Jeevithavijayam
2/23/2017
    
നമ്മുടെ കഴിവുകേടിന്റെ ബലിയാടുകൾ
‘‘മിസ് ലാനിഗൻ, നിങ്ങളുടെ രചന തീർത്തും മോശം,’’ ആ ഹാർവഡ് പ്രഫസർ മുഖത്തടിച്ചപോലെ പറഞ്ഞു. ‘‘ങേ!’’ അവളിൽനിന്ന് ഒരു തേങ്ങൽ പുറത്തുവന്നു. എന്താണു സംഭവിച്ചതെന്നറിയാതെ കാതറിൻ ലാനിഗൻ എന്ന ആ കോളജ്കുമാരി ഷോക്കേറ്റതുപോലെ നിൽക്കുമ്പോൾ, ഇരിക്കാൻ അദ്ദേഹം അവളോട് ആംഗ്യം കാണിച്ചു. ഭയപ്പാടോടെ കസേരയുടെ വിളുമ്പിൽ സാവധാനം ഇരുന്നുകൊണ്ട് അവൾ ചോദിച്ചു: ‘‘എന്റെ ചെറുകഥയ്ക്ക് എന്താണു കുഴപ്പം?

‘‘കഥാതന്തു വിപുലപ്പെടുത്തുന്നതിനെക്കുറിച്ചോ കഥാപാത്രങ്ങളെ മെനഞ്ഞെടുക്കുന്നതിനെക്കുറിച്ചോ നിങ്ങൾക്കു യാതൊരു ധാരണയുമില്ല,’’ ഹാർവഡിൽനിന്ന് ഇല്ലിനോയിയിലെ ആ കോളജിൽ ജേർണലിസവും സാഹിത്യരചനയും പഠിപ്പിക്കാനെത്തിയ ആ പ്രഫസർ പറഞ്ഞുതുടങ്ങി. ‘‘എഴുതാൻ സ്വാഭാവികമായ കഴിവുള്ളവർക്കുവേണ്ടിയുള്ള ക്ലാസാണിത്. നിങ്ങൾക്ക് അങ്ങനെയുള്ള കഴിവില്ല. ഒരു കാര്യം തീർച്ചയാണ്. ഒരു എഴുത്തുകാരിയായി ജീവിക്കാമെന്ന മോഹം നടക്കില്ല. സാഹിത്യരചനയിലൂടെ നിങ്ങൾ ഒരു ഡോളർ പോലും സമ്പാദിക്കില്ല.

‘‘ഞാൻ എഴുതിയ ചെറുകഥ അത്രയ്ക്കും മോശമാണോ?’’ കണ്ണീർ തുടച്ചുകൊണ്ട് അവൾ ചോദിച്ചു. ‘‘കഥയിലെ നിങ്ങളുടെ വിവരണരീതി തരക്കേടില്ല. അത്രമാത്രം.’’

‘‘ഇനി ഞാൻ എന്താണു ചെയ്യുക?’’ വിറയാർന്ന അധരങ്ങളോടെ അവൾ ചോദിച്ചു. ‘‘ജേർണലിസം ഉപേക്ഷിച്ചു വേറൊരു ഡിപ്പാർട്ട്മെന്റിലേക്ക് നിങ്ങൾ മാറിക്കൊള്ളൂ,’’ അദ്ദേഹം ഉപദേശിച്ചു.

അന്ന് കോളജിൽനിന്നു ഹോസ്റ്റലിലെത്തിയപ്പോൾ അവൾ തന്റെ ചെറുകഥ വലിച്ചുകീറി തീയിലിട്ടു. അതോടെ, ഒരു എഴുത്തുകാരിയായിത്തീരണമെന്നു കൊച്ചുനാൾ മുതൽ ഉണ്ടായിരുന്ന മോഹം അവൾ ഉപേക്ഷിച്ചു.

ഈ സംഭവം നടന്ന് പതിനാലുവർഷത്തിനു ശേഷം കാതറിൻ തന്റെ ഭർത്താവും കുട്ടികളുമൊരുമിച്ച് സാൻ അന്റോണിയോ സന്ദർശിക്കുകയായിരുന്നു. അപ്പോഴായിരുന്നു വുഡ്സ് എന്ന ജഡ്ജിയെ ‘ഹെൽസ് എയ്ഞ്ചൽസ്’ എന്ന പേരിലറിയപ്പെടുന്ന സാമൂഹ്യദ്രോഹികൾ വധിച്ചത്.

