Jeevithavijayam
8/25/2016
    
സഹായം ആവശ്യമുള്ള സമയം
പാണ്ഡവരുടെ തലവനായിരുന്ന യുധിഷ്ഠിരൻ രാജ്യം ഭരിക്കുന്ന കാലം. ഒരുദിവസം ഒരു ദരിദ്രൻ സഹായം തേടി യുധിഷ്ഠിരന്റെ സമീപമെത്തി. അപ്പോൾ യുധിഷ്ഠിരൻ പറഞ്ഞു: ‘‘നാളെ വരൂ. അപ്പോൾ സഹായിക്കാം.’’<യൃ><യൃ>സഹായം ലഭിക്കാതെ നിരാശനായി ദരിദ്രൻ രാജകൊട്ടാരത്തിൽ നിന്നു മടങ്ങുമ്പോൾ വഴിമധ്യേ യുധിഷ്ഠിരന്റെ സഹോദരനായ ഭീമൻ അയാളെ കാണുവാനിടയായി. ‘‘എന്തുപറ്റി?’’ ദരിദ്രന്റെ ദുഃഖഭാവം കണ്ടപ്പോൾ ഭീമൻ ചോദിച്ചു. ഉടനെ അയാൾ ഉണ്ടായ സംഭവം വിവരിച്ചു.<യൃ><യൃ>കൊട്ടാരത്തിൽ മടങ്ങിയെത്തിയ ഭീമൻ പാണ്ഡവ സഹോദരന്മാരുടെ ഒരു സമ്മേളനം വിളിച്ചുകൂട്ടി. ‘‘നാളെ വിജയദിനമായി നാം ആഘോഷിക്കും,’’ ഭീമൻ സഹോദരന്മാരോട് പറഞ്ഞു. ‘‘എന്തിന്റെ വിജയദിനം?’’ സഹോദരന്മാർ ഒരേ സ്വരത്തിൽ ഭീമനോട് ചോദിച്ചു.<യൃ><യൃ>‘‘യുധിഷ്ഠിരൻ മരണത്തിന്റെ മുൻപിൽ വിജയം നേടിയതിന്റെ ആഘോഷം!’’ ഭീമൻ ഗൗരവം സ്ഫുരിക്കുന്ന സ്വരത്തിൽ പറഞ്ഞു. അപ്പോഴും മറ്റുള്ളവർക്കു കാര്യം മനസിലായില്ല.<യൃ><യൃ>‘‘ആരു പറഞ്ഞു ഞാൻ മരണത്തിന്റെ മുൻപിൽ വിജയം നേടി എന്ന്?’’ യുധിഷ്ഠിരൻ ഭീമനോട് ചോദിച്ചു. ഉടനെ ഭീമൻ പറഞ്ഞു: ‘‘ആരും പറഞ്ഞില്ല. എന്നാൽ അങ്ങയുടെ പ്രവൃത്തി കണ്ടിട്ട് നാളെവരെ അങ്ങ് ജീവിച്ചിരിക്കുമെന്ന് അങ്ങേയ്ക്ക് ഉറപ്പുള്ളതുപോലെ തോന്നി. ഈ ഉറപ്പില്ലായിരുന്നുവെങ്കിൽ അങ്ങയുടെ സഹായം തേടിവന്ന ദരിദ്രനോട് നാളെ വരുവാൻ അങ്ങ് പറയുമായിരുന്നോ?’’<യൃ><യൃ>യുധിഷ്ഠിരന് അപ്പോൾ കാര്യം മനസിലായി. അദ്ദേഹം വേഗം ആ ദരിദ്രനെ ആളയച്ച് വരുത്തി അയാൾക്കു സഹായം നൽകി.<യൃ><യൃ>ജീവിതത്തിലെ വിവിധ പ്രശ്നങ്ങൾ മൂലം പലർക്കും പലപ്പോഴും നമ്മുടെ സഹായം വേണ്ടിവന്നേക്കാം. അങ്ങനെയുള്ള അവസരങ്ങളിൽ വേറെ മാർഗമില്ലാത്തതുകൊണ്ടായിരിക്കാം അവർ നമ്മുടെ സഹായം ചോദിക്കുക. മറ്റുള്ളവർ നമ്മോട് ചോദിക്കുന്ന സഹായം എപ്പോഴും നമുക്കു ചെയ്തു കൊടുക്കുവാൻ സാധിച്ചെന്നു വരില്ല. എങ്കിലും മറ്റുള്ളവർ ചോദിക്കുന്ന പല സഹായങ്ങളും നമുക്കു ചെയ്തു കൊടുക്കുവാൻ സാധിക്കുന്നവയായിരിക്കും. അങ്ങനെയുള്ള അവസരങ്ങളിൽ നാം അവരെ സഹായിക്കുമോ? അതോ, യുധിഷ്ഠിരൻ ചെയ്തതുപോലെ, സഹായം കൊടുക്കുന്ന കാര്യം നാം വേറൊരു സമയത്തേക്കു മാറ്റിവയ്ക്കുമോ?