Tax
മുതിർന്ന പൗരന്മാർക്കു ബിസിനസിൽനിന്നു വരുമാനമില്ലെങ്കിൽ മുൻകൂർ നികുതിയിൽ ഇളവ്
മുതിർന്ന പൗരന്മാർക്കു ബിസിനസിൽനിന്നു വരുമാനമില്ലെങ്കിൽ മുൻകൂർ നികുതിയിൽ ഇളവ്
ആദായനികുതിനിയമം 208–ാം വകുപ്പനുസരിച്ച് 10,000 രൂപയിൽ കൂടുതൽ നികുതിബാധ്യത വരുന്ന നികുതിദായകർ മുൻകൂറായി നികുതി അടയ്ക്കണം. എന്നാൽ, ഇന്ത്യയിൽ റെസിഡന്റായിട്ടുള്ള മുതിർന്ന പൗരന്മാർക്ക് ബിസിനസിൽനിന്നും പ്രൊഫഷനിൽനിന്നും വരുമാനം ഒന്നുമില്ലെങ്കിൽ മുൻകൂർ നികുതി അടയ്ക്കേണ്ടതില്ല. അതായത് മുൻകൂർ നികുതിയിൽനിന്നും കിഴിവ് ലഭിക്കണമെങ്കിൽ താഴെ പറയുന്ന വ്യവസ്‌ഥകൾ പാലിച്ചിരിക്കണം. 1) നികുതിദായകൻ വ്യക്‌തിയായിരിക്കണം. 2) നികുതിദായകൻ ആദായനികുതി നിയമമനുസരിച്ച് ഇന്ത്യയിൽ റെസിഡന്റായിരിക്കണം 3) നികുതിദായകന് പ്രസ്തുത സാമ്പത്തികവർഷത്തിൽ എന്നെങ്കിലും 60 വയസിൽ കൂടിയിരിക്കണം. 4) നികുതിദായകന് ബിസിനസ്സിൽനിന്നും പ്രൊഫഷനിൽനിന്നും വരുമാനം ഒന്നും ഉണ്ടായിരിക്കരുത്.

ഇതൊരു ഉദാഹരണ സഹിതം വ്യക്‌തമാക്കാം. റിട്ടയർ ചെയ്ത വ്യക്‌തിക്ക് വാടകയിനത്തിൽ പ്രതിമാസം 50,000 രൂപ വീതം ലഭിക്കുന്നു. അദ്ദേഹത്തിന് ബിസിനസിൽനിന്നും പ്രൊഫഷനിൽനിന്നും വരുമാനം ഒന്നുമില്ല. അദ്ദേഹം ഇന്ത്യയിൽ റെസിഡന്റാകയാൽ മുകളിൽ സൂചിപ്പിക്കപ്പെട്ട നാലു വ്യവസ്‌ഥകളും പാലിക്കപ്പെടുന്നുണ്ട്. അതിനാൽ അദ്ദേഹത്തിന് മുൻകൂർ നികുതി ബാധ്യതയുണ്ടാകുന്നില്ല. ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്ന സമയത്ത് നികുതി കണക്കാക്കി സെൽഫ് അസസ്മെന്റ് ടാക്സായി അടച്ചാൽ മാത്രം മതി.

ആദായനികുതി ബാധ്യത 10,000 രൂപയിൽ കൂടുതലുണ്ടെങ്കിൽ മാത്രമേ മുൻകൂർ നികുതി അടയ്ക്കേണ്ടതായിട്ടുള്ളൂ. 10,000 രൂപയിൽ കൂടുതൽ വരുന്ന സാഹചര്യങ്ങളിലും മുകളിൽ സൂചിപ്പിച്ചിരിക്കുന്ന വ്യവസ്‌ഥകൾ പാലിച്ചിട്ടുണ്ടെങ്കിൽ മുൻകൂർ നികുതി ബാധ്യത ഉണ്ടാകുന്നതല്ല.

