Jeevithavijayam
9/20/2017
    
ഇരട്ടിക്കുന്ന ദുരന്തങ്ങൾ
ഓമനത്തം തുളുമ്പുന്ന ഒരു കുസൃതിക്കുടുക്കയായിരുന്നു മൂന്നു വയസുള്ള മാത്യു. ഒരുദിവസം അവൻ തന്റെ മൂന്നു വീലുള്ള കൊച്ചുസൈക്കിളിൽ വീട്ടുമുറ്റത്തു സവാരി നടത്തുകയായിരുന്നു. അവന്റെ മമ്മി അടുക്കളയിൽ അത്താഴം തയാറാക്കുന്ന തിരക്കിലായിരുന്നു.

അടുക്കളയിലെ തിരക്കിനിടയിലും മാത്യുവിന്റെ മമ്മിയുടെ കണ്ണുകൾ മാത്യുവിനെ സശ്രദ്ധം വീക്ഷിച്ചുകൊണ്ടാണിരുന്നത്.

എന്നാൽ, മമ്മിയുടെ കണ്ണുവെട്ടിച്ച് അവൻ പെട്ടെന്നു മുറ്റത്തുനിന്നു വഴിയിലേക്കു സൈക്കിളോടിച്ചു.

അപ്പോൾ ആ വഴിയിലൂടെ ചീറിപ്പാഞ്ഞുവന്ന ഒരു കാർ മാത്യുവിനെ തട്ടിത്തെറിപ്പിച്ചു ദൂരെയെറിഞ്ഞു.

ഭാഗ്യംകൊണ്ട് അവൻ മരിച്ചില്ല. പക്ഷേ, ആ അപകടംവഴിയായി മാത്യുവിന്റെ തലച്ചോറിനു സാരമായ തകരാറു സംഭവിച്ചു.

മമ്മിയും ഡാഡിയും അവനെ വേണ്ടവിധം ശുശ്രൂഷിച്ചു. എന്നാൽ മാത്യുവിന്റെ തലച്ചോറിനു സംഭവിച്ച തകരാറ് അവനെ നിത്യരോഗിയാക്കിമാറ്റി.

ആ മാതാപിതാക്കൾ ആകെ നിരാശരായിമാറി. തങ്ങളുടെ പിഞ്ചോമനയായ ഏകമകന് ഈ വിധിയായല്ലോ എന്നോർത്തപ്പോൾ അവരുടെ ഹൃദയം തകർന്നു. ജീവിതത്തിലെ അവരുടെ സകല സന്തോഷവും അവസാനിച്ചു. അവരുടെ ജീവിതം വെറും യാന്ത്രികമായി മാറി.

ഒരു ദിവസം മാത്യുവിന്റെ ഡാഡിയായ ചക്ക് തന്റെ ഭാര്യയോടു ചോദിച്ചു: ‘‘മാത്യു വീട്ടുമുറ്റത്തു സൈക്കിൾസവാരി ചെയ്തുകൊണ്ടിരിക്കുമ്പോൾ നീ എന്തു ചെയ്യുകയായിരുന്നു?’’

ചോദ്യം അത്ര രസിച്ചില്ലെങ്കിലും മാത്യുവിന്റെ മമ്മി പറഞ്ഞു: ‘‘ഞാൻ അടുക്കളയിൽ അത്താഴം തയാറാക്കുകയായിരുന്നു.’’

അപ്പോൾ ചക്ക് ഒന്നും പറഞ്ഞില്ല.

കുറേ ദിവസം കഴിഞ്ഞപ്പോൾ മാത്യുവിന്റെ മമ്മി തന്റെ ഭർത്താവിനോടു ചോദിച്ചു: ‘‘നിങ്ങൾ എന്നെ കുറ്റപ്പെടുത്തുകയാണോ? മാത്യുവിന്റെകൂടെ പുറത്തു കളിക്കാനിറങ്ങാതെ അടുക്കളയിൽ അത്താഴം തയാറാക്കിയതു തെറ്റാണെന്നാണോ നിങ്ങൾ പറയുന്നത്?’’