<യൃ><യൃ>നമുക്കാണ് സഹായം വേണ്ടതെങ്കിൽ അത് എത്രയും വേഗം ലഭിക്കാൻ നാം ആഗ്രഹിക്കുകയില്ലേ? നമുക്കു ലഭിക്കേണ്ട സഹായം വൈകിയാണ് ലഭിക്കുന്നതെങ്കിൽ അതുകൊണ്ട് ചിലപ്പോഴെങ്കിലും നമുക്ക് പ്രയോജനമുണ്ടാകാതെ പോകുന്നു എന്നതും ശരിയല്ലേ?<യൃ><യൃ>നാം ആരെയെങ്കിലും സഹായിക്കുകയാണെങ്കിൽ അതു വേണ്ടസമയത്തും വേണ്ട രീതിയിലും ചെയ്യണം.<യൃ><യൃ>ബ്രിട്ടീഷ് പത്രപ്രവർത്തകനായ ആർതർ ഗ്രിഫിത്ത്സിനെക്കുറിച്ച് ഒരു കഥയുണ്ട്. ഒരു ദിവസം രാത്രി ഒരു മണികഴിഞ്ഞ് ഗ്രിഫിത്ത്സും മറ്റ് ചില പത്രപ്രവർത്തകരും മാഞ്ചസ്റ്റർ പ്രസ്ക്ലബിൽ നിന്നു പുറത്തേക്ക് വന്ന അവസരം. അപ്പോൾ മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു സ്ത്രീ വന്ന് അവരോട് ചോദിച്ചു: ‘‘തീപ്പെട്ടിയോ ബൂട്ട് ലെയ്സോ, ഏതാണ് വേണ്ടത്?’’<യൃ><യൃ>ആ സ്ത്രീയുടെ വേഷവും ഭാവവും കണ്ട് ദുഃഖിതനായ ഗ്രിഫിത്ത്സ് ചോദിച്ചു:‘‘ സ്ത്രീ, ഈ രാത്രിയിൽ നിങ്ങൾ എന്താണ് ചെയ്യുന്നത്?’’<യൃ><യൃ>‘‘എനിക്ക് പോകാൻ ഒരു ഇടമില്ല, സർ. അതുകൊണ്ട് ഞാൻ ഇവ വിറ്റ് സമയം ചെലവഴിക്കുന്നു,’’ ആ സ്ത്രീ മറുപടിയായി പറഞ്ഞു.<യൃ><യൃ>‘‘അപ്പോൾ, നിങ്ങൾ എവിടെയാണ് ഉറങ്ങുന്നത്?’’ ഗ്രിഫിത്ത്സ് ആ സ്ത്രീയോട് ചോദിച്ചു. ‘‘ആശുപത്രിയുടെ വരാന്തയിൽ,’’ സ്ത്രീ മറുപടി പറഞ്ഞു.<യൃ><യൃ>ഗ്രിഫിത്ത്സ് വേഗം ഒരു ടാക്സി വിളിച്ച് ടാക്സിക്കാരന് അഞ്ച് ഷില്ലിംഗ് കൊടുത്തുകൊണ്ട് പറഞ്ഞു:‘‘ ഇതാ, അഞ്ച് ഷില്ലിംഗ്. വേഗം ഈ സ്ത്രീയെ ആശുപത്രിയുടെ വരാന്തയിൽ എത്തിക്കൂ.’’<യൃ><യൃ>ഗ്രിഫിത്ത്സിന്റെ സഹപ്രവർത്തകനായ ജയിംസ്സൺ പറഞ്ഞിട്ടുള്ള ഒരു കഥയാണിത്. പാവപ്പെട്ട ആ സ്ത്രീയെ സഹായിക്കുവാൻ ഗ്രിഫിത്ത്സ് സന്നദ്ധനായിരുന്നു. എന്നാൽ, ആ സ്ത്രീയെ സഹായിക്കേണ്ട രീതിയിലാണോ അദ്ദേഹം സഹായിച്ചത്? ആ സ്ത്രീക്കു ഒരു പക്ഷേ ആവശ്യമായിരുന്നത് ഭക്ഷണം വാങ്ങുവാനുള്ള തുകയായിരുന്നിരിക്കണം. അതുകൊണ്ടായിരിക്കുമല്ലൊ ആ സ്ത്രീ തീപ്പെട്ടിയും ഷൂലെയ്സുമൊക്കെ വിൽക്കുവാൻ രാത്രിയിലും തയാറായത്.