ആ ബ്രഹ്മൻ ബ്രാഹ്മണോ...
ആ ബ്രഹ്മൻ ബ്രാഹ്മണോ...
‘അവേക്ഷതാം ഭവാൻ കോശം
കോഷ്ഠാഗാരം ഗൃഹം ബലം
ഭവതസ്തേജസാ സർവ്വം കൃതം
ദശഗുണം മയാ’


വാല്മീകി രാമായണത്തിലെ ഹർഷജനിതമായ രണ്ടു സന്ദർഭങ്ങളാണ് ശ്രീരാമപാദുകമേന്തിക്കൊണ്ടുള്ള ഭരതന്റെ അയോധ്യാഗമനവും, പതിനാലു വർഷങ്ങൾക്കുശേഷം കോസല രാജ്യത്തെ രാമന് തിരികെ നൽകുന്നതും. വിശ്വസാഹിത്യത്തിലെങ്ങും ഭരതനു തുല്യമായി സാഹോദര്യത്തെ വിളിച്ചോതുന്ന പാത്രസൃഷ്‌ടി നടന്നിട്ടില്ലെന്നുറപ്പിച്ചു പറയാം. കൃതാഞ്ജലിയോടെ ഭരതൻ രാമനോട് പറയുന്നതു കേൾക്കുക. ‘അങ്ങയുടെ രാജ്യത്തെ മുഴുവൻ സൂക്ഷിക്കാനേൽപ്പിച്ചിരുന്ന മുതലായി ഞാനിതാ തിരികെ നൽകുന്നു’. പക്ഷേ, അതിലുപരിയാണ് ഭരതന്റെ തുടർന്നുള്ള വാക്കുകൾ. സൂക്ഷിക്കാനേൽപ്പിച്ചതാണെങ്കിലും ഒരു രാഷ്ട്രമാണ് കോസലം. ഭരതൻ തിരിച്ചേൽപ്പിക്കുന്നത് മുതലിന്റെ പത്തു മടങ്ങിനെയാണ്. കാരണം രാഷ്ട്രം അശ്വമാണ്, മുന്നോട്ടു മാത്രം ഗമനശീലമുണ്ടാവേണ്ടത്. അശ്വം വൈ രാഷ്ട്രമെന്നു ശതപഥബ്രാഹ്മണം. ഈ പശ്ചാത്തലത്തിലാണ് ഭരതവാക്യത്തെ കാണേണ്ടത്. ‘ഭണ്ഡാരം, ധാന്യപ്പുര, ഗൃഹം, സൈന്യം എല്ലാം കണ്ടാലും. അങ്ങയുടെ തേജസിനാൽ എല്ലാം പത്തിരട്ടിയാക്കിയിട്ടുണ്ട്’ എന്നു ശ്ലോകാനുവാദം.

ഒരു രാഷ്ട്രത്തിന്റെ സാമ്പത്തിക ഭദ്രതയുടെ പ്രതീകമാണ് ഖജനാവ് അഥവാ രാജഭണ്ഡാരം. പതിനാലുവർഷങ്ങൾക്കു മുമ്പുള്ളതിനേക്കാൾ പതിന്മടങ്ങുണ്ട് എന്നാണ് ഭരതവാക്യം. ഈ രാജഭണ്ഡാരത്തിന്റെ ഉടമസ്‌ഥത എപ്രകാരം കോസലത്തിനു കൈവന്നു എന്നു ചിന്തിക്കുമ്പോഴാണ് ഭരതൻ എന്ന ഭരണാധികാരിയുടെ ത്യാഗം വ്യക്‌തമാകുന്നത്. വിധിപ്രകാരം രാജാവിന് അനുവദിച്ച സകല ഭോഗങ്ങളെയും ത്യജിച്ചുകൊണ്ടാണ് ഭരതൻ കോസലത്തെ കണ്ണിലെ കൃഷ്ണമണിയെന്ന പോലെ കാത്തുരക്ഷിച്ചത്. ഈ ത്യാഗത്തിലധിഷ്ഠിതമായ ഭരതന്റെ രാജ്യഭരണം ഭാരതത്തിന്റെ രാഷ്ട്രമീമാംസയിൽ എന്നെങ്കിലും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് സംശയമാണ്. ഓരോ അഞ്ചുവർഷം കഴിയുമ്പോഴും ഖജനാവ് കാലിയാണെന്നു കേട്ടുമടുത്ത ജനതയെ വീണ്ടും വീണ്ടും വിഡ്ഢികളാക്കുന്ന ജനാധിപത്യരാജാക്കൻമാർക്ക് ഭരതരാജ്യം ചർച്ച ചെയ്യപ്പെടുന്നതു കയ്പുളവാക്കുന്ന വിഷയമാണെന്നു കരുതാം.


വ്യക്‌തിപരമായ സകല കാമനകളെയും ത്യജിച്ചുകൊണ്ട് രാഷ്ട്രത്തെ പരിപാലിക്കുന്ന ഭരണാധികാരി യാഥാർഥ്യമാകുമ്പോൾ, ‘ഞങ്ങളുടെ രാഷ്ട്രത്തിൽ ഭരണാധികാരികൾ ജ്‌ഞാനതേജസിനാൽ പൂർണരാകട്ടെ’ എന്നു പ്രാർഥിക്കാതിരിക്കാൻ പ്രജകൾക്കു കഴിയില്ല. യജുർവേദത്തിലെ ആ ബ്രഹ്മൻ ബ്രാഹ്മണോ എന്നു തുടങ്ങുന്ന വൈദിക രാഷ്ട്രഗീതം ഉൾക്കൊണ്ടവരായിരിക്കണം ഭരതന്റെ പ്രജകൾ എന്ന് അനുമാനിക്കാം.