x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

01
JAN
2026

നാം ​അ​തി​വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ടെ

Editorial Audio


Published: January 1, 2026 12:00 AM IST | Updated: December 31, 2025 10:42 PM IST

“നാ​ളെ മു​ത​ൽ ഞാ​ൻ....” എ​ന്നു തു​ട​ങ്ങു​ന്ന സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി ഇ​ന്ന​ലെ ഉ​റ​ങ്ങാ​ൻ കി​ട​ന്ന മ​നു​ഷ്യ​രി​താ 2026ലേ​ക്ക് ഉ​ണ​ർ​ന്നി​രി​ക്കു​ന്നു. ല​ക്ഷ്യ​ത്തി​ലെ​ത്താ​നാ​യി​ല്ലെ​ങ്കി​ലും പ്ര​തി​ജ്ഞ​ക​ൾ മാ​റ്റ​ത്തി​നു​വേ​ണ്ടി​യു​ള്ള, മ​നു​ഷ്യ​ന്‍റെ അ​ട​ക്കാ​നാ​കാ​ത്ത അ​ഭി​വാ​ഞ്ഛ​യാ​ണ്. 21-ാം നൂ​റ്റാ​ണ്ടി​ന്‍റെ കാ​ൽ ഭാ​ഗം ക​ഴി​ഞ്ഞി​രി​ക്കു​ന്നു. വ്യ​ക്തി​പ​രം എ​ന്ന​തി​ന​പ്പു​റം നാം ​മ​നു​ഷ്യ​വം​ശം എ​ന്ന നി​ല​യി​ൽ ചി​ല പ്ര​തി​ജ്ഞ​ക​ളെ​ടു​ക്കാ​ൻ സ​മ​യ​മാ​യി. ഓ​രോ വ​ർ​ഷാ​ന്ത്യ​രാ​ത്രി​യി​ലും പാ​പ്പാ​ഞ്ഞി​യെ ക​ത്തി​ച്ച ന​മ്മ​ൾ പൈ​തൃ​ക​മാ​യി ല​ഭി​ച്ച​തും ആ​ർ​ജി​ച്ച​തു​മാ​യ വി​ദ്വേ​ഷ​ത്തെ​യും വം​ശ​വെ​റി​യെ​യും അ​ഹം​ബോ​ധ​ത്തെ​യും ക​ത്തി​ച്ചി​ല്ല.

ഉ​പ​യോ​ഗി​ച്ചു​പ​യോ​ഗി​ച്ച് അ​ത് 21-ാം നൂ​റ്റാ​ണ്ടി​ലെ മ​നു​ഷ്യ​ന്‍റെ മ​റ്റൊ​ര​വ​യ​വ​മാ​യി പ​രി​ണ​മി​ക്കു​ക​യാ​ണ്. ന​മു​ക്കു പാ​ട്ടു​പാ​ടി, യാ​ത്ര​ക​ൾ ചെ​യ്ത്, വി​ശ​പ്പും വി​രു​ന്നും പ​ങ്കു​വ​ച്ച്, ഒ​ന്നി​ച്ചാ​ഘോ​ഷി​ച്ചു ജീ​വി​ക്കാ​നാ​വി​ല്ലേ? തീ​ർ​ച്ച​യാ​യും. ക​ഴി​ഞ്ഞ​വ​ർ​ഷം പു​തു​വ​ത്സ​ര​മാ​ഘോ​ഷി​ച്ച പ​ല​രും ഇ​പ്പോ​ൾ കു​രി​ശും കു​റി​യും നി​സ്കാ​ര​ത്ത​ഴ​ന്പു​മി​ല്ലാ​ത്ത അ​സ്ഥി​കൂ​ട​ങ്ങ​ളാ​ണെ​ന്നോ​ർ​ത്താ​ൽ സാ​ഹോ​ദ​ര്യ​ത്തി​നൊ​രു ത​ട​സ​വു​മി​ല്ല. പ​റ്റി​ല്ലെ​ന്നു പ​റ​യു​ന്ന​ത് രോ​ഗ​മാ​ണ്; എ​ത്ര​യും വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ടെ.

2025ൽ ​മു​ഖ​പ്ര​സം​ഗ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ ദീ​പി​ക ഏ​റ്റ​വു​മ​ധി​കം എ​ഴു​തി​യ​ത് ജ​നാ​ധി​പ​ത്യം, വ​ർ​ഗീ​യ​ത, തീ​വ്ര​വാ​ദം, വ​ന്യ​ജീ​വി-​തെ​രു​വു​നാ​യ​ശ​ല്യം, ക​ർ​ഷ​ക​രു​ടെ പ്ര​തി​സ​ന്ധി​ക​ൾ, അ​ഴി​മ​തി, വ​നം​വ​കു​പ്പി​ന്‍റെ ജ​ന​ദ്രോ​ഹ​ങ്ങ​ൾ, മാ​ലി​ന്യ​നി​ർ​മാ​ർ​ജ​നം, ദ​ളി​ത്-​ആ​ദി​വാ​സി പി​ന്നാ​ക്കാ​വ​സ്ഥ, മ​യ​ക്കു​മ​രു​ന്ന്, കു​ടും​ബം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളാ​ണ്. നോ​ക്കൂ, ഇ​തേ വി​ഷ​യ​ങ്ങ​ൾ 2026ലും ​എ​ഴു​തേ​ണ്ടി​വ​ന്നി​രി​ക്കു​ന്നു. കാ​ര​ണം, രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളും സ​ർ​ക്കാ​രു​ക​ളും മാ​റ്റ​ത്തി​നു ത​യാ​റാ​യി​ല്ല. ജ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​വി​ഷ​യ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്നി​ല്ല.

