Jeevithavijayam
8/31/2016
    
വലിയ വയറും ചെറിയ വായുമുള്ള പിശാച്
പരമലുബ്ധനും അത്യാഗ്രഹിയുമായിരുന്നു അയാൾ. ആർക്കും വേണ്ടി ഒന്നും ചെലവഴിക്കാൻ തയാറാകാതിരുന്ന ഒരുവൻ. സ്വന്തം ഭാര്യയ്ക്കുവേണ്ടിപ്പോലും പണം ചെലവഴിക്കുവാൻ അയാൾക്കു മനസില്ലായിരുന്നു. തന്മൂലമാണ് ഭാര്യയ്ക്കു മാരകമായ അസുഖം വന്നപ്പോഴും ആശുപത്രിയിൽ കൊണ്ടുപോകാതെ വീട്ടിൽ കിടത്തി അയാൾ ചികിത്സിച്ചത്. ഭാര്യയോടുള്ള ഒരു ആനുകൂല്യം എന്ന പേരിൽ അടുക്കളജോലിക്കായി ഒരു സ്ത്രീയെ തത്കാലത്തേക്കു നിയമിച്ചു.<യൃ><യൃ>ഒരു ദിവസം രാവിലെ അയാൾ ഉണർന്നു നോക്കുമ്പോൾ ഭാര്യ ചലനമറ്റു കിടക്കുന്നു. അയാൾ ഭാര്യയെ കുലുക്കിവിളിച്ചു. അനക്കമില്ല. ഭാര്യ മരിച്ചുവെന്ന് ഉറപ്പായപ്പോൾ അയാൾ വേലക്കാരിയെ ബെഡ്റൂമിലേക്കു വിളിച്ചു. ‘‘എന്താണു കാര്യം?’’ വേലക്കാരി ചോദിച്ചു. ‘‘ഇന്ന് ഒരാൾക്കു ഭക്ഷണം തയാറാക്കിയാൽ മതി,’’ അയാൾ സഗൗരവം പറഞ്ഞു. ഭാര്യ മരിച്ചുകിടക്കുമ്പോൾ അയാളുടെ ചിന്ത പോയത് എന്തിലേക്കാണ്? ഭക്ഷണച്ചെലവു കുറയ്ക്കുന്ന കാര്യത്തിലേക്ക്. ഈ കഥ വായിക്കുമ്പോൾ ഇത്രയും ലുബ്ധരായ മനുഷ്യരുണ്ടോ ഈ ഭൂമിയിൽ എന്നു നമുക്കു തോന്നാം. <യൃ><യൃ>എന്നാൽ മറ്റൊരു കഥകൂടി കേൾക്കൂ: യുവദമ്പതികൾ തങ്ങളുടെ കൈക്കുഞ്ഞുമായി ഷോപ്പിംഗിനു പോയി. ശിശുക്കളെ കൊണ്ടുപോകുന്ന ഒരു കാര്യേജിലാണ് തങ്ങളുടെ കുഞ്ഞിനെ അവർ കൊണ്ടുപോയത്. ഷോപ്പിംഗ് കേന്ദ്രത്തിലെത്തിയപ്പോൾ അവിടെ കൈക്കുഞ്ഞുങ്ങളെ സുരക്ഷിതരായി സംരക്ഷിക്കുന്ന സ്ഥലമുണ്ടായിരുന്നു. തങ്ങളുടെ കുട്ടിയെ കാര്യേജ് സഹിതം അവിടെ ഏല്പിച്ചിട്ട് അവർ ഷോപ്പിംഗ് നടത്തി. ഷോപ്പിംഗ് കഴിഞ്ഞു ബില്ലടച്ചപ്പോൾ സമയം ഏറെ വൈകിയിരുന്നു.<യൃ><യൃ>അവർ വേഗം നേഴ്സറിയിലെത്തി കാര്യേജിനോടൊപ്പം കുട്ടിയെ ഏറ്റുവാങ്ങി. കുട്ടിയുമായി തിടുക്കത്തിൽ തിരികെപ്പോകുമ്പോൾ ഭാര്യ ഭർത്താവിന്റെ നേരെ തിരിഞ്ഞ് ആർത്തനാദത്തോടെ പറഞ്ഞു: ‘‘ഇതു നമ്മുടെ കുഞ്ഞല്ലല്ലോ!’’ ഉടനേ ഭർത്താവു പറഞ്ഞു: ‘‘നീ മിണ്ടാതിരിക്കൂ. നമുക്കു കിട്ടിയ കാര്യേജ് എത്ര വിശേഷമാണെന്നു നീ നോക്കൂ!’’<യൃ><യൃ>സ്വന്തം കുട്ടിയെ നഷ്ടപ്പെട്ടിട്ടും അതെക്കുറിച്ചു ദുഃഖിക്കാതെ, പകരം വിലപിടിപ്പുള്ള കാര്യേജ് കിട്ടിയതിൽ ആഹ്ലാദിക്കുന്ന ഒരു പിതാവുണ്ടാകുമോ? ഈ ചോദ്യത്തിന് ഉത്തരം നല്കുന്നതിനു മുൻപ് ഒരു കാര്യം വ്യക്‌തമാക്കട്ടെ: മുകളിൽ കൊടുത്തിരിക്കുന്ന കഥകൾ രണ്ടും സംഭവകഥകളല്ല. അവ ആരുടെയോ ഭാവന കെട്ടിച്ചമച്ച ഫലിതകഥകളാണ്.