയാണ് ഗുണഭോക്താവ് പരാതിയുമായി വിജിലൻസിനെ സമീപിച്ചത്. സന്ദീപ് പരാതിക്കാരനിൽ നിന്ന് പണം കൈപ്പറ്റിയ ഉടൻ വിജിലൻസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിൽ വി.എസ്. ശിവകുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് ഇന്ന് കോടതി പരിഗണിക്കും. ശിവകുമാറിനെ കേസിൽ നിന്ന് ഒഴിവാക്കികൊണ്ടുള്ള റിപ്പോർട്ട് ആണ് കോടതി പരിഗണിക്കുക.
വി.എസ്. ശിവകുമാറിനെ ഒന്നാം പ്രതിയാക്കിയാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ ശിവകുമാർ സ്വത്ത് സമ്പാദിച്ചിട്ടില്ലെന്നും ഡ്രൈവർ അനധികൃത സമ്പാദനം നടത്തിയെന്നുമാണ് വിജിലൻസിന്റെ റിപ്പോർട്ട്.
വിജിലൻസ് റിപ്പോർട്ടിൽ കോടതിയുടെ നിരീക്ഷണം സുപ്രധാനമാണ്. ശിവകുമാറിന്റെ ഡ്രൈവറായിരുന്ന ഷൈജു ഹരൻ, അടുപ്പക്കാരായ രാജേന്ദ്രൻ, അഡ്വ. ഹരികുമാർ എന്നിവർക്ക് വരവിൽ കൂടുതൽ സ്വത്തുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ.
കോണ്ഗ്രസ് പ്രവർത്തകനും ശിവകുമാറിന്റെ അടുത്ത അനുയായിയുമായ രാജേന്ദ്രന് ഈ കാലയളിലുണ്ടായിരുന്ന വരുമാനം 12 ലക്ഷത്തിനടുത്താണ്. പക്ഷേ അഞ്ചു വര്ഷത്തിനിടെയുണ്ടായ ആസ്തി ഒരു കോടിക്ക് മുകളിലാണ്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മണ്ണ് ഖനനവും നീക്കവുമായി ബന്ധപ്പെട്ട് വ്യാപക അഴിമതിയും ചട്ടലംഘനങ്ങളും നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില് വിജിലന്സിന്റെ മിന്നല് പരിശോധന. വിജിലന്സ് ഡയറക്ടര് മനോജ് ഏബ്രഹാമിന്റെ നിര്ദേശപ്രകാരം ‘ഓപ്പറേഷന് എര്ത്ത് ഗാര്ഡ്’ എന്ന പേരില് ഇന്നലെ രാവിലെ മുതലാണ് മിന്നല് പരിശോധന ആരംഭിച്ചത്.
സംസ്ഥാനത്തെ 14 ജില്ലകളിലെയും മൈനിംഗ് ആന്ഡ് ജിയോളജി ഓഫീസുകളിലും തെരഞ്ഞെടുത്ത 58 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമായി ആകെ 72 കേന്ദ്രങ്ങളിലാണ് ഒരേസമയം റെയ്ഡ് നടന്നത്. ഇതിനുപുറമെ അനധികൃത മണ്ണുനീക്കം നടക്കുന്നതായി പരാതി ലഭിച്ച സ്ഥലങ്ങളിലും വിജിലന്സ് സംഘം പരിശോധന നടത്തി.
കെട്ടിട നിര്മാണത്തിന്റെയും വീട് വയ്ക്കുന്നതിന്റെയും പേരില് ഡെവലപ്മെന്റ് പെര്മിറ്റും മൈനിംഗ് വകുപ്പില് നിന്ന് ട്രാന്സിറ്റ് പാസുകളും കൈക്കലാക്കിയ ശേഷം ഇവ ദുരുപയോഗം ചെയ്യുന്നതായി വിജിലന്സ് കണ്ടെത്തി. അനുവദനീയമായ പരിധിയില് കൂടുതല് മണ്ണ് ഖനനം ചെയ്യുക, കുന്നുകളും മലകളും ഇടിച്ചുനിരത്തി ഭൂമിയുടെ സ്വാഭാവിക ഘടന മാറ്റുക തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് നടക്കുന്നത്.
