ആദായനികുതി റിട്ടേൺ ഫോമുകൾ
നിർബന്ധിത ഓഡിറ്റ് ആവശ്യമുള്ള സ്ഥാപനങ്ങളും പങ്കുവ്യാപാര സ്ഥാപനങ്ങൾ ആണെങ്കിൽ അവയുടെ പങ്കുകാരും കന്പനികളും ഒഴികെയുള്ള നികുതിദായകർ 2016-17 സാന്പത്തികവർഷത്തെ ആദായനികുതി റിട്ടേണുകൾ ഈ മാസം 31നു മുന്‍പ് സമർപ്പിക്കേണ്ടതുണ്ട്. അവ ഫയൽ ചെയ്യുന്നതിലേക്ക് ഉപയോഗിക്കേണ്ട ഫോമുകളെപ്പറ്റി ചുവടെ ചേർക്കുന്നു. ഐടിആർ ഒന്നിനെപ്പറ്റി കഴിഞ്ഞയാഴ്ച വിവരിച്ചിരുന്നു.
ഐടിആർ 2
പ്രൊപ്രൈറ്ററി ബിസിനസ് നടത്തുന്നവരൊഴികെ എല്ലാ വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും ഈ ഫോം ഉപയോഗിച്ച് റിട്ടേണ്‍ ഫയൽ ചെയ്യാവുന്നതാണ്. മുൻ വർഷം വരെ ഐടിആർ-2, ഐടിആർ - 2 എ, ഐടിആർ- 3 എന്നിവ ഉപയോഗിച്ച സ്ഥാനത്ത് ഇപ്പോൾ ഈ റിട്ടേണ്‍ ഫോമാണ് ഉപയോഗിക്കാവുന്നത്. ഐടിആർ 1 (സഹജ്) ഉപയോഗിക്കാൻ സാധിക്കാത്തവർക്കും പങ്കുവ്യാപാര സ്ഥാപനങ്ങളിൽനിന്നു ശന്പളവും ബോണസും, പലിശ മുതലായവ ലഭിക്കുന്ന പങ്കുകാർക്കും ഈ റിട്ടേണ്‍ ഫോമാണ് ഉപയോഗിക്കാവുന്നത്. ശന്പളം, ഹൗസ് പ്രോപ്പർട്ടിയിൽനിന്നുള്ള വാടക, പങ്കുവ്യാപാര സ്ഥാപനങ്ങളിൽനിന്നു ലഭിക്കുന്ന പലിശ, ശന്പളം, ലാഭവിഹിതം, മൂലധനനേട്ടങ്ങൾ, മറ്റു വരുമാനങ്ങൾ എന്നിവയ്ക്കായി പ്രത്യേകം ഷെഡ്യൂളുകൾ ഈ ഫോമിലുണ്ട്. ഹൗസ് പ്രോപ്പർട്ടിയിൽനിന്നു മുൻകാലങ്ങളിൽ നഷ്ടം സംഭവിച്ചത് സെറ്റോഫ് ചെയ്യുന്നതിനും ഈ ഫോം ഉപയോഗിക്കാൻ സാധിക്കും. ദീർഘകാല മൂലധനനേട്ടത്തിന് ഈ വർഷം മുതൽ പുതുക്കിയ ഇൻഡെക്സേഷൻ ഘടകങ്ങളാണ് കണക്കിലെടുക്കേണ്ടത്. 1981-82 സാന്പത്തികവർഷം അടിസ്ഥാനവർഷമായി കണക്കിലെടുത്ത് 100 പോയിന്റ് നല്‍കിയാണ് ഇൻഡക്സേഷൻ ഫാക്ടർ കണക്കാക്കുന്നത്. വിദേശത്തുനിന്നു ലഭിക്കുന്ന വരുമാനത്തിനും വിദേശത്ത് നികുതി അടച്ചിട്ടുണ്ടെങ്കിൽ അതിന്റെ വിവരങ്ങൾക്കും പ്രത്യേകം ഷെഡ്യൂളുകൾ റിട്ടേണിലുണ്ട്.