എന്നാൽ, ഇന്ത്യയിൽ റെസിഡന്റല്ലാത്ത വ്യക്‌തികൾക്ക് മുകളിൽ സൂചിപ്പിച്ചിരിക്കുന്ന ആനുകൂല്യം ലഭിക്കുന്നതല്ല. ഇന്ത്യയിൽ റെസിഡന്റല്ലാത്ത വ്യക്‌തികൾക്ക് ബിസിനസിൽനിന്നും പ്രൊഫഷനിൽനിന്നും വരുമാനം ഇല്ലെങ്കിലും മുതിർന്ന പൗരന്മാർ ആണെങ്കിൽ പോലും മറ്റു വരുമാനങ്ങളുണ്ടെങ്കിൽ മുൻകൂർ നികുതി അടയ്ക്കേണ്ടതായിട്ടുണ്ട്. മുൻകൂർ നികുതിയിൽ ഒഴിവ് ലഭിക്കുന്നതിനുള്ള മറ്റൊരു പ്രധാന വ്യവസ്‌ഥ നികുതിദായകൻ വ്യക്‌തിയായിരിക്കണമെന്നുള്ളതാണ്. അതായത് പാർട്ണർഷിപ്പ് സ്‌ഥാപനങ്ങളോ കമ്പനികളോ മറ്റു സ്റ്റാറ്റസിലുള്ളവരോ ഈ കിഴിവിന് അർഹരായിരിക്കുകയില്ല.

മുൻകൂർ നികുതിയുടെ രണ്ടാമത്തെ ഗഡു സെപ്റ്റംബർ 15നു മുമ്പ്

2016–17 സാമ്പത്തികവർഷത്തിലെ മുൻകൂർ ആദായനികുതിയുടെ രണ്ടാമത്തെ ഗഡു സെപ്റ്റംബർ 15നു മുമ്പായിട്ടാണ് എല്ലാ നികുതിദായകരും അടയ്ക്കേണ്ടത്. മുൻകാലങ്ങളിൽ കമ്പനികൾ ഒഴികെയുള്ള എല്ലാ നികുതിദായകരുടെയും മുൻകൂർ നികുതിയുടെ ആദ്യഗഡു ആയിരുന്നു സെപ്റ്റംബർ 15നു മുമ്പ് അടയ്ക്കേണ്ടത്. എന്നാൽ, പുതിയ നികുതി നിയമപ്രകാരം എല്ലാ നികുതിദായകരും മുൻകൂർ നികുതി നാലു തവണകളായി അടയ്ക്കണമെന്ന നിയമം പ്രാബല്യത്തിൽ വന്നു. 2016–17 സാമ്പത്തികവർഷത്തിലെ ആദ്യഗഡു 2016 ജൂൺ മാസം 15നോ അതിനോ മുമ്പോ അടയ്ക്കണമെന്നായിരുന്നു വ്യവസ്‌ഥ. ആകെ വരുമാനത്തിന്റെ നികുതി കണക്കാക്കി അതിന്റെ 15 ശതമാനമായിരുന്നു ജൂൺ 15 നോ അതിനു മുമ്പോ അടയ്ക്കേണ്ടിയിരുന്നത്. രണ്ടാമത്തെ ഗഡുവായി ആകെ വരുമാനത്തിന്റെ നികുതി കണക്കാക്കി അതിന്റെ 45 ശതമാനത്തിൽനിന്ന് ആദ്യ ഗഡുവായി അടച്ച തുക കിഴിച്ച് സ്രോതസിൽനിന്നു പിടിച്ച നികുതിയും കിഴിച്ച് ബാക്കി വരുന്ന തുകയാണ് അടയ്ക്കേണ്ടത്.