ഈ നിയമവിരുദ്ധ പ്രവര്ത്തനങ്ങളില് നടപടി സ്വീകരിക്കേണ്ട ഉദ്യോഗസ്ഥര് പരിശോധനകള് നടത്തുന്നതിലും തുടര്നടപടികള് സ്വീകരിക്കുന്നതിലും മനപ്പൂര്വം വിട്ടുനില്ക്കുന്നതു വഴി സര്ക്കാരിന് റോയല്റ്റി ഇനത്തില് വന് സാമ്പത്തിക നഷ്ടം സംഭവിക്കുന്നതായും കണ്ടെത്തി.
Kerala
തിരുവനന്തപുരം: ജയിൽ വകുപ്പ് മേധാവി എഡിജിപി ബൽറാം കുമാർ ഉപാധ്യായയ്ക്കെതിരേ ഉയർന്ന അഴിമതി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി കോടതി ഫയലിൽ സ്വീകരിച്ചു.
എന്നാൽ, അഴിമതി നിരോധന നിയമപ്രകാരം ഉയർന്ന ഉദ്യോഗസ്ഥനെതിരേ അന്വേഷണം നടത്തുന്നതിനു സർക്കാരിൽ നിന്നുള്ള മുൻകൂർ അനുമതി വാങ്ങി ഹാജരാക്കാൻ തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി ഹർജിക്കാരന് നിർദേശം നൽകി.
ടി.എസ്. ആശിഷ് നൽകിയ ഹർജിയിലാണ് കോടതി നടപടി. ജയിൽ വകുപ്പിലെ അഴിമതികളുമായി ബന്ധപ്പെട്ട് വിരമിച്ച ഡിഐജി പി. അജയകുമാർ ഒരു പ്രമുഖ മാധ്യമത്തിലൂടെ നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഹർജിക്ക് ആധാരം.
നിലവിൽ അഴിമതിക്കേസിൽ സസ്പെൻഷനിലുള്ള ജയിൽ ഡിഐജി എം.കെ. വിനോദ് കുമാർ നടത്തിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ബൽറാം കുമാർ ഉപാധ്യായ ഒത്താശ ചെയ്തെന്നും തടവുകാർക്കു ചട്ടവിരുദ്ധമായി പരോൾ അനുവദിക്കുന്നതിനും, ജയിലുകൾക്കുള്ളിലേക്കു ലഹരിവസ്തുക്കളും മൊബൈൽ ഫോണും എത്തിക്കുന്നതിനും വിനോദ് കുമാർ കൈക്കൂലി വാങ്ങിയിരുന്നതായും ഇതിൽ ജയിൽ മേധാവിക്ക് പങ്ക് ലഭിച്ചതായും ഹർജിയിൽ ആരോപിക്കുന്നു.
കേസിൽ പ്രാഥമിക വാദം കേട്ട കോടതി, ഉന്നയിക്കപ്പെട്ട പരാതികളിൽ പ്രഥമദൃഷ്ട്യാ കഴന്പുണ്ടെന്നു നിരീക്ഷിച്ചു. എന്നാൽ, അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതികൾ പ്രകാരം സർക്കാർ ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണം പ്രഖ്യാപിക്കുന്നതിനു മുൻപായി ബന്ധപ്പെട്ട അധികാരികളിൽ നിന്നുള്ള അനുമതിപത്രം ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് ആവശ്യമായ രേഖകൾ സഹിതം വീണ്ടും സമീപിക്കാൻ ഹർജിക്കാരനോട് കോടതി നിർദേശിച്ചത്.
Kerala
കൊച്ചി: ശബരിമല കൊടിമര പുനർനിർമാണത്തിലെ ക്രമക്കേട് അന്വേഷിച്ച വിജിലൻസ് സംഘം ത്വരിതാന്വേഷണ റിപ്പോർട്ട് ഇന്ന് ഹൈക്കോടതിക്ക് കൈമാറും. 412 ഗ്രാം സ്വർണമാണ് കൊടിമര നിർമാണത്തിനായി സംഭാവന ലഭിച്ചത്.
മുഴുവൻ സ്വർണവും വാചിവാഹന, അഷ്ടദിക് പാലകരുടെ നിർമാണത്തിന് ഉപയോഗിച്ചു. അതിനാൽ കേസെടുക്കാൻ തെളിവുകളില്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ. മോഹൻലാൽ, രഞ്ജിപണിക്കർ, പ്രിയദർശൻ, ഷാജി കൈലാസ്, സുരേഷ് ഗോപി അടക്കം 27 പേരാണ് കൊടിമര പുനർനിർമാണത്തിന് സംഭവാന നൽകിയത്.
