Jeevithavijayam
1/20/2017
    
ഭൂഖണ്ഡങ്ങൾ കടന്നുചെന്ന ശക്‌തി
ആഫ്രിക്കയിൽ ആതുരശുശ്രൂഷാരംഗത്തു സേവനം ചെയ്യുകയായിരുന്നു അദ്ദേഹം. അമേരിക്കയിലെ സുഖസൗകര്യങ്ങളെല്ലാം വെടിഞ്ഞ് ആഫ്രിക്ക എന്ന ഇരുണ്ട ഭൂഖണ്ഡത്തിലെത്തിയപ്പോൾ ഈ അൽമായപ്രേഷിതനു ഭയംതോന്നി. പോരെങ്കിൽ അദ്ദേഹം സേവനത്തിനായി നിയോഗിക്കപ്പെട്ടതാകട്ടെ പരിഷ്കാരം ഒട്ടും കടന്നുചെന്നിട്ടില്ലാത്ത കാട്ടുപ്രദേശത്തും. എങ്കിലും ദൈവത്തിന്റെ പരിപാലനയിൽ വിശ്വാസമർപ്പിച്ച് അദ്ദേഹം സേവനം തുടങ്ങി.

ഒരിക്കൽ അകലെയുള്ള ഒരു പട്ടണത്തിൽച്ചെന്ന് മരുന്നും മറ്റ് അത്യാവശ്യ സാധനങ്ങളും വാങ്ങി സൈക്കിളിൽ തന്റെ സേവനസ്‌ഥലത്തേക്ക് അദ്ദേഹം മടങ്ങുകയായിരുന്നു. യാത്രയ്ക്കിടയിൽ രണ്ടുപേർ തമ്മിൽ എന്തോ കാരണത്തിന്റെപേരിൽ ഏറ്റുമുട്ടുന്നത് അദ്ദേഹം കാണാനിടയായി. ഉടനേ അദ്ദേഹം തന്റെ സൈക്കിൾ നിർത്തി അവരുടെ വഴക്കവസാനിപ്പിച്ചു. എന്നുമാത്രമല്ല, ആ ഏറ്റുമുട്ടലിൽ പരിക്കുപറ്റിയ ആളിന് അദ്ദേഹം പ്രഥമശുശ്രൂഷ നൽകുകയും ചെയ്തു. അതിനുശേഷം അദ്ദേഹം തന്റെ വാസസ്‌ഥലത്തേക്കു യാത്രതിരിച്ചു.

ഈ സംഭവം നടന്നു കുറേ ആഴ്ചകൾ കഴിഞ്ഞപ്പോൾ ഈ അൽമായ പ്രേഷിതൻ താൻ മുമ്പ് പ്രഥമശുശ്രൂഷ നൽകിയ ആളിനെ കാണാനിടയായി. അപ്പോൾ നീഗ്രോ വംശജനായ അയാൾ പശ്ചാത്താപവിവശനായി, താൻ ചെയ്യാനൊരുങ്ങിയ ഒരു കുറ്റം ഏറ്റുപറഞ്ഞു.

എന്തായിരുന്നെന്നോ ആ കുറ്റം? ആഴ്ചകൾക്കുമുമ്പ് ആ പ്രേഷിതനിൽനിന്ന് പ്രഥമശുശ്രൂഷ സ്വീകരിച്ച അന്നുതന്നെ അയാൾ അദ്ദേഹത്തെ വധിക്കാൻ ശ്രമിച്ചത്രേ. അൽമായപ്രേഷിതന്റെ കൈവശമുണ്ടായിരുന്ന പണവും മരുന്നും കവർന്നെടുക്കുകയായിരുന്നു ലക്ഷ്യം.

എന്നാൽ, അയാളും അയാളുടെ കൂടെയുണ്ടായിരുന്നവരും പ്ലാൻചെയ്തതുപോലെ കാര്യങ്ങൾ നടന്നില്ല. രാത്രിയിൽ പ്രേഷിതനെ വധിക്കാൻവേണ്ടി അദ്ദേഹത്തിന്റെ വാസസ്‌ഥലത്ത് അവർ എത്തി. അപ്പോൾ കണ്ട കാഴ്ച അവരെ അമ്പരപ്പിച്ചു.

