ആദായനികുതി നിയമമനുസരിച്ചുള്ള പ്രോസിക്യൂഷൻ നടപടികൾ
Tuesday, December 26, 2017 7:25 AM IST
ആദായനികുതി റിട്ടേണുകൾ ശരിയായി യഥാക്രമം സമർപ്പിച്ചില്ലെങ്കിൽ ചില സാഹചര്യങ്ങളിൽ പിഴയും പ്രോസിക്യൂഷൻ നടപടികളും അഭിമുഖീകരിക്കേണ്ടിവരും. പ്രോസിക്യൂഷൻ നടപടികൾ എടുക്കപ്പെടുന്ന ഗൗരവതരമായ വീഴ്ചകളെപ്പറ്റിയാണ് ഇവിടെ പ്രതിപാദിക്കുന്നത്.
ആദായനികുതി നിയമത്തിലെ 132ാം വകുപ്പനുസരിച്ച് നികുതി ഉദ്യോഗസ്ഥന് നികുതിദായകന്റെ ഓഫീസിലും ബന്ധപ്പെട്ട സ്ഥലങ്ങളിലും വിശദമായി പരിശോധന നടത്തുന്നതിന് അധികാരം നല്കുന്നുണ്ട്. പരിശോധനാസമയത്ത് കണക്കിൽപ്പെടാത്ത പണമോ സ്വർണമോ മറ്റു വിലപിടിപ്പുള്ള വസ്തുക്കളോ കണ്ടെടുത്താൽ അവ ഉദ്യോഗസ്ഥർക്കു പിടിച്ചെടുത്ത് ഗവണ്മെന്റ് കസ്റ്റഡിയിൽ സൂക്ഷിക്കുന്നതിനുള്ള അധികാരവുമുണ്ട്. എന്നാൽ, ചില സാഹചര്യങ്ങളിൽ ഗവണ്മെന്റ് കസ്റ്റഡിയിൽ സൂക്ഷിക്കുന്നതിനു പകരം അറ്റാച്ച് ചെയ്ത് നികുതിദായകന്റെ സ്ഥാപനത്തിൽ തന്നെ സൂക്ഷിക്കാറുണ്ട്. ഇങ്ങനെയുള്ള സാഹചര്യത്തിൽ സാധനങ്ങളുടെ ലിസ്റ്റ് തയാറാക്കിയതിനു ശേഷം സാക്ഷികളുടെ സാന്നിധ്യത്തിൽ ബന്ധപ്പെട്ടവരെ ഏല്പിക്കാറുമുണ്ട്. പ്രസ്തുത സാധനങ്ങൾ മാറ്റുന്നതിനോ വില്ക്കുന്നതിനോ ഉടമസ്ഥന് അധികാരം ഉണ്ടായിരിക്കില്ല എന്ന നിയമപരമായ അറിയിപ്പും ഉടമസ്ഥനു ലഭിക്കും. എന്നാൽ, ഇതിനു വിപരീതമായി അറ്റാച്ച് ചെയ്യപ്പെട്ട ഈ വസ്തുക്കൾ ഡിപ്പാർട്ട്മെന്റിന്റെ അനുവാദം കൂടാതെ മാറ്റുകയോ വില്ക്കുകയോ ചെയ്താൽ ആദായനികുതി നിയമം 275 എ വകുപ്പ് പ്രകാരം പിഴയോടുകൂടിയോ അല്ലാതെയോ രണ്ടു വർഷം വരെ തടവുശിക്ഷ ലഭിക്കുന്നതിനു കാരണമായേക്കാം. നിയമമനുസരിച്ച് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും ആ സമയം കന്പ്യൂട്ടറുകളിൽ സൂക്ഷിച്ചിരിക്കുന്ന കണക്കുകൾ വെളിപ്പെടുത്താതിരിക്കുകയും സഹകരിക്കാതിരിക്കുകയും ചെയ്താലും പ്രസ്തുത വ്യക്തി രണ്ടു വർഷം വരെയുള്ള തടവുശിക്ഷയ്ക്കും പിഴയ്ക്കും അർഹനാണ്.
