ഗപ്പി വീണ്ടും റിലീസ് ചെയ്താൽ കാണുമോ?– ടോവിനോ ചോദിക്കുന്നു
Thursday, October 6, 2016 3:14 AM IST
ഗപ്പി തിയറ്ററിൽ പോയി കാണാൻ പറ്റാഞ്ഞത് നഷ്‌ടമായിപ്പോയെന്ന പറഞ്ഞവർ പടം റീ റിലീസ് ചെയ്താൽ പോയി കാണുമോയെന്ന് ടൊവിനോ തോമസ്. ഓഗസ്റ്റ് അഞ്ചിന് തിയറ്ററിൽ എത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചതെങ്കിലും വേണ്ടത്ര പ്രേക്ഷക പിന്തുണ ലഭിച്ചിരുന്നില്ല. എന്നാൽ ചിത്രത്തിന്റെ ഡിവിഡി റിലീസ് ചെയ്തപ്പോൾ മുതൽ സോഷ്യൽ മീഡിയയിൽ ചിത്രം തിയറ്ററിൽ പോയി കാണാൻ സാധിക്കാത്തതിൽ നിരാശയുണ്ടെന്ന തരത്തിൽ ധാരാളം ചർച്ചകൾ നടന്നിരുന്നു. ഈ പറയുന്നവരൊക്കെ അന്ന് ഞങ്ങളെ വിശ്വസിച്ച് തിയറ്ററിൽ പോയി തന്നെ സിനിമ കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നുവെന്ന് ടൊവിനോ ഫേസ്ബുക്കിൽ പ്രതികരിച്ചിരുന്നു. ഇതിനു പിന്നിലെയാണ് ചിത്രം റി റീലിസ് ചെയ്താൽ നിങ്ങൾ തിയറ്ററിൽ പോയി കാണുമോ എന്ന ചോദ്യവുമായി ടൊവിനോ ഫേസ്ബുക്കിലെത്തിയത്.

പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ:

പ്രൊഡ്യൂസർ ചോദിക്കാൻ പറഞ്ഞതുകൊണ്ട് ചോദിക്കുവാ, ഗപ്പി തിയേറ്ററിൽ നിന്ന് കാണാൻ പറ്റാഞ്ഞത് നഷ്‌ടമായിപ്പോയി എന്ന് ഒരു പാട് പേർ പറഞ്ഞിരുന്നു. അതൊക്കെ ശരിക്കും ആത്മാർത്ഥമായി പറഞ്ഞതാണോ? എങ്കിൽ പടം റീ റിലീസ് ചെയ്യട്ടെ? നിങ്ങളൊക്കെ പോയി കാണുവോ? തിയേറ്ററിൽ ആസ്വദിക്കാൻ പോന്ന ക്വാളിറ്റിയിൽ ഒരുക്കിയ സിനിമ ലാപ് ടോപ്പിലും മൊബൈലിലും മാത്രം ഭൂരിപക്ഷം ആളുകൾ കാണുന്നതാണ് ഈ ചോദ്യം ചോദിക്കാൻ കാരണം.

ഗപ്പിക്ക് ഇപ്പോൾ ലഭിക്കുന്ന സ്വീകരണത്തിൽ വളരെ സന്തോഷമുണ്ടെന്ന് സംവിധായകൻ ജോൺ പോൾ ജോർജും പ്രതികരിച്ചിരുന്നു. ഇനിയെങ്കിലും ടോറന്റ് സൈറ്റുകളിൽ സിനിമ കാണാതെ ഡിവിഡി വാങ്ങിച്ച് സിനിമ കാണണമെന്നും ജോൺ പോൾ ഫേസ്ബുക്കിൽ കുറിച്ചു. ശ്രീനിവാസൻ, ടൊവിനോ തോമസ്, മാസ്റ്റർ ചേതൻ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.