ജയലളിതയുടേതു സഹജമായ നേതൃത്വശൈലി: കർദിനാൾ മാർ ആലഞ്ചേരി
ജയലളിതയുടേതു സഹജമായ നേതൃത്വശൈലി: കർദിനാൾ മാർ ആലഞ്ചേരി
കൊച്ചി: സഹജമായ നേതൃത്വശൈലിയിലൂടെ തമിഴ് ജനതയുടെ മനസിൽ ഇടം നേടിയ സവിശേഷ വ്യക്തിത്വമാണു അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടേതെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുസ്മരിച്ചു. അവരുടെ വിയോഗത്തിൽ ജനങ്ങൾക്കുള്ള ദുഖത്തിൽ ജനങ്ങൾക്കൊപ്പം പങ്കുചേരുന്നു. തമിഴ് ജനതയുടെ വികാരങ്ങളും വിചാരങ്ങളും ഒപ്പിയെടുത്ത് അവയെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ രാഷ്ട്രീയപ്രവർത്തനവും ഭരണരീതിയും ക്രമപ്പെടുത്താൻ ജയലളിതയ്ക്കു സാധിച്ചു. രാജ്യം മുഴുവൻ അവരുടെ പ്രവർത്തനങ്ങളെയും വിയോഗത്തെയും ശ്രദ്ധയോടെ വീക്ഷിക്കാൻ കാരണവും ആ കരുത്തുള്ള നേതാവിന്റെ ശൈലിയാണെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങൾക്ക് തങ്ങളുടെ ഹൃദയത്തിൽ ജയലളിത എന്ന ആൾരൂപം നിറഞ്ഞുനിന്നു. തമിഴ് ജനതയിൽ ഒരു വിഭാഗമെങ്കിലും വൈകാരികമായി ഈ വ്യക്തിത്വത്തോട് അലിഞ്ഞുചേരുന്നവരാണ്. അതവരുടെ ശക്തിയും ദൗർബല്യവുമായി കാണുന്നവരുണ്ട്. എങ്ങനെയായാലും അതു സത്യമാണെന്നതു നിഷേധിക്കാനാവില്ല. ഭരണ നേതൃത്വത്തിൽ വന്ന ഇതരവ്യക്തിത്വങ്ങളോടും തമിഴ് ജനതയ്ക്കു വൈകാരിക ഐക്യമാണു മറ്റെന്തിനെയുകാൾ പ്രധാനം. അണ്ണാദുരൈ, എംജിആർ തുടങ്ങിയവരുടെ പേരുകൾ ഭാരത ജനതയ്ക്കു മുഴുവൻ സുപരിചിതമാകുന്നത് ഈ സവിശേഷതയിലാണ്. തമിഴ് ജനതയോടു ഇഴുകിച്ചേർന്നു ആ സംസ്ഥാനത്തെ അഭിവൃദ്ധിയിലേക്കു നയിച്ച ജയലളിതയുടെ സ്മരണയിൽ ആദരവ് അർപ്പിക്കുന്നുവെന്നും കർദിനാൾ മാർ ആലഞ്ചേരി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.