വിദേശത്ത് സ്വന്തം പേരിലോ ട്രസ്റ്റിന്റെ പേരിലോ സ്വരൂപിച്ചിരിക്കുന്ന സ്വത്തുക്കളും വിവരങ്ങളും റിട്ടേണിൽ കാണിക്കണം. എന്നാൽ, ഇത് ഇന്ത്യയിൽ റെസിഡന്റ് ആയിട്ടുള്ള നികുതിദായകർ മാത്രം നല്കിയാൽ മതി. 50 ലക്ഷം രൂപയിൽ കൂടുതൽ നികുതിക്കു മുന്‍പ് വരുമാനമുള്ള എല്ലാ നികുതിദായകരും ഇന്ത്യയിലുള്ള സ്വത്തുക്കളുടെയും അവയുടെ പേരിലുള്ള ബാധ്യതയെപ്പറ്റിയുമുള്ള വിവരങ്ങൾ റിട്ടേണിൽ നല്‍കണം. നികുതിദായകൻ വിദേശത്ത് സൂക്ഷിച്ചിരിക്കുന്ന സ്വത്തിന്റെ ബെനിഫിഷൻ ഓണർ ആണെങ്കിലും വിദേശത്ത് ഓപ്പറേറ്റ് ചെയ്യാൻ അധികാരമുള്ള ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ റിട്ടേണിൽ നല്‍കണം. നിക്ഷേപങ്ങൾ നടത്തിയ സമയത്തെ കോസ്റ്റിൽ തുകകൾ നല്കിയാൽ മതി. വിദേശ കറൻസിയിൽനിന്ന് ഇന്ത്യൻ കറൻസിയിലേക്കു മാറ്റി വേണം തുകകൾ നല്കാൻ. ബാങ്കിൽ ഓപ്പറേറ്റ് ചെയ്യാൻ അധികാരമുള്ള വ്യക്തികൾ പ്രസ്തുത ബാങ്ക് അക്കൗണ്ടിലെ പരമാവധി നിക്ഷേപത്തുകയെപ്പറ്റിയും റിട്ടേണിൽ കാണിക്കേണ്ടതുണ്ട്. 50 ലക്ഷം രൂപയ്ക്കു മുകളിൽ വരുമാനമുള്ള നികുതിദായകർ ഇന്ത്യയിലുള്ള സ്വത്തുക്കളുടെ വിവരങ്ങൾ നല്‍കുന്നതും കോസ്റ്റിൽ തന്നെ ആയാൽ മതി.
ഐടിആർ - 3
സ്വന്തമായി ബിസിനസ് (പ്രൊഫഷണലുകൾ ഉൾപ്പെടെ) നടത്തുന്ന (പ്രൊപ്രൈറ്ററി ബിസിനസ്) എല്ലാ വ്യക്തികളും ഹിന്ദു അവിഭക്ത കുടുംബങ്ങളും ഐടിആർ - 3 എന്ന ഫോമിൽ ആദായനികുതി റിട്ടേണ്‍ സമർപ്പിക്കണം. ഒന്നിൽ കൂടുതൽ ബിസിനസ് ഉണ്ടെങ്കിലും പ്രൊപ്രൈറ്ററി ബിസിനസിനോടൊപ്പം ഏതെങ്കിലും പങ്കുവ്യാപാര സ്ഥാപനങ്ങളിൽ പങ്കാളി ആണെങ്കിലും ഈ ഫോം ഉപയോഗിക്കാവുന്നതാണ്. ഒന്നിൽ കൂടുതൽ ബിസിനസ് ഉള്ളവർ ഓരോ ബിസിനസിന്റെയും വിവരങ്ങൾ റിട്ടേണിൽ നല്‍കേണ്ടതുണ്ട്. സ്ഥാപനത്തിന്റെ 2017 മാർച്ച് 31ലെ ബാലൻസ് ഷീറ്റും ആ വർഷത്തെ ലാഭനഷ്ടക്കണക്കും അതാതു കോളങ്ങളിൽ സമർപ്പിക്കേണ്ടതുണ്ട്.
