Tax
കറൻസി റദ്ദാക്കൽ: പിഴ ഈടാക്കാൻ നിയമത്തിൽ മുൻകാല പ്രാബല്യത്തോടെ മാറ്റം വരുത്തണം
കറൻസി റദ്ദാക്കൽ: പിഴ ഈടാക്കാൻ നിയമത്തിൽ മുൻകാല പ്രാബല്യത്തോടെ മാറ്റം വരുത്തണം
നവംബർ എട്ടിനു ശേഷം രണ്ടര ലക്ഷം രൂപയിൽ കൂടുതൽ പണം റദ്ദാക്കപ്പെട്ട കറൻസിയായി ബാങ്കിൽ നിക്ഷേപിച്ചാൽ ആദായനികുതി നിയമപ്രകാരം നികുതി ഈടാക്കുന്നതിനു പുറമേ 200 ശതമാനം പിഴയും ചുമത്തുമെന്ന് ആദായനികുതി വകുപ്പിൽനിന്ന് അറിയിപ്പു ലഭിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു (കൃഷിക്കാർക്ക് ബാധകമല്ല). കൂടാതെ പ്രധാനമന്ത്രിയുടെ ഒരു സന്ദേശത്തിൽ സ്വാതന്ത്ര്യത്തിനു ശേഷമുള്ള എല്ലാ ഇടപാടുകളും പരിശോധിക്കുമെന്നും കള്ളപ്പണക്കാരെ ആരെയും വെറുതെ വിടില്ലെന്നും സൂചിപ്പിച്ചിരുന്നു.

സ്വരൂപിക്കപ്പെട്ട പ്രസ്തുത പണം ബാങ്കിൽ നിക്ഷേപിക്കുകയും അതിന് ആദായ നികുതി റിട്ടേൺ സമർപ്പിക്കുകയും നിർദേശിക്കപ്പെട്ട നിരക്കിൽ നികുതി അടയ്ക്കുകയും ചെയ്താൽ നിലവിലുള്ള ആദായനികുതി നിയമം അനുസരിച്ച് അവയുടെമേൽ അധികപിഴ ചുമത്താൻ സാധിക്കുകയില്ല. വേണമെങ്കിൽ ആദായനികുതി നിയമത്തിലെ 68–ാം വകുപ്പനുസരിച്ചുള്ള ഉറവിടം വിശദീകരിക്കാൻ സാധിക്കാത്ത വരുമാനമായോ 69–ാം വകുപ്പനുസരിച്ച് വിശദീകരിക്കാൻ സാധിക്കാത്ത നിക്ഷേപമായോ കണക്കിലെടുക്കാവുന്നതാണ്. അവയ്ക്കു നിലവിലെ നിയമമനുസരിച്ചുള്ള പരമാവധി നിരക്കിൽ നികുതിയും സെസും ആവശ്യമെങ്കിൽ സർചാർജും ഉൾപ്പെടെ അടയ്ക്കേണ്ടിവരും. ഇവയെല്ലാംകൂടി വന്നാലും 36 ശതമാനത്തിൽ താഴെ മാത്രമേ വരികയുള്ളൂ. ഇവയിൽനിന്ന് നികുതിദായകന് യാതൊരുവിധ കിഴിവുകളും അവകാശപ്പെടാൻ സാധിക്കുന്നതല്ല.

നികുതി മുൻകൂറായി നിർദേശിക്കപ്പെട്ട നിരക്കിൽ അടയ്ക്കുകയും ആദായനികുതി റിട്ടേൺ സമർപ്പിക്കുകയും ചെയ്താൽ ഇവയുടെ മേൽ പിഴ ചുമത്താൻ സാധിക്കുകയില്ല എന്നാണ് നിലവിലെ നിയമം അനുശാസിക്കുന്നത്. പിഴ ചുമത്തുന്നതിന് 270 എ വകുപ്പനുസരിച്ച് വരുമാനം കുറച്ചു കാണിക്കുകയോ തെറ്റായി റിപ്പോർട്ട് ചെയ്യുകയോ ചെയ്യണം. ഇവിടെ ബാങ്കിൽ അടച്ച മുഴുവൻ തുകയും വെളിപ്പെടുത്തുന്നതിനാലും പരമാവധി നിരക്കിൽ നികുതി അടയ്ക്കുന്നതിനാലും വരുമാനം കുറച്ചു കാണിക്കുകയോ തെറ്റായി റിപ്പോർട്ട് ചെയ്യുകയോ ചെയ്യുന്നില്ല. മറിച്ച്, പ്രസ്തുത തുക ഈ വർഷത്തെ ആദായനികുതി റിട്ടേണിൽ വരുമാനമായി കാണിക്കുക മാത്രമാണ് ചെയ്യുന്നത്. പരമാവധി നിരക്കിൽ നികുതി ചുമത്താൻ ആദായനികുതി നിയമം വകുപ്പ് 115 ബിബിഇയിൽ ആണ് വ്യക്‌തമാക്കിയിരിക്കുന്നത്.

പ്രസ്തുത തുകയിന്മേൽ മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട രീതിയിൽ പിഴ ചുമത്തണമെങ്കിൽ നിലവിലുള്ള ആദായനികുതി നിയമത്തിൽ മുൻകാലപ്രാബല്യത്തോടു കൂടി മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. നിലവിലുള്ള ആദായനികുതി നിയമത്തിൽ മാറ്റങ്ങൾ വരുത്താതെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച് 100 ശതമാനം നികുതിയും 200 ശതമാനം പിഴയും ചുമത്താൻ നിയമം അനുവദിക്കുന്നില്ല. അല്ലാതെ പിഴ ഈടാക്കുന്നതിനു തുനിഞ്ഞാൽ അനാവശ്യമായ വ്യവഹാരങ്ങളിലായിരിക്കും അത് അവസാനിക്കുക.