ഇതിൽ നടൻമാർ അടക്കം 23 പേരുടെ മൊഴിയെടുത്തു. നാല് പേരുടെ വിശദാംശങ്ങൾ കണ്ടെത്താനായില്ലെന്നും വിജിലൻസ് കോടതിയെ അറിയിക്കും. സംഭവാന സ്വർണത്തിന് ദേവസ്വം രസീറ്റും നൽകിയെന്ന് വിജിലന്സ് റിപ്പോര്ട്ടില് പറയുന്നു.
District News
കൊച്ചി: റോഡ് നിര്മാണത്തിലെ അഴിമതിക്കേസില് വിജിലന്സ് അന്വേഷണം നേരിടുന്ന മേയര് വി.കെ. മിനിമോള് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എല്ഡിഎഫ് നേതൃത്വത്തില് കോര്പറേഷന് ആസ്ഥാനത്തേക്ക് നടത്തിയ മാര്ച്ച് സിപിഎം ജില്ലാ സെക്രട്ടറി എസ്. സതീഷ് ഉദ്ഘാടനം ചെയ്തു.
സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.സി. സന്ജിത് അധ്യക്ഷയായി. എല്ഡിഎഫ് ജില്ലാ കണ്വീനര് ജോര്ജ് ഇടപ്പരത്തി, കോര്പറേഷന് പ്രതിപക്ഷനേതാവ് വി.എസ്. ശ്രീജിത്ത്, നേതാക്കളായ സി.എം. ദിനേശ് മണി, സി.കെ. മണിശങ്കര്, സി. മണി, എ.ജി. ഉദയകുമാര്, കെ.വി. മനോജ്, കുമ്പളം രവി, കെ.ജെ. ബെയ്സില്, വിനോദ് ബാബു, ജോണ്സണ് ലോപ്പസ്, ബിജു തേറാട്ടില് എന്നിവര് പ്രസംഗിച്ചു.
പാലാരിവട്ടം ഡിവിഷന് കൗണ്സിലറായിരിക്കെ കളവത്ത് റോഡ് നവീകരണത്തിനായി ജനങ്ങളില്നിന്ന് പണം കൈപ്പറ്റിയെന്നതാണ് മേയര്ക്കെതിരെയുള്ള ആരോപണം. എന്നാല് വിജിലന്സ് അന്വേഷണം ഏകപക്ഷീയമായ നടപടിയാണെന്നും തന്റെ ഭാഗം കേള്ക്കാതെയുള്ള പ്രാഥമിക അന്വേഷണമാണിതെന്നും മേയര് വി.കെ. മിനിമോള് പറഞ്ഞു.
Kerala
തിരുവനന്തപുരം: മണ്ണ് മാറ്റുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥനെ വിജിലൻസ് പിടികൂടി. തിരുവനന്തപുരം കാട്ടക്കട സ്വദേശിയും മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടറേറ്റിലെ ലാബ് അറ്റന്ഡറുമായ ക്രിസ്റ്റ്യന് ജോസിനെയാണ് വിജിലന്സ് പിടികൂടിയത്.
5000 രൂപയാണ് ഇയാൾ കൈക്കൂലിയായി ആവശ്യപ്പെട്ടത്. ടിപ്പര് ലോറി ഉടമയുടെ പരാതിയിലാണ് നടപടി. തിരുവനന്തപുരം ചിറയിന്കീഴ് സ്വദേശിയുടെ വസ്തുവില് നിന്നും കെട്ടിട നിര്മാണത്തിനായി മണ്ണ് നീക്കം ചെയ്യാനുള്ള കരാര് ടിപ്പര് ലോറി ഉടമായ പരാതിക്കാരന് ഏറ്റെടുത്തിരുന്നു.