നികുതിദായകൻ നികുതി കുടിശിക അടയ്ക്കാൻ പരാജയപ്പെടുന്ന സാഹചര്യത്തിൽ ആദായനികുതി ഉദ്യോഗസ്ഥർക്ക് പ്രസ്തുത വ്യക്തിയുടെ സ്ഥാവരജംഗമസ്വത്തുക്കൾ അറ്റാച്ച് ചെയ്യുന്നതിന് അധികാരമുണ്ട്. എന്നാൽ, ഇതു മുന്നിൽ കണ്ട് അറ്റാച്ച്മെന്റ് തടയുന്നതിനുവേണ്ടി നികുതിദായകൻ വസ്തുക്കൾ മാറ്റുകയോ ഒളിപ്പിക്കുകയോ വിൽക്കുകയോ പേരു മാറ്റുകയോ ചെയ്താൽ ആദായനികുതിനിയമത്തിലെ 276ാം വകുപ്പ് പ്രകാരം പിഴയോടുകൂടി രണ്ടു വർഷം വരെയുള്ള തടവുശിക്ഷയ്ക്ക് അർഹനാണ്.
നികുതിദായകന് സ്രോതസിൽ നികുതി പിടിക്കാൻ ബാധ്യതയുണ്ടാവുകയും പ്രസ്തുത നികുതി സ്രോതസിൽനിന്നും പിടിച്ചിട്ട് കേന്ദ്രഗവണ്മെന്റിൽ അടയ്ക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അയാൾ മൂന്നു മാസത്തിൽ കുറയാതെയും ഏഴു വർഷം വരെ ദീർഘിപ്പിക്കാവുന്നതുമായ തടവുശിക്ഷയ്ക്ക് അർഹനാണ്. ലോട്ടറി അടിച്ച വ്യക്തിക്ക് നികുതി സ്രോതസിൽ പിടിക്കാതെ പണം നല്കിയാലും പണം നല്കുന്ന വ്യക്തി പ്രസ്തുത ശിക്ഷയ്ക്ക് അർഹനാണ്. ആദായനികുതി നിയമം 206 സി പ്രകാരം സ്രോതസിൽ നികുതി സ്വീകരിക്കേണ്ട വ്യക്തികൾ അതു സ്വീകരിച്ചിട്ട് ഗവണ്മെന്റിൽ അടച്ചില്ലെങ്കിൽ നികുതി നിയമത്തിലെ 276 ബിബി വകുപ്പനുസരിച്ച് പിഴയോടുകൂടി മൂന്നു മാസത്തിൽ കുറയാതെയും ഏഴു വർഷം വരെ ദീർഘിപ്പിക്കാവുന്നതുമായ തടവുശിക്ഷയ്ക്ക് അർഹനാണ്.
ആദായനികുതി നിയമം അനുസരിച്ചുള്ള നികുതിയും പലിശയും പിഴയും അടയ്ക്കാതിരിക്കുന്നതിനുവേണ്ടി വരുമാനം മനഃപൂർവം കുറച്ചുകാണിച്ച് നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്ന സാഹചര്യത്തിൽ 25 ലക്ഷം രൂപയിൽ കുറയാതെയുള്ള നികുതിയാണ് മറച്ചുപിടിക്കുന്നതെങ്കിൽ പിഴയോടുകൂടി ആറു മാസത്തിൽ കുറയാതെയും ഏഴു വർഷം വരെ ദീർഘിപ്പിക്കാവുന്നതുമായ തടവുശിക്ഷയാണ് 276 സി വകുപ്പനുസരിച്ച് നിർദേശിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ, പ്രസ്തുത നികുതി 25 ലക്ഷം രൂപയിൽ താഴെയാണ് വരുന്നതെങ്കിൽ മൂന്നു മാസം മുതൽ രണ്ടു വർഷം വരെയുള്ള തടവുശിക്ഷയ്ക്കും പിഴയ്ക്കുമാണ് നിർദേശം.
എന്നാൽ, ആദായനികുതിനിയമം അനുസരിച്ച് ആദായനികുതിയുടെ റിട്ടേണ് ഫയൽ ചെയ്തില്ലെങ്കിലും നോട്ടീസ് ലഭിച്ചു കഴിഞ്ഞിട്ടും ഫയൽ ചെയ്തില്ലെങ്കിലും 276 സിസി വകുപ്പനുസരിച്ച് തടവുശിക്ഷയ്ക്ക് അർഹതയുണ്ടാകുന്നതാണ്. മറച്ചുവയ്ക്കപ്പെട്ട നികുതി തുക 25 ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ ആറു മാസത്തിൽ കുറയാതെയും ഏഴു വർഷം വരെ ദീർഘിപ്പിക്കാവുന്നതുമായ കഠിനതടവിനും പിഴയ്ക്കും പ്രസ്തുത വ്യക്തി അർഹനാണ്. എന്നാൽ, നികുതിത്തുക 25 ലക്ഷം രൂപയിൽ താഴെയാണെങ്കിൽ പ്രസ്തുത കഠിനതടവ് കാലാവധി ചുരുങ്ങിയത് മൂന്നു മാസവും കൂടിയത് രണ്ടു വർഷം വരെയും ആയിരിക്കും. പിഴയും അടയ്ക്കേണ്ടതായിവരും.