അവർ കണ്ടതെന്താണെന്നോ? തോക്കുധാരികളായ ഇരുപത്താറുപേർ അദ്ദേഹം താമസിച്ചിരുന്ന സ്‌ഥലത്തിനു കാവൽ നിൽക്കുന്നു! കവർച്ചാസംഘത്തിലാകട്ടെ ആറുപേർ മാത്രമേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് അവർ ജീവനുംകൊണ്ട് ഓടി.

പ്രേഷിതൻ ഈ കഥ കേട്ടപ്പോൾ പൊട്ടിച്ചിരിച്ചു. അദ്ദേഹം പറഞ്ഞു: ‘‘ഇത് അസാധ്യം. ആരും ഒരിക്കലും എനിക്കു കാവൽ നിന്നിട്ടില്ല.”

അപ്പോൾ അദ്ദേഹത്തെ വധിക്കാൻ പ്ലാനിട്ടിരുന്ന കറുത്ത വംശജൻ പറഞ്ഞു: ‘‘ഞാൻ മാത്രമല്ല അവരെ കണ്ടത്. എന്റെകൂടെയുണ്ടായിരുന്ന മറ്റ് അഞ്ചുപേരും ഇരുപത്താറു ഗാർഡുകളെയും കണ്ടതാണ്’’.

ഈ സംഭവം നടന്നു കുറേനാളുകൾക്കുശേഷം അദ്ദേഹം അമേരിക്കയിൽ മടങ്ങിയെത്തി. അപ്പോൾ മിഷിഗൺ സംസ്‌ഥാനത്തുള്ള ഒരു ദേവാലയത്തിൽ തന്റെ ആഫ്രിക്കൻ അനുഭവങ്ങളെക്കുറിച്ച് സംസാരിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. ആ അവസരത്തിൽ അദ്ദേഹം ആഫ്രിക്കയിൽവച്ചുണ്ടായ മുമ്പു സൂചിപ്പിച്ച അനുഭവം വിവരിച്ചു. അപ്പോൾ അവിടെയുണ്ടായിരുന്ന ഒരാൾ ചാടിയെണീറ്റു പറഞ്ഞു: ‘‘ഞങ്ങൾ അങ്ങയോടൊപ്പം ആത്മീയമായി അവിടെയുണ്ടായിരുന്നു.’’


ഇതുകേട്ടപ്പോൾ അദ്ദേഹം അദ്ഭുതസ്തബ്ധനായി. എഴുന്നേറ്റു നിന്നയാൾ ഇപ്രകാരം തുടർന്നു: ‘‘അന്ന് അങ്ങയെ അവർ ആക്രമിക്കാൻ വന്നപ്പോൾ ആഫ്രിക്കയിൽ രാത്രിസമയമായിരുന്നു. എന്നാൽ ഇവിടെ അമേരിക്കയിൽ അപ്പോൾ പ്രഭാതവുമായിരുന്നു. ആ പ്രഭാതസമയത്ത് ഞാൻ ഇവിടെ പള്ളിയിൽവന്നു. അപ്പോൾ അകലെ എവിടെയോ പ്രാർഥനാസഹായം ആവശ്യമുള്ള ഒരാൾക്കുവേണ്ടി പ്രാർഥിക്കണമെന്ന് എനിക്ക് ഉൾപ്രേരണയുണ്ടായി. ആ പ്രേരണ വളരെ ശക്‌തമായി തോന്നിയതിനാൽ അപ്പോൾ പള്ളിയിലുണ്ടായിരുന്ന എല്ലാവരോടും ഈ നിയോഗാർഥം പ്രാർഥിക്കാൻ പറഞ്ഞു.’’

ഉടനേ അൽമായ പ്രേഷിതൻ അവിടെ കൂടിയിരുന്നവരോടു പറഞ്ഞു: ‘‘അന്ന് എനിക്കുവേണ്ടി പ്രാർഥിച്ചവരെല്ലാം ദയവായി എഴുന്നേറ്റുനിൽക്കുക.’’

അപ്പോൾ ഒരുപറ്റം ആളുകൾ എഴുന്നേറ്റുനിന്നു. അദ്ദേഹം അവരെ എണ്ണിനോക്കി. അവർ ആകെ ഇരുപത്താറുപേരുണ്ടായിരുന്നു!

