Tax
ആദായനികുതി റിട്ടേണുകൾ നിർദിഷ്ട തീയതിക്കുള്ളിൽ സമർപ്പിച്ചില്ലെങ്കിൽ...
ആദായനികുതി റിട്ടേണുകൾ  നിർദിഷ്ട തീയതിക്കുള്ളിൽ സമർപ്പിച്ചില്ലെങ്കിൽ...
നിർബന്ധിത ഓഡിറ്റ് ആവശ്യമില്ലാത്ത സ്‌ഥാപനങ്ങളും ശമ്പളക്കാർ, വാടകവരുമാനക്കാർ, ഓഡിറ്റ് ആവശ്യമില്ലാത്ത പങ്കുവ്യാപാര സ്‌ഥാപനങ്ങളുടെ പങ്കുകാർ എന്നിവരുടെ 2015–16 സാമ്പത്തികവർഷത്തെ ആദായനികുതി റിട്ടേണുകൾ സമർപ്പിക്കേണ്ട അവസാന തീയതി 2016 ജൂലൈ 31ൽനിന്ന് ഈ മാസം അഞ്ചിലേക്കു മാറ്റിയിട്ടുണ്ട്. ദേശവ്യാപകമായി ബാങ്കുകൾ ജൂലൈ 29നു നടത്തിയ പണിമുടക്കും 31 ഞായറാഴ്ച ആയതിനാലും നികുതിദായകർക്കുണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണ് റിട്ടേൺ സമർപ്പണത്തിനുള്ള തീയതി സർക്കാർ നീട്ടി നല്കിയിരിക്കുന്നത്.

നികുതി റിട്ടേണുകളുടെ സമർപ്പണവുമായി ബന്ധപ്പെട്ട് നികുതിദായകൻ രണ്ടു കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ഒന്ന്– നികുതിയുടെ അടവ്, രണ്ട്– റിട്ടേൺ സമർപ്പണം. നികുതിദായകന്റെ വരുമാനം കണക്കാക്കി അതിന്റെ നികുതി മുൻകൂറായി മൂന്നു തവണകളായി അല്ലെങ്കിൽ സ്രോതസിൽനിന്നു തന്നെയുള്ള നികുതിയായിട്ടാണ് അടയ്ക്കേണ്ടത്. വരുമാനത്തിന്റെ യഥാർഥ നികുതി മുൻകൂർ അടച്ച നികുതിയേക്കാൾ കൂടുതലാണെങ്കിൽ റിട്ടേൺ ഫയൽ ചെയ്യുന്നതിനുമുമ്പ് ബാക്കി തുകയും അതിന്റെ പലിശയും അടച്ചാൽ മാത്രമാണ് റിട്ടേൺ സമർപ്പിക്കാൻ സാധിക്കുന്നത്. നികുതി മുൻകൂർ അടയ്ക്കുന്നതിൽ പൂർണമായോ ഭാഗികമായോ വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ അതിനുള്ള നികുതിയും പലിശയും ഉൾപ്പെടെ റിട്ടേൺ സമർപ്പണത്തിനു മുമ്പുതന്നെ സെൽഫ് അസെസ്മെന്റ് നികുതിയായി അടയ്ക്കണം.

<യ> റിട്ടേൺ സമർപ്പണത്തിൽ വീഴ്ച വന്നാൽ

നിർദിഷ്ട തീയതിക്കുള്ളിൽ റിട്ടേൺ സമർപ്പിക്കാൻ സാധിച്ചില്ലെങ്കിലും ബിലേറ്റഡ് ആയി റിട്ടേൺ ഫയൽ ചെയ്യാൻ സാധിക്കുന്നതാണ്. നിർദിഷ്ട അസെസ്മെന്റ് വർഷം കഴിഞ്ഞ് പരമാവധി ഒരു വർഷം വരെയാണ് നിലവിൽ ഇതിനുള്ള സമയപരിധി. എന്നാൽ, ആദായനികുതി നിയമം വകുപ്പ് 271 എഫ് അനുസരിച്ച് നികുതി ഉദ്യോഗസ്‌ഥന് 5,000 രൂപയുടെ പിഴ ഈ സാഹചര്യത്തിൽ ചുമത്താവുന്നതാണ്. ഇത് നികുതി ഉദ്യോഗസ്‌ഥന്റെ വിവേചനാധികാരത്തിൽപ്പെട്ടതാണ്. എന്നാൽ, താമസിച്ച് സമർപ്പിക്കുന്ന റിട്ടേണുകളോടൊപ്പം മുകളിൽ സൂചിപ്പിച്ച പിഴ അടയ്ക്കേണ്ടതില്ല. പക്ഷേ, നികുതി ഉദ്യോഗസ്‌ഥന്റെ പക്കൽനിന്നു നോട്ടീസ് ലഭിച്ചിട്ടുണ്ടെങ്കിൽ പിഴ അടയ്ക്കേണ്ടതായി വരും. റിട്ടേൺ മനഃപൂർവം സമർപ്പിക്കാത്തതാണെന്ന് നികുതി ഉദ്യോഗസ്‌ഥനു തോന്നിയാൽ പിഴയിൽ വൻ വർധനയാണ് ഉണ്ടാകുന്നത്. നികുതി അടച്ചാലും നിർദിഷ്ട തീയതിക്കുള്ളിൽ റിട്ടേൺ സമർപ്പിക്കാതിരുന്നാൽ ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ ഇവിടെ സൂചിപ്പിക്കുന്നു.