ആദായനികുതി നിയമം 142 (1) വകുപ്പനുസരിച്ച് നികുതി ഉദ്യോഗസ്ഥന് ആദായനികുതി റിട്ടേണുകൾ സമർപ്പിക്കാനുള്ള നോട്ടീസ് നല്കാവുന്നതാണ്. അതോടൊപ്പം റിട്ടേണ് ഫയൽ ചെയ്തിട്ടുണ്ടെങ്കിൽ ആവശ്യമായ കണക്കുബുക്കുകളും രേഖകളും ഉദ്യോഗസ്ഥൻ മുന്പാകെ ഹാജരാക്കാനും പ്രസ്തുത നോട്ടീസിൽ വ്യക്തമാക്കിയിരിക്കും. ബാലൻസ് ഷീറ്റും കണക്കുകളും റിട്ടേണോടൊപ്പം നല്കിയിട്ടുണ്ടെങ്കിലും വീണ്ടും ഇവ ഹാജരാക്കുന്നതിന് അദ്ദേഹത്തിന് ആവശ്യപ്പെടാം. കൂടാതെ ഹാജരാക്കിയ രേഖകളിൽ അവിശ്വാസം തോന്നിയാൽ പ്രസ്തുത കണക്കുകൾ ഓഡിറ്റ് ചെയ്യിക്കുന്നതിനും ഓഡിറ്റ് ചെയ്യപ്പെട്ടിരിക്കുന്ന കണക്കുകളാണ് ഹാജരാക്കിയതെങ്കിൽ ഒന്നുകൂടി ഓഡിറ്റ് ചെയ്യിക്കുന്നതിനും നികുതി ഉദ്യോഗസ്ഥന് അധികാരമുണ്ട്. ആ അവസരത്തിൽ ഓഡിറ്ററെ നിയമിക്കുന്നതിനുള്ള അധികാരം ആദായനികുതി ഉദ്യോഗസ്ഥനും ഓഡിറ്ററുടെ ഫീസ് നല്കുന്നതിനുള്ള ചുമതല നികുതിദായകനിലുമാണ് നിക്ഷിപ്തമായിരിക്കുന്നത്. എന്നാൽ, 142(1) വകുപ്പ് അനുസരിച്ച് നോട്ടീസ് ലഭിച്ചിട്ടും അതു പരിഗണിക്കാതിരിക്കുകയും 142 (2എ) അനുസരിച്ചുള്ള നിർദേശങ്ങൾ പാലിക്കാതിരിക്കുകയും ചെയ്യുന്ന നികുതിദായകന്റെമേൽ നികുതി നിയമത്തിലെ 276 ഡി വകുപ്പനുസരിച്ചുള്ള നിയമനടപടികൾ സ്വീകരിക്കാവുന്നതാണ്. പ്രസ്തുത വകുപ്പനുസരിച്ച് ഇവ അനുസരിച്ചില്ലെങ്കിൽ ഒരു വർഷം വരെ നീളുന്ന കഠിനതടവിനും പിഴയ്ക്കും അർഹതയുണ്ടാകുന്നതാണ്. മനഃപൂർവം വീഴ്ച വരുത്തിയാലാണ് പിഴയും തടവും ലഭിക്കുന്നത്.
കണക്കുകളും രേഖകളും ആവശ്യപ്പെടുന്പോൾ ആദായനികുതി ഉദ്യോഗസ്ഥരുടെ മുന്പാകെ തെറ്റായ സ്റ്റേറ്റ്മെന്റുകൾ നല്കുകയും തെറ്റായ കണക്കുകൾ ഹാജരാക്കുകയും ചെയ്താൽ നികുതി നിയമത്തിലെ 277ാം വകുപ്പനുസരിച്ച് പ്രോസിക്യൂഷൻ നടപടികൾ അഭിമുഖീകരിക്കേണ്ടിവരും. നല്കുന്ന രേഖകളും കണക്കുകളും തെറ്റാണെന്ന് നികുതിദായകന് ഇവ സമർപ്പിക്കുന്ന സമയത്ത് ഉത്തമമായ ബോധ്യമുണ്ടെങ്കിലാണ് പ്രസ്തുത ശിക്ഷാനടപടികൾ. തെറ്റായ രേഖകളും കണക്കുകളും സമർപ്പിക്കുക വഴി 25 ലക്ഷം രൂപയിൽ കൂടുതലാണ് മറച്ചുവയ്ക്കപ്പെട്ട നികുതിയെങ്കിൽ ആറു മാസത്തിൽ കുറയാതെയുള്ളതും ഏഴു വർഷം വരെ ദീർഘിക്കാവുന്നതുമായ കഠിനതടവിനും പിഴയ്ക്കും നികുതിദായകൻ അർഹത വരുത്തിവയ്ക്കുകയാണ്. എന്നാൽ, പ്രസ്തുത നികുതിത്തുക 25 ലക്ഷം രൂപയിൽ താഴെയാണെങ്കിൽ തടവ് ശിക്ഷ മൂന്നു മാസം മുതൽ രണ്ടു വർഷം വരെയുള്ള കാലാവധിക്കും പിഴയ്ക്കും കാരണമാകും.
