Jeevithavijayam
5/26/2017
    
രക്ഷിക്കുന്ന കണ്ണുകൾ
പ്രസിദ്ധ ഗ്രീക്ക് കൊത്തുപണിക്കാരനായിരുന്നു ഫീഡിയസ്. ബി.സി. അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇദ്ദേഹം ആർട്ടിമിസ് ദേവതയുടെ മനോഹരമായ ഒരു പ്രതിമ നിർമിച്ചിട്ടുണ്ട്.

ആഥൻസിലെ ആക്രോ പോളിസിലേക്കുവേണ്ടി ഓർഡർ ചെയ്യപ്പെട്ട ഈ പ്രതിമ വളരെ ശ്രദ്ധയോടുകൂടിയാണ് ഫീഡിയസ് നിർമിച്ചത്. നിലത്തുനിന്നു മുന്നൂറടി മുകളിലായി ഒരു മാർബിൾ ഭിത്തിക്കു മുന്നിലായിട്ടായിരുന്നു പ്രതിമ സ്‌ഥാപിക്കേണ്ടിയിരുന്നത്. അതുകൊണ്ടു താഴെനിന്നു നോക്കുന്നവർക്ക് പ്രതിമയുടെ പൂർണത ഒരിക്കലും കാണുവാൻ സാധിക്കുമായിരുന്നില്ല.

എങ്കിലും ദേവതയുടെ തലമുടിയിലെ ചുരുളുകൾപോലും മനോഹരമായിട്ടായിരുന്നു ഫീഡിയസ് മാർബിളിൽ കൊത്തിയെടുത്തത്. ഫീഡിയസിന്റെ കഠിനാധ്വാനം കാണാനിടയായ ഒരാൾ ചോദിച്ചു: ‘‘മുന്നൂറടി മുകളിൽ സ്‌ഥാപിക്കുന്ന ഈ പ്രതിമയുടെ തലമുടിയിഴകൾ ഇത്രയേറെ മെച്ചമായി കൊത്തുപണി ചെയ്യേണ്ടതുണ്ടോ?. ആരാണിതു മുകളിൽ ക്കയറി കാണാൻ പോകുന്നത്?’’

ഫീഡിയസ് പറഞ്ഞു: ആരും കാണില്ലെങ്കിലും ദൈവം കാണും.’’

ഫീഡിയസ് പറഞ്ഞത് എത്രയോ ശരിയാണ്! എല്ലാം കാണുന്ന കണ്ണുകളാണു ദൈവത്തിന്റേത്. അവിടുന്നിൽനിന്നും ഒന്നും മറഞ്ഞിരിക്കുകയില്ല. അവിടുന്നിൽനിന്നും ഒന്നും മറച്ചുവയ്ക്കാൻ സാധിക്കുകയുമില്ല.

എന്നാൽ, പലപ്പോഴും ആരും കാണുന്നില്ല എന്ന ചിന്തയോടെയല്ലേ തെറ്റായ പല കാര്യങ്ങളും നാം ചെയ്യുന്നത്. നാം ചെയ്യുന്ന ചില കാര്യങ്ങൾ ആരെങ്കിലും കാണാനും അറിയാനും ഇടയാകുന്നുണ്ടെങ്കിൽ നാം അവ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കില്ലേ? പക്ഷേ, നാം ചെയ്യുന്ന എല്ലാ കാര്യങ്ങളും ദൈവം കാണുകയും അറിയുകയും ചെയ്യുന്നുണ്ടെന്നുള്ളതു നാം പലപ്പോഴും മറന്നുപോകുന്നു.