മണ്ണ് നീക്കം ചെയ്യുന്നതിനായി ഇയാൾ ജില്ലാ മൈനിംഗ് ആന്ഡ് ജിയോളജി ഓഫീസില് അപേക്ഷ നല്കുകയും ചെയ്തു. പാസ് അനുവദിക്കുന്നതിലെ കാലതാമസം നേരിട്ടതോടെ പരാതിക്കാരന് ജില്ലാ ഓഫീസില് നേരിട്ട് പോയി അന്വേഷിച്ചു. അപ്പോള് ഓഫീസില് ഉണ്ടായിരുന്ന ക്രിസ്റ്റ്യന് ജോസ് കാര്യങ്ങള് വേഗത്തിലാക്കാന് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
Kerala
തിരുവനന്തപുരം: ശബരിമലയിലെ കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ട് കൂടുതൽ നടൻമാരുടെ മൊഴിയെടുത്ത് വിജിലൻസ്. സ്വർണം സംഭാവന നൽകിയതിന്റെ വിവരങ്ങളാണ് താരങ്ങളിൽ നിന്ന് വിജിലൻസ് പ്രത്യേക സംഘം ചോദിച്ചറിഞ്ഞത്.
അന്വേഷണത്തിന്റെ ഭാഗമായി മോഹൻലാലിന്റെയും ദിലീപിന്റെയും മൊഴി രേഖപ്പെടുത്തി. സ്വർണം സംഭാവന നൽകണമെന്ന് അഭ്യർഥിച്ചത് സുഹൃത്തായ സുരേഷ് ഗോപിയാണെന്ന് മോഹൻലാൽ മൊഴി നൽകി. തിരുവനന്തപുരത്തെ ജ്വല്ലറിയിൽ നിന്ന് രണ്ട് പവൻ സ്വർണം വാങ്ങി.
തുടർന്ന് സുഹൃത്ത് മുഖേന പമ്പയിലെത്തിച്ചുവെന്നും മോഹൻലാൽ മൊഴി നൽകി. സ്വർണം നൽകിയതിനെക്കുറിച്ച് ദിലീപും മൊഴി നൽകി. നേരത്തെ സുരേഷ് ഗോപിയും വിജിലൻസിന് മൊഴി നൽകിയിരുന്നു.
Kerala
കൊല്ലം: പത്തനാപുരം പിറവന്തൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് ജീവനക്കാരൻ പിടിയിൽ. പിറവന്തൂർ വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റും തിരുവനന്തപുരം പട്ടം സ്വദേശിയുമായ മുഹമ്മദ് ഖാൻ ആണ് വിജിലൻസ് പിടിയിലായത്.
ഭൂമി തരം മാറ്റി നൽകുന്നതിനാണ് പ്രതി പിറവന്തൂർ സ്വദേശിയിൽ നിന്ന് 10,000രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. പിറവന്തൂർ സ്വദേശിനിയായ വീട്ടമ്മയുടെ ഉടമസ്ഥതയിലുള്ള 34 സെന്റ് ഭൂമി തരം മാറ്റി നൽകാനാണ് മുഹമ്മദ് ഖാൻ കൈക്കൂലി ആവശ്യപ്പെട്ടത്.
പണം ഗൂഗിൾ പേ വഴി നൽകുകയോ വില്ലേജ് ഓഫീസിലെത്തി നേരിട്ട് നൽകുകയോ ചെയ്യണമെന്നായിരുന്നു ആവശ്യം. ഇതേ തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് മുഹമ്മദ് ഖാൻ വിജിലൻസിന്റെ നിരീക്ഷണത്തിലായി.
വിജിലൻസിന്റെ നിർദേശപ്രകാരം പരാതിക്കാരൻ നൽകിയ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി.
Kerala
പുന്നയൂർക്കുളം (ചാവക്കാട്): പട്ടയമായി ലഭിച്ച 98 സെന്റ് ഭൂമിയുടെഅവകാശരേഖ (ആർഒആർ)ശരിയാക്കിനൽകാൻ അരലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷൽ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിലായി.
കടിക്കാട് വില്ലേജ് ഓഫീസിലെ സ്പെഷൽ വില്ലേജ് ഓഫിസർ പത്തനംതിട്ട ചിറ്റാർ സ്വദേശി എൻ.പി. വിനോദിനെയാണു തൃശൂർ വിജിലൻസ് പിടികൂടിയത്.
