Jeevithavijayam
3/25/2017
    
ദൈവത്തിന്റെ മടിത്തട്ടിലിരിക്കാൻ
ധ്രുവനും ഉത്തമനും രാജകുമാരന്മാർ. ബ്രഹ്മാവിന്റെ പുത്രനായ ഉത്താനപാദനു സുനീതിയിൽ ജനിച്ച പുത്രനായിരുന്നു ധ്രുവൻ. ഉത്തമനാകട്ടെ, ഉത്താനപാദനു സുരുചി എന്ന സുന്ദരിയിൽനിന്നു ജനിച്ചവനും.

ഒരുദിവസം ധ്രുവനും ഉത്തമനും പൂന്തോട്ടത്തിൽ കളിക്കുകയായിരുന്നു. അപ്പോൾ അങ്ങോട്ടു കടന്നുചെന്ന രാജാവ് ഒരു വൃക്ഷത്തണലിലിരുന്നു രാജകുമാരന്മാരുടെ കളികൾ വീക്ഷിച്ചു. അല്പം കഴിഞ്ഞപ്പോൾ രാജകുമാരന്മാർ രാജാവ് അവിടെ ഇരിക്കുന്നതു കാണാനിടയായി.

രണ്ടുപേരും രാജാവിന്റെ പക്കലേക്കോടി. ധ്രുവനാണ് ആദ്യം ഓടിയെത്തിയത്. അവൻ ചെന്നപാടെ രാജാവിന്റെ മടിയിൽ കയറിയിരുന്നു. പിന്നാലെ വന്ന ഉത്തമനു രാജാവിന്റെ മടിയിൽ കയറിയിരിക്കുവാനുള്ള ഭാഗ്യം ലഭിച്ചില്ല. അവൻ കരയുവാൻ തുടങ്ങി. ഉത്തമന്റെ കരച്ചിൽ കേൾക്കുവാനിടയായ അവന്റെ അമ്മ സുരുചി അവിടെ ഓടിയെത്തി.

സുരുചിക്കു താൻ കണ്ട കാഴ്ച സഹിക്കാൻ സാധിച്ചില്ല. അവൾ പാഞ്ഞുചെന്ന് ധ്രുവനെ രാജാവിന്റെ മടിയിൽനിന്നു പിടിച്ചുമാറ്റി. ഉത്തമനെ എടുത്തു രാജാവിന്റെ മടിയിലിരുത്തി. അപ്പോൾ രാജാവൊന്നിനും തടസം പറഞ്ഞില്ല.

രാജാവിന്റെ മടിയിൽനിന്നു പിടിച്ചുമാറ്റപ്പെട്ട ധ്രുവന് സങ്കടം സഹിക്കാൻ സാധിച്ചില്ല. അവൻ കരയാൻ തുടങ്ങി. സുരുചി അവന്റെമേൽ ശാപങ്ങൾ ചൊരിഞ്ഞുകൊണ്ടു പറഞ്ഞു: ‘‘രാജാവിന്റെ മടിയിലിരിക്കണമെങ്കിൽ നീ എന്റെ ഉദരത്തിൽ ജനിക്കണമായിരുന്നു. നീ ഇനി രാജാവിന്റെ മടിയിലിരിക്കാൻ ശ്രമിച്ചാൽ നിന്നെ ഞാൻ കൊന്നുകളയും!’’

ധ്രുവൻ തന്റെ അമ്മയുടെ പക്കലേക്കോടി. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ഓടിയെത്തിയ ധ്രുവനെ സുനീതി വാരിപ്പുണർന്നു. നടന്നതെല്ലാം കാണാനിടയായ ദാസിമാർ സുനീതിയെ വിവരം ധരിപ്പിച്ചു. രാജ്‌ഞിയായ തനിക്കും തന്റെ ഓമനപ്പുത്രനും ഈ വിധിയായല്ലോ എന്നു പറഞ്ഞു സുനീതിയും കരയാൻ തുടങ്ങി.

അല്പസമയം കഴിഞ്ഞപ്പോൾ ധ്രുവൻ ചോദിച്ചു: ‘‘അമ്മേ, രാജാവ് എന്റെയും അച്ഛനല്ലേ? എനിക്കും രാജാവിന്റെ മടിത്തട്ടിലിരിക്കാൻ അവകാശമില്ലേ?’’

സുനീതി പറഞ്ഞു: ‘‘രാജാവ് നിന്റെ അച്ഛൻ തന്നെ. എന്നാൽ, കുറേ നാളായി രാജാവിനു നമ്മോടു താൽപര്യമില്ല. അതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്.’’

