Jeevithavijayam
6/22/2018
    
മന്ഥരയുടെ വാക്കുകേട്ട കൈകേയി
അയോധ്യയിലെ ഭരണാധിപനായിരുന്ന ദശരഥമഹാരാജാവ് രാജ്യം ഭരിച്ചുമടുത്തു. എങ്ങനെ മടുക്കാതിരിക്കും? പുരാണത്തില്‍ പറയുന്ന കണക്കനുസരിച്ച് അമ്പതിനായിരത്തിലേറെ വര്‍ഷമല്ലേ അദ്ദേഹം രാജ്യം ഭരിച്ചത്!

ഭരിച്ചു മടുത്തപ്പോള്‍ ദശരഥന്‍ തന്റെ നാലുമക്കളില്‍ മൂത്തവനായ രാമനെ യുവരാജാവാക്കാന്‍ തീരുമാനിച്ചു. ഒരാളൊഴികെ രാജസദസിലെയും രാജകൊട്ടാരത്തിലെയും സകലര്‍ക്കും സ്വീകാര്യമായിരുന്നു ആ തീരുമാനം. രാമന്റെ അമ്മ കൗസല്യ സന്തോഷത്താല്‍ കുതിച്ചുചാടി. രാജകൊട്ടാരത്തിലുള്ള മറ്റുള്ളവര്‍ യുവാവായ രാമനു സ്തുതികള്‍ പാടി.

എന്നാല്‍, രാമന്‍ രാജാവാകാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ അതിഷ്ടപ്പെടാത്ത ഒരാളുണ്ടായിരുന്നു: മന്ഥര. ദശരഥന്റെ മൂന്നു ഭാര്യമാരിലൊരാളായ കൈകേയിയുടെ ദാസിയായിരുന്നു മന്ഥര.

മന്ഥരയുടെ കഥയിലേക്കു കടക്കുന്നതിനുമുമ്പ് അല്പംകൂടി പശ്ചാത്തലം നല്‍കട്ടെ: ദശരഥ മഹാരാജാവ് മൂന്നു കല്യാണം കഴിച്ചു. അദ്ദേഹത്തിന്റെ ആദ്യഭാര്യയുടെ പേര് കൗസല്യ എന്നായിരുന്നു. കൈകേയി ആയിരുന്നു രണ്ടാമത്തെ ഭാര്യ. മൂന്നാമത്തെ ഭാര്യ സുമിത്രയും.

ദശരഥന്‍ നന്നേ ചെറുപ്പത്തില്‍ത്തന്നെ മൂന്നു കല്യാണം കഴിച്ചിരുന്നെങ്കിലും വളരെ നാളുകള്‍ കാത്തിരുന്നതിനുശേഷമേ അദ്ദേഹത്തിനു സന്താനഭാഗ്യമുണ്ടായുള്ളു. ആ ഭാഗ്യമുണ്ടായതാകട്ടെ ദീര്‍ഘനാളത്തെ പ്രാര്‍ഥനയ്ക്കും യാഗങ്ങള്‍ക്കും ശേഷവും.


പ്രാര്‍ഥനയും യാഗകര്‍മാദികളും വഴിയായി ദശരഥനു നാലുപുത്രന്‍മാര്‍ ജനിച്ചു. ഏകകാലത്തു ജനിച്ച നാലുപേരില്‍ രാമന്‍ കൗസല്യയുടെ പുത്രനും ഭരതന്‍ കൈകേയിയുടെ പുത്രനും ലക്ഷ്മണനും ശത്രുഘ്‌നനും സുമിത്രയുടെ ഇരട്ടപ്പുത്രന്മാരുമായിരുന്നു. രാജാവിന്റെ ഈ നാലുപുത്രന്മാരില്‍ ജനനം കൊണ്ടും കഴിവുകൊണ്ടും മുന്‍പന്‍ രാമനായിരുന്നു. യുവരാജാവായി രാമനെ തെരഞ്ഞെടുക്കുന്നതില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസത്തിനു കാരണവുമില്ലായിരുന്നു. എന്നുമാത്രമല്ല, രാമന്‍ യുവരാജാവായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കൈകേയിയും സുമിത്രയുമൊക്കെ ഏറെ സന്തോഷിക്കുകയും ചെയ്തു. കാരണം അവര്‍ക്കു രണ്ടുപേര്‍ക്കും തങ്ങളുടെ മക്കളോടുള്ളതിനെക്കാള്‍ താല്‍പ്പര്യം രാമനോടായിരുന്നു.