മാത്യുവിന് അപകടമുണ്ടായതു തന്റെ ഭാര്യയുടെ ശ്രദ്ധക്കുറവാണെന്ന വിശ്വാസം ചക്കിനുണ്ടായിരുന്നു. അതിനാൽ മറുപടിയൊന്നും നൽകാതെ അയാൾ നിൾബ്ദനായിരുന്നു. അന്നു പിന്നെ അവർ സംസാരിച്ചില്ല.

അടുത്തൊരു ദിവസം ചക്കിന്റെ ഭാര്യ അയാളോടു പറഞ്ഞു: ‘‘മാത്യുവിനു സംഭവിച്ച അപകടത്തിന്റെപേരിൽ നിങ്ങൾ എന്നെ കുറ്റപ്പെടുത്തുകയാണെന്ന് എനിക്കറിയാം. എന്നാൽ അപകടം സംഭവിച്ചകാര്യത്തിൽ ആർക്കെങ്കിലും കുറ്റമുണ്ടെങ്കിൽ അതു നിങ്ങൾക്കുതന്നെയാണ്. കാരണം, മാത്യു വഴിയിലേക്കു തനിയെ ഇറങ്ങിപ്പോകാതിരിക്കാൻ വീട്ടുമുറ്റത്ത് മതിലുകെട്ടാമെന്നു നിങ്ങൾതന്നെ പറഞ്ഞിരുന്നതല്ലേ? അവന് അപകടമുണ്ടായെങ്കിൽ അതിന്റെ കുറ്റം എന്റേതുമാത്രമല്ല, നിങ്ങളുടേതുമാണ്.’’

മാത്യുവിനു സംഭവിച്ച അപകടം വലിയൊരു ദുരന്തമായിരുന്നു. എന്നാൽ ആ ദുരന്തം അവിടംകൊണ്ട് അവസാനിച്ചില്ല. അത് മമ്മിയുടെയും ഡാഡിയുടെയും ജീവിതത്തെക്കൂടി ഉലച്ചുകളഞ്ഞുവെന്ന് അവരുടെ കഥ വിവരിച്ചുകൊണ്ട് റോബർട്ട് വെനിൻഗ തന്റെ ‘‘എ ഗിഫ്റ്റ് ഓഫ് ഹോപ്പ്’’ എന്ന പുസ്തകത്തിൽ പറയുന്നു.


തങ്ങളുടെ പൊന്നോമനപ്പുത്രന് ഒരു ദുരന്തമുണ്ടായപ്പോൾ അതിന്റെ ദുഃഖം താങ്ങാൻ ചക്കിനും അയാളുടെ ഭാര്യയ്ക്കും കഴിഞ്ഞില്ല. ദുഃഖത്തിന്റെ തീവ്രതയിൽ അവർ ആശ്വാസം കണ്ടെത്താൻ ശ്രമിച്ചത് പരസ്പരം കുറ്റാരോപണം നടത്തിക്കൊണ്ടായിരുന്നു. പക്ഷേ, അതു തെറ്റായവഴിയാണെന്നു വളരെ വൈകിമാത്രമേ അവർ അറിഞ്ഞുള്ളു.

നമ്മുടെ കുടുംബങ്ങളിലും ദുരന്തങ്ങളുണ്ടാകുമ്പോൾ നാം പ്രതികരിക്കുന്നത് ഒരുപക്ഷേ ഇതുപോലെയായിരിക്കുകയില്ലേ? നമ്മുടെ കുടുംബങ്ങളിൽ എന്തെങ്കിലും ഒരു ദുരന്തമോ പ്രശ്നമോ ഉണ്ടായാൽ ആരാണതിനു കുറ്റക്കാരൻ അല്ലെങ്കിൽ കുറ്റക്കാരി എന്നല്ലേ നമ്മിൽ പലരും ആദ്യമന്വേഷിക്കുക? അല്ലാതെ ആ ദുരന്തത്തെ ക്രിയാത്മകമായി എങ്ങനെ നേരിടാം എന്നാണോ നാം അന്വേഷിക്കാറുള്ളത്?