റിട്ടേൺ സമർപ്പണത്തിനുള്ള സമയം വരെ ആദായനികുതി വകുപ്പ് കാത്തുനിൽക്കില്ലെന്നും ഡിസംബർ 31നു ശേഷം രണ്ടര ലക്ഷം രൂപയിൽ കൂടുതൽ പിൻവലിക്കപ്പെട്ട കറൻസിയിൽ ബാങ്കിൽ നിക്ഷേപം നടത്തിയവരുടെമേൽ നികുതി കൂടാതെ 200 ശതമാനം പിഴ ചുമത്തുമെന്നും ആദായനികുതി ഓഫീസിൽനിന്നും അറിയിപ്പ് ലഭിച്ചതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, അവയുടെ നിയമസാധുതയെപ്പറ്റി ഒന്നും പറഞ്ഞിരുന്നില്ല. പൊതുജനങ്ങളെ പരിഭ്രാന്തരാക്കുന്നതിനു മാത്രമാണ് ഇത്തരം വാർത്തകൾ ഉപകരിക്കുന്നത്.

ഇന്ത്യയിലെ ജനസംഖ്യയിലെ പകുതിയോളം ജനങ്ങൾക്ക് ബാങ്കിംഗ് സൗകര്യങ്ങളില്ല. 30 കോടി ജനങ്ങൾക്ക് ശരിയായി തിരിച്ചറിയൽ രേഖകളുമില്ല. ഇങ്ങനെയുള്ള സാഹചര്യത്തിൽ ഇവരുടെ കൈവശം സൂക്ഷിച്ചിരിക്കുന്ന പണം മാറിയെടുക്കുന്നതിനുള്ള ബുദ്ധിമുട്ട് നിസാരമല്ല.

ധനികർ കള്ളപ്പണം കറൻസിയായി സൂക്ഷിക്കുമെന്ന് ചിന്തിക്കാൻ പ്രയാസമാണ്. സ്വർണത്തിലും റിയൽ എസ്റ്റേറ്റിലും മറ്റുമായി കൈവശമുള്ള കള്ളപ്പണം നിക്ഷേപിച്ചുകഴിഞ്ഞിട്ടുണ്ടാകും. 30 ലക്ഷം കോടി രൂപയുടെ കള്ളപ്പണം ഇന്ത്യയിൽ ഒരു വർഷത്തിൽ ഉണ്ടാകുന്നതായി കണക്കാക്കപ്പെടുന്നു. ഇതിൽ വെറും ആറു ശതമാനം മാത്രമാണ് കറൻസിയായി സൂക്ഷിക്കുന്നത്.

ഇപ്പോഴത്തെ കറൻസി പിൻവലിക്കലിനു സമാനമായി 1978ലും 1946ലും ഉയർന്ന മൂല്യത്തിലുള്ള കറൻസികൾ പിൻവലിച്ചിരുന്നു. 1,000ത്തിന്റെയും 5,000ത്തിന്റെയും 10,000ത്തിന്റെയും മൂല്യമുള്ള കറൻസികളാണ് അന്ന് പിൻവലിച്ചത്. അന്ന് പ്രസ്തുത കറൻസികൾ സാധാരണ ജനങ്ങൾ കണ്ടിട്ടുപോലുമുണ്ടായിരുന്നില്ല. ആ കറൻസി പിൻവലിക്കൽകൊണ്ട് ചുരുക്കം ചില വ്യക്‌തികളൊഴികെ ആർക്കും ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നില്ല. എന്നാൽ, ഇപ്പോഴത്തെ കറൻസി പിൻവലിക്കൽ രാജ്യത്തു ഭൂരിപക്ഷം ജനത്തെയും ബുദ്ധിമുട്ടിലാക്കി. നിത്യച്ചെലവിനുവേണ്ടിയുള്ള പണത്തിനായി മണിക്കൂറുകൾ ബാങ്കിനു മുമ്പിൽ ക്യൂ നിൽക്കേണ്ട സാഹചര്യം സൃഷ്ടിക്കപ്പെട്ടു. മിക്കവാറും എടിഎമ്മുകളും പണമില്ലാതെ അടഞ്ഞുകിടക്കുന്നു. എല്ലാ ബാങ്കുകളിലും ആവശ്യത്തിന് പണം എത്തിച്ചതിനു ശേഷം വേണമായിരുന്നു പ്രസ്തുത വിളംബരം നടത്തേണ്ടിയിരുന്നത്. 50ലേറെ ആൾക്കാർ ഇന്ത്യയിൽ ഇതുമൂലം ഇതുവരെ മരണപ്പെട്ടിട്ടുണ്ട് എന്നു പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.

കാർഷികമേഖല മൊത്തം താറുമാറായി. നിർമാണമേഖല നിശ്ചലമായി. തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമായി, കൃഷികൾ മുടങ്ങി. രാജ്യത്തു ഭൂരിപക്ഷം ജനങ്ങളെയും ബുദ്ധിമുട്ടിലേക്കു നയിച്ച നടപടി ശരിയായിരുന്നോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.