ധ്രുവൻ ചോദിച്ചു: ‘‘അപ്പോൾ എനിക്കിനി രാജാവിന്റെ മടിത്തട്ടിലിരിക്കാൻ പറ്റില്ലേ?’’ ധാരയായി ഒഴുകുന്ന കണ്ണുനീർ തുടച്ചുകൊണ്ടു സുനീതി പറഞ്ഞു: ‘‘നീ നിന്റെ അച്ഛന്റെ മടിത്തട്ടിലിരിക്കാനുള്ള ആഗ്രഹം മറന്നേക്കൂ. അച്ഛന്റെ മടിത്തട്ടിനെക്കാൾ ശ്രേഷ്ഠതയുള്ളതാണു ദൈവത്തിന്റെ മടിത്തട്ട്. ആ മടിത്തട്ടിലിരിക്കാൻ നീ ഇനി ശ്രമിക്കൂ.’’

സുനീതി പറഞ്ഞതു ധ്രുവന്റെ മനസിൽ ശരിക്കും പതിഞ്ഞു. ദൈവത്തിന്റെ മടിത്തട്ടിലിരിക്കുന്ന കാര്യത്തെക്കുറിച്ചായി അന്നുമുതൽ അവന്റെ ചിന്ത.

പക്ഷേ, ദൈവത്തിന്റെ മടിത്തട്ടിലിരിക്കുവാനുള്ള ഭാഗ്യം എങ്ങനെ ലഭിക്കും? അതറിയുവാൻ അവൻ വെമ്പൽക്കൊണ്ടു. അങ്ങനെയിരിക്കുമ്പോഴാണ് ധ്രുവൻ ഒരു സന്യാസിയെ കാണുവാനിടയായത്. സന്യാസിയെ കണ്ടയുടനേ ധ്രുവൻ ചോദിച്ചു: ‘‘ദൈവത്തെ കണ്ട് അവിടുത്തെ മടിത്തട്ടിൽ കയറിയിരിക്കുവാൻ ഞാൻ എന്തുചെയ്യണം?’’

അപ്പോൾ സന്യാസി പറഞ്ഞു: ‘‘അതിനു നീ തപസ്സനുഷ്ഠിക്കണം.’’ ധ്രുവൻ ചോദിച്ചു: ‘‘എങ്ങനെയാണു ഞാൻ തപസ്സനുഷ്ഠിക്കുക?’’

സന്യാസി പറഞ്ഞു: ‘‘നീ ഇപ്പോൾ ഒരു ബാലനാണ്. നിനക്കു കുറേക്കൂടി പ്രായമാകട്ടെ. അപ്പോൾ തപസ്സിന്റെ മാർഗം ഞാൻ പറഞ്ഞുതരാം.’’


പക്ഷേ, തപസ്സിന്റെ മാർഗം ഉടനേ പറഞ്ഞുകൊടുക്കണമെന്നു ധ്രുവൻ ശാഠ്യം പിടിച്ചു. ഒടുവിൽ മനസില്ലാമനസോടെ സന്യാസി അവനു തപസിന്റെ വഴികൾ ഉപദേശിച്ചുകൊടുത്തു. ഉടനേതന്നെ അവൻ അമ്മയുടെ പക്കലേക്കോടിയെത്തി, തപസനുഷ്ഠിക്കുവാനുള്ള തീരുമാനം പ്രഖ്യാപിച്ചു.

സുനീതി അവനെ പിന്തിരിപ്പിക്കുവാൻ നോക്കി. എന്നാൽ, അവൻ തീരുമാനത്തിൽനിന്നു പിന്തിരിഞ്ഞില്ല. കാഷായവസ്ത്രധാരിയായി അവൻ തപസിനായി കൊടുങ്കാട്ടിലേക്കു തിരിച്ചു.

കാട്ടിലെത്തിയ ധ്രുവൻ ഊണും ഉറക്കവും ഉപേക്ഷിച്ചു തപസ് തുടങ്ങി. അവന്റെ മനസിൽ ഒരേയൊരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. എല്ലാവരെയും മക്കളെപ്പോലെ സ്നേഹിക്കുന്ന ദൈവത്തെ കണ്ട് അവിടുത്തെ മടിത്തട്ടിൽ കയറിയിരുന്ന് അവിടുത്തെ സ്നേഹം ആസ്വദിക്കുക.

അധികം താമസിയാതെ അവനെ കാണുവാൻ ദൈവം എത്തി. അപ്പോൾ ധ്രുവന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. തന്റെ പിതാവിന്റെ മടിത്തട്ടിനേക്കാൾ ശ്രേഷ്ഠമായ ദൈവത്തിന്റെ മടിത്തട്ടിലിരിക്കുവാനുള്ള അസുലഭ ഭാഗ്യം അവനു ലഭിച്ചു.