<യൃ><യൃ>ആ സ്ത്രീക്കു ആ രാത്രിയിൽ ആവശ്യമായിരുന്നത് ടാക്സിയിലുള്ള ഒരു യാത്രയായിരുന്നില്ല. പക്ഷേ, ഗ്രിഫിത്ത്സ് സഹായം ചെയ്തത് ആ രീതിയിലായിരുന്നു. ആ സ്ത്രീ എത്രയും വേഗം വാസസ്‌ഥാനത്ത് എത്തട്ടെ എന്നായിരിക്കണം അദ്ദേഹം ചിന്തിച്ചത്. പക്ഷേ, ആ സ്ത്രീക്ക് സ്വന്തമായി ഒരു താമസസ്‌ഥലമില്ലായിരുന്നല്ലൊ.<യൃ><യൃ>നാം പലപ്പോഴും മറ്റുള്ളവരെ സഹായിക്കാറുണ്ട്. എന്നാൽ, ചിലപ്പോഴെങ്കിലും നാം മറ്റുള്ളവരെ സഹായിക്കുന്നത് നമ്മുടെ മനഃസാക്ഷിക്കടി തീർക്കാനല്ലേ? നാം മറ്റുള്ളവർക്കു സഹായം നൽകുന്നത് അവരെ ആത്മാർഥമായി സഹായിക്കാനാണെങ്കിൽ ആവശ്യമായ രീതിയിലുള്ള സഹായം നാം അവർക്ക് നൽകുകയില്ലേ?<യൃ><യൃ>സഹായം ചോദിക്കുന്നവരുടെ ശല്യം ഒഴിവാക്കാനായിരിക്കാം ചിലപ്പോഴെങ്കിലും അവരെ നാം സഹായിക്കുന്നത്. അങ്ങനെയുള്ള അവസരങ്ങളിലായിരിക്കും അവർ അർഹിക്കുന്ന രീതിയിലുള്ള സഹായം നാം ചെയ്യാതെ പോകുന്നത്.എന്നാൽ, നാം ഒരു കാര്യം ഓർമ്മിക്കണം. അതായത്, നാം ആരെയെങ്കിലും സഹായിക്കുകയാണെങ്കിൽ അത് അവർക്ക് ആവശ്യമുള്ള സമയത്തും അവർക്കു ആവശ്യമുള്ള രീതിയിലുമായിരിക്കണം. അല്ലാതെ, നമ്മുടെ മനസമാധാനത്തിനുവേണ്ടി മാത്രം നാം സഹായിച്ചാൽ അതു സഹായമാകില്ല.<യൃ><യൃ>മറ്റുള്ളവരുടെ ദുഃഖം കാണുക എന്നുള്ളത് നമ്മിൽ ചിലർക്കെങ്കിലും ഏറെ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. അതുകൊണ്ട് തന്നെയാവാം നാം അവരെ സഹായിക്കുവാൻ തയാറാവുക. പക്ഷേ, അങ്ങനെ നാം സഹായിക്കുമ്പോഴും നാം അവർക്ക് ആവശ്യമുള്ള സമയത്ത് ആവശ്യമുള്ള രീതിയിൽ സഹായിക്കുന്നു എന്ന് ഉറപ്പുവരുത്തണം.<യൃ><യൃ>നാം പലപ്പോഴും പലരെയും സഹായിച്ചിട്ടും അവർ രക്ഷപ്പെട്ടിട്ടില്ലെങ്കിൽ അതിന്റെ ഒരു പ്രധാനകാരണം അവർ അർഹിക്കുന്ന രീതിയിൽ അവർ അർഹിക്കുന്ന സമയത്തു നാം അവരെ സഹായിച്ചില്ല എന്നതാണെന്നത് നാം ഒരിക്കലും മറക്കേണ്ട.
    
To send your comments, please clickhere