ശന്പളം ലഭിച്ചിട്ടുള്ളവർ തൊഴിലുടമയുടെ അഡ്രസ് റിട്ടേണ്‍ ഫോമിൽ നല്‍കണം. ജോയിന്റ് ഓണർഷിപ്പുള്ള ഹൗസ് പ്രോപ്പർട്ടികളിൽ ആകെ ലഭിച്ച വാടക കാണിച്ചിട്ടു വേണം ഓരോരുത്തരുടെയും ഷെയറുകൾ കാണിക്കേണ്ടത്.
ഐടിആർ 4 (സുഗം)
ബിസിനസിൽനിന്നും പ്രൊഫഷനിൽനിന്നും 44 എഡി, 44 എഇ, 44 എഡിഎ എന്നീ വകുപ്പുകളനുസരിച്ച് അനുമാനനികുതി അടയ്ക്കുന്ന നികുതിദായകരാണ് ഈ ഫോം ഉപയോഗിക്കേണ്ടത്. കൂടാതെ ശന്പളവരുമാനക്കാർ, ഒരു ഹൗസ് പ്രോപ്പർട്ടിയിൽനിന്നു മാത്രം വരുമാനമുള്ളവർ (മുൻ വർഷങ്ങളിലെ നഷ്ടം തന്നാണ്ടിലേക്ക് ക്യാരി ഫോർവേഡ് ചെയ്തിട്ടുള്ളവർക്ക് ഈ ഫോം ഉപയോഗിക്കാൻ സാധിക്കില്ല) മറ്റു വരുമാനങ്ങൾ (ലോട്ടറിയിൽനിന്നും കുതിരപ്പന്തയത്തിൽനിന്നുമുള്ള വരുമാനങ്ങൾ ഒഴികെ). എന്നാൽ, മൂലധനനേട്ടം ലഭിക്കുന്നവർ, 10 ലക്ഷം രൂപയിൽ കൂടുതൽ ഡിവിഡന്റ് ലഭിക്കുന്നവർ, ഉയർന്ന നിരക്കിൽ (60 ശതമാനം) ഉറവിടം വെളിപ്പെടുത്താത്ത വരുമാനത്തിന് നികുതി അടയ്ക്കുന്നവർ, 5000 രൂപയിൽ കൂടുതൽ കൃഷിയിൽനിന്നു വരുമാനമുള്ളവർ, ഉൗഹക്കച്ചവടക്കാർ, ഏജൻസി ബിസിനസിൽനിന്നു വരുമാനം/ കമ്മീഷൻ/ ബ്രോക്കറേജ് മുതലായ രീതിയിൽ ലഭിക്കുന്നവർ, വിദേശത്ത് അടച്ച നികുതിക്ക് ക്രെഡിറ്റ് എടുക്കുന്നവർ, വിദേശത്ത് സ്വത്തുക്കൾ ഉള്ളവരും വിദേശത്ത് ബാങ്ക് അക്കൗണ്ടുകൾ ഓപ്പറേറ്റ് ചെയ്യാൻ അധികാരം ലഭിച്ചിട്ടുള്ളവരും, വിദേശ വരുമാനം ലഭിക്കുന്നവരും ഈ റിട്ടേണ്‍ ഫോം ഉപയോഗിക്കാൻ പാടില്ല. എന്നാൽ, നിയമപ്രകാരം കണക്കുബുക്കുകൾ സൂക്ഷിക്കുന്നവർക്കും ആവശ്യമെങ്കിൽ അവ ഓഡിറ്റിന് വിധേയമാക്കുന്നവർക്കും ഈ റിട്ടേണ്‍ ഉപയോഗിക്കേണ്ടതില്ല.