അനുമാന നികുതിദായകർ മുൻകൂർ നികുതി മാർച്ച് 15നു മുമ്പ് മാത്രം

ആദായനികുതി നിയമം 44 എഡി അനുസരിച്ച് ആകെ വിറ്റുവരവിന്റെ എട്ടു ശതമാനമോ അതിൽ കൂടുതലോ വരുന്ന തുക വരുമാനമായി കണക്കാക്കി അതിന്റെ നികുതി അടച്ച് കോമ്പൗണ്ട് ചെയ്യുന്ന നികുതിദായകർക്ക് മുകളിൽ പറഞ്ഞിരിക്കുന്ന മുൻകൂർ നികുതി നിയമം ബാധകമല്ല. അങ്ങനെയുള്ള നികുതിദായകർ മുഴുവൻ നികുതിയും ഒറ്റത്തവണയായി മാർച്ച് മാസം 15നു മുമ്പായി അടച്ചാൽ മതിയാകുന്നതാണ്. അതായത് 2016–17 സാമ്പത്തികവർഷത്തിലേക്കുള്ള മുൻകൂർ നികുതി അനുമാന നികുതി അടയ്ക്കുന്ന നികുതിദായകർ 2017 മാർച്ച് 15നു മുമ്പായി ഒറ്റത്തവണയായി അടയ്ക്കാവുന്നതാണ്.
നികുതിദായകന് മൂലധനനേട്ടം ലഭിച്ചിട്ടുണ്ടെങ്കിൽ അതിന്റെ മുഴുവൻ നികുതിയും ഒറ്റത്തവണയായി അടുത്ത നിർദ്ദിഷ്ട തീയതിക്കു മുമ്പായി അടയ്ക്കേണ്ടതുണ്ട്. മുൻകൂർ നികുതി അടയ്ക്കേണ്ട നിർദ്ദിഷ്ട തീയതികൾ ജൂൺ 15, സെപ്റ്റംബർ 15, ഡിസംബർ 15, മാർച്ച് 15 എന്നിവയാണ്. മുൻകൂർ നികുതിയിൽ കുറവുവന്നാൽ ആദായനികുതി നിയമം 234 ബി, സി എന്നീ വകുപ്പുകൾ അനുസരിച്ച് പലിശ നല്കേണ്ടതായി വരും. മുൻകൂർ നികുതിക്ക് വേണ്ടി കണക്കാക്കപ്പെടുന്ന വരുമാനം യഥാർഥ വരുമാനത്തിനേക്കാൾ 90 ശതമാനത്തിൽ കുറവായിട്ടാണ് വരുന്നതെങ്കിൽ കുറവു വന്ന നികുതിയുടെ മേൽ പലിശ ചുമത്തപ്പെടുന്നതാണ്. കൂടാതെ ആദായനികുതി ഓഫീസിൽനിന്നു പിഴ ചുമത്തുന്നതിനുള്ള നോട്ടീസും ലഭിച്ചേക്കാം. എന്തുകൊണ്ടാണ് കണക്കാക്കപ്പെട്ട വരുമാനം കുറഞ്ഞതെന്നും മനഃപൂർവ്വം വരുത്തിയ വീഴ്ചയല്ലായെന്നും നികുതി വകുപ്പിനെ ബോധ്യപ്പെടുത്തിയാൽ പിഴയിൽ നിന്നും ഒഴിവ് ലഭിക്കും.

ബിസിനസിൽനിന്നോ പ്രൊഫഷനിൽനിന്നോ ഉള്ള വരുമാനത്തിന്റെ കൂടെ മറ്റു വരുമാനങ്ങൾ ഉണ്ടെങ്കിൽ അവയുംകൂടി കണക്കിലെടുത്തുവേണം മുൻകൂർ നികുതി നിശ്ചയിക്കാൻ. മറ്റു വരുമാനങ്ങളായ പലിശ, വാടക എന്നിവയിൽനിന്നും പത്തു ശതമാനം നിരക്കിൽ മാത്രമാണ് റെസിഡന്റ് സ്റ്റാറ്റസിലുള്ള നികുതിദായകരുടെ പക്കൽനിന്നും സ്രോതസിലുള്ള നികുതിയായി പിടിക്കുന്നത്. എന്നാൽ, ഉയർന്ന വരുമാനക്കാർക്ക് പരമാവധി നികുതി നിരക്കുകൾ 30 ശതമാനമായതിനാൽ സ്രോതസിൽ നികുതി പിടിക്കപ്പെട്ടിട്ടുള്ള വരുമാനങ്ങൾ കൂടി കണക്കിലെടുത്തുവേണം മുൻകൂർ നികുതിക്ക് വേണ്ടിയുള്ള മൊത്ത വരുമാനം നിശ്ചയിക്കുന്നത്.