Jeevithavijayam
12/13/2017
    
നമ്മെ ഓർമിക്കുന്ന, സ്നേഹിക്കുന്ന, ഒരാൾ
1844 മുതൽ 1851 വരെ അമേരിക്കയിലെ മാസച്ചൂസെറ്റ്സ് സംസ്‌ഥാനത്തെ ഗവർണറായിരുന്നു അന്നത്തെ വിഗ് പാർട്ടി നേതാവായിരുന്ന ജോർജ് ബ്രിഗ്സ് (1796–1861). ഒരിക്കൽ അദ്ദേഹത്തിന്റെ മൂന്നു സുഹൃത്തുക്കൾ വിശുദ്ധനാട്ടിലേക്കു തീർഥയാത്ര പോയി. ബേത്ലഹമും ജറുസലമുമൊക്കെ അവർ സന്ദർശിച്ചു.

തീർഥയാത്ര കഴിഞ്ഞ് അവർ മടങ്ങിയെത്തിയതു ഗവർണർക്ക് ഒരു സമ്മാനവുമായിട്ടാണ്. ആ സമ്മാനം ആദരപൂർവം ഗവർണർക്കു കൊടുത്തുകൊണ്ട് അവരിലൊരാൾ പറഞ്ഞു: ‘‘യേശു കുരിശിൽ തറയ്ക്കപ്പെട്ട കാൽവരി സന്ദർശിച്ചപ്പോൾ ഞങ്ങൾ അങ്ങയെ ഓർമിച്ചു പ്രാർഥിച്ചു. അതിന്റെ സൂചനയായിട്ടാണ് ഞങ്ങൾ അങ്ങേക്ക് ഒരു ചെറിയ സമ്മാനം കൊണ്ടുവന്നിരിക്കുന്നത്.’’

ഗവർണർ ബ്രിഗ്സ് അവർ കൊടുത്ത സമ്മാനം സന്തോഷപൂർവം സ്വീകരിച്ചു. അതിനുശേഷം അദ്ദേഹം അവരോടു പറഞ്ഞു: ‘‘കാൽവരിയിൽ വച്ച് നിങ്ങൾ എന്നെ ഓർമിച്ചതിൽ എനിക്കു വലിയ സന്തോഷവും നന്ദിയുമുണ്ട്. എന്നാൽ എനിക്ക് അതിലേറെ സന്തോഷവും നന്ദിയുമുള്ളത് ദൈവപുത്രനായ യേശു കാൽവരിയിൽ വച്ച് എന്നെ ഓർമിച്ചു എന്നുള്ളതിലാണ്.’’

ഓശാനഞായർ ആചരിച്ചുകൊണ്ട് വിശുദ്ധവാരത്തിലേക്കു നാം ഇന്നു പ്രവേശിക്കുകയാണ്. യേശുവിന്റെ മഹത്ത്വപൂർണമായ ജറുസലം പ്രവേശം ഇന്ന് അനുസ്മരിക്കുന്നതിനു പിന്നാലെ അവിടുത്തെ അന്ത്യഅത്താഴവും പീഡാസഹനവും കുരിശുമരണവുമൊക്കെയാണു നാം ഈ ആഴ്ചയിൽ ഓർമിക്കുക. അങ്ങനെ നാം ഓർമിക്കുന്നതിന്റെ കാരണമെന്താണ്?

ജോർജ് ബ്രിഗ്സ് അന്നു തന്റെ സുഹൃത്തുക്കളോടു പറഞ്ഞതുപോലെ, ദൈവപുത്രനായ യേശു കാൽവരിയിൽ വച്ചു നമ്മെ ഓരോരുത്തരെയും ഓർമിച്ചു നമ്മുടെ പാപങ്ങൾക്കു പരിഹാരബലിയായി സ്വന്തം ജീവൻ സമർപ്പിച്ചു. അങ്ങനെ ആദ്യം അവിടുന്നു നമ്മെ ഓർമിച്ചതുകൊണ്ടാണ് ഈ വിശുദ്ധവാരത്തിൽ പ്രത്യേകമായ രീതിയിൽ നാം അവിടുത്തെ ഓർമിക്കുകയും അവിടുത്ത പീഡാസഹനവും കുരിശുമരണവും നമ്മുടെ ചിന്തയ്ക്കും പ്രാർഥനയ്ക്കും വിധേയമാക്കുകയും ചെയ്യുന്നത്.