1) റിട്ടേണുകളുടെ പുനഃസമർപ്പണം സാധ്യമാവില്ല

2015–16 സാമ്പത്തികവർഷത്തിലെ റിട്ടേണുകൾ നിർദിഷ്ട തീയതിക്കുള്ളിൽ ഫയൽ ചെയ്യാതെ താമസിച്ചു സമർപ്പിക്കുന്ന സാഹചര്യങ്ങളിൽ ഏതെങ്കിലും സാഹചര്യങ്ങളിൽ താമസിച്ച് സമർപ്പിച്ച റിട്ടേണുകളിൽ തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടെങ്കിൽ അവയുടെ പുനഃസമർപ്പണം സാധ്യമാവില്ല. അങ്ങനെ വരുന്ന സാഹചര്യത്തിൽ പ്രസ്തുത തെറ്റ് നികുതി ഉദ്യോഗസ്‌ഥൻ കണ്ടുപിടിച്ചാൽ തെറ്റായ റിട്ടേൺ സമർപ്പണത്തിനു പിഴ ചുമത്തിയേക്കാം. അങ്ങനെ പ്രസ്തുത തെറ്റ് സ്വയം തിരുത്തുന്നതിനു നിങ്ങൾക്കുള്ള അവസരം നഷ്ടമാകും. ഇത് നിലവിലുള്ള സാഹചര്യമാണ്. എന്നാൽ, 2016–17 സാമ്പത്തികവർഷം മുതൽ പ്രസ്തുത നിയമത്തിനു മാറ്റം വന്നിട്ടുണ്ട്. താമസിച്ച് ഫയൽ ചെയ്യുന്ന റിട്ടേണുകളിലും തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാൽ പുനഃസമർപ്പണം സാധ്യമാവുന്ന രീതിയിൽ നിയമം ഭേദഗതി ചെയ്തിട്ടുണ്ട്.

2) നികുതി റീഫണ്ടിന്റെ പലിശ നഷ്ടപ്പെടും

നിങ്ങളുടെ യഥാർഥ നികുതിയേക്കാൾ കൂടുതലായ തുക മുൻകൂർ നികുതിയായോ മറ്റോ അടച്ചിട്ടുണ്ടെങ്കിൽ കൂടുതലുള്ള തുകയ്ക്ക് ആറു ശതമാനം നിരക്കിൽ പലിശയ്ക്ക് അർഹതയുണ്ട്. എന്നാൽ, റിട്ടേൺ താമസിച്ചു സമർപ്പിച്ചാൽ പ്രസ്തുത പലിശ നിങ്ങൾക്കു നഷ്‌ടപ്പെടും. പ്രസ്തുത പലിശ ഏപ്രിൽ ഒന്നു മുതൽ റീഫണ്ട് ഓർഡറിന്റെ തീയതി വരെയുള്ള കാലയളവിലേക്കാണ് നിങ്ങൾക്ക് ലഭിക്കേണ്ടത്. എന്നാൽ, താമസിച്ചാണ് റിട്ടേൺ ഫയൽ ചെയ്യുന്നതെങ്കിൽ ഫയൽ ചെയ്ത മാസം മുതൽ റീഫണ്ട് ഉത്തരവിന്റെ കാലയളവിലേക്കുള്ള പലിശ മാത്രമേ നിങ്ങൾക്കു ലഭിക്കുകയുള്ളൂ.

3) നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ അത് ക്യാരിഫോർവേഡ് ചെയ്യാൻ സാധിക്കില്ല

നിർദിഷ്ട തീയതിക്കു ശേഷമാണ് നിങ്ങൾ റിട്ടേൺ ഫയൽ ചെയ്യുന്നതെങ്കിൽ, നിങ്ങൾക്ക് ബിസിനസിൽനിന്ന് നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ പ്രസ്തുത നഷ്ടം അടുത്ത വർഷത്തേക്കു ക്യാരിഫോർവേഡ് ചെയ്യാൻ സാധിക്കില്ല. എന്നാൽ, ഹൗസ് പ്രോപ്പർട്ടിയിൽനിന്നുള്ള നഷ്ടം ഇതിൽപ്പെടുകയില്ല. താമസിച്ചാണ് റിട്ടേൺ ഫയൽ ചെയ്യുന്നതെങ്കിലും ഹൗസ് പ്രോപ്പർട്ടിയിൽ ഉണ്ടായ നഷ്ടം അടുത്ത വർഷത്തേക്കു ക്യാരിഫോർവേഡ് ചെയ്തുകൊണ്ടുപോയി അടുത്ത വർഷം ഉണ്ടാകുന്ന ലാഭത്തിൽനിന്ന് ഇത് സെറ്റ് ഓഫ് ചെയ്തെടുക്കാൻ സാധിക്കും. എന്നാൽ, ബിസിനസിൽ ഉണ്ടാകുന്ന നഷ്ടം, ഊഹക്കച്ചവടത്തിലെ നഷ്ടം, മൂലധനനഷ്ടം, മറ്റു വിധത്തിലുള്ള നഷ്ടങ്ങൾ എന്നിവ റിട്ടേണുകൾ താമസിച്ച് ഫയൽ ചെയ്യുന്ന അവസരങ്ങളിൽ ക്യാരിഫോർവേഡ് ചെയ്ത് അടുത്ത വർഷത്തേക്ക് കൊണ്ടുപോകാൻ സാധ്യമല്ല.