മുറെ മോയെർമൻ എന്നയാൾ എഴുതി പ്രസിദ്ധീകരിച്ച ഈ സംഭവകഥ കേൾക്കുമ്പോൾ അതു യാഥാർഥ്യമോ കെട്ടുകഥയോ എന്നു നാം ചോദിച്ചേക്കും. കാരണം, അത്രമാത്രം അവിശ്വസനീയമായ കഥയാണിത്. എന്നാൽ പ്രാർഥനയുടെ ശക്‌തി ഓർമിച്ചാൽ ഈ കഥ വെറും കെട്ടുകഥയായി നാം തള്ളിക്കളയുകയില്ല.

പ്രാർഥനയ്ക്കു വലിയ ശക്‌തിയുണ്ട്. അതിൽ സംശയം വേണ്ട. എന്നാൽ പ്രാർഥനയുടെ ശക്‌തി എന്നു പറയുന്നത് നമ്മുടെ ശക്‌തിയാണെന്ന മിഥ്യാധാരണ വേണ്ട. അതു ദൈവത്തിന്റെ ശക്‌തിയാണ്. പ്രാർഥനയിലൂടെ ദൈവത്തിന്റെ ശക്‌തി നമ്മിലേക്കു കടന്നുവരുന്നുവെന്നുമാത്രം.

തീർച്ചയായും ദൈവത്തിന്റെ പ്രേരണയാലാണ് മിഷിഗണിലെ ആ മനുഷ്യൻ അകലെയെവിടെയോ സഹായം ആവശ്യമായിരുന്ന ഒരു വ്യക്‌തിക്കുവേണ്ടി പ്രാർഥിച്ചത്. അയാളും മറ്റ് ഇരുപത്താറുപേരുംകൂടി നടത്തിയ പ്രാർഥനയ്ക്കു ഫലമുണ്ടായി എന്നതാണ് വാസ്തവം. അതോടൊപ്പം തങ്ങളുടെ പ്രാർഥനയ്ക്കു ഫലമുണ്ടായി എന്ന് അദ്ഭുതകരമായ രീതിയിൽ അറിയാനും അവർക്കു സാധിച്ചുവെന്നതാണ് ഏറെ വിസ്മയകരം.

പ്രാർഥനയുടെ ശക്‌തിയിൽ വിശ്വാസമുള്ളവരാണ് നാമെല്ലാവരും. എന്നാൽ, പലപ്പോഴും നമ്മുടെ പ്രാർഥനയ്ക്ക് ഉടനേതന്നെ ഫലം കാണാതെവരുമ്പോൾ നാം നിരാശരാകാറുണ്ട്. അതുപോലെ പ്രാർഥനകൊണ്ട് ഫലമുണ്ടോ എന്നുവരെ നമ്മിൽ ചിലരെങ്കിലും സംശയിക്കാറുണ്ട്.

എന്നാൽ വിശ്വാസത്തോടെയുള്ള പ്രാർഥനയ്ക്ക് തീർച്ചയായും ഫലമുണ്ടാകും എന്നതാണ് വാസ്തവം. അത് നാം ഒരിക്കലും മറന്നുപോകരുത്. അതുപോലെതന്നെ നാം മറന്നുപോകാറുള്ള മറ്റൊരുകാര്യമുണ്ട്. പ്രാർഥനാശക്‌തിയുടെ ഉറവിടം ദൈവമാണെന്ന യാഥാർഥ്യം.

നമ്മുടെ പ്രാർഥനയ്ക്കു ശക്‌തിയും ഫലവും നൽകുന്നതു ദൈവമാണെന്നതു നമുക്കു മറക്കാതിരിക്കാം. അതുപോലെ പ്രാർഥനവഴി ദൈവത്തോടു നാം എത്രമാത്രം ചേർന്നിരിക്കുന്നുവോ അത്രമാത്രം ശക്‌തി നമ്മുടെ പ്രാർഥനയ്ക്കുണ്ടാകും എന്നതും നമുക്കെപ്പോഴും ഓർമിക്കാം.
    
To send your comments, please clickhere