നാം പറയുന്നതും പ്രവർത്തിക്കുന്നതും മാത്രമല്ല, നാം വിചാരിക്കുന്ന കാര്യങ്ങൾകൂടി ദൈവം കാണുകയും അറിയുകയും ചെയ്യുന്നുണ്ട് എന്നതല്ലേ സത്യം. എങ്കിലും ദൈവത്തിന്റെ കണ്ണുവെട്ടിക്കാമെന്ന ചിന്തയോടുകൂടി നാം ചിലപ്പോഴെങ്കിലും ചെയ്യരുതാത്തതു ചെയ്യുകയും പറയരുതാത്തു പറയുകയും ചിന്തിക്കരുതാത്തതു ചിന്തിക്കുകയും ചെയ്യുന്നു.

ഉഗാണ്ടയിൽ ആദ്യമായി റെയിൽവേ ലൈൻ നിർമിക്കാൻ തുടങ്ങിയ കാലത്തുണ്ടായ ഒരു സംഭവം വായിച്ചത് ഇവിടെ കുറിക്കട്ടെ.

വെള്ളക്കാരായിരുന്നു റെയിൽവേ ലൈനിന്റെ പണിയുടെ ചുമതല വഹിച്ചിരുന്നത്. എന്നാൽ ജോലിക്കാർ മുഴുവനും തന്നെ അക്ഷരാഭ്യാസമില്ലാത്ത കറുത്തവംശജരായിരുന്നു. വെള്ളക്കാരായ സൂപ്പർവൈസർമാർ നോക്കിനിൽക്കാത്തപ്പോൾ കറുത്ത വംശജരായ ജോലിക്കാരിൽ പലരും ജോലിചെയ്യാതെ വെറുതേസമയം കളയുമായിരുന്നു.

ഇക്കാര്യം അറിയാമായിരുന്നതുകൊണ്ട് വളരെ അപൂർവമായി മാത്രമേ സൂപ്പർവൈസർമാർ ജോലി സ്‌ഥലത്തുനിന്നു മാറിനിൽക്കുമായിരുന്നുള്ളൂ. ഒരിക്കലൊരു സൂപ്പർവൈസറിനു അത്യാവശ്യമായി എങ്ങോട്ടോ പോകേണ്ടിവന്നു. പക്ഷേ, പോകുന്നതിനുമുമ്പ് അയാൾ ഒരു വിദ്യ പ്രയോഗിച്ചു.അയാളുടെ ഒരു കണ്ണ് പളുങ്കു കണ്ണായിരുന്നു. അക്ഷരജ്ഞാനമില്ലാത്ത ജോലിക്കാരുണ്ടോ ഇക്കാര്യം അറിയുന്നു. അയാൾ പോകുന്നതിനുമുമ്പായി തന്റെ പളുങ്കുകണ്ണ് ചൂഴ്ന്നെടുത്ത് മേശപ്പുറത്തുവച്ചശേഷം താൻ പോയാലും തന്റെ കണ്ണ് അവരെ കാണുന്നുണ്ടാകുമെന്ന് അവരോടു പറഞ്ഞു.


സൂപ്പർവൈസർ തന്റെ കണ്ണുകൾ ചൂഴ്ന്നെടുക്കുന്നതു കണ്ടപ്പോൾ തന്നെ അവർ അന്ധാളിച്ചുപോയി. അതുകൊണ്ട് അയാൾ പോയശേഷവും അവർ ശ്രദ്ധയോടെ ജോലി ചെയ്തു. സൂപ്പർവൈസറുടെ കണ്ണ് തങ്ങളെ കാണുന്നുണ്ടെന്ന ചിന്ത അലസരാകൻ അവരെ അനുവദിച്ചില്ല.

കുറേക്കഴിഞ്ഞപ്പോൾ ജോലിക്കാരിലൊരാൾക്ക് ഒരു ബുദ്ധിതോന്നി. അയാൾ ഒരു ചിരട്ടയെടുത്ത് ആ കണ്ണ് മൂടിവച്ചു. ചിരട്ടകൊണ്ടു മൂടിയാൽ സൂപ്പർവൈസറുടെ കണ്ണ് തങ്ങളെ കാണുകില്ലെന്ന് അയാൾ ന്യായമായും കരുതി. ചിരട്ടകൊണ്ട് സൂപ്പർവൈസറുടെ പളുങ്കുകണ്ണ് മൂടിയശേഷം അവർ വീണ്ടും അലസതയോടെ ജോലി ചെയ്തെന്നാണ് കഥ.