1979–ലെ വേനൽക്കാലത്തു നടന്ന ഈ സംഭവത്തെത്തുടർന്നു പത്രറിപ്പോർട്ടർമാരും ടെലിവിഷൻ കാമറക്കാരുമെല്ലാം അവിടെ ഓടിക്കൂടി. അന്നു താൻ താമസിച്ചിരുന്ന ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ പത്രലേഖകരെ കണ്ടപ്പോൾ കാതറിൻ അവരെ സമീപിച്ചു പറഞ്ഞു: ‘‘നിങ്ങൾ ഭാഗ്യശാലികളാണ്. നിങ്ങൾ ചെയ്യുന്ന ഈ ജോലി ഞാൻ ഏറ്റവും ആദരിക്കുന്ന ഒരു ജോലിയാണ്. ഒരു എഴുത്തുകാരിയാകണമെന്നായിരുന്നു ഒരുകാലത്ത് എന്റെ ഏറ്റവും വലിയ ആഗ്രഹം.

അപ്പോൾ പത്രക്കാരിലൊരാൾ പറഞ്ഞു: ‘‘നിങ്ങൾ ഒരു എഴുത്തുകാരിയാകണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിൽ തീർച്ചയായും നിങ്ങൾ എഴുതുമായിരുന്നു.

‘‘അതു ശരിയാണ്. പക്ഷേ, എനിക്ക് എഴുതാൻ കഴിവില്ലെന്നാണ് പണ്ട് എന്റെ ഒരു പ്രഫസർ പറഞ്ഞത്,’’ കാതറിൻ വിശദീകരിച്ചു.

‘‘ആരാണ് ആ പ്രഫസർ?’’ പത്രലേഖകൻ ചോദിച്ചു. അവൾ തന്റെ കഥ പറഞ്ഞു. കഥ കേട്ടപ്പോൾ അയാൾ പറഞ്ഞു: ‘‘എനിക്കു നിങ്ങളെക്കുറിച്ചു ലജ്‌ജ തോന്നുന്നു. ഒരു പ്രഫസർ പറഞ്ഞതിന്റെ പേരിൽ നിങ്ങൾ എഴുത്തു നിർത്തിയത് കഷ്ടമായിപ്പോയി.

പോക്കറ്റിൽനിന്ന് തന്റെ ഒരു ബിസിനസ് കാർഡ് എടുത്തു കൊടുത്ത് ആ പത്രലേഖകൻ പറഞ്ഞു: ‘‘നിങ്ങൾ എന്തെങ്കിലും എഴുതുകയാണെങ്കിൽ എനിക്കയച്ചുതരൂ. വായിച്ചിട്ട് ഞാൻ അഭിപ്രായം പറയാം. അവധി കഴിഞ്ഞു വീട്ടിലെത്തിയ ഉടനെ കാതറിൻ എഴുതിത്തുടങ്ങി. ഒന്നാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു നോവലാണ് എഴുതിയത്. എഴുതിക്കഴിഞ്ഞപ്പോൾ അതു മുമ്പ് പരിചയപ്പെട്ട പത്രലേഖകന് അയച്ചുകൊടുത്തു.


ഒരുമാസം കഴിഞ്ഞപ്പോൾ കാതറിനു പത്രലേഖകന്റെ ഫോൺ സന്ദേശം വന്നു. ‘‘ഞാൻ നിങ്ങളുടെ നോവൽ വായിച്ചു. അതു മനോഹരമാണ്. നിങ്ങളുടെ നോവൽ പ്രസിദ്ധീകരിക്കാൻ താത്പര്യമുള്ള ഒരു ഏജൻസി ഉടനേ നിങ്ങളെ വിളിക്കും.അരമണിക്കൂറിനുള്ളിൽ ന്യൂയോർക്കിൽനിന്ന് കാത്തി റോബിൻസ് എന്ന എഡിറ്റർ ഫോണിൽ വിളിച്ചുപറഞ്ഞു: ‘‘കാതറിൻ, എഴുതാനുള്ള നിങ്ങളുടെ കഴിവ് അപാരംതന്നെ. നിങ്ങളുടെ നോവൽ ഉടൻ വെളിച്ചംകാണും.

1979–ലെ ക്രിസ്മസിനു കാതറിന്റെ ആ ആദ്യനോവൽ പുറത്തിറങ്ങി. അതൊരു വൻ വിജയമായിരുന്നു. അതിനുശേഷം 1999 വരെ ഇരുപതു നോവലുകളാണ് കാതറിൻ പുറത്തിറക്കിയത്. അവയിൽ ‘റൊമാൻസിംഗ് ദ സ്റ്റോൺ’, ‘ജുവൽ ഓഫ് ദ നൈൽ’, ‘വിംഗ്സ് ഓഫ് ഡെസ്റ്റിനി’ എന്നിവ നാഷണൽ ബെസ്റ്റ് സെല്ലറുകളായിരുന്നു.

കാതറിന് എഴുതാനറിയില്ലെന്നു പറഞ്ഞത് ഹാർവഡിലെ കേമനായ ഒരു പ്രഫസറായിരുന്നു. പ്രഫസർ പറഞ്ഞതു ശരിയാണെന്നു വിശ്വസിച്ച് അവൾ തന്റെ ജീവിതസ്വപ്നം ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ പിന്നീടൊരാൾ പ്രോത്സാഹിപ്പിച്ചപ്പോൾ കാതറിൻ എഴുത്തുകാരി എന്ന നിലയിൽ വൻ വിജയമായി മാറി.