പുന്നയൂർക്കുളം സ്വദേശിയായ പരാതിക്കാരനു നികുതി അടയ്ക്കുന്നതിനായി ഭൂമിയുടെ അവകാശരേഖ ശരിയാക്കിനൽകാൻഅഞ്ചുലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. അത്രയും തുക കൈയിൽ ഇല്ലെന്നുപറഞ്ഞപ്പോൾ മൂന്നു ലക്ഷം നൽകണമെന്നായി. അതും ഇല്ലെന്നുപറഞ്ഞപ്പോൾ രണ്ടര ലക്ഷത്തിനു കാര്യം നടത്താമെന്നായി. പണം ചാക്കിലോ പേപ്പറിലോ പൊതിഞ്ഞ് സീറ്റിനു പിറകിലേക്ക് ഇടാൻ വിനോദ് പറഞ്ഞതു പരാതിക്കാരൻ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു.
രേഖ ലഭിക്കുന്നതിന് അപേക്ഷ നൽകി പലതവണ പരാതിക്കാരനും മകനും ഓഫീസിൽ കയറിയിറങ്ങിയിരുന്നു. സാങ്കേതികകാരണങ്ങൾ പറഞ്ഞ് മടക്കിവിടുകയായിരുന്നു. പിന്നീട് മറ്റൊരാളെക്കൊണ്ട് അന്വേഷിപ്പിച്ചപ്പോഴാണു പണം ആവശ്യപ്പെടുന്നത്.
പല കൂടിക്കാഴ്ചകൾക്കൊടുവിൽ 50,000 രൂപയ്ക്ക് ഉറപ്പിച്ചു. ഇക്കാര്യം പരാതിക്കാരൻ തൃശൂർ വിജിലൻസിനെ അറിയിച്ചു. ഓഫീസിന്റെ റിക്കാർഡ് മുറിയിൽവച്ചു വിനോദ് പണം എടുക്കുമ്പോൾ വിജിലൻസ് ഡിവൈഎസ്പി ജിം പോളിന്റെ നേതൃത്വത്തിലുള്ള സംഘം കൈയോടെ പിടികൂടുകയായിരുന്നു. പ്രതിയെ തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കി.
Kerala
തൃശൂർ: പുന്നയൂർക്കുളത്ത് ഭൂമിയുടെ അവകാശരേഖ ശരിയാക്കി നൽകാൻ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസർ പിടിയിൽ. തടിക്കാട് വില്ലേജ് ഓഫീസിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ എൻ.പി. വിനോദാണ് തൃശൂർ വിജിലൻസിന്റെ പിടിയിലായത്. അമ്പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്.
പുന്നയൂർക്കുളം സ്വദേശിയായ പരാതിക്കാരന് നികുതി അടയ്ക്കുന്നതിനായി ഭൂമിയുടെ അവകാശരേഖ വേണമായിരുന്നു. അവകാശരേഖ ശരിയാക്കി നൽകാൻ അഞ്ച് ലക്ഷം രൂപ സ്പെഷ്യൽ വില്ലേജ് ഓഫീസർ വിനോദ് ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ഇക്കാര്യം സ്വന്തം മൊബൈൽ ഫോണിൽ പരാതിക്കാരൻ റിക്കോർഡ് ചെയ്തു. അഞ്ച് ലക്ഷം രൂപ കൈയിൽ ഇല്ലെന്ന് പറഞ്ഞപ്പോൾ മൂന്ന് ലക്ഷം നൽകണമെന്നായി വില്ലേജ് ഓഫീസർ. അതും ഇല്ലെന്ന് പറഞ്ഞപ്പോൾ രണ്ടര ലക്ഷത്തിന് കാര്യം നടത്താം എന്നായി.
പണം ചാക്കിലോ പേപ്പറിലോ പൊതിഞ്ഞ സീറ്റിന് പുറകിലേക്ക് ഇടാനും വിനോദ് പറയുന്നുണ്ട്. ഗത്യന്തരമില്ലാതെയാണ് പരാതിക്കാരൻ തൃശൂർ വിജിലൻസിനെ സമീപിച്ചത്. രണ്ടര ലക്ഷം എന്ന് തോന്നിക്കാൻ നൂറിന്റെ നോട്ട് കെട്ടുകളാണ് വിജിലൻസിന്റെ സഹായത്തോടെ പരാതിക്കാരൻ പൊതിഞ്ഞു കൊണ്ടുപോയത്.
രണ്ടര ലക്ഷം ഉണ്ടെന്ന് പറഞ്ഞ് നോട്ട് കെട്ടുകൾ കൈമാറുകയായിരുന്നു. തൃശൂർ വിജിലൻസ് ഡിവൈഎസ്പി ജിം പോളിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടുകയും ചെയ്തു.