മറ്റുള്ളവരുടെ, പ്രത്യേകിച്ചും സ്വന്തം മാതാപിതാക്കളുടെ, സ്നേഹവും അംഗീകാരവും പ്രോത്സാഹനവുമൊക്കെ ആഗ്രഹിക്കാത്തവർ ആരുണ്ട്? എന്നാൽ, പലരെ സംബന്ധിച്ചും ഇക്കാര്യങ്ങളിലുള്ള അനുഭവം പലപ്പോഴും അത്ര തൃപ്തികരമായിരിക്കുകയില്ല.

മാതാപിതാക്കളുടെ സ്നേഹം കിട്ടാത്ത എത്രയോ മക്കളെ നാം നമ്മുടെയിടയിൽ കാണാറുണ്ട്. അതുപോലെ, മറ്റുള്ളവരുടെ അംഗീകാരവും പ്രോത്സാഹനവുമൊന്നും ലഭിക്കാതെ ജീവിതത്തിൽ പരാജയപ്പെടുന്നവരെയും നാം കാണാറില്ലേ? ഒരുപക്ഷേ, നാംതന്നെ ഇക്കൂട്ടരുടെ ഗണത്തിൽപ്പെടുന്നവരുമായിരിക്കാം.

ജീവിതത്തിൽ ആഗ്രഹിക്കുന്ന സ്നേഹവും അംഗീകാരവും പ്രോത്സാഹനവുമൊക്കെ ലഭിക്കാതെ വരുമ്പോൾ നാം ഓർമിക്കേണ്ട ഒരു വസ്തുതയുണ്ട്. അതായത്, നമ്മുടെയെല്ലാവരുടെയും പിതാവായ ദൈവം നമ്മെ എപ്പോഴും സ്നേഹിക്കുന്നുണ്ട് എന്ന കാര്യം.

നമ്മുടെ മാതാപിതാക്കൾ നമ്മെ മറന്നേക്കാം. നമ്മുടെ സഹോദരങ്ങൾ നമ്മെ അന്യരായി കണക്കാക്കിയേക്കാം. നമ്മെ സഹായിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും ചുമതലപ്പെട്ടവർ നമ്മെ അവഗണിച്ചേക്കാം. എന്നാലും, നാം നിരാശരാകരുത്. കാരണം, നമ്മെ ഒരിക്കലും മറക്കാത്തവനാണു ദൈവം. നമ്മെ എപ്പോഴും സ്നേഹിക്കുന്നവനാണു ദൈവം. നമ്മെ തന്റെ മടിത്തട്ടിൽ കയറ്റിയിരുത്തുവാൻ എപ്പോഴും സന്നദ്ധനാണു ദൈവം.

സ്വന്തം പിതാവിന്റെ പരിലാളന ലഭിക്കാതെപോയ ധ്രുവനെപ്പോലെ നാം ദൈവത്തിലേക്കു തിരിയുകയേ വേണ്ടൂ. തീർച്ചയായും അപ്പോൾ ദൈവം നമ്മുടെ സമീപം ഓടിയെത്തും.

ദൈവം നമ്മുടെ പിതാവായിരിക്കുന്നതുകൊണ്ടു നമ്മുടെ നന്മയിൽ തത്പരനാണവിടുന്ന്. അതുപോലെ, നമ്മെ സഹായിക്കുവാൻ എപ്പോഴും സന്നദ്ധനുമാണവിടുന്ന്. എന്നാൽ, അവിടുത്തെ സന്നിധിയിലേക്കു തിരിയുവാൻ പലപ്പോഴും വൈമുഖ്യമാണു നമുക്ക്. സാധിക്കുമെങ്കിൽ അവിടുത്തെക്കൂടാതെ ജീവിതത്തിൽ സ്നേഹവും അംഗീകാരവും പ്രോത്സാഹനവുമൊക്കെ ലഭിക്കുമോ എന്നാണു നമ്മിൽ പലരുടെയും അന്വേഷണം.

എന്നാൽ, നാം ദൈവത്തിലേക്കു തിരിയാത്തപക്ഷം നമ്മുടെ ജീവിതത്തിൽ നാം ആഗ്രഹിക്കുന്ന സ്നേഹവും അംഗീകാരവും പൂർണമായി നമുക്കു ലഭിക്കുമെന്നു കരുതേണ്ട.
    
To send your comments, please clickhere