Tax
ദീർഘകാല മൂലധന നേട്ടവും നികുതിയും
ദീർഘകാല മൂലധന നേട്ടവും നികുതിയും
മൂലധന ആസ്തി 36 മാസത്തിൽ കൂടുതൽ കൈവശം സൂക്ഷിച്ചാൽ അവയെ ദീർഘകാല മൂലധന ആസ്തി ആയാണ് കണക്കാക്കുന്നത്. എന്നാൽ അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽനിന്ന് വ്യാപാരം ചെയ്യപ്പെട്ട ഓഹരികളും ഇക്വിറ്റി ഷെയറുകൾ അടിസ്‌ഥാനപ്പെടുത്തിയിട്ടുള്ള മ്യൂച്വൽ ഫണ്ടുകളും, ലിസ്റ്റ്ഡ് സെക്യൂരിറ്റികളും, യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച യൂണിറ്റുകളും ഒരു വർഷത്തിൽ കൂടുതൽ കൈവശം വച്ചുകഴിഞ്ഞാൽ അവയെ ദീർഘകാല മൂലധന ആസ്തികളായി കണക്കാക്കുന്നു. എന്നാൽ, അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യാത്ത ഓഹരികൾ നിലവിൽ രണ്ടു വർഷത്തിൽ കൂടുതൽ കൈവശം വച്ചുകഴിഞ്ഞാൽ മാത്രമേ ദീർഘകാല മൂലധന ആസ്തികളായി കണക്കാക്കുകയുള്ളൂ.

നികുതി ബാധ്യത

മേൽപ്പറഞ്ഞ രീതിയിലുള്ള ഏതെങ്കിലും ദീർഘകാല മൂലധന ആസ്തി വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ വഴി ലഭിക്കുന്ന നേട്ടത്തെ ദീർഘകാല മൂലധന നേട്ടമായി കണക്കാക്കുന്നു.
ദീർഘകാല മൂലധനനേട്ടം കാണുന്നതിന് ഇൻഡെക്സേഷൻ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. അതായത്, ആസ്തി വാങ്ങിയ സമയത്തെ ഇൻഡെക്സും വിറ്റ വർഷത്തെ ഇൻഡെക്സഡ് വാല്യു കാണുക. 1981നു മുമ്പ് വാങ്ങിയ ആസ്തി ആണെങ്കിൽ ഇൻഡെക്സ് 100 ആയി നിജപ്പെടുത്തിയിരിക്കുന്നു. ഇങ്ങനെ കാണുന്ന ഇൻഡെക്സ് വില വില്പനവിലയിൽനിന്ന് കുറച്ചാണ് ദീർഘകാല മൂലധന നേട്ടം കണക്കാക്കുന്നത്.

ഓരോ വർഷത്തേക്കും ഓരോ ഇൻഡെക്സ് നിജപ്പെടുത്തിയിട്ടുണ്ട്. ഇതു കൂടാതെ, മൂലധന ആസ്തികളുടെ മെച്ചപ്പെടുത്തലിനായി എന്തെങ്കിലും ചെലവുകൾ വന്നിട്ടുണ്ടെങ്കിൽ, ആ തുകയ്ക്കു മേൽ കാണുന്ന ഇൻഡെക്സഡ് തുകയും വില്പനത്തുകയിൽനിന്നു കുറയ്ക്കാവുന്നതാണ്.

താഴെ പറയുന്ന രീതിയിൽ ഇൻഡെക്സഡ് വില കണക്കാക്കാവുന്നതാണ്.



അടിസ്‌ഥാന നികുതി ഇളവ്

ഒരു വ്യക്‌തിക്കു നികുതി അടയ്ക്കാതെ ഏത്ര രൂപ വരെ ആദായം ആകാം എന്നുള്ളതാണ് അടിസ്‌ഥാന നികുതി ഇളവ്. സാമ്പത്തിക വർഷം 2016–17ൽ ഈ ഇളവ് താഴെപ്പറയുന്ന രീതിയിലാണ്.

1. റെസിഡന്റ് ആണെങ്കിൽ 2,50,000 രൂപ
2. 60 വയസിനു മുകളിലുള്ള റെസിഡന്റ് ആണെങ്കിൽ 3,00,000 രൂപ
3. നോൺ റെസിഡന്റ് ആണെങ്കിൽ
2,50,000 രൂപ

നികുതിദായകൻ റെസിഡന്റ് ആണെങ്കിൽ മാത്രമേ ദീർഘകാല മൂലധനനേട്ടം അടിസ്‌ഥാന നികുതി ഇളവുമായി കുറയ്ക്കാൻ പറ്റുകയുള്ളൂ. അതായത്, നികുതിദായകനു ലഭിക്കുന്ന മൂലധനനേട്ടം അടിസ്‌ഥാന കിഴിവ് കുറച്ച് ബാക്കി വരുന്ന തുകയ്ക്ക് നികുതി അടച്ചാൽ മതി.

കിഴിവുകൾ

ദീർഘകാല മൂലധനനേട്ടത്തിൻമേൽ ആദായനികുതി നിയമത്തിൽ ഇളവുകൾ നല്കാവുന്നതാണ്.