പക്ഷേ, മന്ഥരയുടെ രംഗപ്രവേശത്തോടെ കാര്യങ്ങളുടെ പോക്ക് മാറി. ഇനി ആ കഥയിലേക്കു കടക്കട്ടെ:

കൗസല്യയുടെ മകന്‍ യുവരാജാവാകാന്‍ പോകുന്നു എന്നറിഞ്ഞ മന്ഥര തന്റെ യജമാനത്തിയായ കൈകേയിയുടെ പക്കലേക്ക് ഓടി. രാമനെക്കുറിച്ചുള്ള ഈ വാര്‍ത്ത മന്ഥരയില്‍നിന്ന് കേട്ടപ്പോള്‍ കൈകേയി ഏറെ സന്തോഷിക്കുകയാണു ചെയ്തത്. കൈകേയിയുടെ അഭിപ്രായത്തില്‍ രാമന്‍ യുവരാജാവാകാന്‍ എല്ലാംകൊണ്ടും അര്‍ഹനായിരുന്നു.

എന്നാല്‍, മന്ഥരയുണേ്ടാ അക്കാര്യം സമ്മതിക്കുന്നു! അവളുടെ വിഷം നിറഞ്ഞ മനസും നാവും കൈകേയിലേക്കു വിഷം കുത്തിവച്ചു. മന്ഥരയുടെ നോട്ടത്തില്‍ രാമന്‍ കൊള്ളരുതാത്തവനാണ്. രാമന്‍ രാജാവായാല്‍ കൈകേയിയും അവളുടെ പുത്രനായ ഭരതനും കൗസല്യയുടെ ദാസ്യപ്പണി ചെയ്യേണ്ടിവരുമത്രേ. രാമന്‍ തന്ത്രപൂര്‍വം ദശരഥനെ വധിക്കാന്‍പോലും സാധ്യതയുണെ്ടന്നു മന്ഥര പറഞ്ഞപ്പോള്‍ കൈകേയിയുടെ മനസ് ചഞ്ചലമാവാന്‍ തുടങ്ങി.

കൈകേയി തന്റെ കെണിയില്‍ വീഴുന്നുവെന്നു മനസിലാക്കിയ മന്ഥര വീണ്ടും തന്ത്രപൂര്‍വം കരുക്കള്‍ നീക്കി. അവള്‍ പറഞ്ഞു: ''മഹാരാജാവു പാവമാണ്. കൗസല്യറാണിയുടെ കുത്തിത്തിരിപ്പുകൊണ്ടാണ് ആരോടും ആലോചിക്കുകപോലും ചെയ്യാതെ മഹാരാജാവ് രാമനെ യുവരാജാവായി വാഴിക്കാന്‍ പെട്ടെന്നു തീരുമാനിച്ചത്.


മന്ഥരയുടെ വാദഗതിയില്‍ കുറേ കഴമ്പുണെ്ടന്നു കൈകേയിക്കു തോന്നി. രാമനെ രാജാവായി വാഴിക്കാന്‍ പോകുന്നകാര്യം മഹാരാജാവു തന്നോട് ആലോചിക്കുകപോലും ചെയ്തില്ലല്ലോ എന്നോര്‍ത്തപ്പോള്‍ കൈകേയിയുടെ ദുഃഖം അണപൊട്ടിയൊഴുകി.

ഈ അവസരം മുതലെടുത്തു മന്ഥര പറഞ്ഞു: 'കൈകേയി റാണി വിചാരിച്ചാല്‍ ഈ പട്ടാഭിഷേകം മുടക്കാന്‍ സാധിക്കും!

''പക്ഷേ, എങ്ങനെ?'' കൈകേയി ചോദിച്ചു. അപ്പോള്‍ മഹാരാജാവു പണ്ടു കൈകേയിക്കു രണ്ടുവരം കൊടുത്തകാര്യം മന്ഥര ഓര്‍മിപ്പിച്ചു .

ഈ രണ്ടു വരങ്ങളുടെ കഥ ശ്രദ്ധേയമായ വേറൊരു കഥയാണ്: പണ്ട് ശംബാസുരന്‍ ദേവലോകം കീഴടക്കാന്‍ ശ്രമിച്ചപ്പോള്‍ ദശരഥ മഹാരാജാവ് ദേവന്‍മാരെ സഹായിക്കാന്‍ പോയിരുന്നു. ആ യുദ്ധത്തില്‍ രാജാവിനു കൂട്ടുപോയതു കൈകേയിയായിരുന്നു. യുദ്ധം നടന്ന അവസരത്തില്‍ രഥത്തിന്റെ അച്ചാണി ഊരിപ്പോയി. തേരിന്റെ ചക്രം തെറിച്ചുപോകാന്‍ തുടങ്ങിയപ്പോള്‍ കൈകേയി ആണിപ്പഴുതില്‍ തന്റെ കൈവിരലിട്ടു മഹാരാജാവിനെ വലിയൊരപകടത്തില്‍നിന്ന് രക്ഷിച്ചു. ഇതില്‍ സന്തുഷ്ടനായ രാജാവ് കൈകേയിക്ക് രണ്ടു വരം ചോദിക്കാന്‍ അവസരം നല്‍കി. എന്നാല്‍ വരം താന്‍ പിന്നീടു ചോദിച്ചുകൊള്ളാമെന്നാണ് കൈകേയി അന്നു പറഞ്ഞത്.