കാതറിൻ ഭാഗ്യവതിയായിരുന്നു. കാരണം, അല്പം വൈകിയാണെങ്കിലും അവർക്കു പ്രോത്സാഹനം ലഭിച്ചു. അങ്ങനെ അമേരിക്കയിലെ അറിയപ്പെടുന്ന ഒരു എഴുത്തുകാരിയായി മാറാൻ അവർക്കു സാധിച്ചു.

എന്നാൽ പ്രോത്സാഹനവും പ്രചോദനവും ലഭിക്കാത്തതുമൂലം തങ്ങളുടെ വിവിധ കഴിവുകൾ വികസിപ്പിക്കാൻ സാധിക്കാതെപോകുന്നവർ എത്രമാത്രമാണ് ലോകമെമ്പാടുമുള്ളത്. ഒരുപക്ഷേ, നമ്മുടെയൊക്കെ വ്യക്‌തിപരമായ അനുഭവവും അതുതന്നെയായിരിക്കാം.

നമുക്കേറ്റവും പ്രോത്സാഹനം ആവശ്യമുള്ള സമയമാണ് ചെറുപ്പകാലം. എന്നാൽ, കുട്ടികൾക്കും ചെറുപ്പക്കാർക്കും പ്രോത്സാഹനം നൽകാൻ ചുമതലപ്പെട്ടവർ എപ്പോഴും അങ്ങനെ ചെയ്യുന്നുണ്ടോ എന്നു സംശയിക്കണം. പലപ്പോഴും പ്രോത്സാഹനത്തിനു പകരം ഹാർവഡിലെ ആ പ്രഫസർ ചെയ്തതുപോലെ മറ്റുളളവരെ നിരുത്സാഹപ്പെടുത്തുകയും അടിച്ചമർത്തുകയുമല്ലേ ഉത്തരവാദപ്പെട്ടവരിൽ ചിലരെങ്കിലും ചെയ്യുന്നത്?

മറ്റുള്ളവരിലെ കഴിവുകൾ കണ്ടുപിടിച്ച് അവ വികസിപ്പിക്കാൻ സഹായിച്ചാൽ അതു നമുക്കു ചെയ്യാവുന്ന ഏറ്റവും മഹത്തായ കാര്യങ്ങളിലൊന്നായിരിക്കും എന്നതിൽ സംശയമില്ല. എന്നാൽ അങ്ങനെ ചെയ്യുന്നതിലുള്ള നമ്മുടെ കഴിവുകേടുമൂലം മിടുക്കരായ പലരെയും നാംതന്നെ നിരുത്സാഹപ്പെടുത്തുന്ന അനുഭവം അത്ര കുറച്ചൊന്നുമല്ല ഉള്ളത്.

മന്ദബുദ്ധികളെപ്പോലും ശരിയായി പഠിപ്പിച്ചാൽ അവർ കാര്യം ഗ്രഹിക്കുമെന്നതിന് സംശയമില്ല. അപ്പോൾപ്പിന്നെ സാധാരണക്കാരായ കുട്ടികളെ ശരിയായ രീതിയിൽ പഠിപ്പിച്ചാൽ അവരും നന്നായി പഠിക്കില്ലേ? പക്ഷേ, പഠിപ്പിക്കുന്നവരുടെ കഴിവുകേടുകൊണ്ട് കുട്ടികൾ പഠിക്കാതെവരുമ്പോൾ കുട്ടികൾക്കു കഴിവില്ലെന്നു പഴിക്കുന്ന അധ്യാപകരെ നാം കാണാറില്ലേ?

അധ്യാപകരെ മാത്രം കുറ്റംപറഞ്ഞിട്ടു കാര്യമില്ല. ഓരോരോ രീതിയിൽ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും വളർത്താനും കടപ്പെട്ടവരാണ് നാമെല്ലാവരും. അങ്ങനെയുള്ള നമ്മൾ ആ കടമ ചെയ്യുന്നുണ്ടോ എന്നതാണ് പ്രധാനപ്പെട്ട കാര്യം. നമ്മുടെ കഴിവുകേടുമൂലം ഒരുപക്ഷേ, മറ്റുള്ളവരെ അധികം പ്രോത്സാഹിപ്പിക്കാനും വളർത്താനും ചിലപ്പോൾ സാധിച്ചെന്നുവരില്ല. എന്നാൽ നമ്മുടെ കഴിവുകേടു കാരണം മറ്റുള്ളവരെ നിരുത്സാഹപ്പെടുത്താനും അവരെ തളർത്താനും നാം ഒരിക്കലും തുനിയരുത്.
    
To send your comments, please clickhere