ഐടിആർ - 5
വ്യക്തികളും ഹിന്ദു അവിഭക്ത കുടുംബങ്ങളും കന്പനികളും ഒഴികെ ആദായനികുതിയിലെ റിട്ടേണ്‍ ഫോം നന്പർ 7 ഉപയോഗിക്കാത്തവരുമായ എല്ലാ നികുതിദായകർക്കും ബാധകമായത് ഐടിആർ - 5 ആണ്. പങ്കുവ്യാപാര സ്ഥാപനങ്ങൾ ഈ ഫോമിലാണ് റിട്ടേണ്‍ ഫയൽ ചെയ്യേണ്ടത്. എല്ലാ പങ്കുകാരുടെയും പങ്കു വിവരങ്ങൾ പാൻ, ആധാർ നന്പർ (ഇല്ലെങ്കിൽ ആധാർ എൻറോൾമെന്റ് ഐഡി), എൽഎൽപി ആണെങ്കിൽ പാർട്ണറുടെ ഡിൻ, മുതൽമുടക്കിനു പലിശ കൊടുക്കുന്നുണ്ടെങ്കിൽ പലിശനിരക്ക്, പാർട്ണർക്ക് ശന്പളമുണ്ടെങ്കിൽ അതിന്റെ വിവരം എന്നിവ ഈ റിട്ടേണിൽ ഉൾപ്പെടുത്തണം. കൂടാതെ ബിസിനസിന്റെ 2017 മാർച്ച് 31ലെ ബാലൻസ് ഷീറ്റിലെ വിവരങ്ങൾ, ലാഭനഷ്ടക്കണക്കിലെ വിവരങ്ങൾ, ചില അക്കൗണ്ടുകളെപ്പറ്റിയുള്ള വിശദീകരണങ്ങൾ എന്നിവ റിട്ടേണിൽ നല്‍കേണ്ടതുണ്ട്.
പങ്കുവ്യാപാര സ്ഥാപനങ്ങളെ കൂടാതെ എഒപി, ബിഒഐ കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ, ലോക്കൽ അഥോറിറ്റികളും ഈ റിട്ടേണ്‍ ഫോമാണ് ഉപയോഗിക്കേണ്ടത്.
ഐടിആർ - 6
ആദായനികുതി വകുപ്പ് 11 അനുസരിച്ച് ആദായനികുതിയിൽനിന്നും ഒഴിവ് ലഭിക്കാത്ത എല്ലാ കന്പനികളും നികുതി റിട്ടേണ്‍ ഫയൽ ചെയ്യേണ്ടത് ഐടിആർ - 6ൽ ആണ്.
ഐടിആർ - 7
ആദായനികുതി നിയമത്തിലെ 139 (4 എ), 139 (4ബി). 139 (4 സി), 139 (4 ഡി), 139 (4ഇ), 139 (4എഫ്) എന്നീ വകുപ്പുകളനുസരിച്ച് ആദായനികുതി റിട്ടേണുകൾ സമർപ്പിക്കേണ്ട എല്ലാ നികുതിദായകരും ഐടിആർ 7ലാണ് റിട്ടേണ്‍ സമർപ്പിക്കേണ്ടത്.
പാൻ ആധാർ നന്പറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ റിട്ടേണ്‍ ഫയൽ ചെയ്യാൻ സാധിക്കില്ല
നിലവിലെ നികുതി നിയമവും നിർദേശങ്ങളുമനുസരിച്ച് പാൻ ആധാർ നന്പറുമായി ലിങ്ക് ചെയ്യാൻ സാധിക്കാതെവന്ന നികുതിദായകർക്ക് ആദായനികുതി റിട്ടേണുകൾ സമർപ്പിക്കാൻ സാധിക്കില്ല. ഇതുമൂലം ഒട്ടനവധി നികുതിദായകർ റിട്ടേണ്‍ സമർപ്പിക്കാൻ സാധിക്കാതെ, നിയമത്തിൽ എന്തെങ്കിലും മാറ്റം വരുമെന്ന് പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു. പാൻ മാറ്റത്തിനുവേണ്ടി അപേക്ഷ കൊടുത്തവരും ആധാർ മാറ്റത്തിന് അപേക്ഷ സമർപ്പിച്ചവരും ഇതിനായി കാത്തിരിക്കുന്നു.