''മഹാരാജാവിനോടു വരം ചോദിക്കേണ്ട അവസരം ഇതുതന്നെ,'' മന്ഥര പറഞ്ഞു: ''റാണി രണ്ടുവരമാണ് ചോദിക്കേണ്ടത്. ഒന്ന്: പതിന്നാലുകൊല്ലത്തേക്കു രാമനെ കാട്ടിലേക്ക് അയയ്ക്കുക. രണ്ട്: ഭരതനെ രാജാവാക്കുക.

മന്ഥരയുടെ ഏഷണിയും തന്ത്രവും ഫലിച്ചു. ദശരഥന്‍ പിന്നീട് കൈകേയിയുടെ അടുത്തുചെന്ന ആദ്യഅവസരത്തില്‍ത്തന്നെ കൈകേയി പഴയ വരങ്ങളുടെ കാര്യം ഓര്‍മിപ്പിച്ചു. കൈകേയി ചോദിക്കുന്ന രണ്ടുവരങ്ങള്‍ എന്തുതന്നെയായാലും കൊടുക്കാമെന്നു ദശരഥന്‍ പറഞ്ഞപ്പോള്‍ കൈകേയി പറഞ്ഞു: ''രാമനെ കാട്ടിലേക്ക് അയയ്ക്കുക. ഭരതനെ രാജാവാക്കുക.''

കൈകേയി ഈ വരങ്ങള്‍ ചോദിച്ചപ്പോള്‍ ദശരഥനുണ്ടായ മനോവ്യഥ ഊഹിക്കാവുന്നതേയുള്ളൂ. എങ്കിലും വാക്കുപാലിക്കാന്‍വേണ്ടി ദശരഥന്‍ രാമനെ കാട്ടിലേക്ക് അയച്ചു. അതുപോലെ ഭരതനെ രാജാവും ആക്കി. പക്ഷേ, ഇതുമൂലം ദശരഥനും രാമനും സീതയ്ക്കും മറ്റനേകം പേര്‍ക്കും ഉണ്ടായ ദുഃഖദുരിതങ്ങള്‍ അവര്‍ണനീയമാണ്! ഈ ദുരിതങ്ങളുടെയെല്ലാം കാരണമോ, മന്ഥര എന്ന ഒരു ഏഷണിക്കാരിയുടെ ദുഷിച്ച ഹൃദയവും നാവും!

നമ്മുടെ ജീവിതത്തിലെ സ്വാര്‍ഥമോഹങ്ങളും മറ്റുള്ളവരുടെ നന്മകാണുമ്പോള്‍ നമ്മിലുണ്ടാകുന്ന അസൂയയുമൊക്കെ പലപ്പോഴും എത്രയോ പേരുടെ ജീവിതം ദുരിതപൂര്‍ണമാകാന്‍ ഇടയാക്കുന്നു! മന്ഥരയ്ക്കു കൊട്ടാരത്തില്‍ ഒന്നിനും കുറവില്ലായിരുന്നു. എങ്കിലും തന്റെ യജമാനത്തിയുടെ മനസില്‍ വിഷം വിതച്ചു മന്ഥര എത്രയോ പേരുടെ ജീവിതം താറുമാറാക്കി!

പക്ഷേ, അതുകൊണ്ട് മന്ഥരയ്ക്ക് എന്തെങ്കിലും നേട്ടമുണ്ടായോ? അതുമില്ല.

ഏഷണിയും അപവാദം പറച്ചിലുമൊന്നും ആര്‍ക്കും ഒരിക്കലും ഒരു നന്മയും നേടിക്കൊടുക്കയില്ല. നമ്മുടെ ശ്രദ്ധ എപ്പോഴും നമ്മുടെയും മറ്റുള്ളവരുടെയും നന്മ ഉറപ്പുവരുത്തുന്നതിലാകട്ടെ.
    
To send your comments, please clickhere