നികുതിനിയമത്തിൽ 277 എ വകുപ്പ് സൂചിപ്പിക്കുന്നത് നികുതിദായകനുവേണ്ടി വേറൊരു വ്യക്തി തെറ്റായ രീതിയിൽ കണക്കുണ്ടാക്കി നല്കിയാൽ അതുവഴി നികുതിയും പലിശയും നികുതിദായകൻ മറച്ചുവയ്ക്കുകയും ചെയ്താൽ കണക്കുകൾ ഉണ്ടാക്കിയ വ്യക്തിക്കും മൂന്നു മാസത്തിൽ കുറയാതെയുള്ളതും രണ്ടു വർഷം വരെ ദീർഘിക്കാവുന്നതുമായ തടവുശിക്ഷ ലഭിക്കുന്നതാണ്. എന്നാൽ, നികുതിദായകൻ നല്കിയ തെറ്റായ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് കണക്കുകൾ തയാറാക്കിയതെങ്കിലും ശരിയായ കണക്കുകളാണ് ലഭിച്ചതെന്ന് ഉത്തമവിശ്വാസം ഉണ്ടായിരുന്നെങ്കിലും പ്രസ്തുത ശിക്ഷയ്ക്ക് അദ്ദേഹം അർഹനല്ല. അതുപോലെ തന്നെ 278ാം വകുപ്പ് അനുസരിച്ച് നികുതിദായകനെ വേറൊരു വ്യക്തി പ്രേരിപ്പിച്ച് തെറ്റായ വിവരങ്ങൾ ആദായനികുതി ഉദ്യോഗസ്ഥന്റെ ആവശ്യമനുസരിച്ച് നല്കുകയും അതനുസരിച്ച് 25 ലക്ഷം രൂപയിൽ കൂടുതലായ നികുതി തുക മറച്ചുവച്ച് നികുതി സ്റ്റേറ്റ്മെന്റുകൾ നല്കുകയും ചെയ്താൽ പ്രേരണ നല്കിയ വ്യക്തിക്ക് ആറു മാസത്തിൽ കുറയാതെയും ഏഴു വർഷം വരെ നീളാവുന്നതുമായ കഠിനതടവുശിക്ഷയ്ക്കും പിഴയ്ക്കും കാരണമായേക്കാം. ഇതും പ്രേരണ നല്കുന്ന വ്യക്തിക്ക് നല്കപ്പെടുന്ന വിവരങ്ങൾ നികുതിത്തുക മറച്ചുവയ്ക്കാൻ കാരണമാകുന്നുവെന്ന ഉത്തമവിശ്വാസമുണ്ടായിരിക്കുകയും അല്ലെങ്കിൽ നല്കുന്ന വിവരങ്ങൾ സത്യമല്ല എന്ന് ഉത്തമബോധ്യം ഉണ്ടായിരിക്കുകയും ആണെങ്കിൽ മാത്രമേ ശിക്ഷാബാധ്യതയുണ്ടാകൂ. മറച്ചുവയ്ക്കപ്പെട്ട നികുതിത്തുക 25 ലക്ഷം രൂപയിൽ താഴെയാണെങ്കിൽ തടവുശിക്ഷ മൂന്നു മാസത്തിൽ കുറയാതെയും രണ്ടു വർഷം വരെ ദീർഘിപ്പിക്കുകയും ചെയ്യാവുന്നതുമായ കാലാവധിയിലേക്കും അതോടൊപ്പം പിഴയ്ക്കും കാരണമായേക്കാം.
മുൻകാലങ്ങളെ അപേക്ഷിച്ച് ആദായനികുതി ഉദ്യോഗസ്ഥർ നിസാരമായ തെറ്റുകൾക്കുപോലും പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുന്ന സ്ഥിതിവിശേഷമാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്. ഈ അടുത്തകാലത്തായി 8,000 ത്തിൽ കൂടുതൽ കേസുകളിൽ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിച്ചതായി വാർത്തകളുണ്ടായിരുന്നു.