കാ​ടു​ക​ളും കൃ​ഷി​യി​ട​ങ്ങ​ളും പ​ങ്കു​വ​യ്ക്കു​ന്ന സ​മാ​ന​ത​ക​ൾ അ​വ​ർ​ക്ക​റി​യി​ല്ല. വ​നം​വ​കു​പ്പി​ന്‍റെ ചു​മ​ത​ല, വ​ന്യ​ജീ​വി​ക​ളെ അ​യ​ച്ച് ക​ർ​ഷ​ക​രെ വേ​ട്ട​യാ​ടു​ക​യും കൃ​ഷി​യി​ട​ങ്ങ​ളി​ൽ​നി​ന്നു കു​ടി​യി​റ​ക്കു​ക​യും ചെ​യ്യു​ന്ന​തി​ലേ​ക്കു ചു​രു​ങ്ങി. നാ​ലാം സാ​ന്പ​ത്തി​ക​ശ​ക്തി​യെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട രാ​ജ്യ​ത്തി​ന്‍റെ പു​റ​ന്പോ​ക്കു​ക​ളി​ൽ ആ​ളു​ക​ൾ പു​ഴു​ക്ക​ളെ​പ്പോ​ലെ ന​ര​കി​ക്കു​ന്നു. തെ​രു​വു​നാ​യ​ശ​ല്യം പ​രി​ഹ​രി​ക്കാ​ൻ​പോ​ലും കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കു ക​ഴി​യു​ന്നി​ല്ല.

മാ​ലി​ന്യ​ങ്ങ​ൾ മ​ണ്ണും ജ​ല​വും വി​ഷ​മാ​ക്കി. ദ​ളി​ത​രും ആ​ദി​വാ​സി​ക​ളും പി​ന്നാ​ക്കാ​വ​സ്ഥ​യി​ലും വി​വേ​ച​ന​ത്തി​ലും ശ്വാ​സം മു​ട്ടു​ന്നു. മ​ത​ങ്ങ​ൾ​ക്കു മു​ക​ളി​ൽ തീ​വ്ര​ചി​ന്ത അ​പ​ര​വി​ദ്വേ​ഷ​ത്തി​ന്‍റെ നാ​സി​ക്കൊ​ടി നാ​ട്ടു​ന്നു. അ​തി​ർ​ത്തി​യി​ലൊ​തു​ങ്ങി​യി​രു​ന്ന യു​ദ്ധ​ങ്ങ​ൾ ഗ്രാ​മ​മു​ക്കു​ക​ളി​ലും നാ​ൽ​ക്ക​വ​ല​ക​ളി​ലു​മൊ​ക്കെ​യെ​ത്തി. ആ​ൾ​ക്കൂ​ട്ട​ങ്ങ​ൾ നി​യ​മം കൈ​യി​ലെ​ടു​ത്തു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​പ​യോ​ഗി​ച്ച് ക​ത്തി​ക​ളും തോ​ക്കു​ക​ളും പ​ണി​തു. മ​യ​ക്കു​മ​രു​ന്നും കു​റ്റ​കൃ​ത്യ​ങ്ങ​ളും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലും കാ​ൽ​ന​ട​യാ​യും നാ​ടു ചു​റ്റു​ക​യാ​ണ്... ഇ​തൊ​ക്കെ ചൂ​ണ്ടി​ക്കാ​ണി​ക്കാ​തെ, ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കും നേ​താ​ക്ക​ൾ​ക്കും കീ​ർ​ത്ത​ന​മാ​ല​പി​ക്കു​ന്ന​ത​ല്ല​ല്ലോ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം. പ​രി​ഹ​രി​ക്കാ​നേ​റെ​യു​ണ്ടെ​ങ്കി​ലും മ​ത​ത്തി​ന്‍റെ പേ​രി​ലു​ള്ള ധ്രു​വീ​ക​ര​ണ​ത്തെ​യാ​ണ് നാം ​ആ​ദ്യം അ​ഭി​സം​ബോ​ധ​ന ചെ​യ്യേ​ണ്ട​ത്.