<യൃ><യൃ>എന്നാൽ, ഒരു കാര്യം നാം ഓർമിക്കണം. യാഥാർത്ഥ്യം പലപ്പോഴും കെട്ടുകഥകളെപ്പോലും മറികടക്കുന്നതാണ്. തന്മൂലം, സ്വന്തം കുഞ്ഞിനു പകരം വിലപിടിപ്പുള്ള കാര്യേജ് കിട്ടിയാൽ സന്തോഷിക്കുന്ന പിതാവ് ഉണ്ടോ എന്നു ചോദിച്ചാൽ ഉണ്ട് എന്നു നാം പറയേണ്ടിവരും. കാരണം, മറ്റെന്തിനെയുംകാൾ ധനത്തെ ആഗ്രഹിക്കുന്നവർ എത്രയോ അധികമാണ് നമ്മുടെ ചുറ്റിലും. ചില്ലിക്കാശിനു മക്കളെ വില്ക്കുന്ന മാതാപിതാക്കളുടെ കഥകൾ അപൂർവമായിട്ടാണെങ്കിലും നാം കേൾക്കാറുണ്ടല്ലോ.<യൃ><യൃ>അത്യാഗ്രഹം എന്നു പറയുന്നത് വലിയ വയറും ചെറിയ വായുമുള്ള പിശാചാണെന്നു പറയാറുണ്ട്. അത്യാഗ്രഹിയുടെ വയറ് വലുതായതുകൊണ്ട് എത്ര കിട്ടിയാലും അയാൾക്കു മതിവരില്ല. അയാൾ എപ്പോഴും കൂടുതൽക്കൂടുതൽ കിട്ടുവാൻ മോഹിച്ചുകൊണ്ടിരിക്കും. ഈ ഭൂമിയിലെ സമ്പത്തെല്ലാം കുറെയാളുകൾ മാത്രം കൈയ്യടക്കി വച്ചിരിക്കുന്നത് സ്വത്തിനോടുള്ള അമിതാഗ്രഹംകൊണ്ടല്ലേ? അല്ലാതെ അവർക്കു സുഭിക്ഷമായി ജീവിക്കുവാനുള്ള വക ഇല്ലാഞ്ഞിട്ടല്ലല്ലോ. ഈ ഭൂമുഖത്ത് അത്യാഗ്രഹികളായ ആരുമില്ലെന്നു കരുതുക. അപ്പോൾ പട്ടിണി ഇവിടെ നിന്ന് അതിവേഗം അപ്രത്യക്ഷമാകില്ലേ? <യൃ><യൃ>ഇപ്പോൾ അത്യാഗ്രഹികളായിരിക്കുന്നവർ അങ്ങനെയല്ലാതിരുന്നുവെങ്കിൽ നമ്മുടെ ലോകത്തിന്റെ സ്‌ഥിതി എന്തുമാത്രം വ്യത്യസ്തമാകുമായിരുന്നു! മനുഷ്യർ വ്യക്‌തിപരമായി മാത്രമല്ല, സമൂഹമെന്ന നിലയിലും രാഷ്ട്രങ്ങൾ എന്ന നിലയിലും അത്യാഗ്രഹം കാണിക്കുന്നതാണ് ഏറെ സങ്കടകരവും അപകടകരവും. ഈ ഭൂമുഖത്തെ സ്വത്തെല്ലാം ചില രാഷ്ട്രങ്ങൾ മാത്രം സ്വന്തമായി വയ്ക്കുവാൻ ആഗ്രഹിക്കുന്നതുകൊണ്ടല്ലേ സമ്പന്നതയുടെ ഈ കാലഘട്ടത്തിലും കോടിക്കണക്കിനു മനുഷ്യർ അത്താഴപ്പട്ടിണിക്കാരായി തുടരുന്നത്?<യൃ><യൃ>അതുപോലെതന്നെ പല സമൂഹങ്ങളും കുടുംബങ്ങളുമൊക്കെ ആവുന്നിടത്തോളം സമ്പത്ത് തങ്ങളുടെ സ്വന്തമാക്കുവാൻ പോരാടുന്നതുകൊണ്ടല്ലേ പലയിടങ്ങളിലും സാമൂഹികനീതി അപ്രത്യക്ഷമാകുന്നത്? മനുഷ്യനു ധനത്തോടുള്ള അത്യാഗ്രഹം മൂലം നടക്കുന്ന തട്ടിപ്പിനും വെട്ടിപ്പിനും ആക്രമണങ്ങൾക്കും കണക്കില്ല. മനുഷ്യന്റെ അത്യാഗ്രഹം ധനസമ്പാദനത്തിൽ ഒതുങ്ങി നിൽക്കുന്നില്ല. അധികാരം കൈയടക്കുന്ന കാര്യത്തിലും പ്രശസ്തി നേടിയെടുക്കുന്ന കാര്യത്തിലുമൊക്കെ നാം അതു നിരന്തരം കാണുന്നതല്ലേ?<യൃ>
    
To send your comments, please clickhere