യേശുവിന്റെ പീഡാസഹനവും കുരിശുമരണവും നമ്മുടെ പാപങ്ങളുടെ പരിഹാരത്തിനും രക്ഷയ്ക്കും വേണ്ടിയാണെന്ന് ഏശയ്യാ പ്രവാചകൻ വളരെ മുൻപേ പരിശുദ്ധാത്മാവിനാൽ പ്രചോദിതനായി എഴുതിയിരുന്നു: ‘‘നമ്മുടെ വേദനകളാണ് അവർ യഥാർഥത്തിൽ വഹിച്ചത്. നമ്മുടെ ദുഃഖങ്ങളാണ് അവൻ ചുമന്നത്. എന്നാൽ, ദൈവം അവനെ പ്രഹരിക്കുകയും ശിക്ഷിക്കുകയും ദണ്ഡിപ്പിക്കുകയും ചെയ്തെന്നു നാം കരുതി. നമ്മുടെ അതിക്രമങ്ങൾക്കുവേണ്ടി അവൻ മുറിവേല്പിക്കപ്പെട്ടു. അവന്റെ മേലുള്ള ശിക്ഷ നമുക്കു രക്ഷ നൽകി; അവന്റെ ക്ഷതങ്ങളാൽ നാം സൗഖ്യം പ്രാപിച്ചു. ആടുകളെപ്പോലെ നാം വഴിതെറ്റിപ്പോയി. നാമോരോരുത്തരും സ്വന്തവഴിക്കുപോയി. നമ്മുടെ അകൃത്യങ്ങൾ കർത്താവ് അവന്റെ മേൽ ചുമത്തി. അവൻ മർദിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു... അവൻ തന്റെ ജീവനെ മരണത്തിന് ഏല്പിച്ചുകൊടുക്കുകയും പാപികളോടുകൂടെ എണ്ണപ്പെടുകയും ചെയ്തു. എന്നിട്ടും അനേകരുടെ പാപഭാരം അവൻ പേറി. അതിക്രമങ്ങൾക്കുവേണ്ടി മാധ്യസ്‌ഥ്യം വഹിച്ചു’’ (ഏശയ്യ 53:1–12).


നമ്മുടെ പാപഭാരം ചുമന്നു നമുക്കുവേണ്ടി പ്രഹരിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്ത യേശു തന്റെ കുരിശുമരണത്തിലൂടെയാണു നമുക്കു രക്ഷ നേടിത്തന്നത്. ഈ യാഥാർഥ്യം നാം ഒരിക്കലും മറക്കാൻ പാടില്ലാത്തതാണ്. എന്നു മാത്രമല്ല, കാൽവരിയിൽ വച്ചു യേശു നമ്മെ ഓർമിച്ചു. നമ്മുടെ പാപപരിഹാരത്തിനായി അവിടുന്നു സ്വന്തം ജീവൻ സമർപ്പിച്ചതു കൊണ്ടു നാം നമ്മുടെ ജീവനും അവിടുത്തേക്കു വേണ്ടി സമർപ്പിക്കുവാൻ കടപ്പെട്ടവരാണ്.

യേശു കാൽവരിയിൽ നമുക്കുവേണ്ടി മരിച്ചതുകൊണ്ടാണു നാം അവിടുത്തെ നാഥനും രക്ഷകനുമായി സ്വീകരിക്കുന്നത്. യേശുവിനെ നാഥനും രക്ഷകനുമായി സ്വീകരിച്ചിരിക്കുന്ന നമ്മൾ അവിടുന്ന കാണിച്ചുതന്ന വഴിയിലൂടെ നടക്കുവാൻ കടപ്പെട്ടവരാണ്. അവിടുന്നു കാണിച്ചുതന്ന വഴി സ്നേഹത്തിന്റെയും സേവനത്തിന്റെയും കാരുണ്യത്തിന്റെയും ക്ഷമയുടെയുമൊക്കെ വഴിയാണ്. അവിടുന്നു കാണിച്ചുതന്ന ഈ വഴിയിലൂടെ നടക്കുകയാണു നമ്മുടെ ഇപ്പോഴത്തെ ദൗത്യം. നാം അങ്ങനെ ചെയ്തെങ്കിൽ മാത്രമേ യേശുവിന്റെ പീഡാസഹനത്തിന്റെയും കുരിശുമരണത്തിന്റെയും ഫലം നമ്മുടെയും ജീവിതത്തിൽ ഉണ്ടാകൂ.

കാൽവരിയിൽ നമ്മെ ഓർമിച്ച് നമുക്കു വേണ്ടി രക്‌തം ചിന്തിയ യേശുവിനെ നാം നിരന്തരം ഓർക്കുകയും അവിടുത്തെ മാതൃകയനുസരിച്ചു മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി പ്രവർത്തിക്കുകയും ചെയ്താൽ നമ്മുടെ വിശുദ്ധ വാരാചരണത്തിന് അർഥമുണ്ടാകും. എന്നു മാത്രമല്ല, അതുവഴിയായി യേശുവിന്റെ രക്ഷാകരപദ്ധതിയിൽ നാം പങ്കുകാരാവുകയും ചെയ്യും.

യേശു കാൽവരിയിൽ വച്ചു നമ്മെ ഓർമിച്ചു. അവിടുന്ന് ഇപ്പോഴും നമ്മെ ഓർമിക്കുന്നു, അനുഗ്രഹിക്കുന്നു, സ്നേഹിക്കുന്നു. കാൽവരിയിൽ വച്ചെന്നതു പോലെ, അവിടുന്ന് ഇപ്പോഴും നമ്മെ ഓർമിക്കുകയും അനുഗ്രഹിക്കുകയു സ്നേഹിക്കുകയും ചെയ്യുന്നു എന്നത് ഈ വിശുദ്ധവാരത്തിലും അതിനുശേഷവും നമ്മുടെ ചിന്തയിൽ നിറഞ്ഞു നില്ക്കട്ടെ.
    
To send your comments, please clickhere