ഉദാഹരണത്തിന്, നമ്മുടെ കുടുംബത്തിലെ രണ്ടു സഹോദരങ്ങൾ തമ്മിലോ അല്ലെങ്കിൽ പിതാവും മകനും തമ്മിലോ ഒരു ഏറ്റുമുട്ടലുണ്ടായി എന്നുകരുതുക. അങ്ങനെ സംഭവിക്കുമ്പോൾ നാം ആദ്യം അന്വേഷിച്ചുപോകുന്നത് ആ ഏറ്റുമുട്ടലിലെ കുറ്റക്കാരനെത്തേടിയല്ലേ? എന്നാൽ കുറ്റക്കാരനെ കണ്ടെത്തുന്നതിലുപരി പ്രശ്നം അവസാനിപ്പിക്കുന്നതിൽ ശ്രദ്ധവയ്ക്കുകയാണെങ്കിൽ സ്‌ഥിതിഗതികൾ പെട്ടെന്ന് ഏറെ മെച്ചമാകില്ലേ?

വേറൊരു ഉദാഹരണം എടുക്കട്ടെ: മാതാപിതാക്കൾ ലാളിച്ചുവളർത്തിയ ഏക പുത്രൻ വഴിതെറ്റിപ്പോയി എന്നു കരുതുക. അപ്പോൾ ആ മകനെ തിരികെ നല്ലവഴിയിലേക്കു കൊണ്ടുവരുന്നതിലോ അതോ മകനെ വളർത്തിയതിലുള്ള പോരായ്മകളെക്കുറിച്ചു പരസ്പരം പഴിചാരുന്നതിലോ ഏതിലായിരിക്കും ആ മാതാപിതാക്കളുടെ ശ്രദ്ധ? രണ്ടാമത്തെ നിലപാടല്ലേ മിക്കവരും സ്വീകരിക്കാറുള്ളത്?

നമ്മുടെ അനുദിനജീവിതത്തിൽ പലപ്പോഴും പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടാവുക സ്വാഭാവികംമാത്രം.

എന്നാൽ അങ്ങനെയുള്ള അവസരങ്ങളിൽ അവയ്ക്കു പരിഹാരം കാണാൻ ശ്രമിക്കാതെ പരസ്പരം കുറ്റാരോപണങ്ങൾക്കു പോയാൽ അതു നമ്മുടെ ജീവിതത്തിൽ വേറെ ദുരന്തങ്ങൾക്കു വഴിതെളിക്കുമെന്നു തീർച്ചയാണ്.

ദുരന്തങ്ങളുണ്ടാകുന്ന അവസരത്തിൽ പരസ്പരം കുറ്റാരോപണത്തിനു മുതിരുമ്പോൾ അതുവഴി ദുരന്തത്തിന്റെ കാഠിന്യം ഇരട്ടിക്കുമെന്നതാണ് വാസ്തവം. പക്ഷേ അക്കാര്യങ്ങളെക്കുറിച്ചൊന്നും ചിന്തിക്കാൻ നാം പലപ്പോഴും മെനക്കെടാറില്ലല്ലോ.

കുടുംബങ്ങളിൽ ദുരന്തങ്ങളോ പ്രശ്നങ്ങളോ ഉണ്ടായാൽ കുടുംബാംഗങ്ങൾ ഒരുമയോടെ അവയെ നേരിടുകയാണുവേണ്ടത്.

എന്തു പ്രശ്നമുണ്ടായാലും കുടുംബാംഗങ്ങളോരോരുത്തരുടെയും സഹകരണത്തോടെ അവയ്ക്കു പരിഹാരം കണ്ടെത്താൻ സാധിക്കുമെന്ന ബോധ്യത്തോടെ നാം മുന്നോട്ടുപോയാൽ പ്രശ്നപരിഹാരം എളുപ്പം സാധിക്കുമെന്നതാണ് വസ്തുത.

അതുപോലെതന്നെ, അങ്ങനെയുള്ള ആരോഗ്യകരമായ ഒരു സമീപനം സ്വീകരിക്കുകവഴി മറ്റു പല ദുരന്തങ്ങളും പ്രശ്നങ്ങളും ഒഴിവാക്കാമെന്നതും നാം മറക്കേണ്ട.
    
To send your comments, please clickhere