ആരോഗ്യ സർവകലാശാലയിൽ നഴ്സുമാർക്കു കുടുംബാരോഗ്യ വിഷയങ്ങളിൽ പഠനപരിശീലനം
തൃശൂർ: കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയിൽ കേരള ആർദ്രം മിഷനുമായി സഹകരിച്ച് സംസ്ഥാന ആരോഗ്യ വകുപ്പിലെ ബിരുദാനന്തര ബിരുദധാരികളായ എഴുപതു നഴ്സുമാർക്ക് കുടുംബ ആരോഗ്യ സംബന്ധിയായ വിഷയങ്ങളിൽ പരിശീലനം നൽകുന്നു. അഞ്ചു മുതൽ, പതിനാറു വരെ റെസിഡൻഷ്യൽ പ്രോഗ്രാമായാണ് നടത്തുന്നത്.
പരിശീലനം നേടുന്നവർ അതാതു മേഖലകളിൽ മറ്റുള്ള നഴ്സുമാരുടെ പരിശീലകരായി പ്രവർത്തിക്കുന്നതിനുതകുന്ന തരത്തിലാണ് ക്ലാസുകൾ ഒരുക്കിയിട്ടുള്ളത്. ഇതിനാവശ്യമായ മുഴുവൻ സാങ്കേതിക സഹായങ്ങളും ആരോഗ്യ സർവകലാശാലയാണ് നിർവ്വഹിക്കുന്നത്.
സർവകലാശാല അധ്യാപകർക്ക് പുറമേ സംസ്ഥാന ആരോഗ്യ വകുപ്പിലെ വിദഗ്ധ ഡോക്ടർമാരും പരിശീലനത്തിനു നേതൃത്വം നൽകും.
കുടുംബാരോഗ്യ പരിപാലന രംഗത്തേയ്ക്കുള്ള സർവകലാശാലയുടെ ആദ്യ കാൽവയ്്പുകളിലൊന്നാണിതെന്നും, ഈ സംരംഭം ആരോഗ്യ മേഖലയിൽ പുതുചലനങ്ങൾ സൃഷ്ടിക്കുന്നതിന് സഹായകമാകുമെന്നും വൈസ് ചാൻസലർ ഡോ. എം. കെ. സി. നായർ പറഞ്ഞു.