വിശ്വസനീയമായ ഒരു കഥയില്ലിത്. ഒരുപക്ഷേ, കറുത്ത വംശജരുടെ തലയിലൊന്നുമില്ലെന്നു വരുത്തിത്തീർക്കാൻ ഭാവനാശാലിയായ ഒരു വെള്ളക്കാരൻ മെനഞ്ഞെടുത്ത കഥയാവാം ഇത്.

ഈ കഥ യാഥാർഥ്യമോ ഭാവനാസൃഷ്ടിയോ ആകട്ടെ. എന്നാൽ, ഇതിലേറെ വിചിത്രമായ രീതിയിൽ നാം ദൈവത്തിന്റെ കണ്ണുപൊത്താൻ ശ്രമിക്കാറുണ്ടെന്നു മറക്കേണ്ട.

മറ്റുള്ളവർ നമ്മെ ശ്രദ്ധിക്കുന്നുണ്ടെന്നു നമുക്കു മനസിലായാൽ നമ്മൾ പലകാര്യങ്ങളും കൂടുതൽ മെച്ചമായി ചെയ്യില്ലേ?. എന്നാൽ, ആരേക്കാളും സ്നേഹത്തോടും താൽപര്യത്തോടുംകൂടി നമ്മെ എപ്പോഴും ശ്രദ്ധിക്കുന്നതു ദൈവംമാത്രമാണ്. അതുപോലെ, നമുക്കു പോരായ്മകളുണ്ടെങ്കിൽ ഏറ്റവും അനുകമ്പയോടെ നമ്മോടു പ്രവർത്തിക്കുന്നതും ദൈവംതന്നെ. എങ്കിലും അവിടുത്തെ സാന്നിധ്യത്തെക്കുറിച്ചും അവിടുത്തെപ്രതി എല്ലാ കാര്യങ്ങളും മെച്ചമായി ചെയ്യുന്നതിനെക്കുറിച്ചും നമുക്കു പലപ്പോഴും ചിന്തയില്ലാതെ പോകുന്നു. ഏറെ സഹതാപാർഹമായ കാര്യമാണിത്.

എല്ലാം കാണുന്നതാണു ദൈവത്തിന്റെ കണ്ണുകൾ. പക്ഷേ, നമ്മെ വളർത്താനല്ലാതെ തളർത്താനല്ല അവിടുന്നു നോക്കുന്നത്. നമ്മെ രക്ഷിക്കാനല്ലാതെ ശിക്ഷിക്കാനല്ല അവിടുന്ന് നമ്മെ നോക്കുന്നത്. നമ്മെ അനുഗ്രഹിക്കാനല്ലാതെ ശാസിക്കാനല്ല അവിടുന്നു നമ്മെ നോക്കുന്നത്.

സ്നേഹത്തോടും താൽപര്യത്തോടുംകൂടി നമ്മെ എപ്പോഴും നോക്കുന്ന ദൈവത്തെ നിരന്തരം നമുക്ക് അനുസ്മരിക്കാം. അവിടുത്തേക്കു പ്രീതികരമായതുമാത്രം നമുക്കു ചെയ്യാം. അവിടുത്തെ സ്നേഹാർദ്രമായ കണ്ണുകൾ എപ്പോഴും നമ്മെ പിന്തുടരുന്നുവെന്ന ബോധ്യത്തോടെ നമുക്കു ജീവിക്കാം. അപ്പോൾ നമ്മുടെ ജീവിതം ഏറെ അനുഗ്രഹിക്കപ്പെടും.
    
To send your comments, please clickhere