വകുപ്പ് 54 അനുസരിച്ച്
വകുപ്പ് 54 പ്രകാരം റെസിഡൻഷ്യൽ പ്രോപ്പർട്ടി വിറ്റു കിട്ടുന്ന മൂലധനനേട്ടത്തിന് നികുതിയിളവ് ലഭിക്കുന്നതാണ്. രണ്ടു രീതിയിൽ പ്രസ്തുത ഇളവ് ലഭിക്കാനുള്ള അവകാശമുണ്ട്.
1. വില്പന നടത്തുന്നതിന് ഒരു വർഷം മുമ്പോ, വില്പന നടത്തി രണ്ടു വർഷത്തിനകമോ പുതിയ ഒരു റെസിഡൻഷ്യൽ പ്രോപ്പർട്ടി വാങ്ങുക.
2. വില്പനയ്ക്കു ശേഷം മൂന്നു വർഷത്തിനുള്ളിൽ പുതിയ റെസിഡൻഷ്യൽ പ്രോപ്പർട്ടി നിർമിക്കുക.

മേൽപ്പറഞ്ഞ വ്യവസ്‌ഥകളിൽ ഏതു തെരഞ്ഞെടുക്കണം എന്നത് നികുതിദായകനു തീരുമാനിക്കാം. വില്പന നടത്തിക്കിട്ടുന്ന തുക ബാങ്കുകളിൽ പ്രത്യേക സ്കീമിൽ നിക്ഷേപിക്കാവുന്നതാണ്. പുതിയ കെട്ടിടം വാങ്ങുന്നതിനോ, നിർമിക്കുന്നതിനോ അല്ലാതെ ഈ അക്കൗണ്ടിൽനിന്നു പണം പിൻവലിക്കുന്നത് നികുതിക്കു വിധേയമാണ്. മൂന്നു വർഷത്തിനു ശേഷം അക്കൗണ്ടിൽ ഉണ്ടാകുന്ന മിച്ചം തുകയും നികുതിക്കു ബാധകമാണ്. നികുതി ഇളവ് ലഭിക്കുന്നതിനുംവേണ്ടി നികുതിദായകൻ നിർമിക്കുകയോ, വാങ്ങുകയോ ചെയ്ത കെട്ടിടം മൂന്നു വർഷം കഴിയാതെ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.

54 ഇസി വകുപ്പനുസരിച്ച്

ഏതൊരു ദീർഘകാല മൂലധന ആസ്തിയും കൈമാറ്റം ചെയ്തു കിട്ടുന്ന മൂലധന നേട്ടം ആറു മാസത്തിനുള്ളിൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയുടെയോ റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപറേഷന്റെയോ കീഴിലുള്ള ബോണ്ടിൽ നിക്ഷേപിച്ച് നികുതി ഇളവ് നേടാവുന്നതാണ്. ഇത്തരത്തിൽ നിക്ഷേപിക്കുന്ന തുകയോ, മൂലധന നേട്ടമോ ഏതാണ് കുറവ് ആ തുകയായിരിക്കും ഇളവായി ലഭിക്കുക. എന്നാൽ, ഈ ബോണ്ടിൽ നിക്ഷേപിക്കുന്ന ആകെ തുക 50 ലക്ഷം രൂപയിൽ കൂടാൻ പാടുള്ളതല്ല. നിക്ഷേപിച്ച തുക മൂന്നു വർഷം നിലനിർത്തേണ്ടതാണ്. അല്ലാത്ത പക്ഷം നേരത്തെ ലഭിച്ച ഇളവ് തുകയ്ക്ക് നികുതി ബാധകമാകും.

54 എഫ് വകുപ്പനുസരിച്ച്

റെസിഡൻഷ്യൽ പ്രോപ്പർട്ടി അല്ലാത്ത ഏതൊരു ദീർഘകാല മൂലധന ആസ്തിയും കൈമാറ്റം ചെയ്തു കിട്ടുന്ന മൂലധനനേട്ടത്തിന് ഇളവ് ലഭിക്കുന്ന രീതിയാണ് ഈ വകുപ്പ് പറയുന്നത്.
1. വില്പന നടത്തുന്നതിന് ഒരു വർഷം മുമ്പോ, വില്പനയ്ക്ക് രണ്ടു വർഷം ശേഷമോ, പുതിയ ഒരു റെസിഡൻഷ്യൽ പ്രോപ്പർട്ടി നിർമിക്കുക.

ഇത്തരത്തിൽ ഇളവു നേടാനായി മുഴുവൻ തുകയും ചെലവാക്കിയില്ല എങ്കിൽ, ചിലവാക്കിയ തുകയ്ക്ക് ആനുപാതികമായി മാത്രമേ ഇളവ് ലഭിക്കുകയുള്ളൂ.

മേൽപറഞ്ഞ ഇളവ് (54 എഫ്) ലഭിക്കണമെങ്കിൽ നികുതിദായകന്, ഒന്നിൽ കൂടുതൽ റെസിഡൻഷ്യൽ പ്രോപ്പർട്ടി സ്വന്തമായി ഉണ്ടാകാൻ പാടുള്ളതല്ല.

വകുപ്പ് 54 പ്രകാരം പറയുന്ന അക്കൗണ്ടിൽ നിക്ഷേപിക്കാനും ഈ വകുപ്പിൽ പറയുന്നുണ്ട്.

നഗരപരിധിയിൽ വരുന്ന കൃഷിഭൂമിയുടെ വില്പന

ആദായനികുതി നിയമപ്രകാരം കൃഷിഭൂമി സ്‌ഥിതി ചെയ്യുന്നത് നഗരപരിധിയിൽ ആണെങ്കിൽ, ഇത്തരം കൃഷിഭൂമി വില്പന നടത്തിയാൽ അത് നഗരഭൂമിയുടെ വില്പന ആയി മാത്രമേ കണക്കാക്കുകയുള്ളൂ. അതായത്, ഇതിനും മൂലധനനേട്ടം ഉണ്ടെങ്കിൽ നികുതി ബാധ്യത വരുന്നതാണ്.