പ​രി​ഹാ​ര​ങ്ങ​ളു​ണ്ട്. 2025ന്‍റെ അ​വ​സാ​ന​ദി​ന​ങ്ങ​ളി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷി​ക്ക​രു​തെ​ന്ന വ​ർ​ഗീ​യ ഉ​ത്ത​ര​വു​ക​ൾ​ക്കി​ടെ, അ​ന്പ​ല​ത്തി​ലെ ഭ​ജ​ന​ക്കാ​ർ ക​രോ​ൾ​ഗാ​നം പാ​ടി ന​മ്മെ വി​ളി​ച്ചു​ണ​ർ​ത്തി​യി​രി​ക്കു​ന്നു. യ​ഥാ​ർ​ഥ വി​ശ്വാ​സി​ക​ളാ​യി​രു​ന്നു അ​വ​ർ. സാ​ന്താ​ക്ലോ​സ് വേ​ഷം ധ​രി​ച്ച ഹി​ന്ദു-​മു​സ്‌​ലിം മ​ത​വി​ശ്വാ​സി​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഫോ​ട്ടോ​ക​ളി​ട്ട് ത​ങ്ങ​ളി​വി​ടെ​യു​ണ്ടെ​ന്നു പ​റ​ഞ്ഞു. പ​ള്ളി​യു​ടെ സെ​മി​ത്തേ​രി​യി​ൽ ഹി​ന്ദു​വി​ന്‍റെ സം​സ്കാ​രം അ​വ​രു​ടെ ആ​ചാ​ര​പ്ര​കാ​രം ന​ട​ത്തി​യ നാ​ടാ​ണി​ത്. കോ​വി​ഡി​ന്‍റെ​യും പ്ര​ള​യ​ത്തി​ന്‍റെ​യും ഉ​രു​ൾ​പൊ​ട്ട​ലി​ന്‍റെ​യും കാ​ല​ത്ത് പ​ര​സ്പ​രം താ​ങ്ങാ​യി നി​ന്ന​വ​രെ ഭി​ന്നി​പ്പി​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ൾ വി​ജ​യി​ക്ക​രു​ത്. വെ​റു​പ്പി​ന്‍റെ ഫാ​ക്ട​റി​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വി​ഷം പ്ര​ധാ​ന​മാ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​തെ​ന്നു മ​റ​ക്ക​രു​ത്.

കു​റ​ച്ചു​പേ​രേ ഉ​ള്ളെ​ങ്കി​ലും അ​വ​ർ രാ​പ​ക​ൽ അ​വി​ടെ​യു​ണ്ട്. യ​ഥാ​ർ​ഥ മ​ത​വി​ശ്വാ​സി​ക​ൾ ആ​ക്രോ​ശ​വും അ​സ​ഭ്യ​വും ഭ​യ​ന്ന് പ്ര​തി​ക​രി​ക്കാ​റി​ല്ല. സ​ർ​ക്കാ​രു​ക​ളും വി​ദ്വേ​ഷ​വ്യാ​പാ​രി​ക​ൾ​ക്കെ​തി​രേ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. വി​ദ്വേ​ഷ​പ്ര​സം​ഗ​ത്തെ ക​ല​യാ​യി കൊ​ണ്ടു​ന​ട​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ഓ​രോ​ന്നി​നും കേ​സെ​ടു​ക്ക​ണം. കു​ട്ടി​ക​ൾ എ​ല്ലാ മ​ത​സ്ഥ​ർ​ക്കു​മൊ​പ്പം പ​ഠി​ക്കു​ക​യും ക​ളി​ക്കു​ക​യും വേ​ണം. എ​ല്ലാ​വ​ർ​ക്കു​മു​ണ്ട് ചു​മ​ത​ല. മ​ത​ങ്ങ​ൾ ഈ ​വി​ഷ​യ​ത്തെ അ​ടി​യ​ന്ത​ര​മാ​യി നേ​രി​ട​ണം. മ​ത​നേ​താ​ക്ക​ൾ സൗ​ഹാ​ർ​ദ​ത്തെ​യും സ​ഹി​ഷ്ണു​ത​യെ​യും കു​റി​ച്ച് ആ​വ​ർ​ത്തി​ച്ചു പ്ര​സം​ഗി​ക്ക​ണം. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ വ്യ​ക്തി-​വ​ർ​ഗീ​യ-​രാ​ഷ്‌​ട്രീ​യ മാ​ലി​ന്യ​ക്കെ​ട്ടു​ക​ൾ ഒ​രാ​ളും ഏ​റ്റെ​ടു​ക്ക​രു​ത്.

ജീ​വി​ത​ത്തി​ന്‍റെ സൗ​ന്ദ​ര്യ​വും നൈ​മി​ഷി​ക​ത​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ ആ​ന​ന്ദ​വു​മോ​ർ​ത്ത് ഒ​രു നി​മി​ഷം ക​ണ്ണ​ട​യ്ക്കൂ. എ​ന്നി​ട്ടു ഹൃ​ദ​യം തു​റ​ക്കൂ. 2026 ഒ​രു അ​വ​സ​രം​കൂ​ടി ത​ന്നി​രി​ക്കു​ന്നു. പു​തു​വ​ത്സ​രാ​ശം​സ​ക​ൾ!

Tags : new year 2026 editorial

Recent News

Corehub Up